UPDATES

13,860 കോടിയുടെ കള്ളപ്പണമുണ്ടെന്നു വെളിപ്പെടുത്തിയ ഗുജറാത്ത് വ്യാപാരിയെ കാണാതായി

അഴിമുഖം പ്രതിനിധി

കഴിഞ്ഞ ഒക്ടോബറില്‍ തന്റെ പക്കല്‍ 13,860 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് പ്രഖ്യാപിച്ച് അധികൃതരെ ഞെട്ടിച്ച ഗുജറാത്തില്‍ നിന്നുള്ള വ്യാപാരിയെ ദുരൂഹ സാഹര്യത്തില്‍ കാണാതായി. പുഴ്ത്തിവച്ച വരുമാനങ്ങള്‍ വെളിപ്പെടുത്തുകയും നികുതി അടയ്ക്കുകയും ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഉദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി (ഐഡിഎസ്) പ്രകാരമാണ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ അഹമ്മദാബാദില്‍ നിന്നുള്ള 45 കാരനായ വ്യാപരി മഹേഷ് ഷാ തന്റെ പക്കല്‍ 13,860 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് പ്രഖ്യാപിച്ചത്. 

എന്നാല്‍ പ്രഖ്യാപിച്ച പണത്തിന്റെ 25 ശതമാനം നികുതിയടയ്‌ക്കേണ്ട നവംബര്‍ 30ന് ഏതാനും ദിവസം മുമ്പ് മുതല്‍ ഷായെ കാണാതായി. അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും വരുമാന നികുതി ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെങ്കിലും ഷായെ കണ്ടെത്താനായില്ല. ഷായുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ തെഹ്മുള്‍ സേത്‌നയും ഇപ്പോള്‍ കൈമലര്‍ത്തുകയാണ്. വെളിപ്പെടുത്തലിന് ഷായെ സഹായിച്ച സേത്‌ന ഇപ്പോള്‍ പറയുന്നത് തനിക്ക് ഷാ എവിടെയുണ്ടെന്നോ അദ്ദേഹത്തിന്റെ വ്യാപാര നിക്ഷേപങ്ങളെ കുറിച്ചോ യാതൊരു അറിവുമില്ലെന്നാണ്. 

ഷാ മുങ്ങിയിട്ടില്ലെന്നും എന്നാല്‍ കഴിഞ്ഞ 15 ദിവസമായി അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് കുടംബാംഗങ്ങള്‍ പറയുന്നത്. അദ്ദേഹം തിരിച്ചുവരുമ്പോള്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമെന്ന് മകന്‍ മോണിതേഷ് മാധ്യമങ്ങളോട് പറഞ്ഞു. വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോള്‍ ഷായുടെ സുരക്ഷ തങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നതാണെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് ഐടി വകുപ്പ് പറയുന്നത്. വ്യാപരസംരഭങ്ങളെ കുറിച്ച് കൃത്യമായി അറിയില്ലെങ്കിലും ഗുജറാത്ത്, മഹാരാഷ്ട്ര, തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ഷായ്ക്ക് റിയല്‍ എസ്റ്റേറ്റ് കച്ചവടമുള്ളതായി സൂചനയുണ്ടെന്ന് ഐടി ഉദ്യോഗസ്ഥര്‍ പറയുന്നു. കള്ളപ്പണം ഒളിച്ചുവച്ചിരിക്കുന്ന ഒരു വലിയ വ്യാപാര ശൃംഗലയിലെ കണ്ണിയാണോ ഷായെന്നും ഐടി വകുപ്പ് അന്വേഷിക്കുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍