UPDATES

തോമസ് ചെറിയാന്‍

കാഴ്ചപ്പാട്

തോമസ് ചെറിയാന്‍

പ്രവാസം

അവധിക്ക് നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് ഫ്രീ ആയി ചില ഉപദേശങ്ങള്‍

ഗള്‍ഫ് പ്രവാസികളെ സംബന്ധിച്ചിടത്തോളം അവധിക്കാലം വരികയായി. പ്രവാസികളുടെ അവധിക്കാലം ദീപാവലിയായി കൊണ്ടാടുന്ന വേറെ ചിലരുമുണ്ട്. നമ്മുടെ കൂളിംഗ് ഗ്ലാസ് ഒന്ന് മാറ്റി ഒരു തനി നാടന്‍ സ്റ്റൈലില്‍ നോക്കിയാല്‍ ചിലരെയൊക്കെ കാണാം.

എ മുതല്‍ ഇസഡ് വരെ തുടങ്ങുന്ന എല്ലാ എയര്‍വേസ് കമ്പനിക്കാരും അവരുടെ വാര്‍ഷിക നഷ്ടം നികത്തുകയും അല്ലെങ്കില്‍ ലാഭം കൂട്ടുകയും ചെയ്യുന്ന കാലമാണിത്. മണി എക്സേഞ്ചുകാര്‍ സ്വര്‍ണവും കാറും ലോറിയും എന്തിനുവേണ്ടി ചന്ദ്രനിലേക്കുള്ള സുഖവാസ യാത്ര വരെ ഓഫര്‍ ചെയ്തുകളയും ഇപ്പോള്‍. നാട്ടിലെത്തിയാല്‍ മൊട്ടുസൂചി മുതല്‍ സ്വര്‍ണ വള വരെ ഓഫറില്‍ ലഭിക്കുന്ന കാലം. പ്രവാസി മലയാളികളെ പുളകം കൊള്ളിക്കാന്‍ NRI ഫെസ്റ്റുകള്‍ ഒന്നിന് പുറകെ ഒന്നായി പ്രഖ്യാപിക്കപ്പെടുന്ന നല്ല കാലം. പ്രവാസിയായാല്‍ മതി മീന്‍ വില്പനക്കാരന്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് വിദ്വാന്‍മാര്‍ വരെ സ്‌പെഷ്യല്‍ ഓഫര്‍ തന്നു കളയും.

നമ്മുടെ ചിന്താഗതിക്കും ചില AAP മോഡല്‍ വ്യതിയാനം വരുന്ന കാലമാണിത്. പല വിമാനത്തിനും അതും ഇതും കുറ്റം പറയുന്ന പ്രവാസി ചിറകില്‍ തൂങ്ങിയും നാട്ടില്‍ പോകാന്‍ തയ്യാറാകുന്ന കാലം. ഓഫീസ് ജോലിക്ക് പോകുമ്പോള്‍ ബിസിനസ് ക്ലാസും ഫൈവ് സ്റ്റാര്‍ ഹോട്ടലും ഇല്ലെങ്കില്‍ രണ്ടു കയ്യും മലര്‍ത്തി മുകളിലേക്ക് നോക്കി ചിരിച്ചു കൊണ്ട് ഒരു മണിക്കൂര്‍ യാത്രപോലും വേണ്ട എന്ന് വെക്കുന്ന ബോസ്സുമാര്‍ 4ഉം 5ഉം മണിക്കൂര്‍ ആ വലിയ കാലുകള്‍ ഒതുക്കിവെച്ചു സൂപ്പര്‍ ബോസ്സുമാരുടെയും സന്താനങ്ങളുടെയും കൂടെ സുഖവാസ യാത്ര ചെയ്യുന്ന കാലം.

ഇവിടുത്തെ ജീന്‍സും സ്‌കേര്‍ട്ടും ഒക്കെ മാറ്റി നാട്ടിലെ സാരിയും ചുരിദാറും എല്ലാം പായ്ക്ക് ചെയ്തു നാട്ടിലേക്കു പോകുന്ന ചേച്ചിമാരും ചാണ്ടി സര്‍ക്കാര്‍ നിലനില്പ്പിനായി പൂട്ടിയ ഷാപ്പുകള്‍ കാരണം എല്ലാ എയര്‍ലൈന്‍സും സ്‌പെഷ്യല്‍ ലിക്കര്‍ ക്യാരേജ് ക്വാട്ട അനുവദിക്കുകയോ അല്ലെങ്കില്‍ പട്ടാളക്കാരുടെ റേഷന്‍ കാര്‍ഡില്‍ തങ്ങളുടെ പേരുകൂടി ചേര്‍ക്കുകയോ ചെയ്യണം എന്ന് പിടിവാശി പിടിക്കുകയും ചെയ്യുന്ന ചേട്ടന്മാരോടും ചില ഉപദേശങ്ങള്‍ തന്നോട്ടെ. സമയവും സൗകര്യവും പോലെ ഒന്ന് വായിക്കണേ..

നാട്ടില്‍ പോകുന്നതിനു മുന്‍പേ ഓണ്‍ലൈന്‍ ഗെയിമും സിനിമാ പരിപാടിയുമൊക്കെ ഒന്ന് മാറ്റി വെച്ചു കുറെ കാര്യങ്ങള്‍ ഇവിടെ തന്നെ ചെയ്യാന്‍ കഴിഞ്ഞാല്‍ നാട്ടില്‍ ചെന്നു ഒന്നിനും രണ്ടിനും സമയമില്ല എന്ന് പറയുമ്പോള്‍ ഇവിടെ ഇപ്പോള്‍ ചിലവഴിക്കുന്ന ഈ സമയം സമ്പത്ത് കാലത്തു വെച്ച തൈപോലെയും. IRCTC, BSNL, KSEB, KWA എന്നീ മഹത് പ്രസ്ഥാനങ്ങളും പൊതു ജനത്തെ അകറ്റി നിര്‍ത്തുക എന്ന സദുദ്ദേശത്തോടെ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഗ്യാസിനുവേണ്ടി വിളിച്ചു കരയേണ്ട ആവശ്യമില്ല. പല ഏജന്റുമാര്‍ക്കും പാരയായി അവരുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ലഭ്യമാണ്.

ഒരു പടികൂടി കടന്നു പറഞ്ഞാല്‍ മദ്യമൊഴിച്ചു ബാക്കിയെല്ലാം ഇപ്പോള്‍ ഡോര്‍ ഡെലിവറി ആയി എത്തിക്കുന്ന ഓണ്‍ലൈന്‍ കമ്പനികളെ വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ സമയത്തോടൊപ്പം വണ്ടിക്കൂലിയും ലാഭിക്കാം – ഫാഷന്‍ പരേഡ് കൂടിയേ തീരൂ എന്നുള്ള സഹധര്‍മ്മണിമാര്‍ ഉള്ളവര്‍ മേല്പറഞ്ഞ കാര്യം ഒരു ദീര്‍ഘ നിശ്വാസം എടുത്തു മറക്കുക.

ഇവിടെ ഡ്യൂട്ടി ഫ്രീയില്‍ കയറി അവസാന നിമിഷം വരെ ചുറ്റിക്കറങ്ങി ഹാന്‍ഡ് ബാഗിലും ലാപ്‌ടോപ് ബാഗിലും, പോക്കറ്റില്‍ വരെ സാധനങ്ങള്‍ കുത്തി നിറച്ചു ഒരു ക്രിസ്മസ് പപ്പാ സ്റ്റൈലില്‍ ഫ്‌ളൈറ്റില്‍ കയറുന്ന നമ്മളെയും കയറ്റി എയര്‍ ഇന്ത്യ പോലുള്ള വിമാനങ്ങള്‍ KSRTC ഗവി ചുരം കയറുന്ന പോലെയാണ് പോകുന്നതെന്ന് മനസ്സിലാക്കണം. നാട്ടില്‍ ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പേ – യേശുവിനെ കടലില്‍ കണ്ട പത്രോസിനെപ്പോലെ എടുത്തു ചാടല്ലേ. ഇതുവരെ ആളെ അടുത്ത സ്റ്റോപ്പില്‍ ഇറക്കുന്ന പ്രൈവറ്റ് ബസ്സുകാരുടെ പണി എയര്‍ലൈന്‍സ് ചെയ്തു കേട്ടിട്ടില്ല. തന്നെയുമല്ല നമ്മള്‍ക്ക് തരാനുള്ള പണി താഴെ ചെല്ലുമ്പോള്‍ എത്ര വൈകിയാണേലും നമ്മുടെ ഇമ്മിഗ്രേഷന്‍ ചേട്ടന്മാര്‍ തന്നുകൊള്ളും – അവര്‍ക്ക് യാതൊരു തിരക്കും ഇല്ലാന്നേ.

പിന്നെ ഫ്‌ളൈറ്റില്‍ കയറി ബിജു രമേശിനെയും ധ്യാനിച്ചു ചാണ്ടി സര്‍ക്കാരിനെയും ശപിച്ചു അനുവദനീയമായ കോട്ടയില്‍ കൂടുതല്‍ വാങ്ങി അടിച്ചു യാത്ര കൊളമാക്കല്ലേ.. എയര്‍ ഹോസ്റ്റസ്സിനു ദേഷ്യം പിടിച്ചാല്‍ നമ്മളെ തീവ്രവാദി വരെയാക്കും എന്ന് മാത്രമല്ല ആവശ്യത്തില്‍ കൂടുതല്‍ വ്യാഴാഴ്ച പ്രോഗ്രാമുകള്‍ നടത്തി ക്ഷീണിച്ച ചേട്ടന്മാരും കണ്ടു കണ്ണ്‍ ഫ്യൂസടിച്ച ചേച്ചിമാരും നമ്മുടെ കൂടെ യാത്ര ചെയ്യുന്നുണ്ടാവും.

നാട്ടില്‍ ചെന്നിറങ്ങി ഇവിടെ പറയുന്ന മാതിരി വണ്ടിയില്‍ കയറി ചേട്ടാ വിട്ടോ എന്നൊന്നും പറയല്ലേ..പേര് മാത്രമേ മലയാള നാടെന്നുള്ളൂ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പണിയെടുക്കുന്നതും നമ്മക്ക് പണി തന്നു കൊണ്ടിരിക്കുന്നതുമൊക്കെ അന്യ സംസ്ഥാനക്കാരാണ്. ഇവിടെ നിന്നും പോകുന്നതിനു മുന്‍പ് വല്ല മലയാളം – ഹിന്ദി – മലയാളം ഡിക്ഷ്ണറി സംഘടിപ്പിക്കുകയോ, മലയാളത്തില്‍ പറഞ്ഞാല്‍ ഹിന്ദിയിലും തമിഴിലും ഒക്കെ സ്വരം പുറത്തു വരുന്ന വല്ല ആപ്‌ളിക്കേഷനും ഐ ഫോണിലും സ്മാര്‍ട്ട് ഫോണിലും ഒക്കെ ആക്കിക്കൊണ്ട് പോയാല്‍ അച്ചാ ഹെ.

പിന്നെ നാട്ടിലെ പിള്ളേരെ കാണിക്കാന്‍ ഇവിടെ നിന്നും പ്ലസും മൈനസും ഒക്കെയുള്ള ഫോണുകള്‍ ഒന്നും വാങ്ങിക്കൊണ്ടു പോകല്ലേ, ഐഫോണും സ്മാര്‍ട്ട് ഫോണും ഒക്കെ വാങ്ങാന്‍ കൊലപാതകം, ഭവനഭേദനം എന്ന് തുടങ്ങി ADB വായ്പ വരെ എടുക്കുന്ന നാടാണിപ്പോള്‍ നമ്മുടേത്.

കൂടുതല്‍ കുപ്പികള്‍ വാങ്ങിയാല്‍ പെട്ടി ഫ്രീ കിട്ടും എന്നും, ലക്കി ടിപ്പില്‍ സ്വര്‍ണ്ണം കിട്ടും എന്നൊക്കെ ഭാര്യമാരെ ബോധിപ്പിച്ച് ഇവിടെ നിന്നും മാക്‌സിമം കുപ്പികള്‍ വാങ്ങി, ഫ്‌ളൈറ്റില്‍ കയറി ഫ്രീയായി കിട്ടുന്നത് ബ്രാന്‍ഡും എക്‌സ്‌പൈറിയും ഒന്നും നോക്കാതെ കോക്ക്‌ടൈല്‍ ആയിക്കഴിച്ച് നാട്ടിലേക്ക് പറക്കുന്ന ചേട്ടന്മാരെ ജാഗ്രതൈ. മറ്റൊന്നും ഇന്‍ഷുര്‍ ചെയ്തില്ലെങ്കിലും ഈ പെട്ടികള്‍ ഒന്ന് ചെയ്‌തേക്കണേ. കാരണം ഈ സാധനത്തിനു നാട്ടിലിപ്പോള്‍ സ്വര്‍ണത്തിനേക്കാളും ഡിമാന്‍ഡാ. പോകുന്ന വഴിയെ ബാങ്കില്‍ കയറി ലോക്കറിലുള്ള സ്വര്‍ണ്ണം ചേച്ചിയുടെയും മക്കടെയും കയ്യിലും കഴുത്തിലും ഇട്ടുകൊടുത്ത് ഇവനെ പെട്ടിയോടെ ലോക്കറില്‍ വക്കാന്‍ പറ്റുമോ എന്ന് നോക്ക്. ആകെ കിട്ടുന്ന മുപ്പതു ദിവസത്തിനുള്ളില്‍ മുന്നൂറു ദിവസത്തെ കാര്യങ്ങള്‍ ചെയ്യണം എന്നും പറഞ്ഞു നാട്ടിലേക്ക് പോകുമ്പോള്‍ അത്യാവശ്യം ചില മുന്‍കരുതലുകള്‍ വേണേ.

വണ്ടിയില്‍ എവിടെ യാത്ര ചെയ്യുമ്പോഴും ഗൂഗിള്‍ മാപും ട്രാവല്‍ കിറ്റും ഇല്ലെങ്കിലും ഒരു കറുത്ത കൊടിയും, പോകുന്ന സ്ഥലത്തിനടുത്ത് നടന്ന മരണമോ മരിക്കാറായി കിടക്കുന്ന ആളുടെ പേരോ അറിഞ്ഞിരിക്കണം; എപ്പഴാ നമ്മുടെ നേതാക്കളുടെ ദേശസ്‌നേഹം ഉണരുക എന്ന് പറയാനാവില്ല. ഉണര്‍ന്നാല്‍ ഹര്‍ത്താല്‍ ഉറപ്പ്. പിന്നെ വണ്ടിയില്‍ കൊടി കെട്ടി മരിച്ച ആളുടെ പേരും വീടും പറഞ്ഞു കരയുകയേ രക്ഷയുള്ളൂ. ഒരു രഹസ്യം പറയട്ടെ ഇപ്പോള്‍ നാട്ടില്‍ കൂടുതല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടിക്കാണത്രേ ജനപിന്തുണ കൂടുതല്‍. മലബാര്‍ സ്‌പെഷ്യല്‍ കോട്ടയം സ്‌പെഷ്യല്‍ എന്നൊക്കെ പറയുന്നതുപോലെ ഇപ്പോള്‍ ഹര്‍ത്താല്‍ സ്‌പെഷ്യല്‍ സാധനങ്ങള്‍ വരെ വാങ്ങാന്‍ കിട്ടും.

ഇവിടെ നിന്നും കഷ്ടപ്പെട്ട് താങ്കള്‍ നാട്ടില്‍ വല്ല വീടോ പറമ്പോ ഒക്കെ വാങ്ങിയെങ്കില്‍ അതിന്റെ ആവശ്യത്തിനായി തീര്‍ച്ചയായും നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറേണ്ടിവരും. ഹലോ ഇവിടുത്തെ Q സിസ്റ്റം വെയിറ്റ് ചെയ്യാതെ IQ ഉപയോഗിക്കണേ. മൂന്നു വഴികള്‍ സൂചിപ്പിക്കാം. ഒന്ന്, മത്തിക്കട മുതല്‍ മുഖ്യമന്ത്രി ഓഫീസ് വരെ പിടിപാടുള്ള നന്ദ ഗോപാലന്മാരുണ്ടവിടെ, ചെല്ലുക കാണുക കാര്യം പറയുക ഫീസ് അടക്കുക. ബാക്കി അവര്‍ നോക്കിക്കൊള്ളും. രണ്ട്, നല്ല നാടന്‍ മുണ്ടുമുടുത്ത് എല്ലാ പേപ്പറുകളും എടുത്തു ഓഫീസില്‍ പോവുക, പോവുക, വീണ്ടും പോവുക; ഒന്നും നടക്കാതെ തിരിച്ചുവരിക. മൂന്ന്, ഒരു സൂട്ടും കോട്ടുമൊക്കെയായിട്ടു വേണമെങ്കില്‍ സ്വല്‍പ്പം സ്‌പ്രേയും ഒക്കെ ചെയ്തു, എല്ലാ റൂളും മനസ്സിലാക്കി വാടകക്കെടുത്ത വണ്ടിയില്‍ ഒരു രാജാധിരാജാ സ്റ്റൈലില്‍ ചെല്ലുക. ഒന്നുകില്‍ നിങ്ങളുടെ ആറു മാസത്തെ സമ്പാദ്യം ഒരു ദിവസത്തിനുള്ളില്‍ ചിലവാക്കിക്കും അല്ലെങ്കില്‍ പട്ടി ചന്തക്കു പോയപോലെ താങ്കള്‍ തിരിച്ചുവരും – എങ്ങോട്ട് ? നമ്മുടെ ഗോപാലന്‍ചേട്ടനെ നോക്കി.

നാട്ടില്‍ ചെന്നാല്‍ നമ്മള്‍ നേരിടാന്‍ സാധ്യതയുള്ള മറ്റൊരു പ്രശ്‌നമാണ് ടെലി-കമ്മ്യൂണിക്കേഷന്‍ പ്രോബ്ലം. ഉപായമുണ്ട്. ആരോടും അലര്‍ജി വേണ്ട എയര്‍പോര്‍ട്ടില്‍ ഇറങ്ങി എല്ലാ സേവനദാതാക്കളുടെയും ഓരോ സിം വാങ്ങണം. പോകുന്ന വഴി ത്രിബിളോ ഫോര്‍ബിളോ സിം ഇടാവുന്ന ഒരു ചൈന ഫോണും, നാട്ടിലിപ്പോള്‍ പഞ്ചായത്ത് തിരിച്ചാ സിഗനല്‍ കിട്ടുക. പിന്നേ മറ്റൊന്ന് കൂടി നമ്മുടെ കുടുംബത്തെ അയല്‍വക്കത്തും ബന്ധുവീട്ടിലും ഒക്കെ വിടുമ്പോള്‍ മേല്പ്പറഞ്ഞ ഒരു ചൈനീസ് ഉപകരണം അവരുടെ കയ്യിലും ഉണ്ടെന്നുറപ്പ് വരുത്തണേ.. മറ്റൊന്നുമല്ല വെറുതെ ഒന്ന് കേറീട്ടു വരാം എന്ന് പറഞ്ഞു പോകുന്ന അവര്‍ മിക്കപ്പോഴും നമ്മുടെ നാട്ടിലെ ചക്കയും ഗള്‍ഫില്‍ കിട്ടുന്ന ചക്കയും തമ്മിലുള്ള വ്യത്യാസവും, മമ്മൂട്ടിയെ നേരില്‍ കണ്ട കാര്യവും ഒക്കെപ്പറഞ്ഞു വരുമ്പോള്‍ നമ്മുടെ പരിധിക്കു പുറത്താവും; മാത്രവുമല്ല കയ്യില്‍ കെട്ടിയിരിക്കുന്ന വാച്ചിലെ സമയം ഇന്ത്യന്‍ ആവില്ല.

ചേച്ചിമാര്‍ ഷോപ്പിങ്ങിനു പോകുമ്പോള്‍ നമുക്ക് തിരികെ കൊണ്ടുവരാവുന്ന തൂക്കം അവരെ ഓര്‍മ്മിപ്പിക്കാന്‍ അവരുടെ ഫോണിന്റെ റിംഗ് ട്യൂണ്‍ 30 കിലോ എന്നോ ഇവിടെ വന്നു കഴിയുമ്പോള്‍ അലമാരിയില്‍ സ്ഥലമുണ്ടാവില്ല എന്ന കാര്യം ഓര്‍മ്മിപ്പിക്കാന്‍ ‘ഇടമില്ലോരേടവും’ എന്നോ ഒക്കെ ആക്കി മാറ്റാന്‍ ശ്രദ്ധിക്കണേ.

നമ്മുടെ കുടുംബത്തിലെ സ്ത്രീ മെമ്പര്‍മാര്‍ക്ക് വരാന്‍ സാധ്യതയുള്ള ഒരു പകര്‍ച്ച വ്യാധിയെപ്പറ്റിയും സൂചിപ്പിക്കട്ടെ. വൈകിട്ട് ഏഴു മണിമുതല്‍ രാത്രി പതിനൊന്നു മണിവരെ പരിസര ബോധം മറന്നു കരയുകയും ചിരിക്കുകയും ചെയ്യുക എന്നതാണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. നാട്ടിലെ കേബിള്‍ ടി വി വഴിയായും ചില ചാനലുകള്‍ യുഗങ്ങളായി തുടരുന്ന പരമ്പരകള്‍ വഴിയായും പടരുന്ന ചില ഐ വൈറസ് ആണിതിന് കാരണം എന്ന് പറയുന്നു. മേല്‍പ്പറഞ്ഞ ഉപകരണങ്ങള്‍ 7 മുതല്‍ 10വരെ ഉപയോഗിക്കാതിരിക്കുകയോ കെ എസ് ഇ ബിയില്‍ ഗോപാലന്‍ ചേട്ടന്‍ മുഖേന പ്രസ്തുത സമയത്ത് നമ്മുടെ വീട്ടില്‍ വൈദ്യുതി വരാതിരിക്കാനുള്ള അപേക്ഷ കൊടുക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കും.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇക്കാമാരും അച്ചായന്മാരുമൊക്കെ ഇവിടേയ്ക്ക് കൊണ്ടുവരാന്‍ ഉടുതുണികള്‍ വാങ്ങിക്കുന്നുണ്ടെങ്കില്‍ ചെല്ലുന്ന സമയത്തുതന്നെ വാങ്ങണേ…. ലാസ്റ്റ് മിനുട്ട് ഷോപ്പിങ്ങിനു നിന്നാല്‍ നാട്ടിലെ കപ്പയും ചക്കയും ഒക്കെ കഴിച്ചു നമ്മുടെ അളവ് മാറിയിട്ടുണ്ടാവും. തിരിച്ചു വന്നാല്‍ നമ്മുടെ കുബ്ബൂസ് തന്നെയല്ലേ ശരണം. ഇവിടെയാണേല്‍ വലുതാക്കാനും ചെറുതാക്കാനും കൊടുക്കുന്ന കാശിനു വേറെ വാങ്ങാം.

ഇങ്ങോട്ടേക്ക് കപ്പയും മാങ്ങയും ഒക്കെ പായ്ക്ക് ചെയ്യുമ്പോള്‍ എയര്‍പോര്‍ട്ടില്‍ കൊടുക്കേണ്ടിവരുന്ന അധികച്ചിലവും അവിടെയും ഇവിടെയും വണ്ടിക്കാരനും പോര്‍ട്ടര്‍ക്കും കൊടുക്കേണ്ടി വരുന്ന പൈസയും കൂടി നോക്കി നമ്മുടെ പറമ്പിലെ സാധനം തന്നെ വേണോ അതോ നമ്മുടെ യൂസഫ്ക്കാ കാര്യമായി കൊണ്ട് വരുന്ന ലുലു ബ്രാന്‍ഡ് മതിയോ എന്ന് ആലോചിച്ചുനോക്കണേ.

രാഷ്ട്രീയ കോമഡികള്‍ നേരില്‍ക്കാണാനും, പറ്റിയാല്‍ അതില്‍ പങ്കാളികളാവാനും (കണ്ണൂരുകാരൊഴികെ) നാട്ടിലെ നല്ല മഴയത്ത് വീട്ടുകാരോടൊപ്പം ഒരിക്കല്‍ കൂടി ഒരു തനിനാട്ടുകാരനായിത്തീരാനും എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന ആശംസയോടെ. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

തോമസ് ചെറിയാന്‍

തോമസ് ചെറിയാന്‍

കഴിഞ്ഞ ആറ് വര്‍ഷമായി ദോഹയില്‍ എണെസ്റ്റ് ആന്‍ഡ് യംഗില്‍ ഓഫീസ് കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്യുന്ന തോമസ് ചെറിയാന്‍ കോഴിക്കോട് സ്വദേശിയാണ്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍