UPDATES

വായന/സംസ്കാരം

മാനവികതയുടെ തകരച്ചെണ്ട

Avatar

ജോണ്‍ ഓടിസ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നൊബേല്‍ സമ്മാന ജേതാവ് ഗുന്തര്‍ ഗ്രാസ് ലൂബെക്കിലെ ഒരു ആശുപത്രിയില്‍ ഏപ്രില്‍ 13നു അന്തരിച്ചു. സാഹിത്യ നൊബേല്‍ ലഭിച്ച ‘ദ ടിന്‍ ഡ്രം’ അടക്കം നിരവധി നോവലുകളുടെ കര്‍ത്താവ്. ഇരുപതാം നൂറ്റാണ്ടിലെ ജര്‍മ്മനിയുടെ ധാര്‍മിക മനസാക്ഷി എന്ന് അറിയപ്പെട്ട എഴുത്തുകാരന്‍. ആ കീര്‍ത്തി പിന്നീട് ഹിറ്റ്‌ലറുടെ പോലീസ് സേനയായ എസ് എസില്‍ പ്രവര്‍ത്തി ച്ചിരുന്നു എന്ന സ്വന്തം വെളിപ്പെടുത്തലിനെ തുടര്‍ന്ന് അദ്ദേഹത്തില്‍ നിന്നും അകന്നുപോയി. മരിക്കുമ്പോള്‍ 87 വയസായിരുന്നു. 

തന്റെ നോവലുകള്‍, നാടകങ്ങള്‍, ലേഖനങ്ങള്‍, പ്രസംഗങ്ങള്‍ എല്ലാമായി ജര്‍മ്മനിയുടെ ചിന്താമണ്ഡലത്തെ നിരന്തരം പ്രകോപിപ്പിച്ചിരുന്ന ജര്‍മ്മനിയുടെ ഏറ്റവും വലിയ ബുദ്ധിജീവിയായിരുന്നു ഗ്രാസ്. അദ്ദേഹത്തിന്റെ സാഹിത്യത്തില്‍ നിരന്തരം കടന്നുവന്നിരുന്ന പ്രമേയങ്ങള്‍- തെറ്റ്, പ്രായശ്ചിത്തം, കാപട്യം -അദ്ദേഹത്തിന്റെ രാഷ്ട്രീയ നിരീക്ഷണങ്ങളിലും പ്രധാനമായിരുന്നു. ‘ഏറെ നാളായി മൂടിവെയ്ക്കപ്പെട്ട പലതിനെയും പുറത്തുകൊണ്ടുവരാനുള്ള പ്രവണതയുള്ള’ ഒരു സ്വയംപ്രഖ്യാപിത ‘കുഴപ്പക്കാരന്‍’ ആയിരുന്നു അദ്ദേഹം. 

നാസിസത്തിനും അതിനു ശേഷവും മുരടിച്ചുപോയ തന്റെ രാജ്യത്തിന്റെ ധാര്‍മികതയെ പ്രതീകവല്‍കരിക്കാന്‍ ‘ദ ടിന്‍ ഡ്രം’ എന്ന നോവലില്‍ നീചനായ ഒരു കുള്ളനെയാണ് അദ്ദേഹം സൃഷ്ടിച്ചത്. 1959ല്‍ പ്രസിദ്ധീകരിച്ച ആ നോവല്‍ ഗ്രാസിനെ ആഗോളപ്രശസ്തിയില്‍ എത്തിച്ചു. ഏറെക്കാലത്തെ ഭാഷാ, ധാര്‍മിക തകര്‍ച്ചയ്ക്കുശേഷം ജര്‍മന്‍ സാഹിത്യത്തിന് ഒരു പുതിയ തുടക്കം നല്‍കിയ പുസ്തകം എന്നാണ് 1999ല്‍ നോബല്‍ പുരസ്‌കാരം നല്‍കാന്‍ വേണ്ടി സ്വീഡിഷ് അക്കാഡമി ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞത്. 

ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും, ഉദാരവാദിയായ പ്രശ്‌നക്കാരനുമായി ദശാബ്ദങ്ങളോളം ഗ്രാസ് സാഹിത്യ രചനക്ക് സമാന്തരമായി ഒരു ജീവിതം നയിച്ചു. പരിസ്ഥിതി സംരക്ഷണം, ദരിദ്ര രാജ്യങ്ങളുടെ കടം ഇളവ് ചെയ്യല്‍, രാഷ്ട്രീയാഭയത്തിനുള്ള ഉദാര നയങ്ങള്‍ എന്നിവക്കായി അദ്ദേഹം വാദിച്ചു. യു.എസും അതിന്റെ സൈനികമുഷ്‌കും അദ്ദേഹത്തിന്റെ ആക്രമണലക്ഷ്യങ്ങളായിരുന്നു. 

‘യു. എസ് സര്‍ക്കാരിന് ഭീഷണിയാകാതിരിക്കൂന്നതിന് മുമ്പ് ഒരു രാജ്യം എത്ര ദരിദ്രമാകണം?’, 1982ല്‍ ഇടതുപക്ഷ സാന്‍ഡിനിസ്റ്റ സര്‍ക്കാരിന്റെ അനുഭാവിയായി നികരാഗ്വ സന്ദര്‍ശിച്ചതിന് ശേഷം ഗ്രാസ് എഴുതി. 

നാസീ ഭരണത്തിന്റെ ഉയര്‍ച്ചയില്‍ സാധാരണക്കാരുടെ പങ്കിനെ വെളിച്ചത്തുകാട്ടുന്ന രൂക്ഷമായ നിരീക്ഷണങ്ങളാണ് അദ്ദേഹം എഴുതിയത്. എസ് എസ് സൈനികരെ അടക്കം ചെയ്ത സൈനിക ശ്മശാനത്തില്‍ പ്രസിഡണ്ട് റൊണാള്‍ഡ് റീഗനും പശ്ചിമജര്‍മ്മന്‍ ചാന്‍സലര്‍ ഹെല്‍മുത്ത് കോളും നടത്തിയ സന്ദര്‍ശനത്തെ ‘ചരിത്രത്തെ വികൃതമാക്കുകയാണ്’ എന്നു പറഞ്ഞാണ് ഗ്രാസ് അപലപിച്ചത്. 

ജര്‍മ്മനികളുടെ ഏകീകരണ സമയത്ത് സമ്പന്നമായ പടിഞ്ഞാറന്‍ ജര്‍മ്മനി ദരിദ്രരായ കിഴക്കന്‍ ജര്‍മ്മനിയെ ‘കൂട്ടിച്ചേര്‍ക്കുന്നതിനെ’ നാസീ വിപുലീകരണത്തോടാണ് ഗ്രാസ് ഉദാഹരിച്ചത്. 

ഇത്തരം പ്രസ്താവനകള്‍ക്ക് ശേഷം ഗ്രാസ് ലോകത്താകെ പ്രതിഷേധമുയര്‍ത്തിയ ഒരു വെളിപ്പെടുത്തലും നടത്തി; ഹെന്റിച്ച് ഹിംലറുടെ കുപ്രസിദ്ധമായ സുരക്ഷാ സേന, വാഫെന്‍ എസ് എസില്‍ താന്‍ കുറച്ചുകാലം സേവനം അനുഷ്ഠിച്ചിരുന്നു എന്ന്. അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ ‘Peeling the Onion’ പ്രസിദ്ധീകരിച്ചതോടെയാണ് സൈനികജീവിതത്തിന്റെ മുഴുവന്‍ വസ്തുതകളും 2006ല്‍ പുറത്തുവന്നത്. താന്‍ ദീക്ഷിച്ച മൗനത്തെക്കുറിച്ച് ഗ്രാസ് പറഞ്ഞു, ‘അതെന്റെ മുകളിലുണ്ടായിരുന്നു. ഇക്കാലമത്രയുമുള്ള എന്റെ മൗനമാണ് ഈ പുസ്തകമെഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഒരു കാരണം. അത് പുറത്തുവരേണ്ടിയിരുന്നു.’ 

ഹിറ്റ്‌ലറുടെ യുവജന താവളത്തിലെ തന്റെ നാളുകളെക്കുറിച്ച് തന്നെ മസ്തിഷ്‌കപ്രക്ഷാളനം നടത്തിയ നാസീ പ്രചാരണത്തെക്കുറിച്ച്, 15 വയസില്‍ മുങ്ങിക്കപ്പല്‍ സേനയില്‍ ചേരാന്‍ നടത്തിയ വിഫലമായ ശ്രമത്തെക്കുറിച്ച്,17 വയസില്‍ പട്ടാളത്തിലേക്കെടുത്തതിനെക്കുറിച്ച് എല്ലാം പതിറ്റാണ്ടുകളോളം ഗ്രാസ് തുറന്നു ചര്‍ച്ച ചെയ്തിരുന്നു. 

യുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ എസ് എസ് പന്‍സേര്‍ ഡിവിഷനില്‍ താന്‍ ഒരു ടാങ്ക് ഗണ്ണറായി സേവനമനുഷ്ഠിച്ചു എന്ന കാര്യമാണ് അദ്ദേഹം പറയാതിരുന്നത്. താന്‍ ഒരു വെടി പോലും ഉതിര്‍ത്തിട്ടില്ലെന്നും, പീഡന താവളങ്ങളിലും മറ്റിടങ്ങളിലും നടന്ന കൊടിയ ക്രൂരതകളെക്കുറിച്ച് താന്‍ അജ്ഞനായിരുന്നു എന്നുമാണ് ഗ്രാസ് അവകാശപ്പെട്ടിരുന്നത്. 

‘അതൊരു ക്രിമിനല്‍ യൂണിറ്റായിരുന്നു എന്ന് ഒരു 17കാരനായിരുന്ന ഞാന്‍ മനസിലാക്കിയിരുന്നില്ല,’ ലണ്ടന്‍ ങാടിയനോടു 2010ല്‍ ഗ്രാസ് പറഞ്ഞു. ‘ഞാന്‍ കരുതിയത് അതൊരു ഉയര്‍ന്ന വിഭാഗമാണെന്നാണ്.’ 

സാഹിത്യ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കാന്‍ ജര്‍മ്മനിയിലെ രാഷ്ട്രീയ യാഥാസ്ഥിതികര്‍ ആവശ്യപ്പെട്ടു. ഇടതുപക്ഷക്കാരടക്കം പല ബുദ്ധിജീവികളും ഗ്രാസില്‍ നിന്നും അകലം പാലിച്ചു. 2010ല്‍ ‘What Must be said’ എന്ന കവിത പ്രസിദ്ധീകരിച്ചപ്പോള്‍ സംഭവിച്ചതും ഇതായിരുന്നു. ഇസ്രായേലിന് ആയുധങ്ങള്‍ വിറ്റ ജര്‍മ്മനി യുദ്ധക്കുറ്റങ്ങളില്‍ പങ്കാളിയാകും എന്നദ്ദേഹം മുന്നറിയിപ്പ് നല്‍കിയപ്പോഴും കിഴക്കന്‍ ജര്‍മ്മനിയിലെ, ഹിറ്റ്‌ലര്‍ യൂത്തിന് സമാനമായ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ യുവജന മുന്നേറ്റത്തില്‍ പങ്കാളിയായിരുന്നതിന് 2013ല്‍ ഏഞ്ചല മെര്‍ക്കലിനെ വിമര്ശിച്ചപ്പോഴും ഇതായിരുന്നു സംഭവിച്ചത്. 

പ്രസിദ്ധ ജര്‍മ്മന്‍ വാരികയായ Der Spiegal പറഞ്ഞത്, ഗ്രാസ് ‘വീഴാന്‍ തുടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് അതിന്റെ കനം ഏറെയും നഷ്ടപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു. 

എന്നാല്‍ ഒരു കൗമാരക്കാരനെന്ന നിലയില്‍ ചരിത്രത്തിന്റെ തെറ്റായ വശത്ത്, ഏതാനും മാസം യുദ്ധമുഖത്ത് ചെലവിട്ട നാളുകള്‍ അദ്ദേഹത്തിന്റെ കൃതികളുടെ മഹിമ നഷ്ടപ്പെടുത്തുന്നില്ലെന്ന് സല്‍മാന്‍ റഷ്ദിയും ജോണ്‍ ഇര്‍വിങ്ങും അടക്കമുള്ളവര്‍ പ്രതിരോധമുയര്‍ത്തി . 

‘ഈയൊരു അസ്ഥികൂടത്തെ തന്റെ അലമാരയില്‍ കരുതിയിരുന്നില്ലെങ്കില്‍ അദ്ദേഹം ഒരക്ഷരം എഴുതുമായിരുന്നില്ല,’ പത്രപ്രവര്‍ത്തനകനായ നഥാന്‍ തോന്‍ബ്രഗ്ല 2006ല്‍ ടൈം മാഗസിനില്‍ എഴുതി. ‘പകരം ഈ ഓര്‍മ്മകളാല്‍ വേട്ടയാടപ്പെട്ട ഗ്രാസ് തന്റെ രാജ്യത്തിന് ദശാബ്ദങ്ങളുടെ കൂട്ടായ മറവിയെ മായ്ച്ചുകളയാന്‍ പാകത്തില്‍ യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് നോവലുകളെഴുതി.’

‘Tin Drum’നുള്ള പ്രതികരണം 
എസ് എസില്‍ ആയിരിക്കവേ ഗ്രാസ് അമേരിക്കക്കാരുടെ പിടിയിലാവുകയും പുതുതായി വിമോചിപ്പിച്ച Dachau പീഡനത്താവളം സന്ദര്‍ശിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. യുദ്ധതടവുകാരുടെ താവളത്തില്‍ നിന്നും 1946ല്‍ മോചിതനായതിന് ശേഷം ഒരു പൊട്ടാഷ് ഖനിയിലും, കല്ലാശാരിയുടെ സഹായിയായും ജോലിചെയ്തു. ചിത്രംവരയും ശില്‍പ്പനിര്‍മാണവും പഠിച്ചു. ഒരു ജാസ് സംഘത്തിലും അംഗമായി. 

പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ Group 47 എന്ന് സ്വയം വിശേഷിപ്പിച്ച അസ്വസ്ഥരും ക്ഷുഭിതരുമായ ഒരു സംഘം ബുദ്ധിജീവികള്‍ക്കെപ്പം ചേര്‍ന്നു. ‘ടിന്‍ ഡ്രം’ പൂര്‍ത്തിയാക്കുന്നതിന് പാരീസിലേക്ക് പോകുന്നതിനു മുമ്പ് കവിതകളും നാടകങ്ങളും എഴുതി. താന്‍ പങ്കെടുത്ത ഒരു വിരുന്നില്‍ മുതിര്‍ന്നവരുടെ ലോകത്തെ ശ്രദ്ധിക്കാതെ ഒരു കളിച്ചെണ്ടയില്‍ കളിക്കാനായി ഒരു കുഞ്ഞ് മേശകയ്ക്കടിയിലൂടെ മുട്ടിലിഴഞ്ഞു പോകുന്നത് കണ്ടപ്പോഴാണ് ആ നോവലിലെ പ്രധാന കഥാപാത്രം രൂപം കൊണ്ടതെന്ന് ഗ്രാസ് പിന്നീട് പറഞ്ഞു. 

മുതിര്‍ന്നവരുടെ ലോകത്തിന്റെ നെറികേടില്‍ മടുത്ത് 3 വയസില്‍ വളര്‍ച്ചയവസാനിപ്പിച്ച ഓസ്‌കാര്‍ മട്‌സെറാത്തിന് ചുറ്റുമായാണ് നോവല്‍ വികസിക്കുന്നത്. മാത്രവുമല്ല, അയാള്‍ നാസീ ഭീകരതകള്‍ക്കിടയില്‍ ചെറിയ കുറ്റകൃത്യങ്ങളും തട്ടിപ്പുമായാണ് കഴിയുന്നത്. തന്റെ തീക്ഷ്ണമായ ശബ്ദം കൊണ്ട് ചില്ലുകള്‍ പൊട്ടിക്കാനുള്ള അസാധാരണമായ ശേഷിയും അയാള്‍ക്കുണ്ട്. ജൂതന്മാരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും നാസികള്‍ തകര്‍ത്ത 1938ലെ ‘തകര്‍ന്നക ചില്ലുകളുടെ രാത്രി’യുടെ ഒരു സൂചകമായാണ് ഇത്. 

തന്നെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്ന ഒരു താളത്തിനായി ഒരു കളിച്ചെണ്ടയില്‍ കൊട്ടിക്കൊണ്ട് ഒരു മാനസിക ചികിത്സാ കേന്ദ്രത്തിലിരുന്നാണ് ഓസ്‌കാര്‍ തന്റെ കഥ പറയുന്നത്. 

ജര്‍മന്‍ സാഹിത്യം നാസി പ്രമാണങ്ങളില്‍ നിന്നും പൂര്‍ണമായും മോചിതമാകാത്ത, പല എഴുത്തുകാരും അവഗണിക്കപ്പെട്ട ഒരു കാലത്താണ് ‘ടിന്‍ ഡ്രം’ ആധുനികതയുടെ വീണ്ടുമുള്ള കണ്ടുപിടിത്തമായി കൊണ്ടാടപ്പെട്ടത്. 

‘നാസികള്‍ ഉയര്‍ന്ന വിഭാഗത്തില്‍പ്പെട്ട ആളുകളായിരുന്നു എന്നും സാധാരണ ജര്‍മ്മന്‍കാര്‍ മറ്റെല്ലാവരെയും പോലെ അവരുടെ ഇരകളായിരുന്നു എന്നും ജര്‍മ്മനിയില്‍ ഒരു ധാരണയുണ്ട്,’ ഗ്രാസിനെ കുറിച്ച് പുസ്തകമെഴുതിയ റെബേക്ക ബ്രൗണ്‍ പറഞ്ഞു. ‘സാധാരണ ജര്‍മന്‍കാരും നാസികളുടെ രാക്കൂട്ടുകാരായിരുന്നു എന്ന് പറയുന്ന ആദ്യകൃതിയായിരുന്നു ടിന്‍ ഡ്രം.’ 

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പോളണ്ട്, ചെക്കൊസ്ലൊവാക്യ, സോവിയറ്റ് യൂണിയന്‍ എന്നിവയോട് ചേര്‍ക്കപ്പെട്ട പ്രദേശങ്ങളിലെ ചിതറിപ്പോയ ജര്‍മ്മപന്കാങര്‍ ഒരിക്കല്‍ സ്വന്തം നാട്ടിലേക്കു തിരിച്ചെത്തുമെന്ന സര്‍ക്കാര്‍ ഉറപ്പ് തള്ളിക്കളഞ്ഞ ആദ്യ പ്രമുഖ പശ്ചിമ ജര്‍മന്‍കാരനായിരുന്നു ഗ്രാസ്. നഷ്ടപ്പെട്ട പ്രവിശ്യകള്‍ തിരിച്ചുപിടിക്കാം എന്ന ധാരണക്ക് എതിരായിട്ടു കൂടിയാണ് താന്‍ ടിന്‍ ഡ്രം എഴുതിയതെന്നും ഗ്രാസ് പറഞ്ഞിരുന്നു. 

യു എസില്‍ 1963ല്‍ പ്രസിദ്ധീകരിച്ച പുസ്തകം 20 ഭാഷകളിലേക്ക് മൊഴിമാറ്റി. 1979ല്‍ അതിനു ചലച്ചിത്ര രൂപം വന്നു. അതിനു മികച്ച വിദേശ ചിത്രത്തിനുള്ള അക്കാഡമി പുരസ്‌കാരം ലഭിച്ചു. 

ടിന്‍ ഡ്രമിന് ശേഷം ധീര സൈനികനുള്ള സമ്മാനം നേടിയെങ്കിലും തൊണ്ടമുഴയുടെ അസാധാരണ വലിപ്പം കൊണ്ട് സമൂഹ ബഹിഷ്‌കൃതനായ ഒരു സൈനികന്റെ കഥ പറയുന്ന ‘Cat and Mouse'(1961),നോക്കുകുത്തികളെ നാസി സൈനിക വേഷം ധരിപ്പിക്കുകയും പിന്നീട് ബാല്യകാല സുഹൃത്തിനാല്‍ ഒറ്റുകൊടുക്കപ്പെടുകയും ചെയ്യുന്ന ഒരു ജൂതന്റെ കഥ, യുലീസസ് പോലെ മഹാകാവ്യരീതിയില്‍ എഴുതിയ ‘Dog Years’ (1963) എന്നീ പുസ്തകങ്ങള്‍ പുറത്തുവന്നു. 

സോഷ്യല്‍ ഡെമോക്രാറ്റ് കക്ഷിയില്‍ ചേര്‍ന്ന ഗ്രാസ്, സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് എഴുതുമ്പോഴും ശക്തവും ഭാവനാസമ്പന്നവുമായ രീതിയിലായിരുന്നു എഴുതിയത്. പശ്ചിമ ജര്‍മന്‍ ചാന്‍സലര്‍ വില്ലി ബ്രാന്‍ഡിന്റെ പ്രസംഗമെഴുത്തുകാരനായപ്പോഴുള്ള തന്റെ അനുഭവങ്ങള്‍ വെച്ചാണ് ‘From the Diary of a Snail.’ (1972) എഴുതിയത്. 

‘The Flounder’ (1977) ഹാസ്യാത്മകമായ ഒരു നോവലാണ്. മൂഷികന്മാര്‍ ഭൂമിയില്‍ അവശേഷിച്ചു വാഴുന്ന ആണവ നശീകരണത്തിന് ശേഷമുള്ള കാലത്തെക്കുറിച്ച് ഒരു എലി വിഭ്രമാത്മകമായ പ്രവചനം നടത്തുന്നതാണ് ‘The Rat’ (1986) ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പില്‍ക്കാല നോവലായ ‘crabwalk’ (2002)നവ നാസിസത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ളതാണ്. ഗ്രാസിന്റെ ആവര്‍ത്തിക്കുന്ന ഒരു ചിന്തയെ ഈ പുസ്തകം പിന്തുടരുന്നു; ചരിത്രത്തെ അമര്‍ത്തി വെക്കാനുള്ള ശ്രമത്തിന്റെ അപകടവും വ്യര്‍ത്ഥതയും. 

‘ചരിത്രം, കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍, നാം ജര്‍മ്മന്‍കാര്‍ ആവര്‍ത്തിച്ചു കളയാന്‍ നോക്കുന്ന ചരിത്രം, ഒരു കെട്ടിക്കിടക്കുന്ന കക്കൂസാണ്,’ Crabwalk ലെ ആഖ്യാതാവ് പറയുന്നു. ‘നമ്മള്‍ വെള്ളം ഒഴിച്ചുകൊണ്ടേയിരിക്കുന്നു, എന്നാല്‍ വിസര്‍ജ്യം പൊങ്ങിവന്നുകൊണ്ടേയിരിക്കും.’ 

1927 ഒക്ടോബര്‍ 16നാണ് ഗുന്തര്‍ വില്‍ഹെംന ഗ്രാസ് ജനിച്ചത്. 1939ല്‍ നാസി നിയന്ത്രണത്തിലായ ഡാന്‍സിഗില്‍. അതിപ്പോള്‍ പോളണ്ടിലാണ്. അച്ഛന്‍ പലചരക്ക് കടക്കാരനും ചെറിയൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായിരുന്നു. ഹിറ്റ്‌ലര്‍ അനുഭാവി. മകനെ എഞ്ചിനീയറാക്കാന്‍ ആഗ്രഹിച്ചു. അമ്മക്കിഷ്ടം ഓപറ. വീട്ടിലെ രണ്ടു മുറികളിലും അവര്‍ ടോള്‍സ്‌റ്റോയ്, ദസ്‌തെവ്‌സ്‌കി എന്നിവരുടെ പുസ്തകങ്ങള്‍ കൊണ്ട് നിറച്ചിരുന്നു. മകന്റെ കലാവാസനകളെ അവരാണ് പ്രോത്സാഹിപ്പിച്ചത്. 

ഗ്രാസ് 13 വയസില്‍ എഴുതിത്തുടങ്ങി. ഹിറ്റ്‌ലര്‍ യൂത്ത് മാഗസിനാണ് ആദ്യ കഥ നല്‍കിയത്. നാസികളില്‍ നിന്നും ഡാന്‍സിഗ് തപാലാപ്പീസ് പ്രതിരോധിക്കാന്‍ ശ്രമിച്ച ഒരു ബന്ധു വധിക്കപ്പെടുന്നത് Tin Drum ല്‍ പറയുന്നുണ്ട്. ഗ്രാസിന്റെ അമ്മയെ സോവിയറ്റ് സൈനികര്‍ ബലാത്സംഗം ചെയ്തതും. അവരുടെ മരണത്തിന് ശേഷമാണ് ഗ്രാസ് ആ സംഭവം അറിയുന്നത്. 

‘എന്റെ അമ്മ അതിനെക്കുറിച്ച് ഒരിയ്ക്കലും സംസാരിച്ചിരുന്നില്ല, ഞാന്‍ അവരെ സംസാരിക്കാന്‍ പ്രേരിപ്പിച്ചിരുന്നെങ്കിലും,’ ഗ്രാസ് പറഞ്ഞു. ‘ഒരാള്‍ക്ക് വാക്കുകള്‍ കിട്ടാത്ത ചില കാര്യങ്ങളുമുണ്ട്.’ 

അന്ന ഷ്വാഴ്‌സ് എന്ന ബാലെ നര്‍ത്തകിയുമായുള്ള ആദ്യ വിവാഹം പിന്നീട് പിരിഞ്ഞു. 1979ല്‍ ഊതേ ഗ്രൂനെറ്റിനെ വിവാഹം കഴിച്ചു. ആദ്യവിവാഹത്തില്‍ നാല് മക്കള്‍;രണ്ടാം വിവാഹത്തില്‍ രണ്ടു പെണ്‍ മക്കള്‍. 

തന്റെ പല പുസ്തകങ്ങളിലും പുറംചട്ടകളിലും വരച്ചിരുന്നത് ഗ്രാസാണ്. തന്റെ ജീവിതാവസാനം വരെയും അദ്ദേഹം സജീവമായ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ത്തിക്കൊണ്ടിരുന്നു. 2012ല്‍ ഇറാന്റെ നേരെയുള്ള യുദ്ധത്വരയോടെയുള്ള നിലപാടിന്റെ പേരില്‍ ഇസ്രായേലിനെ ലോകസമാധാനത്തിന് ഭീഷണിയെന്ന് വിശേഷിപ്പിച്ച ‘What Must Be Said’ എന്ന കവിതയുടെ പേരില്‍ ഗ്രാസിനെ ഇസ്രയേലി സര്‍ക്കാര്‍ അനഭിമതനായി പ്രഖ്യാപിച്ചു. 

‘ഞാന്‍ ആ ചോദ്യം എപ്പോഴും നേരിടുന്നുണ്ട്: തൊലിക്കട്ടിയോടെ സ്വയം വളര്‍ന്ന് ഇതിനെ അവഗണിക്കണോ, അതോ പരിക്കേല്‍ക്കാന്‍ സ്വയം അനുവദിക്കണോ? ഞാന്‍ പരിക്കേല്‍ക്കാന്‍ നിശ്ചയിച്ചു, കാരണം തൊലിക്കട്ടി വളര്‍ത്തിയാല്‍ ഞാന്‍ പിന്നെ അറിയാതെ പോകുന്ന മറ്റ് കാര്യങ്ങളുണ്ട്.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍