UPDATES

കൊച്ചുമകന്‍ പാക് സൈന്യത്തിന്റെ പിടിയിലായ വാര്‍ത്തയറിഞ്ഞ് മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു

അഴിമുഖം പ്രതിനിധി

കൊച്ചുമകന്‍ പാക് സൈന്യത്തിന്റെ പിടിയിലായ വാര്‍ത്തയറിഞ്ഞ് മുത്തശ്ശി കുഴഞ്ഞുവീണു മരിച്ചു. ഗുജറാത്തിലെ ജാംനഗറിലാണ് 65 വയസുള്ള ലീലാബായി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. 37 രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായി നിയന്ത്രണ രേഖയില്‍ ജോലി ചെയ്തിരുന്ന ചന്ദു ബാബുലാല്‍ ചവാന്‍ പാക് സൈന്യത്തിന്റെ പിടിയിലായി എന്ന വാര്‍ത്തയറിഞ്ഞ് മിനിറ്റുകള്‍ക്കകമായിരുന്നു മരണം. ചന്ദുവിന്റെ ജ്യേഷ്ഠനും സൈനികനുമായ ഭൂഷന്റെ വീട്ടിലെത്തിയതായിരുന്നു ലീലാബായിയും ഭര്‍ത്താവ് ചിന്ദ ദോണ്ടു പാട്ടീല്‍ സോനാവെയ്‌നും.

 

നിയന്ത്രണരേഖയില്‍ കാവല്‍ നിന്നിരുന്ന ചന്ദു ‘അശ്രദ്ധമായി അതിര്‍ത്തി കടന്നപ്പോഴാണ്’ പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്’എന്നാണ് സൈന്യത്തിന്റെ വിശദീകരണം. അനുജനെ കാണാനില്ലെന്ന് ഭൂഷന്‍ ഗ്രാമവാസികളെ അറിയിച്ചപ്പോഴാണ് ചന്ദു പിടിയിലാണ് എന്ന കാര്യം അറിയുന്നതെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. മാതാപിതാക്കള്‍ മരിച്ച ശേഷം ചന്ദുവിനേയും ജ്യേഷ്ഠനേയും വളര്‍ത്തിയത് ലീലാബായിയും ചിന്ദ പാട്ടീലുമായിരുന്നു.

 

ചന്ദുവിനെ വിട്ടുകിട്ടാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ചന്ദുവിനെക്കുറിച്ച് ഇന്ത്യയുടെ അന്വേഷണത്തോട് പാക്കിസ്ഥാന്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ചിന്ദ പാട്ടീല്‍ പ്രതീക്ഷയിലാണ്. സ്ഥലം എം.പിയും കേന്ദ്ര പ്രതിരോധ സഹമന്ത്രിയുമായ ഡോ. സുഭാഷ് ഭാര്‍മയുമായി താന്‍ സംസാരിച്ചെന്നും രണ്ട്, മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചന്ദുവിനെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചതായി പാട്ടീല്‍ പറഞ്ഞു.

 

1994-ല്‍ ജനിച്ച ചന്ദുവിന് 1997-ല്‍ പിതാവിനെയും 2000-ത്തില്‍ മാതാവിനെയും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇവര്‍ ലീലാബായിയുടേയും പാട്ടീലിന്റെയും സംരക്ഷണയിലായത്. വിവാഹിതയായി ഇന്‍ഡോറില്‍ താമസിക്കുന്ന ഇവരുടെ ഏക സഹോദരി ഏതുനിമിഷവും കുഞ്ഞിന് ജന്മം നല്‍കാനിരിക്കയാണെന്നും കുടുംബ വൃത്തങ്ങള്‍ പറഞ്ഞു. സൈന്യത്തില്‍ ചേരണമെന്ന ആഗ്രഹം ചെറുപ്പം മുതല്‍ ചന്ദു പ്രകടിപ്പിച്ചിരുന്നതായി പാട്ടീല്‍ പറഞ്ഞു. സെപ്റ്റംബര്‍ 19-ന് വീട്ടിലേക്ക് ചന്ദു വിളിച്ചിരുന്നുവെന്നും അവധി കിട്ടുകയാണെങ്കില്‍ 30-നു മുമ്പ് എത്തുമെന്നും വ്യക്തമാക്കിയിരുന്നു. ചന്ദുവിനെ വിവാഹം നടത്തുന്നതിന്റെ ഭാഗമായുള്ള അന്വേഷണവും ഇതിനിടെ ഇവര്‍ നടത്തുന്നുണ്ടായിരുന്നു.

 

ഭൂഷന് സൈന്യത്തില്‍ പ്രവേശനം കിട്ടിയതോടെ സൈന്യത്തില്‍ ചേരാമെന്നുള്ള ചന്ദുവിന്റെ ആഗ്രഹവും കൂടിയതായി സുഹൃത്തുക്കള്‍ പറഞ്ഞു. അത്‌ലറ്റും ബോക്‌സറുമൊക്കെയായിരുന്ന ചന്ദു വെളുപ്പിന് നാലു മണിക്ക് ഓടാന്‍ പോകുന്നത് തങ്ങള്‍ക്കൊക്കെ അത്ഭുതമായിരുന്നുവെന്നും അവര്‍ പറയുന്നു. വൈകിട്ട് ഏഴരയോടെ ലീലാബായിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നതോടെ ഭൂഷന്‍ കുഴഞ്ഞുവീണു. 7,000-ത്തോളം പേര്‍ താമസിക്കുന്ന ഗ്രാമത്തില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ച യുദ്ധമുണ്ടാകുമോ തുടങ്ങിയ കാര്യങ്ങളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍