UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവര്‍ ദളിതരും മുസ്ലീങ്ങളും അല്ലാത്തതുകൊണ്ടാണോ വധശിക്ഷ ഇല്ലാത്തത്?

Avatar

ടീം അഴിമുഖം 

ഗുല്‍ബര്‍ഗ കൂട്ടക്കൊല കേസില്‍ അഹമ്മദാബാദിലെ പ്രത്യേക കോടതി വെള്ളിയാഴ്ച 11 പേര്‍ക്ക് ജീവപര്യന്തവും 12 പേര്‍ക്ക് ഏഴുവര്‍ഷം തടവും വിധിച്ചു. ഒരാള്‍ക്ക് 10 വര്‍ഷം തടവുമുണ്ട്. ആരേയും തൂക്കിക്കൊല്ലാന്‍ വിധിച്ചില്ല.

 

2002 ഫെബ്രുവരി 28-നാണ് ഗുല്‍ബര്‍ഗ കൂട്ടക്കൊല നടക്കുന്നത്. അതായത് ഗോധ്രയില്‍ ട്രെയിന്‍ ദുരന്തമുണ്ടായി 59 പേര്‍ കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന്. ഈ കേസില്‍ 11 മുസ്ലീങ്ങളെ തൂക്കിക്കൊല്ലാന്‍ വിധിക്കുകയുണ്ടായി. ട്രെയിന്‍ കത്തിക്കലിന്റെ സൂത്രധാരനെന്ന് പോലീസ് കണ്ടെത്തിയ ആളെ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കിയിട്ടു പോലുമാണ് 11 പേരെ വധശിക്ഷയ്ക്ക് വിധിച്ചത്. മുസ്ലീം സമുദായത്തിലുള്ള വ്യക്തികള്‍ക്കു നേരെയുള്ള ഈ കോടതി വിധിക്കെതിരെ നിരവധി ചോദ്യങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

 

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊലപാതകങ്ങള്‍ക്കാണ് വധശിക്ഷ എന്നാണ് ഇന്ത്യന്‍ ജുഡീഷ്യറി മുന്നോട്ടുവയ്ക്കുന്ന പ്രധാന മാനദണ്ഡം. എന്നാല്‍ ചിലപ്പോഴൊക്കെ കേസ് കേള്‍ക്കുന്ന ജഡ്ജി ഇക്കാര്യങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഇതിന് മാറ്റം വരാറുമുണ്ട്.

 

അതായത്, നിരവധി നിഗൂഡതകളും സംശയങ്ങളും നിലനില്‍ക്കുന്ന ഗോധ്ര ട്രെയിന്‍ ദുരന്തത്തിന് കാരണക്കാരായെന്ന് ചൂണ്ടിക്കാട്ടി ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിക്കുകയും മുസ്ലീം സമുദായത്തില്‍ നിന്നുള്ള 11 പേര്‍ക്ക് വധശിക്ഷ നല്‍കുകയും ചെയ്തു. അതേ സമയം, നിരവധി സാക്ഷി മൊഴികള്‍ ഉള്ള, തെളിവുകളുള്ള, കോണ്‍ഗ്രസിന്റെ മുന്‍ എം.പി ഇഹ്‌സാന്‍ ജാഫ്രി അടക്കം 68 പേരെ കൊലപ്പെടുത്തിയത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കോടതിക്ക് തോന്നിയതേയില്ല.

 

ഒരു ജനാധിപത്യ സമൂഹത്തില്‍ വധശിക്ഷ ഒരിക്കലും പാടില്ലെന്നു തന്നെയാണ് ഞങ്ങളുടെ നിലപാട്. വ്യക്തികളായാലും സ്‌റ്റേറ്റ് ആയാലും അതൊരിക്കലും നടപ്പാക്കാന്‍ പാടില്ല. എന്നാല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രം പരിശോധിക്കുകയും വധശിക്ഷ പോലുള്ള നടപ്പാക്കുകയും ചെയ്തതില്‍ ഒരു പ്രത്യേകത കാണാന്‍ കഴിയും. ഈ വധശിക്ഷയ്ക്ക് ഇരയായവരില്‍ ഭൂരിഭാഗവും ന്യൂനപക്ഷങ്ങളും ദളിതരും പാവപ്പെട്ടവരും അതുപോലെ അരികുവത്ക്കരിക്കപ്പെട്ടവരുമാണ്. ഈ ഒരു കാരണം കൊണ്ടുതന്നെ ഇന്ത്യ വധശിക്ഷ എന്നത് അവസാനിപ്പിക്കേണ്ടതാണ്.

 

 

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് 1992-93 സമയത്ത് മുംബൈയില്‍ നടന്ന അക്രമങ്ങള്‍ നോക്കുക. 1993 മാര്‍ച്ചില്‍ നടന്ന സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെട്ടു. 100 മുസ്ലീങ്ങളെ ഈ കേസില്‍ ശിക്ഷിച്ചു. 10 പേര്‍ക്കാണ് ഇതില്‍ വധശിക്ഷ നല്‍കിയത്. എന്നാല്‍ സുപ്രീം കോടതി പിന്നീട് ഇതില്‍ ഇളവ് വരുത്തി.

 

എന്നാല്‍ ഈ സ്‌ഫോടനത്തെ തുടര്‍ന്നുള്ള മാസങ്ങളില്‍ മുംബൈയില്‍ വന്‍ കലാപങ്ങളാണ് നടന്നത്. 900 പേരോളം കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. ഈ കേസില്‍ വെറും മൂന്നു പേരെയാണ് ശിക്ഷിച്ചത്. അതാകട്ടെ, അനധികൃതമായി ആയുധങ്ങള്‍ കൈവശം വച്ചു പോലുള്ള ചെറിയ കുറ്റങ്ങള്‍ക്ക്.

 

നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടെ കണക്കനുസരിച്ച് ഇതുവരെയുള്ള വധശിക്ഷയുടെ 75 ശതമാനവും ഭീകരവാദ കേസുകളില്‍ വധശിക്ഷ നല്‍കിയതിന്റെ 93.5 ശതമാനവും നടപ്പാക്കിയത് ദളിത്, മുസ്ലീം സമുദായങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരെയാണ്.

 

അതായത്, നമ്മുടെ മുന്‍വിധികള്‍ എത്രത്തോളം വലുതാണ് ഇവിടെ എന്നതാണ്. അതിന്റെ തെളിവാണ്, മലേഗാവ് സ്‌ഫോടനം പോലുള്ള ഭീകര പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ഉന്നതജാതി ഹിന്ദുക്കളാണെങ്കില്‍ ഇവര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടികള്‍ ഉണ്ടാകുന്നതിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു വിധത്തിലുള്ള ശ്രമവും ഉണ്ടാകുന്നില്ല എന്നത്. ബിയാന്ത് സിംഗിന്റെ കൊലപാതിക്ക് വധശിക്ഷ നല്‍കിയെങ്കിലും അത് നടപ്പാക്കാന്‍ യാതൊരു വിധത്തിലുള്ള തിടുക്കവും ഉണ്ടായിട്ടില്ല. അതും ഭീകര പ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരുമെങ്കിലും ശിക്ഷയുടെയും അത് നടപ്പാക്കുന്നതിന്റെയും മാനദണ്ഡം മാത്രം വ്യത്യസ്തമായിരിക്കും. ഇതിന്റെ പുതിയ ഉദാഹരണമാണ് ഗോധ്ര – ഗുല്‍ബര്‍ഗ കേസുകളിലെ വിധികളിലുള്ള വ്യത്യാസങ്ങള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍