UPDATES

പ്രവാസം

ഗള്‍ഫ് പ്രതിസന്ധി നേരിടാന്‍ പദ്ധതി; ബന്യാമിന്റെ വിമര്‍ശനം കേന്ദ്ര പുരസ്കാരം ലക്ഷ്യമിട്ട്- അഭിമുഖം/കെടി ജലീല്‍

Avatar

ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധി മൂലം നിരവധി മലയാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. പ്രവാസി, ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ കൂടി ചുമതലയുള്ള തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന് കേന്ദ്ര സര്‍ക്കാര്‍ ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് അനുവദിക്കാതിരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇതോടനുബന്ധിച്ചുണ്ടായി. ജലീലിന്റെ നടപടിയെ വിമര്‍ശിച്ച് പ്രശസ്ത നോവലിസ്റ്റ് ബന്യാമിനും ഇതിനിടെ രംഗത്തെത്തി. ഇക്കാര്യങ്ങളെ കുറിച്ച് റിക്സണ്‍ ഉമ്മന്‍ വര്‍ഗീസുമായി മന്ത്രി കെ.ടി ജലീല്‍ സംസാരിക്കുന്നു. 

 

റിക്സണ്‍: ഗള്‍ഫ് മേഖലയില്‍ ഒട്ടനവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുകയും തിരിച്ചുപോരേണ്ട ഒരു സ്ഥിതിയുമാണ് നിലവിലുള്ളത്. കേരളത്തിലേക്ക് എത്തുന്ന പ്രവാസികളുടെ ആശങ്കകള്‍ ഏത് തരത്തില്‍ സര്‍ക്കാര്‍ പരിഹരിക്കും?

കെ.ടി ജലീല്‍: പ്രവാസികളുടെ കാര്യത്തില്‍ വളരെ താല്‍പര്യമുള്ള ഒരാളാണ് ഞാന്‍. എന്റെ രണ്ട് അനുജന്മാരും വിദേശത്താണ്. വിദേശ മലയാളികള്‍ക്ക് ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്. കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്താണ് നോര്‍ക്കയുടെ ഡയറക്ടര്‍ എന്ന നിലയില്‍ എനിക്ക് പ്രവാസികളുടെ പ്രശ്‌നങ്ങളുമായി അടുത്ത് ഇടപഴകാനുള്ള സന്ദര്‍ഭം ഉണ്ടായത്. പ്രവാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ഈ ബഡ്ജറ്റില്‍തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അവരുടെ പുനഃരധിവാസം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവും. ന്യൂനപക്ഷക്ഷേമ വകുപ്പ് വിദേശത്തുനിന്ന് തിരിച്ചെത്തുന്നവര്‍ക്ക് Minorities Development Finance Corporation മുഖേന കുറഞ്ഞ പലിശയ്ക്ക് (4 ശതമാനം) 2 ലക്ഷം രൂപ നല്‍കണമെന്നാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. രണ്ട് കോടി രൂപ ഇതുമായി ബന്ധപ്പെട്ട് കൈവശമുണ്ട്. കൂടുതല്‍ പണം സര്‍ക്കാരിനോട് ആവശ്യപ്പെടും. ആ പണം കിട്ടിക്കഴിഞ്ഞാല്‍ ഇങ്ങനെ ഒരു സംവിധാനത്തിലൂടെ തിരിച്ചുവരുന്നവര്‍ക്ക് ഒരു പുതിയ സംരംഭം തുടങ്ങാന്‍ വേണ്ട എല്ലാ സഹായങ്ങളും ഉണ്ടാകും. എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ നോക്കും എന്നു പറഞ്ഞിട്ടുണ്ടല്ലോ. സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല; എല്ലാം ഞങ്ങള്‍ ചെയ്തുകൊള്ളാം എന്നല്ലേ നിലപാട്. സ്വാഭാവികമായും ഞങ്ങള്‍ അതൊന്ന് കാത്തിരുന്ന് വീക്ഷിക്കും. അതിനുശേഷം കഴിയുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്യും.

 

റിക്സണ്‍: പ്രവാസി ക്ഷേമനിധി ബില്ല് കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിയുന്നില്ല എന്ന ആക്ഷേപം ഉയരുന്നതിനോടുള്ള അങ്ങയുടെ പ്രതികരണം?

ജലീല്‍: ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു പ്രവാസി ക്ഷേമനിധി ബില്ല് ഒരു സംസ്ഥാന നിയമസഭ പാസാക്കുന്നത്. അത് വി.എസ് സര്‍ക്കാരിന്റെ കാലത്താണ്. അന്നത്തെ തൊഴില്‍ മന്ത്രി പി.കെ ഗുരുദാസനാണ് ആ ബില്ല് പാസാക്കുന്നത്. ആ ബില്ലുകൊണ്ട് എന്തുണ്ടായെന്നും അതില്‍നിന്ന് വളരെ തുശ്ചമായ നേട്ടമല്ലേ ഉള്ളു എന്നും പലരും ഉന്നിയിച്ചേക്കാം. കഴിഞ്ഞ 5 വര്‍ഷം യു.ഡി.എഫ് സര്‍ക്കാരായിരുന്നു. ക്ഷേമനിധി ബില്ലില്‍ ഉണ്ടായിട്ടുള്ള പോരായ്മകള്‍ പരിഹരിക്കാന്‍ ഒരു ശ്രമവും കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയിട്ടില്ല. ഇപ്പോള്‍ വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ വന്നിരിക്കുന്നു. പ്രവാസികളുടെ ക്ഷേമത്തിനായി ഗൗരവകരമായ ഇടപെടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവും.

 

 

റിക്സണ്‍: സൗദിയില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി കേരള മന്ത്രിസഭ അങ്ങയെ ചുമതലപ്പെടുത്തുകയും ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് / പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ യാത്ര റദ്ദ് ചെയ്യേണ്ടതായി വന്നു. ഇതിനോടുള്ള പ്രതികരണം?

ജലീല്‍: കേരളത്തില്‍നിന്ന് വളരെയധികം ആളുകള്‍ സൗദിയില്‍ ജോലിചെയ്യുന്നുണ്ട്. സ്വാഭാവികമായും കേരള മന്ത്രിസഭ ഒരു പ്രതിനിധിയെ അവിടേക്ക് അയയ്ക്കണം എന്ന് തീരുമാനിച്ചത് തീര്‍ത്തും ഉചിതമായ ഒരു നിലപാടാണ്. കേന്ദ്ര സര്‍ക്കാരിനോട് യുദ്ധം ചെയ്യാനോ അവര്‍ ചെയ്യുന്ന കാര്യം പോരാ എന്ന് പറഞ്ഞിട്ടോ ആയിരുന്നില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍ സ്വാഭാവികമായും കേരളത്തിലാണ് ആശങ്കളുടെ അലകളുണ്ടാക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ഈ പ്രയാസവും ബുദ്ധിമുട്ടും മനസ്സിലാക്കിയാണ് അങ്ങനെ ഒരു തീരുമാനം സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. കേന്ദ്ര സര്‍ക്കാരിന് ഒരു പിന്തുണ എന്ന നിലയിലാണ് അങ്ങനെ ഒരു തീരുമാനം വന്നതും. അതിന്റെ അടിസ്ഥാനത്തിലാണ് ഡിപ്ലോമാറ്റിക്ക് പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വിദേശത്ത് പോകുമ്പോള്‍ നമ്മുടെ സ്വന്തം പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഔദ്യോഗികമായിട്ടുള്ള ഒരു കാര്യത്തിന് പോകുമ്പോള്‍ ഡിപ്ലോമാറ്റിക്ക് പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ ഗുണകരമാണ്. കേന്ദ്രമന്ത്രി അവിടെ പര്യടനം നടത്തുന്നതുകൊണ്ട് തത്ക്കാലം സംസ്ഥാനത്തുനിന്ന് ഒരു മന്ത്രി അവിടേയ്ക്ക് പോകേണ്ടതില്ല എന്നുള്ള നിലപാടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം അങ്ങനെ ചെയ്തത്.

 

റിക്സണ്‍: കേരള സാഹിത്യ അക്കാദമി ജോതാവും പ്രമുഖ നോവലിസ്റ്റുമായ ബെന്യാമിന്‍ ഞങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ (ഗള്‍ഫ് പ്രതിസന്ധികാലത്തെ ആടുജീവിതങ്ങള്‍ – ബെന്യാമിന്‍ / അഭിമുഖം) “പല രാഷ്ട്രീയ കക്ഷികളും ഈ പാവങ്ങളുടെ കൈയില്‍ നിന്നും പണം പിരിക്കാന്‍ അവിടെ എത്താറുണ്ട്. അപ്പോഴൊന്നും നയതന്ത്ര പാസ്‌പോര്‍ട്ടുമായി വന്നിട്ടല്ലല്ലോ പണം പിരിക്കുന്നത്? ഗവണ്‍മെന്റിന്റെ ആ പരിരക്ഷ ഉണ്ടായാലേ പോകുകയുള്ളൂ എന്നുള്ളത് അംഗീകരിക്കാന്‍ പറ്റാത്ത ഒന്നാണ്.” എന്നു പറഞ്ഞിരുന്നു. എങ്ങനെ പ്രതികരിക്കുന്നു? 

ജലീല്‍:  ഇതുമായി ബന്ധപ്പെട്ട് സാഹിത്യകാരന്‍ ബെന്യാമിന്‍ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങള്‍ പറയാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് വിയോജിക്കാന്‍ എനിക്കും സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം എല്ലാ രാഷ്ട്രീയക്കാരെയും പോലെയുള്ള ഒരു രാഷ്ട്രീയക്കാരനായാണ് എന്നേയും കണ്ടത്. അദ്ദേഹം പരിചയപ്പെട്ട വലതുപക്ഷ രാഷ്ട്രീയക്കാര്‍, അവരെപ്പോലെ ഒരാളാണ് ഞാന്‍ എന്നാണ് അദ്ദേഹം കരുതിയത്. ഞാന്‍ ഇന്നുവരെ വിദേശ നാടുകളില്‍ പിരിവിന് പോയിട്ടില്ല. യൂത്ത് ലീഗിന്റെ ഭാരവാഹി ആയിരുന്നപ്പോഴും പോയിട്ടില്ല. അതിനുശേഷവും പോയിട്ടില്ല. ഏതെങ്കിലും ഒരാളെക്കൊണ്ട് ബെന്യാമിന്‍ അങ്ങനെ പറയിക്കാമെങ്കില്‍ അദ്ദേഹം പറയുന്ന എന്ത് പ്രായശ്ചിത്തവും ചെയ്യാന്‍ ഞാന്‍ ഒരുക്കമാണ്. എന്റെ പാസ്‌പോര്‍ട്ടുകൊണ്ട് ഞാന്‍ പോയിട്ടുണ്ട്. ഏതെങ്കിലും ഒരു സംഘടന പരിപാടികള്‍ക്ക് ക്ഷണിക്കുമ്പോള്‍ ഞാന്‍ പോയിട്ടുണ്ട്. അല്ലാതെ എന്റെ വ്യക്തിപരമായ ഒരു കാര്യത്തിന് വിദേശനാട് സന്ദര്‍ശിക്കേണ്ട ഒരു സാഹചര്യം ഇന്നുവരെ ഉണ്ടായിട്ടില്ല. ബെന്യാമിനെപ്പോലെയുള്ള ആളുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പിഴവുകള്‍ ചൂണ്ടിക്കാണിക്കാത്തത്, വിശിഷ്യ പ്രവാസികളോട് കാണിക്കുന്ന ചിറ്റമ്മ നയത്തിനെതിരെ പ്രതികരിക്കാന്‍ തയാറാവാത്തത് എന്തുകൊണ്ടാണ്? ഒരുപക്ഷേ ബെന്യാമിനെപ്പോലെയുള്ള ആളുകള്‍ക്ക് ഒരുപാട് പ്രതീക്ഷകളുണ്ടാവും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പടെ പലതും അദ്ദേഹം പ്രതീക്ഷിക്കുന്നതുകൊണ്ടാവാം ഇത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചത്. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. ഞാന്‍ ആ സ്വാതന്ത്ര്യത്തെ ഒരിക്കലും നിഷേധിക്കുന്നില്ല. അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനോടുകൂടെ ഉറച്ച് നില്‍ക്കാം. പക്ഷേ അതിന് തയ്യാറാകാത്തവരെ ഏറ്റവും ചുരുങ്ങിയത് അവഹേളിക്കാതിരിക്കാനുള്ള സാമാന്യമര്യാദ എങ്കിലും കാണിക്കുന്നത് നന്നാവും.

 

 

റിക്സണ്‍: ലിബിയയില്‍നിന്ന് ജോലി നഷ്ടപ്പെട്ടു വന്ന നേഴ്‌സുമാരുടെ കാര്യത്തില്‍ പല പ്രഖ്യാപനങ്ങളും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായി. എന്നാല്‍ തീര്‍ത്തും ആശങ്കയിലാണ് ജോലി നഷ്ടപ്പെട്ട് വന്നവര്‍. എന്ത് ഇടപെടലാവും അങ്ങയില്‍നിന്ന് ഉണ്ടാവുക?

ജലീല്‍: യെമനില്‍നിന്നും ഇപ്പോള്‍ നേഴ്‌സുമാര്‍ നാട്ടിലേക്ക് വരുന്ന ഒരു രൂക്ഷമായ പ്രശ്‌നം നിലനില്‍ക്കുന്നു. നേരത്തെ ഇത്തരത്തില്‍ വിഷയങ്ങള്‍ ഉണ്ടായപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. നായനാര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോളാണ് കുവൈറ്റ് പ്രശ്‌നം. ആ സന്ദര്‍ഭത്തില്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ ഹംസയെ പ്രത്യേക വിമാനം ചാര്‍ട്ടുചെയ്ത് കുവൈറ്റിലേയ്ക്ക് അയയ്ക്കുകയും 400-ഓളം മലയാളികളെ കൊണ്ടുവരികയും ചെയ്തു. അത് സംസ്ഥാന സര്‍ക്കാര്‍ ചെയ്തതാണ്. ഇത്യാദി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് എന്നതുപോലെതന്നെ ബാധ്യത സംസ്ഥാന സര്‍ക്കാരിനുമുണ്ട്. എന്നാല്‍ ഇതുകൊണ്ടുള്ള നേട്ടം സംസ്ഥാന സര്‍ക്കാരിനേക്കാള്‍ കേന്ദ്ര സര്‍ക്കാരിനാണ്. ഇവരൊക്കെ വിദേശത്തേക്ക് പോകുന്നതുകൊണ്ടാണ് വിമാന കമ്പനികള്‍ ലാഭമുണ്ടാക്കുന്നത്, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വിമാനത്താവളങ്ങള്‍ നേട്ടം കൊയ്യുന്നത്. ഇമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളിലൂടെ കോടികളാണ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ തിരിച്ച് പ്രവാസികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്? മറ്റേത് രാജ്യത്തെ ആളുകള്‍ ആണെങ്കിലും അവിടുത്തെ എംബസികള്‍ അവരുടെ ആളുകളുടെ കാര്യത്തില്‍ തത്പരരാണ്. ഫിലിപ്പൈന്‍സിന്റെ എംബസിവരെ അവരുടെ ആളുകളുടെ കാര്യത്തില്‍ ജാഗരൂകരാണ്. പക്ഷേ നമ്മുടെ എംബസികള്‍ മാത്രം എന്തുകൊണ്ടാണ് അങ്ങനെ ജാഗരൂകരാകാത്തത്? പ്രവാസികളായ നമ്മുടെ സുഹൃത്തുക്കളോട് അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ചോദിച്ചാല്‍ ഒരാളും അനുകൂല അഭിപ്രായം പറയുമെന്ന് എനിക്ക് തോന്നുന്നില്ല. തിരുച്ചുവന്ന നേഴ്‌സുമാര്‍ ഉള്‍പ്പടെയുള്ളവരുടെ കാര്യത്തില്‍ ഗൗരവതരമായ ഇടപെടലുകള്‍ ഉണ്ടാവും.

 

റിക്സണ്‍: കേരളത്തിലെ തെരുവുകള്‍ നായ്ക്കള്‍ കീഴടക്കിയിരിക്കുകയാണ്. ഭയത്തോടെ അല്ലാതെ പുറത്ത് ഇറങ്ങാന്‍ കഴിയാത്ത ഒരു അവസ്ഥ. ഗൗരവമായ ഈ പ്രശ്‌നത്തെ എങ്ങനെ മറികടക്കാന്‍ കഴിയുമെന്നാണ് സക്കാര്‍ കരുതുന്നത്?

ജലീല്‍: നമുക്ക് ആദ്യം വേണ്ടത് മനുഷ്യസ്‌നേഹമാണ്. മനുഷ്യന്മാര്‍ ഉണ്ടെങ്കില്‍ അല്ലേ മൃഗങ്ങളെ സ്‌നേഹിക്കാന്‍ കഴിയൂ. മനുഷ്യരുടെ സുരക്ഷ വളരെ പ്രധാനമാണ്. മൃഗങ്ങളുടെ സുരക്ഷയും പ്രധാനമാണ്. പക്ഷേ മനുഷ്യസ്‌നേഹം വേണ്ട, മൃഗസ്‌നേഹം മതി എന്നുള്ള നിലപാടിനാട് യോജിക്കാന്‍ കഴിയുകയില്ല. നിയമം അനുശാസിക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ എല്ലാംതന്നെ അവലംബിക്കും. പിന്നെ ഓരോ പ്രദേശത്തുകാര്‍ക്കും യോജ്യമായ രീതികള്‍ പിന്തുടരാം. Ferocious, Dangerous ഇനത്തില്‍പ്പെട്ട അപകടകാരികളും ആക്രമണകാരികളുമായ നായ്ക്കള്‍ക്ക് എതിരായിട്ട് ഉചിതമായുള്ള നിയമാനുസൃത മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും.

 

റിക്സണ്‍: യു.ഡി.എഫിലെ പ്രധാന ഘടകകക്ഷികളിലൊന്നായിരുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യു.ഡി.എഫ് വിട്ട ഒരു സാഹചര്യമുണ്ട്. മുസ്ലിംലീഗും യു.ഡി.എഫ് വിടാന്‍ പോകുന്നു എന്ന അഭ്യുഹങ്ങള്‍ ഉണ്ട്. അങ്ങനെയൊരു സാഹചര്യത്തില്‍ അങ്ങയുടെ നിലപാട് എന്താകും?

ജലീല്‍: ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എന്ത് നിലപാടുകള്‍ സ്വീകരിക്കണമെന്ന് അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. പക്ഷേ ഇടതുപക്ഷ വിരുദ്ധമായ ഒരു നിലപാട് വരുംകാലത്ത് മതന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് ആത്യന്തികമായി എടുക്കാന്‍ കഴിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ത്തന്നെ ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളിലെല്ലാംതന്നെ ഇടതുപക്ഷത്തിന് ശക്തമായിട്ടുള്ള മുന്നേറ്റം ഉണ്ടായി. ഭൂരിപക്ഷ – ന്യൂനപക്ഷ വ്യത്യാസം ഇല്ലാതെ ഇടതുപക്ഷത്തില്‍ വിശ്വാസം അര്‍പ്പിക്കുന്ന ഒരു സ്ഥിതി കേരളത്തില്‍ നിലനിന്നിരുന്നു. എല്ലാവരോടും തുല്യനീതിയുടെയും ന്യായത്തിന്റെയും സമീപനം, അതാണ് ഇടതുപക്ഷം ഇക്കാലമത്രെയും പുലര്‍ത്തിയിട്ടുള്ളത്. ഒരാളോടും പ്രത്യേകമായ മമതയോ വിദ്വേഷമോ ഇല്ല. സമസാമീപ്യമാണ് വിവിധ മത-ജാതി വിഭാഗങ്ങളോടും കേരളത്തില്‍ ഇടതുപക്ഷം പുലര്‍ത്തിയിട്ടുള്ളത്. ഏതൊരു വിഭാഗത്തിന്റെയും ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും ലഭിക്കാനും നേടിയവ സംരക്ഷിക്കാനും ഇടതുപക്ഷമാണ് മറ്റ് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയെക്കാളും മുന്നണിയെക്കാളും കേരളത്തില്‍ സജീവമായി നിലകൊണ്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ മത-ന്യൂനപക്ഷ വിഭാഗങ്ങളുടെ സംഘടിത ശക്തികള്‍ വലതുപക്ഷ അനുകൂല നിലപാടുകള്‍ സ്വീകരിച്ചാല്‍, ഇടതുപക്ഷ അനുകൂല നിലപാടുകളായിരിക്കും ആ പാര്‍ട്ടികളോട് ആഭിമുഖ്യമുള്ള ബന്ധപ്പെട്ട മത സമുദായത്തിലെ ആളുകള്‍ സ്വീകരിക്കുക എന്നുള്ളതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്. ഈ ഒരു യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാതെ മുന്നോട്ടുപോയാല്‍ അത്തരം സംഘടനകള്‍ക്കൊക്കെത്തന്നെ ഭാവിയില്‍ വലിയ അപചയം ഉണ്ടാവും. ആ അപചയത്തില്‍നിന്ന് കരകയറാമെന്ന് അവര്‍ ആഗ്രഹിച്ചാല്‍ അവരെ തെറ്റുപറയാന്‍ കഴിയില്ല.

 

 

റിക്സണ്‍:   മാണി ഗ്രൂപ്പ് ഇടതുപക്ഷത്തേക്ക് എന്ന് അഭ്യുഹങ്ങളുണ്ട്. എന്തായിരിക്കും ഈ വിഷയത്തില്‍ ഇടതുപക്ഷ നിലപാട്?

ജലീല്‍: കേരളത്തില്‍ യു.ഡി.എഫിന്റെ പ്രസക്തി നഷ്ടപ്പെടുന്നു എന്ന് ആ മുന്നണിയിലെ ഘടകകക്ഷികള്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. ഒരു മുന്നണിയില്‍നിന്ന് ഒരു പാര്‍ട്ടി പോന്നാല്‍ മറ്റൊരു മുന്നണിയിലേക്ക് ചേക്കേറാനാണ് എന്ന് നമ്മള്‍ കരുതേണ്ട കാര്യമില്ല. സ്വന്തമായിട്ട് നില്ക്കാന്‍ ശേഷിയുള്ള പാര്‍ട്ടികളാണ് എന്ന് ബോധ്യമുള്ളവര്‍ക്ക് അങ്ങനെ നിലപാട് സ്വീകരിക്കാം. ഏതായാലും യു.ഡി.എഫിനോട് യോജിച്ചുപോകാന്‍ കഴിയുകയില്ല എന്നത് തത്വത്തില്‍ മാണി ഗ്രൂപ്പ് അംഗീകരിച്ചിരിക്കുന്നു. അതൊരു ശുഭലക്ഷണം ആയിട്ടാണ് എനിക്ക് തോന്നുന്നുത്. കുറെ കാലങ്ങള്‍ക്കു മുമ്പുതന്നെ ഈ ഒരു തീരുമാനം, ബോധ്യം ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാകേണ്ടിയിരുന്നു.

 

റിക്സണ്‍: വകുപ്പുകളില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന ഭാവിപ്രവര്‍ത്തനങ്ങള്‍ പങ്കുവെയ്ക്കാമോ?

ജലീല്‍: തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ബന്ധപ്പെട്ട് ജനകീയാസൂത്രണം തിരുച്ചുകൊണ്ടുവരും. കുടുംബശ്രീയെ ശക്തമാക്കും. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, പഞ്ചായത്ത് ഈ സംവിധാനങ്ങളില്‍ എല്ലാം ജോലിചെയ്യുന്നവരെ ഒരു പൊതു സര്‍വ്വീസിന്റെ കീഴില്‍ കൊണ്ടുവരും. വെട്ടിമുറിക്കാന്‍ കഴിയാത്ത രീതിയില്‍ ഈ വകുപ്പിനെ സംയോജിപ്പിക്കും. ഇതുവരെ കേരളത്തിലെ സര്‍ക്കാരുകള്‍ പ്രവാസികളെ സംബന്ധിച്ച്  ഔദ്യോഗിക പഠനം നടത്തിയിട്ടില്ല. 30 മുതല്‍ 40 ലക്ഷം വരെ പ്രവാസികള്‍ വിദേശത്തുണ്ട് എന്ന ഒരു കണക്കാണ് സാധാരണ പറയാറുള്ളത്. എന്നാല്‍ സര്‍ക്കാര്‍ കുടുംബശ്രീയെ ഉപയോഗിച്ച് വ്യക്തമായ ഒരു കണക്ക് എടുക്കാന്‍ ഉദ്ദേശിക്കുകയാണ്. കേരളത്തില്‍നിന്ന് വിവിധ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികളുടെ ഏകദേശ കണക്ക് എടുക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി, ഒരു perfoma നല്‍കി അവരിലൂടെ കേരളത്തില്‍നിന്ന് എത്ര ആളുകള്‍ വിദേശത്ത് ഉണ്ട്, അവര്‍ ഏതൊക്കെ രാജ്യങ്ങളിലാണ് എന്നുള്ള വ്യക്തമായ പഠനം നടത്തും.

 

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനാണ് റിക്സണ്‍) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍