UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇങ്ങനെയാണ് ഗുജറാത്തിലെ നീതി നടത്തിപ്പ്

Avatar

(2002-ല്‍ നരോദ പാട്യ കൂട്ടക്കൊലയില്‍ പ്രതികളായ 32 പേരെ ശിക്ഷിക്കുകയും 28 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. 36 സ്ത്രീകളും 35 കുട്ടികളും ഉള്‍പ്പെടെയായിരുന്നു അവിടെ കൊല്ലപ്പെട്ടത്. കലാപം നടക്കുന്ന സമയത്ത് നരോദ എംഎല്‍എയും പിന്നീട് നരേന്ദ്ര മോദി ഗുജറാത്ത് ഭരിച്ചിരുന്നപ്പോള്‍ അവിടുത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്ന മായ കോഡ്നാനിക്ക് 28 വര്‍ഷവും ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗിക്ക് ജീവപര്യന്തവും ശിക്ഷ ലഭിച്ചു. ഇതില്‍ അനാരോഗ്യത്തിന്റെ പേരില്‍ കോഡ്നാനിക്ക് സ്ഥിരമായി ജാമ്യം അനുവദിച്ചിരിക്കുകയാണ്. കൂട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയാണ് സുരേഷ് റിച്ചാര്‍ഡ്. 31 വര്‍ഷത്തെ തടവായിരുന്നു അയാള്‍ക്ക് ശിക്ഷ. അയാള്‍ക്ക് പരോള്‍ കിട്ടുന്നു. ആ പരോളില്‍ അയാള്‍ ഭാര്യയെ ബലാത്സംഗം ചെയ്യുന്നു. വീണ്ടും പരോളില്‍ ഇറങ്ങിയ അയാള്‍ ഒരു മാധ്യമ പ്രവര്‍ത്തകയെ ആക്രമിക്കുന്നു. വീണ്ടും അയാള്‍ പുറത്തിറങ്ങുന്നു, ഇത്തവണയാകട്ടെ കോടതി ഈ വിവരം പൊലീസുകാരെ അറിയിക്കുക പോലും ചെയ്യുന്നില്ല. അയാള്‍ പരോളില്‍ ഇറങ്ങിയിട്ടുണ്ടെന്ന് പൊലീസ് അറിയുന്നത് മുമ്പുള്ള പരോള്‍ സമയത്ത് അയാള്‍ ആക്രമിച്ച രണ്ട് സ്ത്രീകള്‍ ഇക്കാര്യം പോലീസിനെ അറിയിക്കുമ്പോഴാണ്. അയാളുടെ ആക്രമണത്തിന് ഇരയായ മാധ്യമ പ്രവര്‍ത്തക രേവതി ലൌള്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ സ്വതന്ത്ര പരിഭാഷ)

 

പ്രിയപ്പെട്ടവരെ,
ഞാനിതെഴുതുന്നത് എല്ലാവരോടുമായുള്ള ഒരു അഭ്യര്‍ത്ഥന എന്ന നിലയ്ക്കാണ്. എത്ര മോശമായാണ് നമ്മുടെ നീതിന്യായ വ്യവസ്ഥിതി തകര്‍ന്നിരിക്കുന്നതെന്നും എങ്ങനെയാണ് അത് സംരക്ഷിക്കേണ്ടവരോട്, അങ്ങനെ ചെയ്യാതിരിക്കുന്നതെന്നും കാണിക്കാന്‍. രണ്ടു തവണ പരോള്‍ ഉപാധികള്‍ ലംഘിച്ചിട്ടും, അതില്‍ ഭാര്യയെ ബലാത്സംഗം ചെയ്യലും ഒരു മാധ്യമപ്രവര്‍ത്തകയെ ആക്രമിച്ചതും – എന്നെ – ഉള്‍പ്പെടും, നരോദ പാട്യ കൂട്ടക്കൊലയില്‍ ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളി പരോളില്‍ ഇറങ്ങിയിരിക്കുന്നു. ഇതൊക്കെയുണ്ടായിട്ടും അയാള്‍ക്ക് വീണ്ടും പരോള്‍ നല്‍കി. ഇതാണാ കഥ.

 

അഹമ്മദാബാദിലെ ഭയവും വെറുപ്പും
ജനങ്ങള്‍ക്കും ബലാത്സംഗിക്കും ഇടയില്‍ ഒന്നിനെ എടുക്കാന്‍ പറഞ്ഞാല്‍ കോടതികള്‍ ബലാത്സംഗിയെ സംരക്ഷിക്കുമെന്ന് ഞാന്‍ പറഞ്ഞാല്‍ ഞാന്‍ പറഞ്ഞുണ്ടാക്കുകയാണെന്ന് നിങ്ങള്‍ പറഞ്ഞേക്കും. സത്യം അത്ര ഭീകരമല്ലാതിരുന്നെങ്കില്‍ എന്നു ഞാനും ആഗ്രഹിച്ചിരുന്നു. കാരണം അതെന്റെ വ്യക്തിപരമായ സുരക്ഷയെയും നേരിട്ട് ബാധിക്കുന്നു. പക്ഷേ; ഞാന്‍ നേരിട്ട് കാര്യത്തിലേക്ക് കടക്കാം.

 

2002 ഫെബ്രുവരി 28-ന് സുരേഷ് റിച്ചാര്‍ഡ് എന്നു വിളിക്കപ്പെടുന്ന ഒരാള്‍ അഹമ്മദാബാദിലെ നരോദ പാട്യ പ്രദേശത്തെ രക്തദാഹികളായ ഒരു ആള്‍ക്കൂട്ടത്തിന്റെ ഭാഗമായിരുന്നു. അയാളന്ന് കുറച്ചാളുകളെ കൊന്നു, സ്ത്രീകളെ ബലാത്സംഗം ചെയ്തു, ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ വയറ്റില്‍ നിന്നും ഭ്രൂണം പറിച്ചെടുക്കാന്‍ കൂട്ടുനിന്നു, എന്നിട്ടാ സ്ത്രീയെ ബലാത്സംഗം ചെയ്തു കൊന്നു. 2012-ല്‍ ഈ കുറ്റങ്ങളുടെ പേരില്‍ ഇയാളെ ശിക്ഷിച്ചു. ഇപ്പോള്‍ ഇയാള്‍ 31 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്. പക്ഷേ തടവുകാര്‍ക്ക് വര്‍ഷത്തില്‍ രണ്ടാഴ്ച്ചയോ ഒരു മാസമോ വരെ വീട്ടുകാര്‍ക്കൊപ്പം കഴിയാനും, അടിയന്തര ആവശ്യങ്ങള്‍ക്കുമായി പരോള്‍ കിട്ടാറുണ്ട്.  സുരേഷിനെ പോലുള്ള തടവുകാര്‍ക്കുപോലും ഈ പരോളിന് അര്‍ഹതയുണ്ട്. സ്കൂളിലെ വേനലവധി പോലെ ജയിലിലുള്ള ഒന്ന്. പക്ഷേ ഇയാളുടെ കാര്യത്തില്‍ അയാള്‍ പരോളിന് അപേക്ഷ നല്‍കിയാല്‍ അത് ഹൈക്കോടതി പരിശോധിച്ചതിന് ശേഷം അയാളെ പുറത്തുവിടുന്നത് സുരക്ഷിതമാണോ എന്നു തീരുമാനമെടുക്കണം. തീരുമാനമെടുത്താല്‍ അവര്‍ പ്രദേശത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കോടതി ഉത്തരവയയ്ക്കും, പൊലീസുകാര്‍ക്ക് ആവശ്യമെങ്കില്‍ വേണ്ട ഒരു ജാഗ്രതാ നിര്‍ദേശം കൂടിയാണത്.

 


സുരേഷ് റിച്ചാര്‍ഡ് (വെളുത്ത ഷര്‍ട്ട് ധരിച്ചയാള്‍)

 

പക്ഷേ ഈ ‘ആവശ്യമെങ്കില്‍’ സുരേഷിന്റെ കാര്യത്തില്‍ വളരെ പ്രധാനമാണ്, കാരണം അയാള്‍ അക്രമം അഭിമാനപൂര്‍വം കൊട്ടിഘോഷിക്കുന്ന ഒരാളാണ്. തന്റെ കൂട്ടത്തിലെ അക്രമിയാണെന്ന് കരുതി ഒരു മാധ്യമപ്രവര്‍ത്തകനോടു അയാള്‍ തന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് 2002-ല്‍ വീമ്പിളക്കി. അത് ശബ്ദലേഖനം ചെയ്തിട്ടുണ്ട്. “അവറ്റകള്‍ അച്ചാര്‍ പോലെ കുഴയുംവരെ ഞാന്‍ 2002-ല്‍ മുസ്ലീം പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തു.”

 

ഇതൊക്കെയായാലും ഇയാള്‍ക്കും വീട്ടില്‍ പോകാനും അടിയന്തര കാര്യങ്ങള്‍ നോക്കാനുമുണ്ടെന്ന് കോടതിക്ക് തോന്നിയേക്കാം. അതുകൊണ്ട് 2015 ജൂലായില്‍ അവര്‍ അയാള്‍ക്ക് പരോള്‍ അനുവദിച്ചു. സുരേഷ് ഇക്കാലത്ത് അയാളുടെ ഭാര്യയെ ബലാത്സംഗം ചെയ്തു. അല്ലെങ്കില്‍ അങ്ങനെയാണ് അയാളുടെ ഭാര്യ കോടതിയില്‍ പറഞ്ഞത്. അയാള്‍ ആ സ്ത്രീയുടെ കൈകള്‍ പിന്നിലേക്ക് കെട്ടിയിട്ട് അവരെ ബലാത്സംഗം ചെയ്തു, കൈകളില്‍ കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തി. ലൈംഗിക പീഡനത്തിനും അക്രമത്തിനും വിവാഹമോചനത്തിനും അവര്‍ പരാതിയും ഹര്‍ജിയും നല്‍കി. പരോള്‍ സമയത്തെ പെരുമാറ്റം ഗൌരവമായി കണക്കിലെടുത്ത കോടതി അടുത്ത തവണ അപേക്ഷിച്ചപ്പോള്‍ അയാള്‍ക്ക് പരോള്‍ നിഷേധിച്ചു. അത് ഒക്ടോബര്‍ 2015-ലായിരുന്നു. പക്ഷേ ജനുവരി 2016-ല്‍ സുരേഷ് വീണ്ടും അപേക്ഷ നല്‍കി. തന്റെ മകളെ കാണാനില്ലെന്നും കണ്ടെത്താന്‍ തനിക്ക് രണ്ടാഴ്ച്ച അനുവദിക്കണമെന്നുമാണ് ഇത്തവണ അയാള്‍ കോടതിയില്‍ പറഞ്ഞത്. അതനുവദിക്കപ്പെട്ടു.

 

ആ സമയത്ത് മാധ്യമ പ്രവര്‍ത്തക കൂടിയായ ഞാന്‍, സുരേഷിനേയും അയാളെപ്പോലുള്ളവരെയും കുറിച്ച് എഴുതുകയായിരുന്നു. അയാളെ കാണാന്‍ ശ്രമിക്കാനും അയാളെന്നോട് സംസാരിക്കാന്‍ സമ്മതിക്കുമോ എന്നു നോക്കാനും ഞാന്‍ തീരുമാനിച്ചു. അയാളെന്റെ നേരെ കുതിച്ചുവന്നു. എന്റെ കണ്ണില്‍ നിന്നും രക്തം വരും വരെ മുഖമടച്ച് ഇടിച്ചു. പിന്നെ എന്നെ അടുത്തുള്ള ഒരു ചുമരിലേക്ക് തള്ളി, വലിച്ചിഴച്ചു. ചുമരിനോട് ചേര്‍ത്തുനിര്‍ത്തി, എന്റെ കുത്തിപ്പിടിച്ച മുടി ഒരു കെട്ടായി കടയോടെ പിഴുതെടുത്തു. എന്നെ നിര്‍ത്താതെ അടിക്കുകയും തൊഴിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവിടെ നിന്നും ജീവനോടെ പോരുമെന്ന് ഞാന്‍ കരുതിയില്ല. പക്ഷേ ഭാഗ്യത്തിന് അയാളുടെ മകന് എന്നോടു സഹതാപം തോന്നി, കണ്ടു നിന്ന നൂറോളം പേരില്‍ നിന്നും വന്ന രണ്ടോ മൂന്നോ പേരെ കൂട്ടി അയാളെ എന്നില്‍ നിന്നും വലിച്ചുമാറ്റി. ഞാന്‍ ഓടി രക്ഷപ്പെട്ടു. എന്റെ സ്വന്തം കേസ് കോടതിയില്‍ നല്‍കി. സുരേഷിന്റെ പരോള്‍ പെട്ടന്നു റദ്ദാക്കി, അയാളെ ജയിലിലേക്ക് മടക്കിവിട്ടു. പൊലീസിലെ പ്രത്യേക ദൌത്യ വിഭാഗം മേധാവി പി സി സോളങ്കി ഒരു പത്രസമ്മേളനം നടത്തി, അഹമ്മദാബാദിലെയും ഗുജറാത്തിലെയും ജനങ്ങള്‍ക്ക് അരക്ഷിതാവസ്ഥ തോന്നേണ്ട കാര്യമില്ല എന്നു പറഞ്ഞു. സുരേഷിന്റെ പരോള്‍ റദ്ദാക്കിയെന്നും ഇനി അയാള്‍ക്ക് ഒരിക്കലും പരോള്‍ അനുവദിക്കില്ലെന്നും. സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഇതൊരു ചെറിയ പിഴവ് മാത്രമാണെന്ന് അയാള്‍ പറഞ്ഞു.

 

അന്ന് മുതല്‍ പരോളിനുള്ള സുരേഷിന്റെ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. നവംബര്‍ 29 വരെ. കഴിഞ്ഞ രാത്രി. ഞാന്‍ അത്താഴത്തിന് പുറത്തിറങ്ങിയപ്പോഴാണ് സുരേഷ് പരോളില്‍ ഇറങ്ങിയ വിവരം അയാളുടെ മുന്‍ ഭാര്യ എന്നോടു പറഞ്ഞത്. അയാള്‍ അവരുടെ സഹോദരന്റെ ഫോണില്‍ വിളിച്ച് കാണാന്‍ ആവശ്യപ്പെടുകയായിരുന്നു. അത്യത്ഭുതമാണ്. ഭാര്യയെ ബലാത്സംഗം ചെയ്ത ഒരാള്‍ പരോളില്‍ ഇറങ്ങി അവരെ ആകെ ഭയത്തിലും സംഭ്രമത്തിലുമാഴ്ത്തുക. കാരണം അയാള്‍ക്കതിനാകും. എങ്ങനെയാണ് കോടതി അയാള്‍ക്ക് പരോള്‍ അനുവദിച്ചത്? എനിക്കതറിയണമായിരുന്നു. പക്ഷേ ഞാന്‍ സമീപിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനും കോടതി ലേഖകന്‍മാര്‍ക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇല്ലായിരുന്നു. എന്നെ ആക്രമിച്ച കേസ് അന്വേഷിച്ച അഡീഷനല്‍ കമ്മീഷണര്‍മാര്‍ക്ക് വരെ അറിവില്ല. ആ പ്രദേശത്തിന്റെ ചുമതലയുള്ള കമ്മീഷണര്‍ക്കും അറിയില്ല. “സുരേഷ് താമസിക്കുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്ക് കോടതി ഉത്തരവൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് അയാള്‍ പരോളിലാണോ എന്ന് പറയാന്‍ കഴിയില്ല.”

 


മായ കോഡ്നാനി, ബാബു ബജ്രംഗി

 

അവസാനം ഞാന്‍ സുരേഷ് താമസിക്കുന്ന സര്‍ദാര്‍നാഗര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറെ വിളിച്ചു. “താങ്കള്‍ ഒരു കോണ്‍സ്റ്റബിളിനെ അയാളുടെ വീട്ടിലേക്കയച്ച് അയാള്‍ പരോളില്‍ തന്നെയാണോ എന്നൊന്ന് അന്വേഷിക്കുമോ?” ഞാനയാളോട് അപേക്ഷിച്ചു. എനിക്കു മറ്റേര്‍പ്പാടുകള്‍ ചെയ്യേണ്ടതുണ്ടായിരുന്നു. എനിക്കും പിന്നെ അയാളുടെ മുന്‍ ഭാര്യയെ അറിയിക്കാനും. കഴിഞ്ഞ തവണ അയാള്‍ പരോളില്‍ ഇറങ്ങിയപ്പോള്‍, ഞാന്‍ ആക്രമിക്കപ്പെട്ട ദിവസം; ഞാന്‍ ഞാനൊരു ഒളിച്ചോടിയ പോലെയാണ് ജീവിച്ചത്. ഒരു വെളിപ്പെടുത്താത്ത സ്ഥലത്ത്, അയാളുടെ പരോള്‍ റദ്ദാക്കിയെന്ന് പൊലീസ് എന്നോടു ഉറപ്പിച്ച് പറയും വരെ. എനിക്ക് ആവശ്യമെങ്കില്‍ അഹമ്മദാബാദ് വിട്ടോടിപ്പോകാന്‍ കഴിയും. അയാളുടെ മുന്‍ഭാര്യയെ സംബന്ധിച്ചോ? അയാള്‍ പുറത്തിറങ്ങിയാല്‍ ആരാണവരെ സംരക്ഷിക്കുക?

 

“നോക്കൂ, എനിക്കെന്റെ സഞ്ചികള്‍ കെട്ടിപ്പെറുക്കി വീണ്ടും സ്ഥലം വിടണമെങ്കില്‍, എനിക്കതറിയണം. അതുകൊണ്ട് ആരെയെങ്കിലും അയാളുടെ വീട്ടിലേക്ക് അയയ്ക്കൂ, ചെയ്യില്ലേ?,” ഞാനാ പൊലീസുകാരനോട് ചോദിച്ചു. അയാളൊരു നല്ല പൊലീസുകാരനായിരുന്നു. അയാള്‍ ആരെയോ അയച്ചു. കുറച്ചു മിനിറ്റുകള്‍ക്കുശേഷം എന്നെ വിളിച്ചു. “ശരിയാണ് മാഡം. അയാള്‍ പരോളില്‍ ഇറങ്ങിയിട്ടുണ്ട്. എന്റെ കോണ്‍സ്റ്റബിള്‍ ഇപ്പോള്‍ അയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. അയാള്‍ ഇപ്പോള്‍ വീട്ടിലുണ്ട്. 14 ദിവസത്തെക്കാണ് പരോള്‍.”

 

ഇനിയാണ് ഈ കഥയുടെ രസകരമായ ഭാഗം വരുന്നത്. ഞാന്‍ തുടര്‍ന്നു; “എപ്പോഴാണ് അയാള്‍ പുറത്തുവന്നത്? 14-ല്‍ എത്ര ദിവസം കഴിഞ്ഞു, ഇനിയെത്ര ബാക്കിയുണ്ട്?,” ഞാന്‍ ചോദിച്ചു.

 

“അതെനിക്കറിയില്ല മാഡം. കാരണം കടലാസൊന്നും ഇല്ല. ഹൈക്കോടതി ഞങ്ങള്‍ക്ക് പരോള്‍ ഉത്തരവൊന്നും അയച്ചിട്ടില്ല. അതുകൊണ്ട് അയാള്‍ എപ്പോള്‍ ഇറങ്ങിയെന്നോ, എത്ര ദിവസത്തേക്കാണെന്നോ, ആരാണ് എപ്പോള്‍ ഉത്തരവിറക്കിയതെന്നോ ഞങ്ങള്‍ക്ക് ഒരു ധാരണയുമില്ല.”

 

അപ്പോള്‍, 2002-ല്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്തു എന്ന് വീമ്പിളക്കിയ ഒരാള്‍ക്ക് പരോള്‍ കിട്ടുന്നു. ആ പരോളില്‍ അയാള്‍ ഭാര്യയെ ബലാത്സംഗം ചെയ്യുന്നു. വീണ്ടും പരോളില്‍ ഇറങ്ങിയ അയാള്‍ ഒരു മാധ്യമ പ്രവര്‍ത്തകയെ ആക്രമിക്കുന്നു. വീണ്ടും അയാള്‍ പുറത്തിറങ്ങുന്നു, ഇത്തവണയാകട്ടെ കോടതി ഈ വിവരം പൊലീസുകാരെ അറിയിക്കുക പോലും ചെയ്യുന്നില്ല. സുരേഷ് അയാളുടെ, വര്‍ഷത്തില്‍ രണ്ടുതവണയുള്ള അവധിക്ക് വന്നതാണെന്ന് പൊലീസ് അറിയുന്നത് ജയിലില്‍ നിന്നുള്ള കഴിഞ്ഞ വിനോദാവധിക്കാലത്ത് അയാള്‍  ആക്രമിച്ച രണ്ടു സ്ത്രീകള്‍ പറയുമ്പോഴാണ്.

 

എന്നിട്ട്, ഞാന്‍ തുടങ്ങിയെടത്ത് തിരിച്ചെത്തി. നമ്മുടെ കോടതികള്‍ ആരെയാണ് സംരക്ഷിക്കുന്നത്? അതാണ് ചോദ്യം. ജനങ്ങളെയോ കുറ്റവാളികളെയോ? നിങ്ങള്‍ക്ക് ഉത്തരം വേണോ? പോകൂ, ന്യായാധിപന്മാരോട് ചോദിക്കൂ. പക്ഷേ ആദ്യം, ആരായിരുന്നു ന്യായാധിപന്‍ എന്ന് നിങ്ങള്‍ അറിയണം. ഇതുവരെയും, ഒരു കടലാസുപണിയും കണ്ടില്ല. നന്മകള്‍ നേരുന്നു. ഞാനെന്റെ സഞ്ചി മുറുക്കുകയാണ്. അയാളുടെ മുന്‍ ഭാര്യയും അതുതന്നെ ചെയ്യുന്നു. തീര്‍ച്ചയായും, മേല്‍വിലാസമില്ല.

 

(രേവതി ലൌള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയും ചലച്ചിത്ര പ്രവര്‍ത്തകയുമാണ്. ഇപ്പോള്‍ ഗുജറാത്തില്‍ താമസം. 2002-ലെ കലാപത്തിന്റെ സൂത്രധാരന്‍മാരെക്കുറിച്ചുള്ള ഒരു പുസ്തകം എഴുതുകയാണ് ഇപ്പോള്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍