UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസ്; ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ഇളവ് നല്‍കരുതെന്ന് കോടതി

അഴിമുഖം പ്രതിനിധി

ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസിലെ പ്രതികളില്‍ പതിനൊന്നു പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ച് പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നു. പന്ത്രണ്ടുപേര്‍ക്ക് ഏഴു വര്‍ഷത്തെ തടവും ഒരാള്‍ക്ക് പത്തുവര്‍ഷവും അലഹബാദിലെ പ്രത്യേക കോടതി വിധിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം എല്ലാ പ്രതികള്‍ക്കും പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്ന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി അംഗീകരിച്ചില്ല. 

ഗോധ്ര കലാപത്തിനുശേഷം ഗുജറാത്തിലുണ്ടായ മുസ്ലിം കൂട്ടക്കൊലയില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ കൊലചെയ്യപ്പെട്ട സ്ഥലമാണ് ഗുല്‍ബര്‍ഗ സൊസൈറ്റി. കോണ്‍ഗ്രസിന്റെ മുന്‍ എംപി എഹ്‌സാന്‍ ജാഫ്രി അടക്കം 69 പേരാണ് 2002 ഫെബ്രുവരി 28-ന് ദാരുണമായി കൊല ചെയ്യപ്പെട്ടത്. ജാഫ്രി അടക്കം മുഴുവന്‍ പേരെയും ചുട്ടുകൊല്ലുകയായിരുന്നു. 69 പേര്‍ കൊല്ലപ്പെടാനിടയായ സാഹചര്യം ദൗര്‍ഭാഗ്യകരവും കറുത്ത അധ്യായവുമെന്ന് കോടതി നിരീക്ഷിച്ചു.

ജൂണ്‍ 2-ന് പ്രതിചേര്‍ക്കപ്പെട്ട 60 പേരില്‍ 24 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. 11 പേരെ കൊലപാതകകുറ്റം ചുമത്തിയും ബാക്കി 13 പേരെ മറ്റു കുറ്റങ്ങള്‍ക്കുമാണ് ഇപ്പോള്‍ ശിക്ഷിച്ചിരിക്കുന്നത്.

11 പേര്‍ക്ക് കൊലപാതക കുറ്റത്തിനും നിയമവിരുദ്ധമായ കൂട്ടംചേരലിനും കൊള്ളയ്ക്കും തീവെപ്പിനുമാണ് ശിക്ഷ വിധിച്ചത്. ബാക്കിയുള്ളവരുടെ മേല്‍ കൊലപാതകം ഒഴികെയുള്ള മറ്റു കുറ്റങ്ങളും ചുമത്തി. ഒരാള്‍ക്കു മേല്‍ കൊലപാതകശ്രമത്തിനും നിയമപ്രകാരമല്ലാത്ത കൂട്ടംചേരലിനും മറ്റു കുറ്റങ്ങളും ചുമത്തി. കുറ്റം ചുമത്തപ്പെട്ട 66 പേരില്‍ ആറു പേര്‍ വിചാരണ വേളയില്‍ മരണപ്പെട്ടു.

ശിക്ഷയില്‍ ഇളവ് ചെയ്യാനുള്ള അധികാരം സര്‍ക്കാരിന് ഉണ്ടെങ്കിലും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ഇളവ് നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് കോടതി പറഞ്ഞു.

കൈലാഷ് ലാല്ചകന്ദ് ധോബി, യോഗേന്ദ്ര അലിയാസ് ലാലോ മോഹന്‍സിന്‍ ശെഖാവത്ത്, ജയേഷ്‌കുമാര്‍ അലിയാസ് ഗബ്ബാര്‍ മദന്‌ലാവല്‍ ജിന്‍ഗര്‍, കൃഷ്ണ കുമാര്‍ അലിയാസ് കൃഷ്ണ, ജയേഷ് രാംജി പര്‍മാദര്‍, രാജു അലിയാസ് മാമോ രാമവദാര്‍ തിവാരി, നരന്‍ സിതാറാം അലിയാസ് നരന്‍ ചന്നെല്‍വാലോ, ലക്ഹാന്‌സിലന്‍ അലിയാസ് ലാകിയോ ലാലുഭ ചുദാസാമ, ഭരത് അലിയാസ് ഭരത് റൈലി ശീതള്‍പ്രസാദ്, ഭരത് ലക്ഷ്മണ്‍സിന്‍ഹ്, ഗൗട് രാജ്പുത്, ദിനേശ് പ്രഭുദാസ് ശര്‍ം എന്നിവരാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍.

2002 ഫെബ്രുവരി 27ന് ഗോധ്ര സ്‌റ്റേഷന് സമീപം സബര്‍മതി എക്‌സ്പ്രസിന്റെ എസ്6 ബോഗി തീവയ്ക്കപ്പെടുകയും 58 കര്‍സേവകര്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. 2002-ല്‍ ഗുജറാത്തില്‍ നടന്ന കൂട്ടക്കൊല അന്വേഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒമ്പത് കേസുകളില്‍ ആദ്യത്തേതാണ് ഗുല്‍ബര്‍ഗ കൂട്ടക്കൊലക്കേസ്,

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍