UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുലാം അലിക്കെതിരെ വാളോങ്ങുന്നവര്‍ നാടിന് നാണക്കേട് ഉണ്ടാക്കുന്നു; വി എസ് അച്യുതാനന്ദന്‍

വി എസ് അച്യുതാനന്ദന്‍

ഉസ്താദ് ഗുലാം അലി പാകിസ്ഥാന്‍കാരനാണ്. എന്നാല്‍ മലയാളികള്‍ക്ക് അദ്ദേഹം സഹോദരന്‍ തന്നെയാണ്. മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് മൂന്നു പതിറ്റാണ്ടു മുമ്പാണ് ‘ഗസല്‍’ എന്ന തന്റെ പ്രശസ്തമായ കവിതയിലൂടെ, ഗുലാം അലിയുടെ ആലാപനത്തെ മലയാളികളുടെ മനസ്സിലേക്ക് സംക്രമിപ്പിച്ചത്. ചുള്ളിക്കാടിന്റെ വരികള്‍ക്കു ശേഷം പിന്നെയും ഗുലാം അലി മലയാളികളെ പാടിയുണര്‍ത്തിക്കൊണ്ടേയിരിക്കുകയാണ്, ഇപ്പോഴും.

ഗസലിന്റെ ആള്‍രൂപമായാണ് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ ഗുലാം അലിയെ കാണുന്നത്. കവിതയിലെ സംഗീതവും, സംഗീതത്തിലെ കവിതയും കോര്‍ത്തിണക്കുന്ന ഗുലാം അലിയുടെ ആലാപനം കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ദക്ഷിണേഷ്യയിലെ ആസ്വാദകരെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍, ഒരു ഇന്ത്യന്‍ സംഗീതജ്ഞനായി അദ്ദേഹം അറിയപ്പെടുമായിരുന്നു.

പാകിസ്ഥാനില്‍ ജീവിക്കുന്ന അദ്ദേഹം ഇന്ന് ലോക സംഗീതജ്ഞനായാണ് അറിയപ്പെടുന്നത്. അത് സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ ആത്മസമര്‍പ്പണം കൊണ്ടും, മനുഷ്യസ്‌നേഹത്തിലൂന്നിയ മൂല്യബോധം കൊണ്ടുമാണ്. അതുകൊണ്ടാണ് രാഷ്ട്രങ്ങളുടെ അതിരുകള്‍ അപ്രസക്തമാക്കി അദ്ദേഹത്തിന്റെ സംഗീതം ലോകമെങ്ങും പ്രസരിച്ചുകൊണ്ടിരിക്കുന്നത്.

അദ്ദേഹം ഒരര്‍ത്ഥത്തില്‍ ഇന്ത്യക്കാര്‍ക്കു മുഴുവന്‍ സഹോദരനെപ്പോലെയാണ്. അദ്ദേഹത്തിന് ഇന്ത്യക്കാരും അങ്ങനെ തന്നെയാവാനേ വഴിയുള്ളൂ. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഗസല്‍ അരങ്ങുകള്‍ നടത്തിയിട്ടുള്ള അദ്ദേഹത്തിന് ഇന്ത്യയില്‍ കോടിക്കണക്കിന് ആരാധകരാണുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ നാം നിറഞ്ഞ മനസോടെയാണ് നമ്മുടെ നാട്ടിലേക്ക് വരവേല്‍ക്കുന്നത്. 

എന്നാല്‍, വിഷം പുരട്ടിയ മനസ്സും ചിന്തകളുമായി നടക്കുന്ന സംഘപരിവാര്‍ ശക്തികള്‍ അദ്ദേഹത്തിന്റെ വരവിനു നേരെ വാളോങ്ങാന്‍ ശ്രമിച്ചത് നമ്മുടെ നാടിന് നാണക്കേടായി. സംഗീതം ഇഷ്ടപ്പെടാത്തവര്‍ കുഴപ്പക്കാരും, നശീകരണ വാസനയുള്ളവരും ആണെന്നാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിശ്വ മഹാകവി ഷേക്‌സ്പിയര്‍ പറഞ്ഞത്. ഗുലാം അലിയെ ഇവിടെ പാടാന്‍ അനുവദിക്കുകയില്ലെന്ന് വൃഥാ വീമ്പിളക്കിയ ശക്തികള്‍ അവരുടെ മനസ്സിന്റെ ക്രൗര്യം തെളിയിക്കുകയായിരുന്നു എന്നു കരുതിയാല്‍ മതി. ആ ക്രൂരശക്തികളുടെ നിലപാടല്ല നമ്മുടെ സംസ്‌കാരം. നമ്മുടേത് സ്‌നേഹത്തിന്റേയും മാനവികതയുടേയും സംസ്‌കാരമാണ്. അതിനെ ഭാസുരമാക്കുന്നതാണ് ഗുലാം അലിയുടെ ആലാപനം. അതിനിയും ഏറെ നാള്‍ നമ്മുടെ ജീവിതത്തെ ആനന്ദിപ്പിക്കട്ടെ എന്നാശംസിക്കുന്നു. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

( തിരുവനന്തപുരത്ത് ഗുലാം അലിക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍