UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്‌ളോറിഡ വിമാനത്താവളത്തില്‍ യുവാവ് അഞ്ച് പേരെ വെടിവെച്ചു കൊന്നു

ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ വീഡിയോകള്‍ കാണാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ചാണ് യുവാവ് അഞ്ച് പേരെ വെടിവെച്ചു കൊന്നത്‌

ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ വീഡിയോകള്‍ കാണാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ച് ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്ത ഒരു യുവാവ് യുഎസിലെ ഫ്‌ളോറിഡയിലുള്ള ഫോര്‍ട്ട് ലൗഡര്‍ഡേല്‍ വിമാനത്താവളത്തില്‍ വച്ച് അഞ്ച് പേരെ വെടിവെച്ചു കൊന്നു. സംഭവത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ ബാഗുകള്‍ തിരികെ എടുക്കുന്ന സ്ഥലത്തുവച്ചാണ് ആക്രമണം ഉണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തേക്ക് എത്തുകയും മണിക്കൂറുകളോളം വിമാന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

പ്രതി എന്ന് സംശയിക്കുന്ന ആന്‍കോറേജില്‍ നിന്നുള്ള 26 കാരനായ എസ്‌തെബാന്‍ സാന്റിയാഗോയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്ന് പോലീസ് പറഞ്ഞു. വിമാനത്തില്‍ നിന്നും ഇറങ്ങിയ ഉടന്‍ കാര്‍ഗോയില്‍ നിന്നും ബാഗ് ശേഖരിച്ച ഇയാള്‍ വിശ്രമമുറിയിലേക്ക് പോയി. അവിടെ വച്ച് തോക്ക് നിറച്ച ഇയാള്‍ തിരികെ എത്തി വെടിയുതിര്‍ക്കുകയായിരുന്നു. ആന്‍കോറേജില്‍ നിന്നും ഫ്‌ളോറിഡയിലേക്കുള്ള യാത്രയില്‍ ഇയാള്‍ ആയുധം സൂക്ഷിച്ചിരുന്ന ബാഗ് മാത്ര കൊണ്ടുവന്നിരുന്നത്. നിറയ്ക്കാത്ത തോക്കുകള്‍ സഞ്ചാരികളുടെ കൈവശം വെക്കാന്‍ അമേരിക്കന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് ഗതാഗത സുരക്ഷ അധികാരികള്‍ അറിയിച്ചു.

ഇറാഖി യുദ്ധത്തില്‍ പങ്കെടുത്തിരുന്ന സാന്റിയാഗോയെ സൈന്യത്തില്‍ നിന്നും തരംതാഴ്ത്തപ്പെട്ടതിനെ തുടര്‍ന്ന് അലാസ്‌ക നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡില്‍ നിന്നും വിടുതല്‍ നല്‍കിയിരുന്നതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍, ആന്‍കോറേജിലെ എഫ്ബിഐ ഓഫീസ് സന്ദര്‍ശിച്ച ഇയാള്‍, തന്റെ മനസ് ഒരു യുഎസ് രഹസ്യാന്വേഷണ ഏജന്‍സി നിയന്ത്രിക്കുന്നതായും ഐഎസ്‌ഐഎസ് വീഡിയോയെ കുറിച്ചും പരാമര്‍ശിച്ചിരുന്നു. എഫ്ബിഐ പ്രദേശിക ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ ഇയാളെ മാനസിക വിശകലനത്തിന് വിധേയനാക്കി. സാന്റിയാഗോയുടെ ബന്ധുക്കളെ ചോദ്യം ചെയ്യുകയും മറ്റ് പരിശോധനകള്‍ നിര്‍വഹിക്കുകയും ചെയ്തതിന്് ശേഷം ഉദ്യോഗസ്ഥര്‍ സാന്റിയാഗോയുടെ കേസ് അവസാനിപ്പിക്കുകയായിരുന്നുവെന്നും ഔദ്ധ്യോഗിക വിശദീകരണം വന്നിട്ടുണ്ട്.

വെടിവെപ്പിനെ തുടര്‍ന്ന് എല്ലാ വിമാനങ്ങളും റദ്ദാക്കുകയും വിമാനത്താവളം അടച്ചിടുകയും ചെയ്തു. ഫ്‌ളോറിഡയില്‍ വെടിവെപ്പ് നടന്നതിനെ തുടര്‍ന്ന് ലോസ് ആഞ്ചലസ്, ചിക്കാഗോ എന്നിവിടങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന വിമാനത്താവളങ്ങളിലെയും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സ്ഥിതിഗതികള്‍ പ്രസിഡന്റ് ബാരക് ഒബാമയെ ധരിപ്പിച്ചു. തുടര്‍ന്ന്, ഫ്‌ളോറിഡ ഗവര്‍ണര്‍ റിക് സ്‌കോട്ടുമായും ബ്രോവാര്‍ഡ് കൗണ്ടി മേയര്‍ ബാര്‍ബറ ഷെരീഫുമായും ഫോണില്‍ സംസാരിച്ച അദ്ദേഹം ആളപായത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയതായി ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് നെഡ് പ്രൈസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍