UPDATES

അഴിമുഖം ഡെസ്ക്

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

പ്രവാസം

മടക്ക യാത്ര അനിവാര്യമല്ലേ? പ്രവാസികള്‍ സ്വയം ചോദിക്കേണ്ട ഈ ചോദ്യത്തെക്കുറിച്ച്

മടക്ക യാത്ര അനിവാര്യമല്ലേ? ഈ ചോദ്യം ചോദിക്കാൻ എന്നെ പ്രേരിപ്പിച്ചതു കഴിഞ്ഞ ദിവസം കുമാരേട്ടനോടുള്ള സംസാരമാണ്. കഴിഞ്ഞ 18 വർഷമായി ഗൾഫിൽ  വിവിധ കമ്പനികളിൽ ഡ്രൈവർ ആയി ജോലി നോക്കുകയാണ് കുമാരേട്ടന്‍.  കടബാധ്യതകൾ ഒന്നും തന്നെയില്ല, പക്ഷെ കാര്യമായ സമ്പാദ്യവും ഇല്ല.  ആകെ വാങ്ങാൻ കഴിഞ്ഞത് നാട്ടിൽ 20 സെന്റ്‌ സ്ഥലമാണ്, അതും ഈയടുത്ത്.  18 വർഷം മുൻപ് നാട് വിടുമ്പോൾ വീട്ടുകാർ കുഴപ്പമില്ലാതെ നടത്തി വന്നിരുന്ന ടാക്സി വണ്ടികളെല്ലാം നോക്കി നടത്താൻ ആളില്ലാത്തതിനാൽപണ്ടേ വിറ്റു കഴിഞ്ഞിരിക്കുന്നു. കൂടെ നാട്ടിൽ ഉണ്ടായിരുന്നവർ ഇപ്പോൾ സാമ്പത്തികമായി നല്ല നിലയിലാണ്.  തിരിച്ചു പൊക്കിനെപ്പറ്റി ചിന്തിക്കുമ്പോൾ നാട്ടിൽ നിന്നും വരാതിരിക്കുന്നതാണ് നല്ലതെന്നിപ്പോൾ തോന്നുന്നു – കുമാരേട്ടന്‍ വിഷമത്തോടെ പറഞ്ഞു. 

സുഹൃത്തായ ഷാനവാസ് പറഞ്ഞ മറ്റൊനാളുടെ  കഥ അതിലേറെ സങ്കടകരമാണ് –  കണ്ണൂരുകാരനായ അദ്ദേഹം 20 വർഷത്തോളമായി ഒരു കാഫെട്ടീരിയയിൽ (ചായക്കട) ജോലി നോക്കുന്നു.  800 റിയാലിൽ തുടങ്ങിയ ശമ്പളം ഇപ്പോൾ 1200 റിയാൽ ആയി രണ്ടു വർഷത്തിൽ ഒരിക്കൽ നാട്ടിൽ പോയി വരുന്നു എന്നുള്ളതും വീട്ടിലെ ചിലവുകൾ നടന്നു പോകുന്നു എന്നുള്ളതും മാത്രമാണ് ഈ പാവത്തിൻറെ ഏക ആശ്രയം. കല്യാണ പ്രായമായ മകളുടെ കാര്യം പറയുംമ്പോൾ വളരെ വിഷമത്തിലാണ്. 

കഴിഞ്ഞ മുപ്പതോളം വർഷമായി പ്രവാസിയായി കഴിയുന്ന മുഹമ്മദ്ക്കാ സന്തോഷവാനാണ് – നാട്ടിൽ ഒരു വീടുണ്ടാക്കി രണ്ടു പെണ്മക്കളെയും കെട്ടിച്ചു വിട്ടു. മക്കളുടെ കല്യാണാവശ്യത്തിനെടുത്ത കടബാധ്യതകൾ   കഴിഞ്ഞാൽ നാട്ടിലേക്കു പോകാൻ ഒരുങ്ങുന്നു. പക്ഷേ മുൻപോട്ടുള്ള ജീവിതച്ചിലവുകൾ ഇപ്പോഴും വലിയൊരു ചോദ്യ ചിഹ്ന്നമാണ്.  

മുകളിൽപ്പറഞ്ഞവ കേവലം അഞ്ചോ പത്തോ ആളുകളുടെ അവസ്ഥയല്ല.  ഗൾഫു നാടുകളിൽ ജോലിചെയ്യുന്ന unskilled ആയുള്ള പത്തിൽ മൂന്ന് പേരുടെയെങ്കിലും അവസ്ഥ ഇതോ ഇതിലും പരിതാപകരമോ ആണ്.  വളരെ വിഷമത്തോടെ ഇവിടെ കഴിയുന്നവരെ കാണുമ്പോൾ ചിന്തിക്കാറുണ്ട് നമ്മുടെ നാട്ടിൽ ഇത്രയ്ക്കു ബുദ്ധിമുട്ടുണ്ടോ?

വീട്ടിലേക്ക് സ്വര്‍ണ്ണം കൊണ്ടുവരാനായി  നമ്മളിട്ടു പോന്ന പൊന്നുവിളയുന്ന നാടിന്റെ ഇന്നത്തെ അവസ്ഥ എന്താണ്?  സേവന മേഖലകൾ ആകെ തകർന്നിരിക്കുകയാണ്.  തെങ്ങില്‍ കയറാൻ ആളെ കിട്ടാനേ ഇല്ല – അല്ലെങ്കിൽ മാസങ്ങൾക്ക് മുൻപേ ബുക്ക് ചെയ്തു കാത്തിരിക്കണം. ഈ കഴിഞ്ഞ ദിവസം എവിടെയോ വായിച്ചതോർക്കുന്നു നമ്മുടെ സംസ്ഥാനത്തിന്റെ പ്രധാന നാണ്യ വിളയും നാടിന്റെ പേരിനു തന്നെ കാരണവുമായ തെങ്ങ് കയറാൻ ആളില്ലാതെ അന്യദേശ തൊഴിലാളികളെ വെച്ചു ഒരു കമ്പനി രൂപീകരിച്ച വിവരം.  നമ്മുടെ നാട്ടിൽ ഒരു വീട് വെക്കാൻ നോക്കിയാൽ നല്ല പണിക്കാർക്കായി മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നു – അല്ലെങ്കിൽ ആ പണി കരാർ കൊടുക്കണം, മിക്കവാറും കരാർ ജോലിക്കാർ അന്യസംസ്ഥാനക്കാർ ആണ്.

എന്നാൽ ഒന്നുമില്ല എന്ന് പറയുന്ന നമ്മുടെ നാടിനെ പൊന്നുവിളയുന്ന നാടായി കാണുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഏറെയാണ്‌.  കൊച്ചിയിൽ ഒരു ഇന്റീരിയർ ഡക്കറേഷൻ  കമ്പനി നടത്തിക്കൊണ്ടിരുന്ന അഗസ്റ്റിൻ ലാജി അന്യസംസ്ഥാന ജോലിക്കാരെപ്പറ്റി പറയുന്നത് “നമ്മുടെ നാട്ടുകാര്‍ ചെയ്യുന്നതിന്റെ പത്തിൽ ഒന്ന് പോലും വരില്ല  ഇവരുടെ ക്വാളിറ്റി ഓഫ് വർക്ക്” എന്നാണ്.  

പൂവിളികളും ഉത്സവങ്ങളും കൊയ്ത്തുപാട്ടുകളുമൊക്കെയായി നാം പിന്നിട്ടു പോന്ന നാടല്ല ഇന്ന് കേരളം.  ഞാറ്റു പാട്ടുകളോ, ഏയ്‌ ലസ്സാ വിളികളോ നമ്മളിന്നു കേൾക്കാറില്ല.  എന്തിനേറെ ഓണാഘോഷങ്ങളും ക്രിസ്മസ് ആഘോഷങ്ങളുമെല്ലാം ഇന്ന് പ്രവാസികൾ ആഘോഷിക്കുന്ന രീതിയിൽപ്പോലും നമ്മുടെ നാട്ടുകാർ കൊണ്ടാടുന്നുണ്ടോ എന്ന് സംശയമാണ്.  പൂർണമായും ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ നാടിന്ന്.  കേരള നാട്ടിൽ വഴിവക്കിൽ വിൽക്കുന്ന ഇളനീർ വരെ അന്യനാട്ടിൽ നിന്ന് വരുന്നതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? 

പണ്ട് മുതലേ നമ്മൾ കേട്ടുവരുന്ന ഒരു കാര്യമാണ് നമ്മുടെ നാട്ടിൽ ജീവിക്കാൻ പറ്റിയ സാഹചര്യമില്ലെന്നും പറ്റിയ തൊഴിൽ കണ്ടുപിടിക്കുക എളുപ്പമല്ല എന്നുമൊക്കെ – ഗള്‍ഫ് നാട്ടിൽ വന്നു വെറും കുബ്ബൂസും തൈരും കഴിക്കുകയും, രണ്ടും മൂന്നും വർഷം കൂടുമ്പോൾ നാട്ടിൽ പോവുകയും, പത്തും ഇരുപതും വർഷം കഴിഞ്ഞു സ്വന്തം ആരോഗ്യം മുഴുവൻ നഷ്ടപ്പെടുമ്പോൾ സമ്പാദ്യമായി കുറെ രോഗങ്ങളുമായി ഫ്ലൈറ്റ് കയറേണ്ടി വരികയും ചെയ്യുന്നവരുടെ കാര്യം വ്യത്യസ്തമല്ലേ.

ജീവിതത്തിൽ എവിടെയാണെങ്കിലും കഠിനാദ്ധ്വാനത്തിനു തയ്യാറായാൽ, ദൃഢനിശ്ചയമുണ്ടെങ്കിൽ പ്രതിഫലം വലുതാണെന്ന് മനസ്സിലാക്കി പ്രവാസ ജീവിതം വളരെ ചുരുക്കി നാട്ടിൽ പോയി മണ്ണിലിറങ്ങി പൊന്നു വിളയിച്ചവരും ഒരു ഓട്ടോറിക്ഷയിൽ തുടങ്ങി ട്രാവൽ കമ്പനി തുടങ്ങിയവരും, ചായക്കട തുടങ്ങി ഹോട്ടൽ നടത്തുന്നവരും, വിവാഹത്തിനു ശേഷം ഭാര്യയെക്കൂടി കൊണ്ടുവരാൻ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ നാട്ടിൽ തിരിച്ചു പോയി ഭാര്യയും ഭർത്താവും ഒരുമിച്ചു ജോലി ചെയ്തു കഴിയുന്നവരും  എല്ലാം എല്ലാം നമ്മുടെ മുൻപിൽ വഴികാട്ടികളായി ഉണ്ട് എന്ന് മറക്കരുതേ. 

മടക്കയാത്രയ്ക്കായി പെട്ടികൾ ഒരുക്കുന്ന പ്രവാസിയുടെ നെഞ്ചിടിപ്പ് നമുക്ക് മനസ്സിലാവില്ലേ?  ഇന്നല്ലെങ്കിൽ നാളെ നമ്മളും പോയേ തീരൂ എന്ന വഴിയല്ലേ അത്? മടങ്ങുന്ന ഓരോ പ്രവാസിയും ശേഷകാല ജീവിതം ഭൂതകാലത്തിലെ നന്മകൾ ഓർത്തു നെടുവീർപ്പുകളുമായി  മാത്രം കഴിയേണ്ടവരാണോ? 

തീർച്ചയായും അല്ല.  ഇവിടെ മണലാരണ്യത്തിൽ – മരുപ്പച്ച ഒരുക്കിയവരാണ് നമ്മൾ.  മാനം മുട്ടി നിൽക്കുന്ന ഓരോ കെട്ടിടങ്ങൾക്കും അരികെചെന്നു ചെവിയോർത്താൽ മലയാളി തൊഴിലാളികൾ പാടിയ പാട്ടുകളുടെ ഈണം ഇന്നും കേൾക്കാം.  ഇവിടെയുള്ള കോർനിഷുകളിൽ പോയി നിന്നാൽ.. ആ തീരത്തെ കാറ്റിനും അധ്വാനിക്കുന്ന മലയാളിയുടെ വിയർപ്പിന്റെ സുഗന്ധവും കണ്ണുനീരിന്റെ നനവും അനുഭവപ്പെടും.

തീർത്തു പറയാൻ വരട്ടെ നമ്മുടെ നാട്ടിൽ വികസന സ്വപ്നങ്ങൾ വിടരില്ല എന്ന്. എവിടെയും മരുപ്പച്ചകൾ തേടിയലയുന്ന പ്രവാസികൾക്ക് വലിയൊരു  പ്രചോദനമായി ഏറെ സംരംഭങ്ങൾ നമ്മുടെ നാട്ടിലുണ്ട്, അല്ലെങ്കിൽ അതിലേറെ സംരംഭങ്ങൾ തുടങ്ങുവാനുള്ള സാധ്യതകൾ.

വളരെ ചെറിയൊരുദാഹരണമാണ് നമ്മുടെ നാട്ടിലെ കുടുംബശ്രീ പ്രവർത്തനങ്ങൾ – 1998 ൽ  വളരെ ചെറിയ രീതിയിൽ മലപ്പുറത്ത് തുടങ്ങിയ ആ സംരംഭം ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വനിതാ സംരഭമാണ് എന്ന് നാം മനസ്സിലാക്കണം. മാത്രവുമല്ല ഈ സംരംഭം രാജ്യമാകെ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഭാരത സർക്കാർ.   കൊച്ചു കൊച്ചു ജോലികളിലും ചായക്കടകളിലും എന്തിനേറെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരുന്ന അവർ ഇന്നിപ്പോൾ കടലിനിക്കരെ വന്നു നമുക്കായി വിരുന്നൊരുക്കാൻവരെ വളർന്നിരിക്കുന്നു. ആരു കണ്ടു ശ്രദ്ധാപൂർവമായ ചുവടുവെയ്പ്പുകളും രാഷ്ട്രീയപാർട്ടികളുടെ   അമിത ഇടപെടലുകളും ഇല്ലെങ്കിൽ നമ്മുടെ നാട്ടിലെ അടുത്ത ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ നടത്തുന്നത് നമ്മുടെ  കുടുംബശ്രീ ആവില്ല എന്നത്.  ഇവിടെ മതരാഷ്ട്രീയ സ്പർദ്ധ മറന്നു നാം അനുസ്മരിക്കേണ്ട ചിലരുണ്ട് – ചിലർ നട്ടാൽ എന്ത് മരവും നന്നായി വളരും എന്ന് പറയുന്നതുപോലെ ഇതുൽഘാടനം ചെയ്ത മുൻ പ്രധാന മന്ത്രി എ ബി വാജ്പേയി, ഇതിനു കളമൊരുക്കിയ അന്നത്തെ കേരള മന്ത്രി പാലോളി  മുഹമ്മദു കുട്ടി – ഒരു നല്ല വിത്തായി ഇതിനെ തിരഞ്ഞെടുത്ത ഐ എ എസ് ഉദ്യോഗസ്ഥൻ ജെയിംസ്‌ വർഗീസ്‌ ഈ സംരംഭത്തിനു വളരാൻ വലിയ വാതയാനങ്ങൾ തുറന്നിട്ട ബഹുമാന്യനായ ഐ എ എസ് ഉദ്യോഗസ്ഥനായ  ടികെ ജോസ് മുതലായവർ.

പൂച്ചക്കാരു മണികെട്ടും എന്നുള്ളതാണ് അടുത്ത ചോദ്യം. തീർച്ചയായും നമ്മൾ തന്നെ.. നമ്മുടെ പ്രവാസി സംഘടനകൾക്ക് ഇക്കാര്യത്തിൽ ചെയ്യാവുന്ന സംഭാവനകൾ ചെറുതല്ല, അവരുടെ ഉത്തരവാദിത്വങ്ങൾ ഇവിടെ നിന്ന് പിരിഞ്ഞു പോകുന്നവർക്ക് ഒരു ബൊക്കയും   പൂവും നല്കി ആദരിക്കലോ, കാലത്തിനനുസരിച്ചുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കലോ, അനുശോചന യോഗങ്ങൾ വിളിച്ചു കൂട്ടലോ,  കാലം തെറ്റാതെ വരുന്ന ദേശാടനക്കിളികലെപ്പോലുള്ള രാഷ്ട്രീയ നേതാക്കൾക്ക് പ്രവർത്തന ഫണ്ട് പിരിക്കലോ മാത്രമാകരുത്.  മറിച്ചു പ്രവാസികൾ എന്നും അവരെ അനുസ്മരിക്കത്തക്ക വിധം ദീർഘവീക്ഷണമുള്ള കാര്യങ്ങൾ ഏറ്റെടുത്ത് നടപ്പാക്കണം.  പ്രവാസി – സ്വവാസിയായി മാറുമ്പോൾ വരാവുന്ന പ്രശ്നങ്ങൾ കാലേ കൂട്ടി കാണണം.  ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണമെന്നുള്ള കാര്യം രാഷ്ട്രീയ ഏമാന്മാരെ ബോധിപ്പിക്കണം.

നമ്മുടെ നാട്ടിലെ KSRTC പോലുള്ള സംരംഭങ്ങൾ കുടുംബശ്രീ മാതൃകയിൽ ആയിരുന്നെങ്കിൽ ഇന്ന് തീർച്ചയായും ആ സംരംഭം വളർന്നു – എയർ ഇന്ത്യയെക്കാളും മറ്റു പല അന്തർദേശീയ വിമാനക്കമ്പനികൾപ്പൊലെയുമൊക്കെ ആയേനെ.  നമ്മുടെ നാട്ടിലെ മറ്റു പല കുത്തക സ്ഥാപനങ്ങളിലും KSRTC യുടെ വൈവിധ്യം നിറഞ്ഞ പേര് കണ്ടേനെ, അവിടെ മിക്കവാറും ഇന്ന് പെൻഷനായി മുറവിളി കൂട്ടുന്ന KSRTC ജീവനക്കാർ ജോലിയും ചെയ്യുന്നുണ്ടാകുമായിരുന്നു.  അതിനൊരുപക്ഷേ തലപ്പത്തിരിക്കുന്നവരുടെ യോഗ്യത വെറും പത്തും ഗുസ്തിയും ഏതെങ്കിലും പാർട്ടിയുടെയോ ഗ്രൂപ്പുകളുടെയോ ആശീർവാദവും മാത്രം മതിയാവില്ല. 

നമ്മുടെ നാട്ടിലെ തൊഴിലാളി സംഘടനകൾ ചാണക്യ സൂത്രത്തിൽ മുഴുകി തങ്ങളുടെ ബുദ്ധിയും ജീവിത ലക്ഷ്യവും തലപ്പത്തിരിക്കുന്നവരുടെ കഴുത്തിനു താഴെ വരെ മാത്രമാണെന്ന് വിശ്വസിക്കാതിരുന്നെങ്കിൽ ഇന്നും അവർ അവരുടെ ജോലി വെറും ശാപം പിടിച്ച നോക്ക് കൂലിയോ ആനയെ അതിശയിപ്പിക്കും വിധം ചുമടെടുക്കുകയോയായിരുന്നിരിക്കില്ല. മറിച്ച് അത്യാധുനിക രീതിയിൽ നമ്മുടെ നാട്ടിലെ എല്ലാ സപ്ലൈ ചെയിൻ ശൃംഖലകളും കൈകാര്യം ചെയ്യുന്ന ഒരു വലിയ സംരംഭമായി മാറിയേനെ. ഒരിക്കലും കൊച്ചി മേട്രോ ജോലിക്കുവേണ്ടി പോയി കൊടി നാട്ടേണ്ടി വരില്ലായിരുന്നു. മറിച്ചു രാജ്യത്തിലെ എല്ലാ സംരംഭകരും തൊഴിലാളികളെ ലഭിക്കാനായി ക്യൂ നിൽക്കുന്ന വലിയൊരു സേവനദാതാക്കളാകുമായിരുന്നു – അവിടെയും  നയിക്കാൻ വേണ്ട ഗുണം വെറും കയ്യൂക്കും പാർട്ടിക്കാരുടെ പിന്തുണയും മാത്രമായി മാറി.

ഓരോ വർഷവും ശമ്പള വർധനവിനായി കൊടിപിടിപ്പിക്കുന്ന എല്ലാ സർക്കാർ സംഘടനകളും സ്വന്തം ജോലിയിൽ എത്ര മാത്രം ഇന്നവേറ്റീവ് ആകാം എന്ന് ഇവർ ചിന്തിച്ചിരുന്നെങ്കിൽ, ഒരു പക്ഷേ ഇവരെക്കാളും ബുദ്ധി കുറഞ്ഞവർ എന്ന് പറഞ്ഞിവർ തള്ളിയ സർക്കാർ ഉദ്യോഗം കിട്ടാതെ പോയവർ ഇവരുടെ നിലനിൽപ്പിനു ഭീഷണിയായി  സ്വകാര്യ സ്ഥാപനങ്ങളായി വരില്ലായിരുന്നു. മറിച്ചു ഇവരുടെ ഉപദേശത്തിൻ കീഴിൽ മറ്റേതെങ്കിലും ഒരു വിഭാഗമായി മാറിയേനെ. 

നിലവിലുള്ള ഭരണ രാഷ്ട്രീയ സംവിധാനങ്ങൾ നമ്മുടെ പ്രശ്നങ്ങൾ അവരുടെ പ്രശ്നമായി കാണാത്തിടത്തോളം കാലം, ഇന്നോ നാളെയോ താഴെപ്പൊകുന്നതെന്നറിയാതെ കസേരകളിയിൽ കേമാന്മാരാകാൻ ശ്രമിക്കുന്നവരെ അവരുടെ വഴിയെവിട്ടു നമ്മുടെ മടക്കയാത്രകൾ സുന്ദരമാക്കാൻ നമുക്ക് ശ്രമിക്കാം     

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍