UPDATES

പ്രവാസം

ചിരിച്ചു തള്ളാനാവാത്ത ചില പ്രവാസി തമാശകള്‍

Avatar

ജോയ് സി റാഫേൽ

പാട്ടൊക്കെ പാടി ഡാന്‍സൊക്കെ കളിച്ച് ചിരിച്ചുല്ലസിച്ചു കൊണ്ട് ബാങ്കില്‍ പണം അടയ്ക്കാന്‍ പോകുന്ന ആരെയെങ്കിലും നിങ്ങള്‍ക്ക് ഇന്ത്യയില്‍ കാണാന്‍ കഴിയുമോ? എന്തു ചോദ്യം അല്ലേ? നിക്ഷേപത്തിനു വലിയ പലിശയൊന്നും കിട്ടുന്നില്ലെന്നതു പോട്ടേ, കാറിനും വീടിനും, മറ്റു ആവശ്യങ്ങള്‍ക്കൊക്കെയായി എടുത്ത ലോണൊക്കെ പിടിച്ചു കിട്ടുന്ന ശമ്പളത്തില്‍ നിന്നും, മാസച്ചെലവുകള്‍ക്കുള്ള തുകയും മാറ്റിയാല്‍ പിന്നെ മിച്ചമാകുന്ന തുഛമായ നിക്ഷേപം കണ്ട് കരഞ്ഞു പോയില്ലെങ്കില്‍ ഭാഗ്യം എന്നതാണോ അവസ്ഥ?

പക്ഷേ ഗള്‍ഫില്‍ പല ഭാഗത്തായുള്ള ഇന്ത്യക്കാരായ പ്രവാസികളുടെ കാര്യം ഇങ്ങനെയൊന്നുമല്ല. പ്രത്യേകിച്ച് മലയാളികളുടെ. ബാങ്കിലേക്ക്  പോകുമ്പോള്‍ അവര്‍ക്കു വലിയ ഉത്സാഹമായിരിക്കും. എ.ടി.മ്മില്‍ നിന്നും തങ്ങളുടെ ശമ്പളം പിന്‍വലിക്കുന്ന നിമിഷം അവര്‍ ബാങ്കുകളിലേക്ക് വച്ചു പിടിക്കും. പരമാവധി തുക നാട്ടിലേക്കയക്കുക എന്നതു തന്നെ ലക്ഷ്യം. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി, രൂപയ്ക്ക് വിലയിടിവുണ്ടായിത്തുടങ്ങിയതില്‍ പിന്നെ ഇവര്‍ ഒരു നിയമമെന്നോണം അനുശാസിച്ചു പോരുന്ന പതിവാണിത്. യു. എ.ഇയിലെ അല്‍ അഹിലാ എക്‌സ്‌ചേഞ്ചിലും ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ചിലുമൊക്കെ പണം അയക്കാന്‍ സുസ്‌മേര വദനരായി ക്യൂവില്‍ നില്‍ക്കുന്ന ഇന്ത്യക്കാരെയായിരിക്കും കാണാന്‍ കഴിയുക. മസ്‌കറ്റിലെ ഒരു സുഹൃത്ത് ശമ്പള ദിനം തന്നെ കിട്ടിയ പണമെല്ലാം നാട്ടിലേക്ക് അയച്ച ശേഷം ഏകദേശം ഒരാഴ്ച്ച കഴിയുമ്പോഴേക്കും സഹപ്രവര്‍ത്തകരെ കടം ചോദിച്ച് ബുദ്ധിമുട്ടിക്കാന്‍ തുടങ്ങും.

രൂപയുടെ വിലയിടിവ് നാട്ടില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ, വിലക്കയറ്റത്തെക്കുറിച്ചോ ഒന്നും ഭൂരിഭാഗം പ്രവാസികളും ചിന്തിക്കുന്നേ ഇല്ല. അതുകൊണ്ടു തന്നെ ഇത്രയും കൂടുതല്‍ പണം അയച്ചു കൊടുത്തിട്ടും പരാതിക്കോ പരിഭവത്തിനോ കുറവില്ലാതെ വരുമ്പോള്‍ നാട്ടുകാരൊക്കെ തീര്‍ത്തും സ്വാര്‍ത്ഥമതികളായി മാറിയെന്ന്‍ ഇവര്‍ ചിലപ്പോള്‍ കരുതും. തങ്ങള്‍ കാരണമാണ് ഇന്ത്യക്കിത്രയും വലിയ  വിദേശ നാണ്യം ശേഖരിക്കാന്‍ കഴിയുന്നതെന്നായിരിക്കും അരിശത്തോടെ അവര്‍ പറയുന്ന മറുപടി. പാവം, അറിവില്ലാ പൈതങ്ങള്‍.

പണം മിച്ചം പിടിക്കുന്നതില്‍ തെറ്റൊന്നുമില്ല. നല്ല കാര്യം. പക്ഷേ ചെലവു ചുരുക്കാനായി നമ്മുടെ പ്രവാസികള്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ ശരിക്കും ചിരിയുണര്‍ത്തും. ഉദാഹരണത്തിന് സുരേഷ് മേനോന്റെ കാര്യമെടുക്കാം. റിയാദിലെ ഒരു വലിയ മള്‍ട്ടി നാഷണല്‍ കമ്പനിക്കായി പ്രവര്‍ത്തിച്ച ശേഷം മുംബെയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒരു പരിധിവരെ വിശ്രമ ജീവിതം നയിക്കുകയാണ് കക്ഷിയിപ്പോള്‍. ശമ്പളമായി ധാരാളം പണം കിട്ടിയിരുന്നപ്പോഴും അതില്‍ നിന്നൊക്കെ പരമാവധി മിച്ചം പിടിക്കാന്‍ വളരെയധികം കഷ്ടപ്പെടുമായിരുന്നു സുരേഷ്. അവധിക്കാലം കഴിഞ്ഞ് മുംബയില്‍ നിന്നും റിയാദിലേക്ക് തിരിച്ചു വരുമ്പോള്‍ അദ്ദേഹത്തിന്റേയും ഭാര്യയുടേയും കുട്ടികളുടേയുമെല്ലാം ബാഗുകള്‍ നാട്ടില്‍ നിന്നും കയറ്റുമതി ചെയ്ത പരിപ്പും പലവ്യജ്ഞനവുമൊക്കെക്കൊണ്ട് നിറഞ്ഞിരിക്കും.

“പരിപ്പും മറ്റു സാധനങ്ങളൊക്കെ നാട്ടില്‍ നിന്നും കൊണ്ടു വരുന്നതു വഴി എത്ര പണമാ എനിക്കിവിടെ ലാഭിക്കാന്‍ കഴിയുന്നതെന്നറിയോ? ഞങ്ങള്‍ എല്ലാരും കൂടി ചേരുമ്പോ സാധനങ്ങള്‍ കൊണ്ടുവരാനായി ഗവണ്‍മെന്റ് നല്‍കുന്ന ഇളവ് നന്നായി ഉപയോഗിക്കാനും പറ്റും” സുരേഷിന്റെ ഇറക്കുമതിയെ കളിയാക്കിയപ്പോള്‍ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റിയാദില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഗോപി മേനോന്‍ എന്നൊരു സഹപ്രവര്‍ത്തകന്‍ ചങ്ങാതിയുണ്ടായിരുന്നു. ആളുകളെക്കൂട്ടി പുറത്തു പോകുമ്പോള്‍ എല്ലാവര്‍ക്കും പെപ്‌സിയോ കോളയോ അങ്ങനെ എന്തും വാങ്ങി തന്നു ആളങ്ങട് ഭയങ്കര ലാവിഷായിക്കളയും. എന്നാല്‍ ഇവരെയൊക്ക തനിച്ചു കിട്ടുമ്പോള്‍ അതിന്റെയൊക്കെ പണം നയാ പൈസ വ്യത്യാസമില്ലാതെ ചോദിച്ചു വാങ്ങുകയും ചെയ്യും.

ഒരിക്കലൊരു അവധിക്കാലത്ത് ഞാനെന്റെയൊരു പഴയ സഹപ്രവര്‍ത്തകനേയും ക്ഷണിച്ചുകൊണ്ട് മുംബെയിലെ ഒബ്രോയ് ഹോട്ടലില്‍ ലഞ്ച് കഴിക്കാന്‍ പോയി. എന്റെ ഒപ്പമുള്ള അതിഥിയെ ഗോപിക്കും അറിയാമായിരുന്നതു കൊണ്ടും ആ സമയത്ത് ഗോപി അവിടെ അവധിയില്‍ ഉണ്ടായിരുന്നതു കൊണ്ടും അവനേയും ഒപ്പം കൂട്ടി. ഭക്ഷണം കഴിഞ്ഞ് പണം കൊടുക്കാനായി ഞാന്‍ പേഴ്‌സ് പുറത്തെടുത്തപ്പോള്‍ ഗോപി ഇടപ്പെട്ടു. താന്‍ കൊടുക്കാമെന്നു പറഞ്ഞു തന്റെ ഡെബിറ്റ് കാര്‍ഡെടുത്തു നീട്ടി. ഞാനും സന്തോഷിച്ചു.

അതിഥി പോയ ശേഷം ഗോപി ഹോട്ടലില്‍ നിന്നും കിട്ടിയ ബില്ല് എനിക്കു തന്നെ തന്നു. എന്നിട്ടു പറഞ്ഞു ”അളിയോ, ഞാന്‍ കൊടുത്ത പൈസ ഇങ്ങു തന്നേ”. ഇവനാള് കൊള്ളാലോ ഞാന്‍ ചിന്തിച്ചു. അതിഥി ആയ എന്റെ സുഹൃത്തിന്റെ മുമ്പില്‍ പണം ചെലവാക്കിയതു മുഴുവന്‍ താനാണെന്നു കാണിക്കുക മാത്രമായിരുന്നു അവന്റെ ഉദ്ദേശം. ഞാന്‍ മനസ്സില്‍ കരുതി.

എന്നാല്‍ ഗോപിയുടെ പെരുമാറ്റം എന്നെ ഞെട്ടിച്ചതൊന്നുമില്ല, തനിക്കു പണം ചെലവാക്കാന്‍ യാതൊരു മടിയുമില്ലെന്നു മറ്റുള്ളവരെ കാണിക്കുമ്പോഴും  കയ്യില്‍ നിന്നും പണം ഇറങ്ങാതിരിക്കാന്‍ ഇവന്‍ അങ്ങേയറ്റത്തെ തരികിട വിദ്യകള്‍ പയറ്റുമെന്നു എനിക്കു നന്നായി അറിയാം. ഇവനെ പോലുള്ള ധാരാളം മറ്റുള്ളവരേയും.

റിയാദിലെ ഒരു എയര്‍ലൈനിലെ തൊഴിലാളിയായ സണ്ണി മാത്യു പണം ലാഭിച്ചിരുന്നത് എങ്ങനെ എന്ന് നോക്കൂ. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉള്ളിക്ക് വില റോക്കറ്റ് പോലെ കുതിച്ച് ഉയര്‍ന്നപ്പോള്‍ സണ്ണിയും ഭാര്യയും കോഴിക്കോട്ടേക്ക് അവധിക്കാലം ചെലവഴിക്കാന്‍ പോയി. തിരികെ വന്നപ്പോള്‍ ബാഗേജില്‍ അധികം ഉണ്ടായിരുന്ന ഇടത്ത് അഞ്ചു കിലോഗ്രാം ഉള്ളി ഇടം പിടിച്ചു.

മസ്‌ക്കറ്റിലെ ബാങ്കില്‍ ക്ലര്‍ക്കായ അനൂപ് നമ്പൂതിരി. അദ്ദേഹം ഒരു ടീ ബാഗ് പോലും രണ്ടു വട്ടം ഉപയോഗിക്കുമെന്നാണ് ഞങ്ങളുടെ രണ്ടുപേരുടേയും സുഹൃത്തായ ഒരാള്‍ എന്നോട് പറഞ്ഞത്. ആദ്യത്തെ ഉപയോഗത്തിനു ശേഷം അദേഹമത് ഓഫീസ് അടുക്കളയിലെ ഫ്രിഡ്ജിന്റെ അറ്റത്ത് ഒളിപ്പിച്ചു വയ്ക്കും. രണ്ടാം വട്ടം ചായ ഉണ്ടാക്കുമ്പോള്‍ വീണ്ടുമെടുത്ത് കപ്പിലിട്ട് മുക്കിയെടുക്കും.

സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ ആള്‍ക്കാരെ വിളിച്ച് പാര്‍ട്ടി സംഘടിപ്പിക്കലാണ് മസ്‌ക്കറ്റിലെ ഒരു പത്രത്തിലെ എഡിറ്റര്‍ ചങ്ങാതിയുടെ പ്രധാന പരിപാടി. സഹപ്രവര്‍ത്തകരായ ആറോ ഏഴോ ജൂനിയേഴ്‌സായിരിക്കും എപ്പോഴും ഇദ്ദേഹത്തിന്റെ അതിഥികള്‍ (ഇരകള്‍). ഓരോ തവണ വരുമ്പോഴും അവരോരുത്തരോടും ഓരോ ഐറ്റങ്ങള്‍ വീതം വാങ്ങിക്കൊണ്ടുവരാന്‍ ആവശ്യപ്പെടും. ഒരുത്തനോട് ചപ്പാത്തി, മറ്റൊരുത്തനോട് ബീഫ് കറി, വേറൊരുത്തനോട് ചിക്കന്‍ ഫ്രൈ, അങ്ങനെയങ്ങനെയങ്ങനെ. നല്ല ഒന്നാന്തരം ലോക്കല്‍ വ്യാജന്‍ നമ്മുടെ എഡിറ്റര്‍ വക. അത് അകത്താക്കുന്ന അതിഥികള്‍ വളരെ പെട്ടെന്നു തന്നെ മറ്റൊന്നും കഴിക്കാന്‍ പറ്റാത്ത പരുവത്തിലാവും. അതൊന്നും തൊടാനാവാതെ പാര്‍ട്ടി കഴിഞ്ഞ് അതിഥികള്‍ പടിയിറങ്ങുന്നുമ്പോള്‍ എഡിറ്ററുടെ ഒരാഴ്ച്ചത്തെ തീറ്റക്കാര്യം കുശാലാവുകയായി. മറ്റുള്ളവരുടെ പിശുക്കിനെക്കുറിച്ച് ഇദേഹത്തിനു പക്ഷേ വല്ലാത്ത പരാതിയാണ്. കൂട്ടത്തില്‍  ഏറ്റവും വലിയ ഉദാരന്‍ താനാണെന്നാണ് ഇദേഹത്തിന്റെ അവകാശ വാദം.

മസ്‌ക്കറ്റിലുള്ള എന്റെ രണ്ടു മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ അത്യാവശ്യ കാര്യമാണെങ്കില്‍ പോലും അവരൊരിക്കലും ഒരു ടാക്‌സി വിളിച്ചു പോകില്ല. ഒരിക്കല്‍ ബൗഷറിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു മുന്നിലെ ബെഞ്ചില്‍ രണ്ടു പേരും ക്ഷമയോടെ ആരെയോ പ്രതീക്ഷിച്ചിരിക്കുന്ന കണ്ടപ്പോള്‍ ഞാന്‍ ചെന്നു കാര്യം തിരക്കി. അപ്പോഴാണറിഞ്ഞത് അവര്‍ തങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോകാനായി മറ്റൊരു ജൂനിയര്‍ സഹപ്രവര്‍ത്തകന്റെ കാറും കാത്തിരിക്കുകയാണെന്ന്. കഴിഞ്ഞ ഒരു മണിക്കൂറായി അവരവിടങ്ങനെ ഇരിപ്പാണ്. ഗര്‍ഭിണിയായ ഭാര്യയെ അവിടെ നിന്നു ഏറെ അകലയുള്ള റുവ്വിയിലെ ഡോക്ടറെ കാണിക്കാന്‍ പോയിരിക്കുന്നതിനാലാണ് സഹപ്രവര്‍ത്തകന്‍ ഇത്രയും വൈകുന്നത്. ഒടുക്കം ഭാര്യയെ ഡോക്ടറെ കാണിച്ച ശേഷം അവരെ വീട്ടിലാക്കി ഇപ്പോള്‍ തങ്ങളെ പിക്ക് ചെയ്യാനായി വരുന്ന സഹപ്രവര്‍ത്തകനെ കണ്ടപ്പോള്‍ രണ്ടു പേര്‍ക്കും ഉണ്ടായത് ആശ്വാസത്തിന്റെ ഒരു വലിയ ദീര്‍ഘ നിശ്വാസം.

ആന്റണി തോമസ്. മസ്‌ക്കറ്റില്‍ തന്നെയുള്ളൊരു അഡ്വര്‍ടയ്‌സിംഗ് എക്‌സിക്യൂട്ടീവ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തികളും ചിരിക്കു ധാരാളം വക നല്‍കുന്നതാണ്. അദ്ദേഹത്തിന്റെ  റൂംമേറ്റ് രവി ഒരിക്കല്‍ നൈറ്റ് ക്ലബില്‍ വച്ച് ഡ്രിങ്ങ്‌സിനൊപ്പം കുറച്ചു സ്‌നാക്‌സിനും ഓര്‍ഡര്‍ ചെയ്തു. ഉടനെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞ ആന്റണി ടച്ചിങ്ങ്‌സൊക്കെ താന്‍ വീട്ടില്‍ നിന്നും കൊണ്ടു വന്നിട്ടുണ്ടെന്നായി. അതും പറഞ്ഞ് പാന്റിന്റെ പോക്കറ്റില്‍ കൈയിട്ട ആന്റണി ഒരു പൊതിയെടുത്ത് രവിക്കു കൊടുത്തു. പൊതി തുറന്ന രവി ഞെട്ടിപ്പോയി. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നും പോന്നപ്പോള്‍ അമ്മ കൊടുത്തു വിട്ട കുറച്ചു കയ്പ്പയ്ക്കാ കൊണ്ടാട്ടമായിരുന്നു ടച്ചിങ്‌സ്.

ദുബായിലൊരു പത്രത്തില്‍ പണിയെടുക്കുന്ന കാലം. അവിടെ വെജിറ്റേറിയനായ ഒരു ഡെപ്യൂട്ടി  എഡിറ്റര്‍ ഉണ്ടായിരുന്നു. പാലിന്റേയും പഞ്ചസാരയുടേയുമൊക്കെ വില കൂടിയെന്നു കേട്ടാല്‍ ഓഫീസിലിരുന്നുകൊണ്ടു തന്നെ അദേഹം വല്ലാതെ ബഹളം വയ്ക്കും. എന്നാല്‍ ശമ്പളം കൂടിയാലോ, ഒരു ബഹളവുമില്ല. തന്റെ പരമാവധി പല്ലുകള്‍ പുറത്തു കാണിച്ചുകൊണ്ട് നിശബ്ദമായൊരു പഞ്ചാര ചിരിയിലൊതുക്കിക്കളയും. ഒരിക്കല്‍ പുള്ളിയുടെ ഈ സ്വഭാവത്തെ കളിയാക്കിയപ്പോള്‍ തൊട്ടടുത്തിരുന്ന മറ്റൊരു സഹപ്രവര്‍ത്തകന്‍ പയ്യനെ ചൂണ്ടി അദേഹം പറഞ്ഞു. ഇവനാണ് എന്നെക്കാള്‍ പണം ലാഭിക്കാന്‍ നോക്കുന്നത്. അതിനദ്ദേഹം തെളിവും നിരത്തി. അവനായിരുന്നു പ്രമോദ്. പൂനൈയില്‍ നിന്നുള്ളൊരു ബ്രാമണ യുവാവ്. നമ്മള്‍ ഉപയോഗിച്ചു കളയാറുള്ള പ്ലാസ്റ്റിക്ക് പാത്രത്തിലാണ് കക്ഷി സ്ഥിരമായി വെജിറ്റബിള്‍ സാന്‍വിച്ച് കൊണ്ടുവരാറുണ്ടായിരുന്നത് ഉച്ചയായാല്‍ ആരോടും പറയാതെ ഒരു മൂലയില്‍ ചെന്നു വേഗത്തില്‍ അവന്‍ അതെടുത്തു വിഴുങ്ങാന്‍ തുടങ്ങും.” ഞാനെങ്ങാനും പങ്കു ചോദിച്ചാലോ എന്നു പേടിച്ചിട്ടാണെന്നു തോന്നുന്നു ഇവനത് മാറിപ്പോയി മറച്ചു വച്ചു കഴിക്കുന്നത്.” ഡെപ്യൂട്ടി എഡിറ്റര്‍ പറഞ്ഞു ചിരിച്ചു. ”എല്ലാം അകത്താക്കിയെന്നു ഉറപ്പാക്കിയ ശേഷം ആ പ്ലാസ്റ്റിക്ക് പാത്രമെടുത്ത് വച്ച് വീണ്ടും വീട്ടില്‍ കൊണ്ടു പോകും. അതില്‍ തന്നെ ആയിരിക്കും ഇവന്‍ അടുത്ത ദിവസവും അതിനടുത്ത ദിവസവുമൊക്കെ ഭക്ഷണം കൊണ്ടു വരുന്നത്.” അദ്ദേഹം കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

1990കള്‍ സൗദിയിയിലുള്ള പ്രവാസികളെ സംബന്ധിച്ചു നല്ല കാലമായിരുന്നു എന്നു പറയാം. അന്നു മൂന്നോ നാലോ ശതമാനം മാത്രമാണ് ലോണുകള്‍ക്ക് സൗദിയിലെ ബാങ്കുകള്‍ ഈടാക്കിയിരുന്ന പലിശ. അന്നു ഇന്ത്യക്കാരൊക്കെ വലിയ രീതിയില്‍ കടമെടുത്ത് ആ തുക നാട്ടിലേക്കയച്ചു കൊടുത്തു. അന്നൊക്കെ പ്രവാസികളുടെ സ്ഥിര നിക്ഷേപത്തിനു 15 ശതമാനം വരെ ഉയര്‍ന്ന പലിശ ലഭിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു.

യു.എ.ഇയിലെ പ്രവാസികളെ സംബന്ധിച്ചു പണം മിച്ചം പിടിക്കുക എന്നതൊക്കെ ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നമാണ്. വീട്ടു വാടക തന്നെ അവിടെ മാനം മുട്ടുന്ന അവസ്ഥയിലാണ്. പ്രാദേശിക ബാങ്കുകളില്‍ നിന്നും കടമെടുത്താണ് പലരും നാട്ടിലേക്ക് പണം അയക്കുന്നത് തന്നെ. ഇങ്ങനെ കടമെടുക്കുമ്പോള്‍ തങ്ങളുടെ ചെലവുകള്‍ വീണ്ടും വെട്ടിക്കുറയ്ക്കുകയല്ലാതെ ഇവര്‍ക്കു മുന്നില്‍ വേറെ വഴിയില്ലാതാകുന്നു. പ്രവാസികള്‍ പണം മിച്ചപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ കണക്കിനു കളിയാക്കുന്ന എന്റെ അവസ്ഥ എന്താണെന്നല്ലേ?

എ ടി എമ്മില്‍ നിന്നും ശമ്പളം പിന്‍വലിച്ച ശേഷം ഞാനും ഓടുനത് ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ചിന്റെ മസ്‌ക്കറ്റിലുള്ള ഏറ്റവും അടുത്ത ശാഖയിലേക്കായിരിക്കും. ഏവരേയും പോലെ അധികം പണം നാട്ടിലേക്കയക്കുക ഏന്നതായിരിക്കും എന്റേയും അപ്പോഴത്തെ ലക്ഷ്യം. തിരിച്ച് ഓഫീസിലെത്തുമ്പോള്‍ എന്റെ മുഖത്ത് ഒരു കള്ള ചിരി പരക്കും. ആ ചിരിയുടെ അര്‍ഥം എന്റെ സഹപ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം. 
അവര്‍ ചോദിക്കും.

പണം അയച്ചു അല്ലേ?

അതെ. ആ പണമിപ്പൊ ജെറ്റ് എയര്‍വേസില്‍ മുംബയിലേക്ക് പറന്നോണ്ടിരിക്കാ.

ഈ ചോദ്യവും ഈ ഉത്തരവും എത്ര വട്ടം ആവര്‍ത്തിച്ചിട്ടുണ്ടാകുമെന്നു ഒരു പിടിയുമില്ല.

(മുതിർന്ന പത്രപ്രവർത്തകനായ ജോയ്.സി റാഫേൽ, മുത്തവാസ്-സൌദി അറേബ്യാസ് ഡ്രഡഡ് റിലിജിയസ് പൊലീസ്, സ്ലേവ്സ് ഓഫ് സൌദിസ്, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച സൌദികളുടെ അടിമകൾ തുടങ്ങിയ കൃതികളും രചിച്ചിട്ടുണ്ട് )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍