UPDATES

വിദേശം

ഗള്‍ഫ് യുദ്ധം; ഈ നഷ്ടങ്ങള്‍ക്ക് ആര് മറുപടി പറയും? ഭാഗം 5

Avatar

ജോയ് ഏനാമാവ്

(ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന് ഇന്ന് 26 വര്‍ഷം തികയുന്നു. 1990 ആഗസ്റ്റ് 2നായിരുന്നു ഇറാഖി പട്ടാളം കുവൈറ്റിലേക്ക് പ്രവേശിച്ചത്. ഗള്‍ഫില്‍ നടക്കുന്ന യുദ്ധം എന്നതിലുപരി സ്വന്തം മണ്ണില്‍ നടക്കുന്ന അധിനിവേശമായാണ് മലയാളിക്കത് അനുഭവപ്പെട്ടത്. ഗള്‍ഫ് മലയാളികള്‍  ഇപ്പോള്‍ മറ്റൊരു അതിജീവന പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍, അന്ന് ഗള്‍ഫ് യുദ്ധം മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്ത ജോയി ഏനാമാവ് തന്റെ അനുഭവങ്ങളും യുദ്ധത്തിന്റെ പിന്നിലെ രാഷ്ട്രീയവും മലയാളികള്‍ കടന്നുപോയ പ്രതിസന്ധികളും അവതരിപ്പിക്കുകയാണ് ഈ ലേഖന പരമ്പരയില്‍. ആദ്യ ലേഖനങ്ങള്‍ ഇവിടെ വായിക്കാം- നമ്മള്‍ പോരാടാത്ത ഒരു യുദ്ധത്തിന്റെ ഓര്‍മ്മകള്‍ഇറാഖിന്റെ കുവൈറ്റ് അധിനിവേശം; ചില അമേരിക്കന്‍ ഇടപാടുകള്‍ആ യുദ്ധം ഇവര്‍ നേരില്‍ക്കണ്ടു; തൃശൂരിലെ വിജയനും ഡോ. ത്രേസ്യയുംലോകരാജ്യങ്ങളെ അതിശയിപ്പിച്ച ഇന്ത്യയുടെ എയര്‍ലിഫ്റ്റ്)

യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങള്‍ ഇറാഖിനെ സംബന്ധിച്ച് ദാരിദ്ര്യത്തിലേക്കുള്ള കൂപ്പുകുത്തലായിരുന്നു. ഇതിനേക്കാള്‍ ഭയാനകമായിരുന്നു രാജ്യത്തെ ഭരണസംവിധാനത്തിനേറ്റ തകര്‍ച്ച. ഉപരോധം ഇറാഖിനെ അക്ഷരാര്‍ത്ഥത്തില്‍ കുത്തുപാളയെടുപ്പിച്ചു. അവശ്യമരുന്നും വിശപ്പടക്കാന്‍ ഭക്ഷണവുമില്ലാതെ ഇറാഖി ജനത ലോകത്തിനു മുന്നില്‍ നിസ്സഹായരായി. സമ്പന്നതയുടെ മടിത്തട്ടില്‍ ജീവിച്ചിരുന്നപ്പോള്‍ എപ്പോഴും ശാന്തിയും സമാധാനവും കാംക്ഷിച്ചിരുന്ന ഒരു ജനതക്കുണ്ടായ ഗതികേടില്‍ സഹതപിച്ചിരുന്ന ലോകരാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. പക്ഷെ, ഇന്ത്യയ്ക്കും നിസ്സഹായതയോടെ നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

ഒരു ലക്ഷം പട്ടാളക്കാരെയും 700 ടാങ്കുകളുമായിരുന്നു ഇറാഖ് കുവെത്തിലേക്കു അയച്ചത്. ഇതിലൊരാള്‍പോലും തിരിച്ചു പോയതായി രേഖപ്പെടുത്തിയിട്ടില്ല ഇന്നുവരെ. ടാങ്കുകളുടെ കഥ പറയുകയും വേണ്ട. ഹൈവേ 80 ല്‍ വെച്ച് തിരിച്ചു പൊയ്‌ക്കൊണ്ടിരുന്ന ഇറാഖി പട്ടാളക്കാരെ മുഴുവന്‍ സഖ്യസേന ബോംബിട്ടു കൊന്നെന്നു പറയുന്നതാകും ശരി. മരണത്തിന്റെ ഹൈവേയായിട്ടാണ് ഈ വീതിയേറിയ സുന്ദരമായ റോഡ് പിന്നീട് അറിയപ്പെട്ടത്. ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടപ്പോള്‍ 3 ലക്ഷം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പകുതിയോളം പേര്‍ സ്ഥിരമായ അംഗവൈകല്യമുള്ളവരായി. പലരും പിന്നീട് മരണത്തിന് കീഴടങ്ങി.

അധിനിവേശവും യുദ്ധവും കുവെത്തിനും ആള്‍നാശം വരുത്തി. 1000 പേര്‍ മരണപ്പെട്ടു. 600 പേരെ കാണാതായി. ഇതില്‍ 246 പേരുടെ ശേഷിപ്പുകള്‍ പിന്നീട് പല ഘട്ടങ്ങളിലായി വിവിധ പ്രദേശങ്ങളില്‍ നിന്നും കണ്ടെടുത്തു. 


ഇറാഖി ടാങ്കുകള്‍ കുവൈറ്റ് സിറ്റിയില്‍

6,70,000 പട്ടാളക്കാരാണ് സഖ്യസേനക്കുവേണ്ടി 28 രാജ്യങ്ങളില്‍ നിന്നായി യുദ്ധത്തില്‍ അണിനിരന്നത്. ഇതില്‍ 4,25,000 പേര്‍ അമേരിക്കന്‍ പട്ടാളക്കാരായിരുന്നു.

ഗള്‍ഫ് യുദ്ധത്തിനു മൊത്തം ചെലവായത് 6100 കോടി അമേരിക്കന്‍ ഡോളറാണെന്നാണ് കണക്കുകള്‍ നിരത്തി അമേരിക്ക അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചത്. ഇതില്‍ കുവെത്ത്, സൗദി അറേബ്യ, മറ്റു ഗള്‍ഫുനാടുകള്‍ ചേര്‍ന്ന് 3600 കോടി ഡോളര്‍ നല്‍കി. ജര്‍മനിയും ജപ്പാനും കൂടി 1600 കോടിയാണ് ചെലവിലേക്കായി സംഭാവന ചെയ്തത്. യുദ്ധത്തിന്റെ കടബാധ്യതകള്‍ തീര്‍ക്കാനായി സൗദി അറേബ്യയ്ക്ക് ചരിത്രത്തില്‍ ആദ്യമായി അന്തര്‍ദേശിയ പണമിടപാടു സ്ഥാപനത്തില്‍ നിന്നും കടമെടുക്കേണ്ടി വന്നു.

2016 ജനുവരി മാസം വരെയുള്ള കണക്കനുസരിച്ച് 4600 കോടി അമേരിക്കന്‍ ഡോളര്‍ കുവെത്തിനു ഇറാഖ് കൊടുക്കാനുണ്ട്. യുദ്ധകാലത്ത് കുവെത്തിന്റെ 900 ഓളം വരുന്ന എണ്ണക്കിണറുകള്‍ക്കു തീകൊളുത്തി നശിപ്പിച്ചതിന്റെ നഷ്ടപരിഹാരമാണ് ഈ തുക.

രായ്ക്കു രാമാനം കുവെത്തില്‍ നിന്നും ജീവനും കൊണ്ടോടിയവരില്‍ സ്വന്തം ബിസിനസ് നടത്തുന്ന നിരവധി  പേരുണ്ടായിരുന്നു. സമ്പാദ്യം മഴുവന്‍ കുവെത്തിലെ വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചവര്‍ ഏറെ. എന്നാല്‍, ഒന്നും ഇല്ലാതിരുന്നവരില്‍ ചില വിരുതന്മാര്‍ വാഹന ഷോറൂമില്‍ കയറി പുതിയ കാറ് അടിച്ചു  മാറ്റി കരമാര്‍ഗ്ഗം നാടുപറ്റിയ ചരിത്രവുമുണ്ട്.  അപൂര്‍വ്വമായെങ്കിലും   മലയാളികളില്‍ ചിലരും ഇത്തരക്കാരില്‍  ഉണ്ടായിരുന്നു. ഇവര്‍ക്കും ഐക്യരാഷ്ട്രസഭ നല്‍കിയ നഷ്ട പരിഹാരം ലഭിച്ചു, സാധാരണക്കാരേക്കാള്‍ കൂടുതല്‍.


ഇന്ത്യന്‍ അഭയാര്‍ത്ഥികള്‍ അമ്മാന്‍ വിമാനത്താവളത്തിന് പുറത്ത്

ഐക്യരാഷ്ട്രസഭ 1993 ഡിസംബര്‍ 31 വരെ 1,40,900 അപേക്ഷകള്‍ പരിഗണിച്ചു. നഷ്ടപരിഹാരമായി നല്‍കിയ മൊത്തം തുക 187 കോടി 45 ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു. ഇതിനു പുറമെ 100 പേര്‍  വന്‍നിക്ഷേപകരുടെ പട്ടികയിലുണ്ടായിരുന്നു. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്കായി 136 കോടി ഡോളര്‍ പിന്നേയും ജനീവയിലുള്ള യു. എന്‍. നഷ്ടപരിഹാര കമ്മീഷന്‍ നല്‍കി. തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരമായി ഇറാഖില്‍ നിന്നും ഈടാക്കിയ ഏററവും വലിയ തുകയായിരുന്നു ഇത്. ഉപരോധത്തിനു കീഴില്‍ വീര്‍പ്പുമുട്ടി കഴിഞ്ഞിരുന്ന ഒരു ജനതയില്‍ നിന്നുള്ളതായിരുന്നു ഇത്രയും വലിയതുക. ഇറാഖിന് അനുവദിച്ചിരുന്ന പരിമിതമായ എണ്ണവില്‍പ്പനയില്‍ നിന്നും പിടിച്ചെടുത്ത പണം.

അപേക്ഷിക്കേണ്ടതിനെപ്പറ്റി കാര്യമായ ധാരണയോ വിവരമോ ഇല്ലാത്തതുമൂലം നിരവധി ഇന്ത്യക്കാര്‍ക്കു പ്രത്യേകിച്ചു മലയാളികള്‍ക്കു ഈ ആനുകുല്യം ലഭിച്ചില്ല. മാത്രമല്ല, ഐക്യരാഷ്ട്രസഭ നല്‍കിയ നഷ്ടപരിഹാര തുക മുഴുവനായി ഉപയോഗപ്പെടുത്താന്‍ കഴിയാതെ ഇന്ത്യന്‍ അധികൃതര്‍ വലഞ്ഞു. കുറേ കാലം കോടിക്കണക്കിനു ഡോളര്‍ ഇതുമൂലം ഇന്ത്യ സൂക്ഷിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞും കണക്കുകള്‍ ബോധിപ്പിക്കാനാകാതെ ഈ തുക പിന്നീട് എന്തു ചെയ്‌തെന്നറിയില്ല. ഗള്‍ഫ് പ്രതിസന്ധിയും യുദ്ധവും ചിലര്‍ക്കെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ട്.

ഒന്നാം ഗള്‍ഫ് യുദ്ധം ഒരു തുടക്കമായിരുന്നു. പിന്നീട് 2003 ല്‍ അമേരിക്കയുടെ ഇറാക്ക് അധിനിവേശ യുദ്ധം ഇറാഖിനേയും സിറിയയേയും പൂര്‍ണ്ണമായും ഭീകരരുടെ താവളമാക്കി മാറ്റുന്നതിലേക്ക് നയിച്ചു. രണ്ടാം ഗള്‍ഫ് യുദ്ധാനന്തരം സുശക്തമായൊരു ഭരണകൂടം ഇറാഖിലുണ്ടായിയില്ല. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷക്കായി കുറ്റമറ്റ സംവിധാനം ഏര്‍പ്പെടുത്താതെ അമേരിക്കന്‍ സേനയുടെ പിന്മാറ്റം ഇറാഖിനേറ്റ മറ്റൊരു പ്രഹരമായി. ചുരുക്കത്തില്‍ ഗള്‍ഫു യുദ്ധങ്ങള്‍ ലോകത്തിനു സമ്മാനിച്ചത് സംഘടിതമായ ഭീകര പ്രവര്‍ത്തനങ്ങളാണ്. 

(തുടരും)

(മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍