UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുല്‍ബര്‍ഗ കൂട്ടക്കൊല; എഹ്‌സാന്‍ ജാഫ്രി സഹായം അഭ്യര്‍ത്ഥിച്ച് ഒടുവില്‍ വിളിച്ചത് മോദിയെ

Avatar

അഴിമുഖം പ്രതിനിധി

2002-ലെ ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കലാപകാരികള്‍ നടത്തിയ ആക്രമണത്തില്‍ 69 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ദീര്‍ഘ കാലം നിയമ പോരാട്ടവും നടന്ന ഈ കേസില്‍ 24 പേരെ കുറ്റക്കാരായി വിചാരണ കോടതി ഇന്ന് കണ്ടെത്തി. കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രി അടക്കമുള്ളവര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. കലാപ കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ജാഫ്രി നേരിട്ട് ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ആക്രമണം തടയാന്‍ നടപടിയുണ്ടായില്ലെന്ന് ആരോപണം ഉയര്‍ന്ന കേസായിരുന്നു ഇത്. കലാപ കാലത്ത് സര്‍ക്കാര്‍ നിഷ്‌ക്രിയരായിരുന്നുവെന്ന ആരോപണത്തെ ബലപ്പെടുത്തിയ വിവരമായിരുന്നു ജാഫ്രിയുടെ ഫോണ്‍ വിളി. കേസിന്റെ നാള്‍ വഴികളിലൂടെ.

ഫെബ്രുവരി 2002: ഗുജറാത്ത് കലാപത്തിനിടെ ഹിന്ദുക്കളായ ജനക്കൂട്ടം അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റി ആക്രമിക്കുന്നു. 69 പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രിയും.

നവംബര്‍ 2007: കൂട്ടക്കൊലയില്‍ നരേന്ദ്ര മോദിക്കും മറ്റു 62 പേര്‍ക്കും പങ്കുണ്ടെന്നും അവര്‍ക്കെതിരായുള്ള പരാതി പൊലീസ് സ്വീകരിക്കാന്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രി നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി.

മാര്‍ച്ച് 2008: ഗോധ്ര സംഭവത്തെ തുടര്‍ന്നുണ്ടായ 14 സാമുദായിക ലഹള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഗോധ്ര, സര്‍ദര്‍പുര, ഗുല്‍ബര്‍ഗ സൊസൈറ്റി, നരോദ ഗാവ്, നരോദ പാട്യ, ഡീപ്ലാ ദെര്‍വാസ തുടങ്ങിയ കേസുകളാണ് എസ് ഐ ടി അന്വേഷിച്ചത്.

ഓഗസ്റ്റ് 2010: ഗുജറാത്ത് കലാപത്തിന് പിന്നില്‍ മോദിയും മറ്റു 62 പേരുമാണെന്ന് ആരോപിച്ച് സാകിയ നല്‍കിയ പരാതി അന്വേഷിക്കാന്‍ എസ് ഐ ടിക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

മാര്‍ച്ച് 2011: വര്‍ഗീയ ലഹളയില്‍ മോദിക്ക് പങ്കുണ്ടെന്ന് ഗുജറാത്ത് ഡിജിപി സഞ്ജീവ് ഭട്ടിന്റെ വെളിപ്പെടുത്തല്‍

ഫെബ്രുവരി 2012: മോദിയേയും 62 പേരേയും പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള തെളിവില്ലെന്ന് എസ് ഐ ടി

ഡിസംബര്‍ 2013: ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ടുള്ള എസ് ഐ ടിയുടെ റിപ്പോര്‍ട്ടിനെതിരെ സാകിയ നല്‍കിയ ഹര്‍ജി അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി തള്ളി.

നവംബര്‍ 2014 മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി സെഷന്‍സ് കോടതിക്ക് നിര്‍ദ്ദേശം നല്‍കി.

ഓഗസ്റ്റ് 2015: വിചാരണയ്ക്ക് മൂന്നു മാസം കൂടി സുപ്രീംകോടതി നീട്ടി നല്‍കി.

സെപ്തംബര്‍ 2015: വിചാരണ പൂര്‍ത്തിയാക്കി

മെയ് 31 2016: കേസില്‍ വിധി പറയാന്‍ സുപ്രീംകോടതി സെഷന്‍സ് കോടതിക്ക് അനുമതി നല്‍കി

ജൂണ്‍ രണ്ട് 2016: ഗുല്‍ബര്‍ഗ കൂട്ടക്കൊല കേസില്‍ 24 പേരെ കുറ്റക്കാരായി കണ്ടെത്തി കൊണ്ടുള്ള കോടതി വിധി. 36 പേരെ വെറുതെ വിട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍