UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാഗാ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍: നടന്നത് അതിര്‍ത്തി കടന്നുള്ള സൈനിക നടപടിയോ?

Avatar

അഴിമുഖം പ്രതിനിധി

ഇന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മ്യാന്‍മര്‍ സന്ദര്‍ശിക്കാനിരിക്കെ കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടന്ന വെടിവെപ്പിനെ തുടര്‍ന്നുള്ള ആശയക്കുഴപ്പം തുടരുന്നു. അത് അതിര്‍ത്തിയിലോ അതോ മ്യാന്‍മര്‍ അധീന പ്രദേശത്തോ എന്നതിനെ സംബന്ധിച്ച് സൈന്യവും പ്രാദേശിക പോലീസ് മേധാവിയും വ്യത്യസ്ത പ്രസ്താവനകളാണ് പുറത്തുവിട്ടത്. 

സൈന്യവും നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് (എന്‍ എസ് സി എന്‍-കെ) തീവ്രവാദികളും തമ്മില്‍ ഇന്ത്യ – മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശമായ നാഗാലാന്റിലെ മോണ്‍ ജില്ലയില്‍ ശക്തമായ വെടിവെപ്പു നടന്നതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ വിന്യസിച്ച പ്രത്യേക സേനാ വിഭാഗമാണ് തീവ്രവാദികളുമായി ഏറ്റുമുട്ടിയത്. മൂന്ന് യന്ത്രവത്കൃത തോക്കുകളും ആയുധങ്ങളുടെ വലിയൊരു ശേഖരവും ഇന്ത്യന്‍ സേന പിടിച്ചെടുത്തിട്ടുണ്ട്. മ്യാന്‍മറില്‍ നിന്ന് നുഴഞ്ഞുകയറ്റത്തിന് ഉപയോഗിക്കുന്ന വഴിയിലാണ് വെള്ളിയാഴ്ച രാവിലെ പതിയിരുന്നുള്ള ആക്രമണം നടന്നതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

അതിര്‍ത്തിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ മ്യാന്‍മറിലെ തൊറോളി ഗ്രാമത്തിന് അപ്പുറത്താണ് വെടിവെപ്പ് നടന്നതെന്ന് മോണ്‍ പോലീസ് സൂപ്രണ്ട് ആദ്യം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സംഭവം നടന്നത് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലാണെന്നും സൈന്യം വ്യക്തമാക്കുന്നു. അതിര്‍ത്തിക്കു പുറത്താണെന്ന തരത്തില്‍ നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ സൈന്യം നിഷേധിച്ചിട്ടുണ്ട്. തീവ്രവാദികളെ വഴിയില്‍ തടഞ്ഞെങ്കിലും അവര്‍ രക്ഷപ്പെടുകയായിരുന്നു. ഇരുവിഭാഗവും തമ്മില്‍ പരസ്പരം വെടിവെപ്പ് നടന്നു. പുലര്‍ച്ചെ മൂന്ന് മണിക്കു തുടങ്ങിയ ഏറ്റുമുട്ടല്‍ രണ്ടു മണിക്കൂറിലേറെ നീണ്ടു. തീവ്രവാദികള്‍ രക്ഷപ്പെട്ടെങ്കിലും സൈന്യം അവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മ്യാന്‍മറില്‍ ക്യാമ്പുകളുള്ള എന്‍ എസ് സി എന്‍ തീവ്രവാദികള്‍ തന്നെയാണ് ഇവരെന്നാണ് ബലമായ സംശയമെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.

സൈന്യത്തിന്റെ വിശദീകരണത്തെ തുടര്‍ന്ന് മോണ്‍ പോലീസ് സൂപ്രണ്ട് തന്റെ മുന്‍ പ്രസ്താവനയില്‍ നിന്നു പിന്നാക്കം പോയി. എന്നാല്‍ ആള്‍ ഇന്ത്യാ റേഡിയോ വെടിവെപ്പ് നടന്നത് തോറോളിയിലാണ് എന്നു പറഞ്ഞുകൊണ്ടു നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. 

സ്ഥിതിഗതികള്‍ വിലയിരുത്താനായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നിരോധിത തീവ്രവാദി സംഘടനയായ എന്‍ എസ് സി എന്‍ (കെ) കഴിഞ്ഞ മാര്‍ച്ചില്‍ 14 വര്‍ഷക്കാലം നീണ്ട കേന്ദ്ര സര്‍ക്കാരുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ നിന്നും പിന്മാറിയിരുന്നു. ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശം പരേശ് ബറുവയുടെ നേതൃത്വത്തിലുള്ള ഉള്‍ഫ തീവ്രവാദികള്‍ക്കും നാഷണല്‍ ഫ്രണ്ട് ഓഫ് ബോഡോലാന്റ് (സോന്‍ബിജിത്ത്), പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂര്‍ പോലുള്ള സായുധ സംഘടനകള്‍ക്കും ഒരു സുരക്ഷിത മേഖലയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ചാണ് എന്‍ എസ് സി എന്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്നും പിന്മാറിയത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ 18 സൈനികര്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു തൊട്ടുപിറകെ ഇന്ത്യയുടെ പ്രത്യേക സേനാ വിഭാഗം തിരിച്ചടിയുടെ ഭാഗമായി മ്യാന്‍മര്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് ആക്രമണം നടത്തിയിരുന്നു. സൈനികര്‍ക്കു നേരെ ആക്രമണം നടത്തിയ എന്‍ എസ് സി എന്‍ (കെ), കാന്‍ഗ്ലേയ് യാവോള്‍ കന്ന ലുപ് എന്നീ സംഘടനകള്‍ക്ക് കാര്യമായി പരിക്കേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആ സൈനിക നീക്കം. എന്നിരുന്നാലും തീവ്രവാദികള്‍ കൊല്ലപ്പെട്ടത് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലാണെന്ന് പറഞ്ഞ് അവര്‍ പിന്നീട് ആക്രമണത്തില്‍ നിന്ന് പിന്‍വലിയുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍