UPDATES

പ്രവാസം

സൌദിയില്‍ വീണുടയുന്ന മലയാളി സ്വപ്നം

Avatar

അഴിമുഖം പ്രതിനിധി

വര്‍ഷങ്ങളോളം ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളുടെ സ്വപ്‌നമായിരുന്നു സൗദി അറേബ്യ. അതിനു മാറ്റം വരികയാണ്.

പണിയില്ലാതെ പട്ടിണിയിലായ പതിനായിരത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ ദുരിതത്തിലായ ഈ ഗള്‍ഫ് രാജ്യത്തേക്കു പുറപ്പെട്ടിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജന. വി കെ സിങ്. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മന്ത്രി അതിനുള്ള സൗകര്യം ചെയ്തുകൊടുക്കുമെന്നാണു പ്രതീക്ഷ.

ഗള്‍ഫ് മേഖലയില്‍ ഏറ്റവുമധികം കുടിയേറ്റത്തൊഴിലാളികളുള്ള സൗദിയില്‍ ഇന്ത്യക്കാരുടെ എണ്ണം 30 ലക്ഷത്തിലധികമാണ്. വടക്ക് പഞ്ചാബ് മുതല്‍ തെക്ക് കേരളം വരെ എവിടെനിന്നുമുള്ളവര്‍ സൗദിയിലുണ്ട്.

2011ല്‍ തദ്ദേശീയരായ ചെറുപ്പക്കാരുടെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ സൗദി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചപ്പോള്‍ അത് കുടിയേറ്റത്തൊഴിലാളികളെ ബാധിക്കില്ലെന്നായിരുന്നു ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതീക്ഷ. നിര്‍മാണ മേഖലയിലും ടാക്‌സി ഡ്രൈവര്‍മാരായും പച്ചക്കറി കച്ചവടക്കാരായും ജോലി ചെയ്യാന്‍ തദ്ദേശീയര്‍ തയ്യാറാകില്ലെന്നതായിരുന്നു ഇതിനു പിന്നിലെ വിശ്വാസം. ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികളില്‍ 45 ശതമാനം പേരും നിര്‍മാണമേഖലയിലാണ്.

മറ്റുവാദങ്ങളുമുണ്ടായി. 25 ശതമാനം വിദേശികള്‍ക്കു തൊഴില്‍ നല്‍കുന്ന ചെറുകിട സ്ഥാപനങ്ങളെ സ്വദേശിവല്‍ക്കരണം ബാധിക്കില്ലെന്നതായിരുന്നു ഒന്ന്. ഇത്തരം സ്ഥാപനങ്ങളിലാണ് 55 ശതമാനത്തോളം കുടിയേറ്റത്തൊഴിലാളികളും ജോലി ചെയ്യുന്നത്. എന്നാല്‍ വിശ്വാസമനുസരിച്ചല്ല കാര്യങ്ങള്‍ നീങ്ങിയത്.

ക്രൂഡ് ഓയില്‍ വിലയിടിവും സമ്പദ് വ്യവസ്ഥയെ എണ്ണപ്പണത്തിനപ്പുറത്തേക്കു വികസിപ്പിക്കാനുള്ള പദ്ധതിയുടെ പരാജയവും തൊഴില്‍ രംഗത്ത് പ്രശ്‌നങ്ങളുണ്ടാക്കി. എണ്ണപ്പണം കുറഞ്ഞതില്‍ വിഷമിക്കുന്ന സര്‍ക്കാരാണ് മിക്ക നിര്‍മാണമേഖലകളുടെയും നടത്തിപ്പുകാര്‍. നിരവധി നിര്‍മാണക്കമ്പനികള്‍ അടച്ചുപൂട്ടിയതോടെ ആയിരക്കണക്കിനു ജോലിക്കാര്‍ ഭക്ഷണം വാങ്ങാനോ നാട്ടിലേക്കു മടങ്ങാനോ കഴിയാതെ ദുരിതത്തിലായി.

സൗദി ജനസംഖ്യയില്‍ 70 ശതമാനത്തിലധികം 30 വയസില്‍ താഴെയുള്ളവരാണ്. 16-25 വയസുകാരില്‍ തൊഴിലില്ലായ്മ 29 ശതമാനമുള്ള രാജ്യത്തിന് എണ്ണ വിലയിടിവും സ്വദേശിവല്‍ക്കരണവും തിരിച്ചടിയായി.

നയരൂപീകര്‍ത്താക്കള്‍ മുന്‍കൂട്ടി കാണാത്ത സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സൗദി അഭിമുഖീകരിക്കുന്നത്. മൊബൈല്‍ വില്‍പനശാലകള്‍, സ്റ്റാര്‍ബക്ക്‌സ് തുടങ്ങിയവയിലും ടാക്‌സി ഡ്രൈവര്‍മാരായും ജോലിക്കു തയ്യാറാകുന്ന സൗദി പുരുഷന്മാരും വനിതകളും. സര്‍ക്കാര്‍ നിയമനങ്ങള്‍ മരവിപ്പിക്കപ്പെട്ടതോടെ ഏതു ജോലിയും ചെയ്യാന്‍ തയ്യാറാകുകയാണ് തദ്ദേശീയര്‍. ആയിരക്കണക്കിന് ഇന്ത്യക്കാരുള്‍പ്പെടെ കുടിയേറ്റക്കാര്‍ക്കായി തൊഴിലുകളൊന്നും അവശേഷിക്കുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍