UPDATES

മോദിക്ക് നാളെ 66; ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 66 വയസ്സ് തികയും. ജന്‍മദിനത്തിന് റെക്കോര്‍ഡില്‍ ഇടം പിടിക്കുന്ന തരത്തിലുള്ള ആഘോഷങ്ങളാണ് ഗുജറാത്ത് സര്‍ക്കാര്‍ ഒരുക്കുന്നത്.

പ്ലാന്‍ ചെയ്തതുപോലെ കാര്യങ്ങള്‍ നടക്കുകയാണെങ്കില്‍ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു റെക്കോര്‍ഡുകള്‍ പഴങ്കഥയാകും.

ഭിന്നശേഷിയുള്ള 11,220 പേര്‍ക്കായി 17000 കിറ്റുകള്‍ ആണ് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കാനൊരുങ്ങുന്നത്. ഇവരില്‍ എല്ലാവരും ചടങ്ങിനു സന്നിഹിതരാകുകയില്ല എങ്കില്‍ പോലും 1000 ഓളം പേരെയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അങ്ങനെയായാല്‍ പോലും ഏറ്റവും കൂടുതല്‍ ഭിന്നശേഷിയുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ചടങ്ങ് എന്ന റെക്കോര്‍ഡ് രാജ്യത്തിന് സ്വന്തമാകും. വീല്‍ചെയര്‍ ഉപയോഗിക്കുന്ന 346 പേര്‍ ചേര്‍ന്ന് ഒരു ലോഗോയുടെ രൂപം ഉണ്ടാക്കിയതാണ് നിലവിലെ റെക്കോര്‍ഡ്. 2010ല്‍ യു.എസ് സ്വന്തമാക്കിയതാണ് ഇത്.

1000 പേര്‍ക്ക് ശ്രവണ സഹായ ഉപകരണങ്ങള്‍ നല്‍കുന്നത് ആണ് അടുത്ത റെക്കോര്‍ഡ്. ഓസ്ട്രേലിയയാണ് നിലവില്‍ ഈ ബഹുമതിക്ക് ഉടമ. കൂടാതെ 1500 ഓളം ദീപങ്ങള്‍ ഒരേയിടത്ത് ഒരുമിച്ചു തെളിയിക്കുന്ന ചടങ്ങും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. കൂടാതെ മെഡിക്കല്‍ ചെക്കപ്പ്, രക്ത പരിശോധനാ ക്യാമ്പുകള്‍ എന്നിവയും അന്നേ ദിവസം പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തും.

കേന്ദ്ര സര്‍ക്കാരിന്റെ അക്സസിബിള്‍ ഇന്ത്യ കാമ്പയിന്റെ ഭാഗമായാണ് ഇവ നടത്തുന്നത്. വൈകല്യങ്ങള്‍ ഉള്ളവര്‍ക്ക് ശ്രവണ സഹായികള്‍, ട്രൈ സൈക്കിളുകള്‍, സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍ക്കായുള്ള പ്രത്യേക കസേരകള്‍, പ്രത്യേക പഠന കിറ്റുകള്‍ എന്നിവ ജന്മദിനാഘോഷത്തോടനുബന്ധിച്ച് വിതരണം ചെയ്യും.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ നിന്നുള്ള ഒഫീഷ്യല്‍സിന്റെ മേല്‍നോട്ടത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക.

‘പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളെ പ്രധാനമന്ത്രിയുടെ മൊബൈല്‍ ആപ്പ്ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സഹായിക്കും. നരേന്ദ്ര മോദി ആപ്പ്’ അഞ്ചു ലക്ഷം മൊബൈല്‍ ഫോണുകളില്‍ എങ്കിലും ഇന്‍സ്റ്റാള്‍ ചെയ്തു എന്ന് ഉറപ്പാക്കും. ഇതിനായുള്ള പ്രത്യേക കാമ്പയിന്‍ നാളെ ആരംഭിക്കും എന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് ജിതു വഘാനി മാധ്യമങ്ങളെ അറിയിച്ചിരുന്നു.

കട്ന-ഹഫേശ്വര്‍ ജലസേചന പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി ഈ ദിവസം നിര്‍വ്വഹിക്കും. കൂടാതെ സംസ്ഥാന മുഖ്യമന്ത്രി വിജയ്‌ രൂപാനി മറ്റു ബിജെപി നേതാക്കള്‍ എന്നിവര്‍ക്കൊപ്പമുള്ള യോഗത്തിലും മോദി പങ്കെടുക്കും. 

മാതാവിനെ സന്ദര്‍ശിച്ച ശേഷം പ്രധാന മന്ത്രി ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കും എന്നാണ് ഗുജറാത്ത് ബിജെപി വക്താവ് ഭരത് പാണ്ഡ്യ മാധ്യമങ്ങളെ അറിയിച്ചത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍