UPDATES

അമേരിക്കയില്‍ എത്ര തോക്കുകളുണ്ട്?

Avatar

ക്രിസ്റ്റഫര്‍ ഇന്‍ഗ്രഹാം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

വെടിവെയ്പ്പും കൂട്ടക്കൊലകളും തുടര്‍ സംഭവങ്ങളാവുമ്പോഴും യു എസിലാകെ എത്ര പേര്‍ തോക്ക് കൈവശം വച്ചിട്ടുണ്ടെന്നോ, ഓരോരുത്തരുടേയും പക്കല്‍ എത്ര തോക്കുകള്‍ വീതമുണ്ടെന്നോ സംമ്പന്ധിച്ച കൃത്യമായ പുതിയ കണക്കുകള്‍ എവിടേയും ലഭ്യമല്ല. തോക്കുകള്‍, സ്‌ഫോടകവസ്തുക്കള്‍, ലഹരി ഉത്പ്പന്നങ്ങള്‍ എന്നിവയുടെ നിയമവിരുദ്ധമായ ഇടപാടുകള്‍  തടയേണ്ട ചുമതലയുള്ള എ.ടി. എഫ്  (Bureau of Alcohol, Tobacco, Firearms and Explosives ) ആണ് ഇതു സംബന്ധിച്ച കണക്കെടുക്കുന്നത്. ഇവരിപ്പോള്‍ തോക്കു നിര്‍മ്മാണം സംബന്ധിച്ചു ശേഖരിച്ച കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ വിശകലനം ചെയ്തു വരുന്നതേയുള്ളു. 

കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ചവയില്‍  കയറ്റുമതി ചെയ്ത ബാക്കിയും, പുതിയയതായി നിര്‍മ്മിച്ചവയും യു.എസിലേക്ക് ഇറക്കുമതി ചെയ്തവയുമടക്കം എല്ലാം കൂടി കണക്കാക്കുമ്പോള്‍ ഏകദേശം 3.7 കോടി തോക്കുകളാണുള്ളത്. ഇത് ഇവിടെയുള്ള ജനസംഖ്യയേക്കാള്‍ 40 ലക്ഷം കൂടുതലാണെന്നതാണ് വസ്തുത. നിയമവിരുദ്ധമായി കടത്തുന്നവയും, കേടായവയും, നഷ്ടമായവയുമടക്കമുള്ള കണക്കാണിത്. 

അമേരിക്കയില്‍ നശിച്ചും നഷ്ടപ്പെട്ടും പോപ്പോകുന്ന തോക്കുകള്‍ തന്നെ ലക്ഷക്കണക്കിന് വരുമെന്നു വിദഗ്ദ്ധര്‍ പറയുന്നു. ”ആകെ ഉള്ളതിന്റെ 1 ശതമാനത്തില്‍ കൂടുതല്‍ തോക്കുകള്‍ പ്രതിവര്‍ഷം കേടായിപ്പോകുകയോ, കളഞ്ഞുപോകുകയോ ചെയ്യുന്നുണ്ട്. അത്തരം വിവരങ്ങളൊന്നും പക്ഷേ എ.ടി. എഫ് കാര്യമായി ശേഖരിക്കുന്നില്ല.”  ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഫിലിപ്പ്. ജെ. കുക്ക് പറയുന്നു.  തേയ്മാനം വന്ന തോക്കുകളുടെ എണ്ണമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് പക്ഷേ എല്ലാവരും സമ്മതിക്കുന്നുണ്ട്. 

സി.ആര്‍.എസ് എന്നറിയപ്പെടുന്നെ ഗവേഷക പ്രതിനിധി സംഘം അമേരിക്കയിലെ വര്‍ദ്ധിച്ചു വരുന്ന തോക്കുപയോഗത്തെക്കുറിച്ച് 2012ല്‍ വിശദ്ധമായൊരു പഠന റിപ്പോര്‍ട്ട്  പ്രസിദ്ധീകരിച്ചിരുന്നു. അതനുസരിച്ച് കഴിഞ്ഞ പതിറ്റാണ്ടിലുണ്ടായതിനേക്കാള്‍ വേഗതയിലാണ് ഇപ്പോള്‍ തോക്കുകള്‍ രാജ്യത്ത് പെരുകുന്നത്. 1996ല്‍ 24.2 കോടി തോക്കുകളാണ് അമേരിക്കയിലുണ്ടായിരുന്നത്. 2000ത്തിലത് 25.9 കോടിയായപ്പോള്‍ 2009ല്‍ 31 കോടിയായാണ് വര്‍ദ്ധിച്ചത്.

ഈ റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കുകള്‍ ശരിയാണെങ്കില്‍ ഒബാമ  പ്രസിഡന്റായ ആദ്യ വര്‍ഷം തന്നെയാണ് (2009) തോക്കുകളുടെ എണ്ണത്തിന്റെ കാര്യത്തിലും  ചരിത്രപരമായ നിര്‍ണ്ണായക വര്‍ദ്ധനയുണ്ടായിരിക്കുന്നത്. തോക്കുകളുടെ എണ്ണം ആദ്യമായി ജനസംഖ്യയെ കവച്ചു വച്ചത് ആ വര്‍ഷമാണ്. 

ആളുകളുടെ കൈവശമുള്ള തോക്കുകളുടെ യഥാര്‍ത്ഥ എണ്ണം സംബന്ധിച്ച് വ്യക്തതയില്ലെങ്കിലും ഒബാമയുടെ ഭരണക്കാലയളവില്‍ അമേരിക്കയില്‍ തോക്കുനിര്‍മ്മാണം  വളരെയേറെ കൂടിയെന്നത് സുവ്യക്തമാണ്. എ.ടി.എഫ് പറയുന്ന കണക്കനുസരിച്ച് 2013ല്‍ 56 ലക്ഷം തേക്കുകള്‍ നിര്‍മ്മിക്കപ്പെട്ടുവെങ്കില്‍ തൊട്ടടുത്ത വര്‍ഷം ഏകദേശം ഇരട്ടിയായി. 1.09 കോടി തോക്കുകളാണ് 2014ല്‍ നിര്‍മ്മിച്ചത്. 

തോക്കു നിര്‍മ്മാണം കൂടുന്ന പ്രവണതയെ ഒബാമ എഫക്റ്റ് എന്നാണ് നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. കൂട്ട വെടിവെയ്പ്പിനെക്കുറിച്ചുള്ള വാര്‍ത്തകളും തോക്കുനിയമം കൂടുതല്‍ കര്‍ക്കശമാക്കണമെന്നുമുള്ള വാദങ്ങളും സജീവമാകുന്ന സമയത്തെല്ലാം നിയമം ഉടന്‍ മാറുമെന്ന തോന്നലില്‍ നിലവിലെ സാഹചര്യം പ്രയോജനപ്പെടുത്തി തോക്കുകള്‍ വാങ്ങിക്കൂട്ടാന്‍ ആളുകള്‍ ശ്രമിക്കുന്നു..” അവസാന അവസരം പരമാധി പ്രയോജനപ്പെടുത്തുകയെന്ന മനോഭാവമാണ് ജനങ്ങള്‍ക്ക്. എന്നാല്‍ 2008 മുതല്‍ ഇതുവരെയായി ഫെഡറന്‍ തോക്ക് നിയമത്തിന് നിര്‍ദ്ദേശിച്ച ഒരു ഭേദഗതിയും കോണ്‍ഗ്രസ് പാസാക്കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം” ക്രിമിനോളജിസ്റ്റ് ആയ ഗ്രേ കിക്ക് ചൂണ്ടിക്കാട്ടുന്നു. 

വെടിവെയ്പ്പ് സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ വ്യത്യസ്ഥമായ ചില നിരീക്ഷണങ്ങളുമായി ഈയിടെ വന്നൊരു പഠന റിപ്പോര്‍ട്ട് ഉടന്‍ തന്നെ മാധ്യമങ്ങള്‍ ഏറ്റെടുത്തു ചര്‍ച്ച തുടങ്ങി. സമീപ കാലത്തായി ചില  വെടിവെയ്പ്പ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും തോക്കിന്റെ എണ്ണം കൂടാന്‍ തുടങ്ങിയ 90കള്‍ മുതലുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ ഇക്കാലയളവില്‍ തോക്കുപയോഗിച്ചുള്ള കൊലപാതകങ്ങളും നരഹത്യകളും കുറഞ്ഞു വരുന്നതായും കാണാന്‍ കഴിയുമെന്നു ഹാര്‍വേഡ് സ്‌ക്കൂള്‍ ഓഫ് ഹെല്‍ത്തിന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തോക്കുകള്‍ കൂടുതലുള്ള പ്രദേശങ്ങളും, കുറഞ്ഞ പ്രദേശങ്ങളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ തോക്കുകള്‍ കൂടുതലുള്ള പ്രദേശത്തു തന്നെയാണ് കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നതെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ യഥാര്‍ത്ഥ സാഹചര്യങ്ങളുമായധികം ഒത്തു പോകുന്നതല്ല റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. എങ്കിലും തോക്കു നിയമം കൂടുതല്‍ കര്‍ശനമാക്കണമെന്നു അഭിപ്രായപ്പെടുന്നവര്‍ക്കും മറിച്ചുള്ള അഭിപ്രായമുള്ളവര്‍ക്കും വാദിച്ചു നില്‍ക്കാനുള്ള വക റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. തോക്കുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനയും, കൊലപാതകങ്ങളുടെ എണ്ണത്തിലുണ്ടായ കുറവും ചൂണ്ടിക്കാട്ടി തോക്കുകള്‍ കൊണ്ടുള്ള അക്രമങ്ങള്‍ കുറയ്ക്കാന്‍ തോക്കുകള്‍ കൂടുതലായി നല്‍കുകയാണ് വേണ്ടതെന്നു വരെ ഉദാരവാദികള്‍ വാദിച്ചു കളയാം. അതേ സമയം റിപ്പോര്‍ട്ടിനെ അധികം ഗൗരവത്തിലെടുക്കാത്ത മറുപക്ഷത്തുള്ളവര്‍ക്ക് തോക്കുകള്‍ കൂടുതലുള്ള പ്രദേശങ്ങളിലെ കൂടിയ കൊലപാതക നിര ക്ക് ചൂണ്ടിക്കാട്ടി ഉദാരവാദികളെ പ്രതിരോധിക്കാം.

വര്‍ഷങ്ങളുടേയും മാസങ്ങളുടേയും ഇടവേളകളില്‍ വലിയ മനുഷ്യക്കുരുതികള്‍ സംഭവിക്കുമ്പോള്‍ തോക്കു നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ പൂര്‍വ്വാധികം ശക്തമാവുകയാണ്. ഏതിര്‍ പക്ഷം കൂടുതല്‍ ശക്തമായിരിക്കുമെന്നാണ് അപ്പോള്‍ ഇരുപക്ഷവും കരുതുന്നത്. അതിനാല്‍ തന്നെ തങ്ങള്‍ കൂടുതല്‍ ദുര്‍ബലരായിപ്പോകരുതെന്ന ചിന്തയില്‍ മറുപക്ഷത്തെ ഏതൊരു ചെറിയ നീക്കത്തേയും ശക്തിയുക്തം എതിര്‍ക്കാന്‍ തുനിയുന്നു. തോക്കു വാങ്ങുന്നയാളുടെ പൂര്‍വ്വ പശ്ചാത്തലം കൂടുതല്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന ചെറിയ ഭേദഗതി പോലും കോണ്‍ഗ്രസില്‍ പാസാക്കിയെടുക്കാന്‍ കഴിയാത്തത് ഈയൊരു മനോഭാവം കൊണ്ടാണ്. നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഒരിക്കല്‍ ഈ നിര്‍ദ്ദേശം ഗീകരിച്ചതാണെങ്കിലും ചര്‍ച്ചകള്‍ കനത്തതോടെ മുന്‍ നിലപാടില്‍ നിന്നുമവര്‍ പുറകോട്ടു പോയി.

ഈ രണ്ടു വിഭാഗങ്ങളും എതിരഭിപ്രായങ്ങള്‍ മാറ്റിവച്ച് യോജിപ്പിലെത്താനുള്ള വല്ല സാധ്യതയുമുണ്ടോ. സാധ്യതളൊന്നും കാണുന്നില്ലെങ്കിലും വെറുതെയങ്ങനെ പ്രതീക്ഷിക്കാനാണു ഞാനിഷ്ടപ്പെടുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 17നുണ്ടായ ചാള്‍സ്റ്റണ്‍ ചര്‍ച്ച് വെടിവെയ്പ്പിനെത്തുടര്‍ന്നു ഇക്കണോമിസ്റ്റ് പത്രത്തില്‍ വന്ന ലേഖനത്തില്‍ പറഞ്ഞോരു കാര്യം ഞാനും ആവര്‍ത്തിക്കുന്നു. 

”അമേരിക്കയില്‍ ജീവിക്കുന്നവരോ,അല്ലെങ്കില്‍ അമേരിക്ക സന്ദര്‍ശിക്കുന്നവരോ ആയ ആരും പറയും. ഇവിടെ അടിക്കടിയുണ്ടാകുന്ന കൂട്ടക്കുരുതികള്‍ , ചൈനയിലെ വായു മലിനീകരണം പോലെ, ഗവണ്‍മെന്റിന് വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലാത്ത, പ്രദേശത്തെ ആരോഗ്യകരമായ ചുറ്റുപാടിനെ താറുമാറാക്കുന്ന, സാമൂഹ്യ, സാംസ്‌ക്കാരിക, സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന പേടിക്കേണ്ടൊരു സാഹചര്യമാണ്”

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍