UPDATES

യാത്ര

ഗുണ്ടല്‍പേട്ട: പൂപ്പാടങ്ങള്‍ കടന്ന് നക്ഷത്രവേശ്യാലയങ്ങളിലേക്ക്

Avatar

രമേഷ് കുമാര്‍ വെള്ളമുണ്ട

മറുനാട്ടില്‍ നിന്നാണ് മലയാള നാട്ടിലേക്ക് ഓണമെത്തുന്നത്. ചുട്ടുപൊള്ളുന്ന മണ്ണില്‍ വെന്തുരുകിയ പച്ചക്കറി മുതല്‍ ഓണപ്പൂക്കള്‍ വരെയും കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തുന്നു. ഓണം ഒരുക്കുന്നതിന്റെ തകൃതിയായ തയ്യാറെടുപ്പുകളിലാണ് കന്നഡയുടെയും തമിഴിന്റെയും അതിര്‍ത്തികള്‍ പങ്കിടുന്ന വയനാടിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ചുവന്ന നാട്…ഗുണ്ടല്‍പേട്ട.

ആര്‍ക്കോവേണ്ടി  മണ്ണില്‍ ഇഴഞ്ഞു ജീവിക്കുന്ന ഒരു പറ്റം കര്‍ഷകരുടെ ഗ്രാമം. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ചുവന്ന മണ്ണിനെ ഓരോ കാലത്തും പലതരം നിറം പുതപ്പിക്കുന്നവര്‍. നൂറ് ഏക്കര്‍ മണ്ണിന് ഉടമയായ ജന്മി കന്നുകാലി കൂട്ടത്തിനെ മേച്ചുനടക്കുന്ന,ചിലപ്പോള്‍, ഭൂമുഖത്തെ ഏകസ്ഥലം. മാറ്റിയിടാന്‍ ഉടുതുണിക്ക് മറുതുണി ഇല്ലാത്തവര്‍. തലമുട്ടുന്ന ഗുഡികളില്‍ സ്വപ്നങ്ങളില്ലാതെ കാലത്തെ തോല്‍പ്പിക്കുന്നവര്‍. ഇവിടെയാണ് വടക്കന്‍ കേരളത്തിന്റെ ഓണം ഒരുങ്ങുന്നത്.

ഓണം അവരുടെയും ദേശീയ ഉത്സവം
ചെമ്പട്ടണിഞ്ഞു നില്‍ക്കുകയാണ് ഗുണ്ടല്‍പ്പേട്ടയിലെ ചെണ്ടുമല്ലിപ്പാടങ്ങളിപ്പോള്‍. മാനത്തേക്ക് മുഖം നോക്കി സൂര്യകാന്തി പൂക്കളും ഇടകലരുന്നതോടെ വിനോദ സഞ്ചാരികളുടെ താഴ്‌വാരമായിരിക്കുന്നു ഇന്ന് ഈ വശ്യമനോഹര കന്നഡ ഗ്രാമം. വേനലില്‍ ചുട്ടുപൊള്ളുന്ന കൃഷിയിടമാകെ മഴയുടെ കുളിരില്‍ പൂപ്പാടമായി മാറുമ്പോള്‍ ഗ്രാമവാസികള്‍ ഒന്നടങ്കം ആവേശത്തിലാണ്. മഞ്ഞയും ചുവപ്പും നിറങ്ങളില്‍ ഹെക്ടര്‍ കണക്കിന് പാടങ്ങളാണ് ഇവിടെയുളളത്. തെക്കന്‍ കാറ്റില്‍ ഉലയുന്ന പൂപ്പാടങ്ങള്‍ നേരില്‍ കാണാന്‍ വിദൂരത്ത് നിന്നുപോലും വിനോദ സഞ്ചാരികള്‍ ഇവിടെ എത്തുന്നു. ഓണക്കാലത്ത് കേരളത്തിലേക്ക് പൂക്കള്‍ കയറ്റി അയക്കുന്നതിലൂടെ നല്ലൊരു വരുമാനമാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. എ.വി.ടി കമ്പനിയുടെ പെയിന്റ് ഫാക്ടറിയിലേക്ക് ലോഡുകണക്കിന് പൂക്കളാണ് ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നത്. 

നഗരത്തില്‍ നിന്നും വന്നുപോകുന്ന പാട്ട ഭൂമിക്കാരായ അംബാനിമാര്‍ നല്‍കുന്ന കൂലിയിലാണ് ഇവരുടെ പ്രതീക്ഷകളെല്ലാം. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുളച്ചു പൊന്തിയ നഗരങ്ങളിലെ മാളുകളുടെ മുതലാളിമാരാണ് ഇവരുടെ കൂലിയും ജീവിതവും നിശ്ചയിക്കുന്നത്. കന്നുകാലി കൂട്ടങ്ങള്‍ക്കിടയിലേക്ക് വര്‍ഷത്തില്‍ രണ്ടുതവണ മാത്രമെത്തുന്ന പേരറിയാത്ത മുതലാളിമാര്‍ നീട്ടിക്കൊടുക്കുന്ന പാട്ടത്തുകയാണ് ഇവരുടെ വരുമാനം. ഇതിനുള്ളില്‍ പരിമിതമാണ് ഇവരുടെ എളിയ ജീവിതവും. 

നേരം വെളുത്ത തുടങ്ങിയാല്‍ പിന്നെ ഇരുള്‍ വീഴുന്നതുവരെയും കന്നുകാലികളെയും കൊണ്ട് നിലം ഉഴുതുമറിക്കുന്ന കര്‍ഷകര്‍ക്ക് പൂപ്പാടങ്ങള്‍ ഒരുക്കാനുള്ള വിത്തുകളും കമ്പനികള്‍ നല്‍കും. പകരം പൂവ് നല്‍കണമെന്നാണ് കരാര്‍. വിലയെല്ലാം സാധാരണ പോലെ തന്നെ. ഒരു കിലോയ്ക്ക് മൂന്നുരൂപ. നഗരത്തിലെത്തിച്ചാല്‍ കമ്പനിക്ക് കിട്ടും മുന്നൂറു രൂപ. ഇതൊന്നും ഇവരറിയേണ്ട.സ്വന്തം ഭൂമിയില്‍ അഭയാര്‍ത്ഥിയായി മാറിപ്പോയവര്‍ക്ക് ചോദ്യം ചോദിക്കാനുള്ള നാവും എന്നോ നഷ്ടമായതാണ്.

ഒരു വിള കൃഷി കഴിഞ്ഞാല്‍ മറ്റൊരു കൃഷിക്ക് ഒരു ഇടവേളയുണ്ടാകും. ഇക്കാലത്താണ് ഗ്രാമീണര്‍ പച്ചക്കറി കൃഷി നടത്തുക. ഇവിടെ വിളവെടുപ്പ് തുടങ്ങുമ്പോളേക്കും മലയാളികളായ കച്ചവടക്കാരാണ് ഓടിയെത്തുക. തക്കാളി മുതല്‍ ബീറ്റ് റൂട്ടും വെള്ളരിയുമെല്ലാം അവര്‍ക്ക് വേണം. ഒന്നിനും കിലോയ്ക്ക് അഞ്ചുരൂപയില്‍ കൂടാനും പാടില്ല. വിലപേശാന്‍ മിടുക്കരായ മലയാളികളും ഇവരുടെ കണ്ണീരിനും കഷ്ടപ്പാടുകള്‍ക്കും ചില്ലറ തുട്ടുകളാല്‍ വിലയിട്ടു നല്‍കും. അതിര്‍ത്തി കടന്നാല്‍ അഞ്ചിരട്ടി വിലയിട്ട പച്ചക്കറി വാങ്ങാന്‍ നാട്ടില്‍ മലയാളികള്‍ കാത്തുനില്‍ക്കുന്നുണ്ടാകും.

ഓണമെത്തിയാല്‍ കച്ചവടക്കാര്‍ കൂടും. ഇവര്‍ക്കിടയിലെ മത്സരം കൃഷിക്കാര്‍ക്ക് അല്‍പ്പം ആശ്വാസമാണ്. വില അല്‍പ്പം കൂട്ടിയെടുക്കാന്‍ കച്ചവടക്കാര്‍ വരുന്ന ഓണക്കാലം അതുകൊണ്ടാണ് അവര്‍ക്കും ദേശീയ ഉത്സവമായി മാറിയത്.

മഴക്കാടുകള്‍ക്കിടയില്‍ ഗോപാല്‍സ്വാമി ബേട്ട
നീലഗിരി മലനിരകള്‍ അതിരിടുന്ന ഗോപാല്‍സ്വാമി ബേട്ട ഒരു നിഴല്‍ ചിത്രമായി മുന്നില്‍ക്കാണാം.നൂലു പിടിച്ചതുപോലെയുള്ള പാതയിലൂടെ പൂപ്പാടങ്ങള്‍ പിന്നിട്ടാല്‍ ഗോപാല്‍സ്വാമി അമ്പലത്തിന്റെ കവാടമായി. കര്‍ണ്ണാടക വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് വനജ്യോത്സനകള്‍ തിടമ്പേറ്റി നില്‍ക്കുന്ന ഈ പരിസരമൊന്നാകെ. സമുദ്ര നിരപ്പില്‍നിന്നും രണ്ടായിരത്തിലധികം അടി ഉയരത്തിലുള്ള മാനം തൊടുന്ന മലനിരകളിലേക്ക് ചുരം കയറി വേണം എത്താന്‍. ഇരുവശത്തും മഴക്കാടുകളുണ്ട്. ഉയരത്തിലെത്തുമ്പോഴും താഴ്വാരങ്ങളില്‍ മേഞ്ഞു നടക്കുന്ന വന്യമൃഗങ്ങളെ കാണാം. പാറക്കല്ലുകള്‍ പോലെ ചെറുതായി ആനക്കൂട്ടങ്ങള്‍ മേഞ്ഞു നടക്കുന്ന കാഴ്ച ഗോപാല്‍സ്വാമി ബേട്ടയിലെ മാത്രം കാഴ്ചയാണ്. സദാസമയവും മഞ്ഞു പുതഞ്ഞുനില്‍ക്കുന്ന ക്ഷേത്രം തീര്‍ത്ഥാടകരുടെ പുണ്യഭൂമിയാണ്. കൃഷ്ണനും രാധയുമാണ് പ്രതിഷ്ഠ. 14-ആം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം മഞ്ചണ്ഡ രാജവംശം പണികഴിപ്പിക്കുന്നത്. മഞ്ചണ്ഡ രാജാവ് സഹോദരായ ശത്രുക്കളില്‍ നിന്നും ഭയന്നോടി ഈ മലയുടെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു എന്ന ചരിത്രവുമുണ്ട്. ഇതിന്റെ വിഷമം തീര്‍ക്കാന്‍ കൂടിയാണ് മാധവ ദണ്ഡനായകന്‍ എന്ന മഞ്ചണ്ഡ രാജാവ് മലമുകളില്‍ ദൈവ പ്രതിഷ്ഠ നടത്തിയത് എന്നൊരു ഐതിഹ്യവുമുണ്ട്.

പ്രത്യേക പൂജകളും വഴിപാടുകളുമായി അതിരാവിലെ തന്നെ ക്ഷേത്രമുണരും. ദര്‍ശനത്തിനായി വരുന്ന തീര്‍ത്ഥാടകരുടെയും ടൂറിസ്റ്റുകളുടെയും നീണ്ടനിരകള്‍ മലമുകളില്‍ നിന്നും കാണാം. ചുട്ടുപൊള്ളുന്ന കര്‍ണ്ണാകയിലെ കാലവസ്ഥയില്‍ നിന്നും വിഭിന്നമാണ് ഈ മലമുകളിലെ അന്തരീക്ഷം. തൊട്ടടുത്ത നീലഗിരിയില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഗോപാല്‍സ്വാമി ബേട്ടയെ കുളിരു പുതപ്പിക്കുന്നത്. ഒരു കാലത്ത് ചന്ദന കള്ളക്കടത്തുകാരന്‍ വീരപ്പന്റെ സന്ദര്‍ശനം കൊണ്ട് ഈ ക്ഷേത്രം വാര്‍ത്തകളില്‍ ഇടം തേടിയിരിന്നു. കനത്ത സുരക്ഷാ സംവിധാനമൊരുക്കി വീരപ്പനെ വലയിലാക്കാന്‍ ടാസ്‌ക് ഫോഴ്‌സുകള്‍ നിരവധി ഓപ്പറേഷനുകള്‍ ഇവിടെ നടത്തിയിരുന്നു. ഇതിനെയെല്ലാം വെല്ലുവിളിച്ച് വീരപ്പന്‍ പലതവണ ഇവിടെ വന്നുപോയിരുന്നു.

ഗുണ്ടല്‍പ്പേട്ടയിലെ നക്ഷത്രവേശ്യാലയങ്ങള്‍
കേരള അതിര്‍ത്തിയായ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും മുപ്പത് കിലോമീറ്ററോളം മുന്നോട്ട് പോയാല്‍ ഇടതു ഭാഗത്തായി കാണുന്ന വലിയ കെട്ടിടം. കാവേരിയെന്നാണ് ഈ നക്ഷത്ര ഹോട്ടലിന്റെ പേര്. ഭക്ഷണ വ്യാപാരം പേരിനുമാത്രമാണിവിടെ. അതിലുപരി മാംസക്കച്ചവടത്തിന്റെ പേരിലാണത്രെ കാവേരി മലയാളി യുവത്വങ്ങള്‍ക്കിടയില്‍ സ്ഥാനം പിടിച്ചത്. ത്രസിപ്പിക്കുന്ന പ്രായത്തില്‍ സെക്‌സിന്റെ വലയത്തിലേക്ക് പതിനായിരക്കണക്കിന് യുവാക്കളെ വലിച്ചു കൊണ്ടുപോയതിന്റെ കഥകള്‍ കൂടിയാണ് ഈ ഹൈടെക് വ്യാപാരകേന്ദ്രം പങ്കുവെക്കുക. ഇന്ത്യയിലെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബംഗളരുവില്‍ നിന്നുമാണ് മാംസക്കച്ചവടത്തിനായി ഇവിടെ കുട്ടികള്‍ എത്തുന്നത്. പതിനെട്ടിനും ഇരുപത്തിയഞ്ചിനും ഇടയിലുള്ള കോളേജ് കുട്ടികളെയാണ് ഇടനിലക്കാര്‍ ഇവിടെ എത്തിക്കുന്നത്. ഗുണ്ടല്‍പേട്ടയെന്ന കന്നഡഗ്രാമത്തിന്റെ വിലാസം പോലും ചുരുങ്ങിയ കാലം കൊണ്ട് ഈ കേന്ദ്രം മാറ്റിയെഴുതി. ഗുണ്ടല്‍പേട്ടയിലേക്കുള്ള യുവാക്കളുടെ യാത്രയ്‌ക്കെല്ലാം മറ്റൊരു അര്‍ത്ഥതലങ്ങള്‍ നല്‍കിയുള്ള കണ്ണിറുക്കങ്ങളും മലയാളിക്ക് യാതൊരു ജാള്യതയും നല്‍കുന്നില്ല.

കസ്റ്റമേഴ്‌സ് കൂടുതലും മലയാളികളായതിനാല്‍ ഇവിടെ ജോലിചെയ്യുന്നതും മലയാളികള്‍ തന്നെ. ഇവിടുത്തെ റിസപ്ഷന്‍ കൗണ്ടറില്‍ ചെന്ന് മുറി ഒഴിവുണ്ടോ എന്ന ചങ്കുറപ്പുള്ള ഒറ്റ ചോദ്യം മതി പ്രവേശനത്തിന് അനുമതി ലഭിക്കാന്‍. പണവും പേനയും ഫോണുമെല്ലാം അടുത്ത പടിയായി വാങ്ങിവെക്കാന്‍ ആളെത്തും. കച്ചവടത്തിനായി വന്ന യുവതികളുടെ വിലാസവും ഫോണ്‍ നമ്പറുമെല്ലാം കുറിച്ചെടുത്തു കളയുമെന്ന ഭയത്താലാണത്രെ ഈ മുന്‍കരുതലുകള്‍. വിസിറ്റേഴ്‌സ് മുറിയില്‍ ഊഴം കാത്തിരിക്കുന്നവര്‍ക്കിടയില്‍ ഇരിപ്പിടം ലഭിക്കും. തെരഞ്ഞെടുത്ത പ്രായത്തിനനുസരിച്ച് മിനുറ്റുകള്‍ മാത്രം നീളാന്‍ അനുമതിയുള്ള സംഭോഗത്തിനായി ഒന്നാം നിലയിലെ മുറിയിലിലേക്കാണ് പിന്നീടുള്ള യാത്ര. സിരകളില്‍ പുതുയൗവനത്തിന്റെ ലഹരി പടര്‍ത്താന്‍ വീര്യം കൂടിയ മദ്യവും ഇവിടെ ലഭിക്കും. കാവേരിയുടെ തൊട്ടടുത്തുള്ള നീലഗിരി ലോഡ്ജിലും വേശ്യാലയമുണ്ട്.

ബെസ്റ്റ് ഓഫ് അഴിമുഖം 

മാജൂളി ട്രാവല്‍സ് – അശ്വതി സേനന്‍റെ ക്യാമറ കണ്ണിലൂടെ
മംഗളാദേവി: ഘനമൗനത്തിലായ കാട്
പോണ്ടിച്ചേരി: ജീവിതം, കാഴ്ചകള്‍
കുടജാദ്രിയുടെ നിറങ്ങള്‍
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇത് തേയില തളിര്‍ക്കും കാലമാണ്

ഓണക്കാലമെത്തുന്നതോടെ ഗുണ്ടല്‍പ്പെട്ടിപ്പോള്‍ സജീവമാകുന്നത് ചെണ്ടു മല്ലിപ്പൂക്കള്‍ക്കും പച്ചക്കറിക്കുമായെത്തുന്ന മലയാളിക്ക് വേണ്ടി മാത്രമല്ല…..സെക്സിന് വേണ്ടി അതിര്‍ത്തി കടന്നെത്തുന്നവരെ സ്വീകരിക്കാന്‍ കൂടിയാണ് എന്നതാണ് ഈ നാടിന്റെ വേദന. കന്നുകാലി വളര്‍ത്തലും പച്ചക്കറി തോട്ടങ്ങളുമായി ജീവിതം പൂരിപ്പിക്കുന്ന ഗ്രാമവാസികള്‍ക്കിടയിലേക്ക് മറുനാടന്‍ വിനോദസഞ്ചാരികളും ചേരുന്നതോടെ ഗുണ്ടല്‍പ്പേട്ട വരച്ചിടുന്നത് പുക്കളുടെ സ്വന്തം നാടിന്റെ മറ്റൊരു ചിത്രമാണ്.

പൂന്തോട്ട നഗരമായ ബാംഗളൂരില്‍ നിന്നും 280 കിലോ മീറ്റര്‍ പിന്നിട്ടാല്‍ ഗുണ്ടല്‍പ്പേട്ടയിലെത്താം. കൊട്ടാരങ്ങളുടെ നഗരമായ മൈസൂരില്‍ നിന്നും എണ്‍പത് കിലോ മീറ്റര്‍ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്. വയനാട്ടില്‍ നിന്നും അമ്പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ബത്തേരിയില്‍ നിന്നും പതിനാല് കിലോമീറ്റര്‍ വയനാട് വന്യജീവി സങ്കേതം വഴിയുള്ള യാത്ര ആരുടെയും മനംകവരും. കണ്ണിന് കുളിരായി ഹരിത വനങ്ങളും കാടിന്റെ വിസ്മയമായി വന്യമൃഗങ്ങളും ദൃശ്യവിരുന്നൊരുക്കും. വയനാട്ടിലെ മുത്തങ്ങയും തമിഴ്‌നാട്ടിലെ മുതുമലയും നീലഗിരിയും ഉള്‍പ്പെടുത്തി ടൂര്‍ പാക്കേജുകള്‍ ധാരാളമായുണ്ട്. വളരെ ചെലവു കുറഞ്ഞ രീതിയില്‍ എത്തിമടങ്ങാന്‍ പറ്റുന്ന വിനോദ കേന്ദ്രമായതിനാല്‍ സാധാരണക്കാരന്റെ ഇഷ്ട സ്ഥലം കൂടിയാണിത്.

*Views are Personal 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍