UPDATES

പ്രവാസം

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഗള്‍ഫ് ന്യൂസ് പത്രത്തിന്റെ എഡിറ്റര്‍-അറ്റ്-ലാര്‍ജിനെ അറസ്റ്റ് ചെയ്തു

ഗള്‍ഫ് ന്യൂസ് പത്രത്തിന്റെ എഡിറ്റര്‍-അറ്റ്-ലാര്‍ജ് ഫ്രാന്‍സിസ് മാത്യുവിനെയാണ് ദുബായ് പോലീസ് അറസ്റ്റ് ചെയ്തത്‌

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഗള്‍ഫ് ന്യൂസ് പത്രത്തിന്റെ എഡിറ്റര്‍-അറ്റ്-ലാര്‍ജ് ഫ്രാന്‍സിസ് മാത്യുവിനെ (60) ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ബ്രിട്ടീഷ് പൗരത്വമുള്ള ജെയ്ന്‍ മാത്യുവിനെ (62) അവരുടെ ജുമൈറയിലുള്ള അപ്പാര്‍ട്ടുമെന്റില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. ഫ്രാന്‍സിസ് മാത്യുവാണ് പോലീസിനെ ഭാര്യയ്ക്ക് പരിക്കേറ്റു എന്ന വിവരം അറിയിച്ചത്. വീട്ടിലേക്ക് കടന്നുകയറിയ മോഷ്ടാക്കളാണ് കൃത്യം നിര്‍വഹിച്ചതെന്നായിരുന്നു അദ്ദേഹം പോലീസിനോട് പറഞ്ഞത്.

ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഫ്രാന്‍സിസിനെയാണ് പോലീസ് കണ്ടെത്. എന്നാല്‍ അവര്‍ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ വച്ച് മരിച്ചു എന്ന് സ്ഥിതീകരിക്കുകയായിരുന്നു. തലയില്‍ ഭാരമുള്ള വസ്തുകൊണ്ടുള്ള അടിയേറ്റാണ് ജെയ്ന്‍ മരിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിലുള്ള ഫ്രാന്‍സിസിന്റെ പങ്ക് വ്യക്തമായത്.

ഒരു കലഹത്തെ തുടര്‍ന്ന് താന്‍ ഭാര്യയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് ഫ്രാന്‍സിസ് മാത്യു സമ്മതിച്ചതായി പോലീസ് ട്വീറ്ററിലൂടെ വ്യക്തമാക്കി. ഒരു ചുറ്റിക കൊണ്ടാണ് ഭാര്യയുടെ തലയ്ക്കടിച്ചതെന്നും എന്നാല്‍ അവരെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് പ്രതിയുടെ മൊഴി. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

സംഭവത്തില്‍ ഞെട്ടലും ഖേദവുമുണ്ടെന്ന് ഗള്‍ഫ് ന്യൂസ് എഡിറ്റര്‍-ഇന്‍-ചീഫും പബ്ലിക്കേഷന്‍സിന്റെ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ അബ്ദുള്‍ ഹമീദ് അഹമ്മദ് പറഞ്ഞു. 1995-2005 കാലയളവില്‍ പത്രത്തിന്റെ എഡിറ്ററായി സേവനം അനുഷ്ടിച്ച വ്യക്തിയാണ് ഫ്രാന്‍സിസ് മാത്യു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം മിഡില്‍ ഈസ്റ്റ് വിഷയങ്ങളിലുള്ള അഗാധജ്ഞാനത്തിന്റെ പേരില്‍ പരക്കെ ബഹുമാനിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് പ്രവാസികളുടെ ക്ഷേമത്തിനായി കഴിഞ്ഞ 30 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാണ് ദമ്പതികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍