UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി കാലത്ത് സഞ്ജീവ് ഭട്ടുമാര്‍ പുറത്തുനിന്നാല്‍ മതി

സഞ്ജീവ് ഭട്ട്, നിങ്ങളുടെ ഈ ആര്‍ജവം, സത്യസന്ധത ഇതൊന്നും ഇവിടെ ആവശ്യമില്ലെന്ന് ഭരണകൂടം പറയുന്നു. കാരണം മോദി കാലത്ത് ഇതിനൊന്നും ഒരു പ്രസക്തിയും ഇല്ല.

ഇന്ത്യയുടെ പതിനാലാമത് പ്രധാനമന്ത്രി ആയി നരേന്ദ്ര മോദി അധികാരമേല്‍ക്കുമ്പോള്‍ ഏറ്റവും ശ്രദ്ധേയമായത് അദ്ദേഹത്തിന്റെ കാബിനറ്റാണ്, പഞ്ചാബിലെ അമൃത്സറില്‍നിന്ന് തെരഞ്ഞെടുപ്പില്‍ തോറ്റ കോര്‍പറേഷനുകളുടെയും വന്‍കിട മാധ്യമ കമ്പനികളുടെയും ഉറ്റ തോഴനായ അരുണ്‍ ജെയ്റ്റ്ലിക്കു നല്‍കിയത് ധനകാര്യമായിരുന്നു; ഒപ്പം പ്രതിരോധമന്ത്രാലയത്തിന്റെ അധികച്ചുമതലയും. മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയായ സഞ്ജീവ് ബാലിയന്‍, അഴിമതി ആരോപണങ്ങളില്‍ മുങ്ങി കുളിച്ചു നില്‍ക്കുന്ന, ആര്‍.എസ്.എസിന്റെ കണ്ണിലുണ്ണിയായ നേതാവ് നിതിന്‍ ഗദ്കരി എന്നിവരും മന്ത്രിസഭയില്‍ ഇടം നേടിയിരുന്നു.

അധികാരത്തില്‍ ഉപവിഷ്ടനായ ആദ്യനിമിഷം മുതല്‍ തന്നെ മോദി തന്റെ അജണ്ടകളെ കുറിച്ച് ചില സൂചനകള്‍ തന്നിരുന്നു. കാബിനറ്റ് മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വരെ തന്റെ ഇംഗിതത്തിനു ഒത്തുമാത്രം ചലിക്കുന്ന ഒരു കളിപ്പാട്ടമായി രൂപാന്തരപ്പെടുത്താന്‍ ഉള്ള ശ്രമങ്ങളുടെ ആദ്യ പടിയായിരുന്നു വിശ്വസ്തരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കാബിനറ്റ്.

ദേശവും ദേശത്തിന്റെ ഭൗതിക സാമഗ്രികളും (ഭരണകൂടം, പട്ടാളം, പോലീസ്) ദേശസ്‌നേഹത്തിന്റെ മകുടോദാഹരണങ്ങളാവുകയും തീവ്രവാദികളും ഭീകരവാദികളും ദേശവിരുദ്ധതയുടെ പ്രതീകങ്ങളാവുകയും ചെയ്യുന്ന അതീവ ലളിതമായ വര്‍ഗീകരണ യുക്തിയാണ് നമ്മുടെ പൊതുബോധത്തിലുള്ളത്. ദേശീയസംസ്‌ക്കാരത്തിന് പകരം സാംസ്‌ക്കാരികദേശീയത ഉയര്‍ത്തിപ്പിടിക്കുകയും പൊതുസമൂഹത്തിന്റെ സാമാന്യബോധത്തിലേയ്ക്ക് വര്‍ഗീയപ്രത്യയശാസ്ത്രത്തിന്റെ വിത്തുകള്‍ പാകിക്കിളിര്‍പ്പിക്കുകയും ചെയ്തുകൊണ്ട് മതാത്മകമായ ഒരിന്ത്യയെ വാര്‍ത്തെടുക്കുവാനുളള തീവ്രശ്രമത്തിലാണ് നരേന്ദ്ര മോദിയും സംഘപരിവാറും.

ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ പുറത്താക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി എന്ന വാര്‍ത്ത ഒട്ടും ഞെട്ടലില്ലാതെ തന്നെയാണ് നാം കേട്ടത്; കാരണം അതിനു തൊട്ടു തലേന്നാണ് ഭരണകൂട പ്രത്യയ ശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന ഉപകരണങ്ങള്‍ മാത്രമാണ് നമ്മള്‍ വാഴ്ത്തിപ്പാടുന്ന ഓരോ സര്‍വകലാശാലയും എന്ന് തെളിയിച്ചു കൊണ്ട് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടത്തിയതിന് അഞ്ചു വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. അതേദിവസം തന്നെയാണ് ശിവസേന സ്ഥാപകനേതാവ് ബാല്‍ താക്കറെയെ ‘ ഭീകരവാദി’ എന്ന് വിശേഷിപ്പിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിന് തെഹല്‍ക്കക്കെതിരെ കേസ് എടുക്കുന്നത്, മാഗസിന്‍ നിരോധിക്കണം എന്ന് ശിവസേനയും ആവശ്യപ്പെട്ടിരുന്നു. കേവലം ഒരു പേരിന്റെ പേരില്‍ മാത്രം പൌരനുമേല്‍ ഭീകരവാദപട്ടം ചാര്‍ത്തുന്നവര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത തന്റെ കുട്ടികളുടെ പ്രവര്‍ത്തിയില്‍ ആഹ്ളാദിക്കുകയും ബോംബെയിലെ മുസ്‌ലീംങ്ങളെ കൊന്നൊടുക്കാന്‍ പറഞ്ഞുവിടുകയും ചെയ്ത ഒരാളെ ഭീകരവാദി എന്നല്ലാതെ വേറെന്ത് വിളിക്കണം എന്ന് കൂടി പറഞ്ഞു തരണം.

നരേന്ദ്ര മോദിക്കെതിരെയുള്ള സഞ്ജീവ് ഭട്ടിന്റെ പോരാട്ടത്തിന് ഗുജറാത്ത് കൂട്ടക്കൊലയുടെ അത്രതന്നെ പഴക്കമുണ്ട്. എന്തൊക്കെ മറന്നാലും 2002ല്‍ ഗുജറാത്തില്‍ നടന്ന മുസ്ലീം കൂട്ടക്കൊല ആസൂത്രണം ചെയ്തതും ഭംഗിയായി നടപ്പിലാക്കിയെടുത്തതും ആരായിരുന്നു എന്ന കാര്യം ആരുംതന്നെ മറക്കാനിടയില്ല. അതിന്റെ പൈശാചിക സ്വഭാവംകൊണ്ടുമാത്രമല്ല, ഒരു ഗവണ്‍മെന്റാണ് അത് ചെയ്തു കൂട്ടിയത് എന്നതുകൊണ്ടുതന്നെ അത് സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. എല്ലാം പകല്‍ വെളിച്ചത്തിലാണ് നടന്നത്; എല്ലായിടത്തും മോദി നിറഞ്ഞു നിന്നു. നിരപരാധികളും നിസ്സഹായരുമായ ഇരകള്‍ക്ക് സര്‍ക്കാര്‍വക വിചാരണകളില്‍ ഒരു നീതിയും കിട്ടിയില്ല. അതിന് യാതൊരു സാധ്യതയുമുണ്ടായിരുന്നില്ല. കൊലയാളികളെ നിരപരാധികളാക്കാനുള്ള പ്രഹസനങ്ങളായിരുന്നു ഇവയൊക്കെ. ദുരിതാശ്വാസക്യാമ്പുകളെന്ന പേരിലുള്ള ചേരികളിലേയ്ക്ക് ഇരകള്‍ നീക്കം ചെയ്യപ്പെട്ടു. മാന്യമായ വാസസ്ഥലം, തൊഴില്‍, വിദ്യാഭ്യാസം, നീതി തുടങ്ങിയ പ്രതീക്ഷകളൊക്കെ അതോടെ അസ്തമിച്ചു. വേരുകള്‍ നഷ്ടപ്പെട്ട്, ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട് അലയാനായിരുന്നു അവരുടെ വിധി. ഭീതിപ്പെടുത്തി സത്യം പുറത്തുപറയുന്നതില്‍നിന്ന് വിലക്കുകയെന്നതായിരുന്നു പദ്ധതി. ഇത്രയൊക്കെ ആയിട്ടും ക്രൂരതയുടെ ദൃക്‌സാക്ഷികള്‍ പലരും സത്യം വിളിച്ചു പറയാന്‍ തയ്യാറായി. അവരെ ഭീഷണിപ്പെടുത്തി, ആക്രമിച്ചു, പണംകൊടുത്ത് വശീകരിച്ചു. അങ്ങനെ കൊടുംകുറ്റവാളികള്‍ പലരും സ്വതന്ത്രരായി. എല്ലാ ക്രൂരതകളോടെയും അവര്‍ വീണ്ടും സമൂഹമദ്ധ്യത്തിലെത്തി. പത്രപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും വിമര്‍ശകരുമൊക്കെ നിശബ്ദരാക്കപ്പെട്ടു. പലരും ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു.

മോദിയുടെ പങ്കിനെക്കുറിച്ച് നേരത്തെ പല വെളിപ്പെടുത്തലും ഉണ്ടായെങ്കിലും അദ്ദേഹത്തെ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവില്ലെന്നായിരുന്നു സംഘപരിവാര്‍ വാദിച്ചത്. ഗോധ്ര സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ ഈ വാദം പൊളിഞ്ഞു; ‘ഹിന്ദുക്കള്‍ അവരുടെ രോഷം പ്രകടിപ്പിക്കട്ടെ, നിങ്ങളത് തടയേണ്ട എന്ന് ഞാന്‍ കൂടി പങ്കെടുത്ത യോഗത്തില്‍ വെച്ച് മുഖ്യമന്ത്രി നരേന്ദ്ര മോദി പോലീസ് ഉദ്യേഗസ്ഥരോട് പറഞ്ഞു’. ഇതാണ് സത്യവാങ്മൂലത്തിലൂടെ സഞ്ജീവ് ഭട്ട് സുപ്രീം കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ വംശഹത്യയില്‍ മോദിയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹത്തെ ഉടന്‍ പ്രോസിക്യൂട്ടു ചെയ്യണമെന്നും ഉള്ള വാദങ്ങള്‍ ഉയര്‍ന്നെങ്കിലും ഒരു ഫലവും ഉണ്ടായില്ല, 2011-ല്‍ അനുമതിയില്ലാതെ അവധിയെടുത്തതിനും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതിനും സഞ്ജീവ് ഭട്ടിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഞ്ജീവ് ഭട്ടിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്യുകയും ഈ വര്‍ഷം അത് നടപ്പിലാക്കുകയും ചെയ്തു.

തന്റെ പുരി ഗ്രൂപ് കമ്പനികള്‍ക്കെതിരെ നികുതി ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയപ്പോള്‍ ”ഞങ്ങള്‍ അധികാരത്തില്‍ വരും, അപ്പോള്‍ കാണാം” എന്നു ഭീഷണി മുഴക്കിയ ഗദ്കരിയും മോദി അധികാരത്തില്‍ കയറട്ടെ, എന്റെ നാട്ടില്‍ ഒരു സ്‌റ്റേജ് കെട്ടി അസിമാനന്ദ ചെയ്ത കാര്യങ്ങളെല്ലാം ഞാന്‍ ഉറക്കെ വിളിച്ചുപറയും’ എന്ന് പറഞ്ഞ മാലെഗാവ് സ്‌ഫോടന കേസിലെ പ്രതി അസീമാനന്ദയുടെ അനുജന്‍ സുശാന്തിന്റെയും പ്രസ്താവനകള്‍ യാദ്രിശ്ചികമല്ല; രാജ്യത്ത് അക്രമം അഴിച്ചു വിടാന്‍ ഭരണം ആവശ്യമില്ലെന്നു തെളിയിച്ചവരുടെ കയ്യില്‍ അധികാരം കൂടി വന്നെത്തുമ്പോള്‍ അവരുടെ ഹെഗമനിക് അംബീഷന്‍സ് കൂടുതല്‍ ക്രൂരമായിരിക്കും. ഇപ്പോള്‍ അവരുടെ കയ്യില്‍ അധികാരമുണ്ട്; ഇനി പ്രതികാരനടപടിയും സമസ്തമേഖലകളിലും കാവിവല്ക്കരണവും മാത്രമാണ് ബാക്കി.

 

 

ഫാസിസം ഒരു രാഷ്ട്രീയ തത്വസംഹിതയാണ്. എല്ലാവരും സമന്മാരല്ല എന്നും അതിജീവനശേഷിയുള്ളവരാണ് നിലനില്‌ക്കേണ്ടത് എന്നുമുള്ള ആശയം ഡാര്‍വിനിസത്തില്‍ നിന്നും കൈക്കൊണ്ട് രൂപപരിണാമം വരുത്തിയതാണ്. ജീവികള്‍ തുല്യരല്ല എന്നുള്ളത്, ജീവികളുടെ അതിജീവനശേഷി ഒരുപോലെയല്ല എന്നുള്ളത്, ഡാര്‍വിനിസത്തിന്റെ ശക്തമായ ആശയാടിത്തറയാണ്. എന്നാല്‍ ഇത് മനുഷ്യരില്‍ പ്രയോഗിക്കുമ്പോള്‍, അതിജീവനശക്തി കൂടുതലുള്ളവര്‍ അതിജീവിക്കുമെന്നുള്ള ആശയം പ്രതിലോമകരമാകുന്നു. ഇങ്ങനെ, നിലനില്‍ക്കുന്ന പല തത്വസംഹിതകളില്‍ നിന്നും സ്വാംശീകരിക്കുകയും പ്രതിലോമകരമായി മാറ്റിത്തീര്‍ക്കുകയും ചെയ്ത ആശയങ്ങളുടെ സംഹിതയാണ് ഫാസിസം. ഫാസിസം ഒരു നിശബ്ദ തത്വശാസ്ത്രമാണ്. ഒരു തരത്തിലുള്ള സംവാദങ്ങളും അത് അനുവദിക്കുന്നില്ല. അധികാരവും അനുസരണവുമാണ് ഫാസിസത്തിന്റെ രീതികള്‍.

അധികാരം കയ്യാളുന്നവരുടെ ആറാട്ടിന് മുന്‍പില്‍ അതിജീവനം സാധ്യമാകാതെ സഞ്ജീവ് ഭട്ട് പുറത്തു പോവുമ്പോള്‍ ഭരണകൂടം മറന്നു പോയ ഒന്നുണ്ട്; ഈ പുറത്താക്കലിലൂടെ മറവി ശീലമാക്കിയ ഒരു ജനതയുടെ മുന്നിലേക്ക് ഗുജറാത്ത് കൂട്ടക്കൊലയുടെ വികൃതമായ ദിനങ്ങള്‍ ഓടിയെത്തുകയാണ്, ഇവന്റ് മാനേജ്മെന്‍റും മീഡിയയും ഹൈടെക് സാങ്കേതിക വിദ്യകളൊക്കെ ചേര്‍ന്ന് അതിമാനുഷികനാക്കി മാറ്റിയ രാജ്യത്തെ പ്രധാനമന്ത്രിയുടെ ചോരപുരണ്ട ഭൂതകാലം ഒരു പോലീസ് ഓഫീസറിലൂടെ വീണ്ടും പുറത്തു വരുമ്പോള്‍ അദ്ദേഹത്തിന് അഭിമാനിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം? പ്രമുഖ സാഹിത്യകാരന്‍ എ സേതുമാധവനെ (സേതു) നാഷണല്‍ ബുക് ട്രസ്റ്റിന്റെ ചെയര്‍മാന്‍സ്ഥാനത്തുനിന്നും മാറ്റിയതും എഫ്.ടി.ഐ.ഐ ചെയര്‍മാനായി ടി.വി സീരിയല്‍ നടന്‍ ഗജേന്ദ്ര ചൗഹാനെ നിയമിക്കാനുള്ള നീക്കം ഒടുവില്‍ ഇപ്പോള്‍ ടീസ്ത മുതല്‍ സഞ്ജീവ് ഭട്ട് വരെ ഉള്ളവര്‍ക്കെതിരെയുള്ള പ്രതികാരനടപടികളില്‍ എത്തിനില്‍ക്കുന്നു; അച്ചാ ദിന്‍!

‘ഹിന്ദുധര്‍മ്മ ശാസ്തങ്ങളില്‍ രാജാവിനുള്ള സ്ഥാനമെന്താണ്?’ എന്ന ചോദ്യത്തിന് വിചാരധാരയില്‍ ഗോള്‍വാള്‍ക്കര്‍ നല്‍കിയിട്ടുള്ള ഉത്തരം ശ്രദ്ധേയമാണ്. ”ധര്‍മ്മത്തിന്റെ കല്പനകള്‍ അദ്ദേഹം അനുസരിക്കണം. ചക്രവര്‍ത്തിയാകുമ്പോള്‍ അശ്വമേധാദിയജ്ഞങ്ങള്‍ നടത്തിയ ശേഷം അദ്ദേഹം മൂന്നുവട്ടം പറയും ‘അ ദണ്ഡ്യോസ്മി’ (ഞാന്‍ ലോകം ജയിച്ചു; ആര്‍ക്കും ഇനി എന്നെ ശിക്ഷിക്കുവാന്‍ സാധിക്കുകയില്ല) എന്ന്. ഓരോ പ്രാവശ്യം ഇത് പറയുമ്പോഴും യജ്ഞത്തിന്റെ മുഖ്യ പുരോഹിതന്‍ ധര്‍മ്മദണ്ഡം കൈയിലെടുത്ത് അദ്ദേഹത്തിന്റെ ശിരസ്സിലടിച്ചുകൊണ്ട് പറയും ‘ധര്‍മ്മ ദണ്ഡ്യോസ്മി’ (ധര്‍മ്മം നിന്നെ ശിക്ഷിക്കും) എന്ന്. ധര്‍മ്മം എന്നിവിടെ വിവക്ഷിക്കുന്നത് ഹിന്ദുമതത്തെയാണ്. ഹിന്ദുമതത്തിലെ പുരോഹിതന്‍ ബ്രാഹ്മണന്‍ തന്നെ. അതായത് ബ്രാഹ്മണനാല്‍ നിയന്ത്രിക്കപ്പെടുന്ന രാജാവ്. അതാണ് രാജവാഴ്ച സംബന്ധിച്ച ആര്‍എസ്എസിന്റെ കാഴ്ചപ്പാട്. ജനാധിപത്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഉദാരമതിയായ ഏകാധിപതിയോടുള്ള താല്പര്യം ഗോള്‍വാള്‍ക്കര്‍ തന്നെ പ്രഖ്യാപിക്കുന്നുമുണ്ട്. ഇതും നവലിബറല്‍ വാദികളായ വിദഗ്ദ്ധരുടേയും വരേണ്യരുടേയും ഭരണവും തമ്മില്‍ ഏറെ ദൂരമൊന്നുമില്ല. അങ്ങനെ നവലിബറല്‍ ചിന്താഗതിക്ക് അനുയോജ്യമായ ഒന്നായി ഹിന്ദുത്വ രാജവാഴ്ച മാറുന്നു.

നരേന്ദ്ര മോദി എന്ന രാജാവ് ചെയ്യുന്നതെന്തോ അതെല്ലാം ധര്‍മം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണെന്നൊരു രൂഡമൂലവിശ്വാസം സംഘപരിവാര്‍ അണികള്‍ക്കിടയില്‍ ശക്തമാണ്; ഏതോ ഒരു മലയാള സിനിമയിലെ നായക കഥാപാത്രത്തെപ്പോലെ മുടങ്ങിപ്പോയ ഉത്സവം നടത്താന്‍ വരുന്ന തമ്പുരാനായി നരേന്ദ്ര മോദിയുടെ അധികാരാരോഹണത്തെ കാണുന്നവരും ഈ കൂട്ടത്തിലുണ്ട്.

രാജാവ് നഗ്‌നന്‍ ആണെന്ന് പറഞ്ഞ കുട്ടിയെ കുറിച്ച് നാം കേട്ടിട്ടുണ്ട്, പക്ഷെ പിന്നീട് ആ കുട്ടിക്ക് എന്ത് സംഭവിച്ചു എന്നത് അജ്ഞാതമാണ്! എന്നാല്‍ ഇവിടെ, ‘പിരിച്ചു വിട്ടിട്ടും ഞാന്‍ യുദ്ധം തുടരും. നുണകള്‍ കൊണ്ട് നിങ്ങള്‍ പടുത്തുയര്‍ത്തിയ കോട്ട തകരും വരെ. നിങ്ങളുടെ നുണ കൊണ്ട് നിങ്ങള്‍ പൂജിച്ചിരുന്ന ചെകുത്താന്‍ എന്റെ സത്യത്തിന്റെ മാലാഖയുടെ മുമ്പില്‍ മുട്ടുകുത്തുന്നത് വരെ‘ എന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ട സഞ്ജീവ് ഭട്ടിന്റെ ആര്‍ജവത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ഒരു രാജാവിനും കഴിയില്ല എന്ന് നിസ്സംശയം പറയാം.

പക്ഷെ സഞ്ജീവ് ഭട്ട്, നിങ്ങളുടെ ഈ ആര്‍ജവം, സത്യസന്ധത ഇതൊന്നും ഇവിടെ ആവശ്യമില്ലെന്ന് ഭരണകൂടം പറയുന്നു. കാരണം മോദി കാലത്ത് ഇതിനൊന്നും ഒരു പ്രസക്തിയും ഇല്ല. പെരുമാള്‍ മുരുകന്മാര്‍ എഴുത്ത് നിര്‍ത്തട്ടെ, സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ജയിലില്‍ കിടക്കട്ടെ, ടീസ്തമാരും സഞ്ജീവുമാരും വേട്ടയാടപ്പെടട്ടെ; രണ്ടു വര്‍ഷത്തെ മോദി ഭരണത്തിന്റെ മുദ്രാവാക്യങ്ങള്‍ ഇങ്ങനെ ആവുമ്പോള്‍ രണ്ടു ബോബ് മാര്‍ളി പാട്ടുകള്‍ മാത്രം ഫാസിസം ശീലമാക്കാന്‍ ആരംഭിച്ച ഒരു ജനതയെ ഓര്‍മിപ്പിക്കുന്നു: Emancipate yourself from mental slavery  (മാനസികമായ അടിമത്തത്തില്‍ നിന്ന് നിങ്ങളെ നിങ്ങള്‍ തന്നെ മോചിപ്പിക്കൂ) get up, stand up.. stand up for your rights, I shot the sherrif… 

 

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍