UPDATES

സിനിമ

‘സ്കൂളില്‍ പോകാത്ത ഗപ്പി’ പത്താം തരം പാസ്സായി; ബാലതാരം ചേതന്‍/അഭിമുഖം

ബാച്ചിലര്‍ പാര്‍ട്ടി, തീവ്രം, എബിസിസിഡി, അഞ്ചു സുന്ദരികള്‍ …അങ്ങനെ കുറഞ്ഞ കാലത്തിനുള്ളില്‍ ഇരുപതോളം ചിത്രങ്ങള്‍

അനു ചന്ദ്ര

അനു ചന്ദ്ര

ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പിയില്‍ ടൈറ്റില്‍ റോളിലെത്തിയ ചേതന്‍ ജയലാലിനെ പ്രേക്ഷകര്‍ അത്ര പെട്ടൊന്നൊന്നും മറന്നു കളയില്ല. പല പുരസ്കാരങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെടാത്തതില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും ഒടുവില്‍ പ്രേക്ഷകര്‍ വിധിയെഴുതി കാത്തിരുന്ന അവാര്‍ഡ് അര്‍ഹമായ ആ കൈകളില്‍ തന്നെ എത്തിചേര്‍ന്നു. എസ്എസ്എല്‍സി പരീക്ഷയുടെ തലേ ദിവസം അവാര്‍ഡ് പ്രഖ്യാപിക്കുന്ന സന്ദര്‍ഭത്തില്‍ വൈപ്പിന്‍ എടവനക്കാട് എസ്ഡിപിവൈകെപിഎംഎച്ച്എസ്എസ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ചേതന്‍ പരീക്ഷാ തിരക്കിനിടയില്‍ അവാര്‍ഡില്‍ അധികം മതിമറന്നിരിക്കാന്‍ വഴിയില്ല. എന്നാല്‍ രണ്ട് മാസങ്ങള്‍ക്കിപ്പുറം ചേതന്‍റെ പരീക്ഷഫലം വന്നു. ഭേദപ്പെട്ട മാര്‍ക്കോട് കൂടി വിജയം നേടി. അങ്ങനെ ചേതന്‍ പത്താം ക്ലാസ് ജയിച്ചിരിക്കുന്നു. അതിനെ കുറിച്ചോ തുടര്‍ പഠനത്തെ കുറിച്ചോ ഇനിയെന്ത് എന്ന് ചോദ്യത്തിന് പെട്ടെന്നൊരു മറുപടി തരാന്‍ പറ്റാത്ത വിധത്തില്‍ ചേതന്‍ ഇപ്പോഴും തിരക്കിലാണ്. നവാഗതരായ അനൂപ് ചന്ദ്രന്‍, രാജമോഹന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സുഖമാണോ ദാവീദേ എന്ന എന്ന സിനിമയുടെസെറ്റിലാണിപ്പോള്‍ ഈ കൊച്ചു താരം. മാസ്ററര്‍ ചേതന്‍ തന്‍റെ വിശേഷങ്ങള്‍ അനു ചന്ദ്രയുമായി പങ്ക് വെക്കുന്നു.

അനുചന്ദ്ര: അങ്ങനെ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ചു അല്ലേ..?

ചേതന്‍: അതെ. കുഴപ്പമില്ലാത്ത രീതിയില്‍ മാര്‍ക്ക് ഉണ്ട്. പക്ഷേ ഞാനിപ്പോള്‍ അനൂപ് ചന്ദ്രന്‍, രാജമോഹന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന സുഖമാണോ ദാവീദേ എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ അതിന്‍റെ ഇടയില്‍ കൂടുതലൊന്നും ചിന്തിക്കാനോ, സന്തോഷിക്കാനോ ഒന്നുമുളള സമയം കിട്ടിയിട്ടില്ല എന്നതാണ് സത്യം.

: എങ്കില്‍ നമുക്ക് സുഖമാണോ ദാവീദേ എന്ന സിനിമയുടെ വിശേഷങ്ങളില്‍ നിന്ന് തന്നെ തുടങ്ങിയാലോ?

ചേ: നല്ലൊരു സിനിമയാണ്. നാട്ടിന്‍പുറത്തെ ഒരു കഥ. അച്ഛന്‍റെ മരണശേഷം അമ്മയും കൂടപ്പിറപ്പുകളുമടങ്ങിയ കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ലേഡീസ് ടൈലറായ ദാവീദിന്‍റെ കഥയാണ്. ദാവീദായി വരുന്നത് ഭഗത് മാനുവല്‍ ആണ്. അതില്‍ ദാവീദിന്‍റെ അനിയനായാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു സാധാരണ കുട്ടി. ചേട്ടനും അനിയനും തമ്മില്‍ ഉളള സ്നേഹ ബന്ധത്തിന്‍റെ കഥ കൂടിയാണിത്. പ്രിയങ്കാ നായര്‍ ആണ് നായിക.

: അഞ്ച് വര്‍ഷമായി സിനിമയിലെത്തിയിട്ട് അല്ലേ?

ചേ: ഞാന്‍ മുമ്പ് അഭിനയിച്ചിട്ടില്ല. അഭിനയം എന്ന ചിന്തയേ മനസിലുണ്ടായിരുന്നില്ല. അങ്ങനെ നില്‍ക്കുന്ന സമയത്ത്, അതായത് ഒരു അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോ, അന്നെനിക്ക് പത്ത് വയസ്സാണ്. ആ സമയത്താണ് ഞാന്‍ ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ബാച്ചിലര്‍ പാര്‍ട്ടിയില്‍ അസിസ്ററന്‍റ് ഡയറക്ടര്‍ ആയിരുന്ന എന്‍റെ നാട്ടിലെ ഒരു ചേട്ടന്‍ ഉണ്ടായിരുന്നു. ജോമോന്‍ എന്നാണ് പേര്. ആ ചേട്ടനാണ് അമല്‍ നീരദ് സാറിന് ആദ്യമായി എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്നത്. അങ്ങനെ ആ സിനിനയില്‍ ആസിഫ് അലിയുടെ ചെറുപ്പക്കാലമാണ് ഞാന്‍ ചെയ്തത്. അതിന് ശേഷം ചെയ്തത് ജോഷി മാത്യു സാറിന്‍റെ ബ്ലാക്ക് ഫോറസ്ററ് ആയിരുന്നു. അതില്‍ നല്ല ഒരു കഥാപാത്രമായിരുന്നു. പിന്നീട് തീവ്രം, എ.ബി.സി.ഡി, അഞ്ച് സുന്ദരികള്‍… എല്ലാം കൂടി ഇരുപതിലേറെ സിനിമ ചെയ്തു കഴിഞ്ഞു.

അ: ആദ്യമായിട്ട് ഒട്ടും പരിചയമില്ലാത്ത ഒരു മേഖലയിലെത്തിപ്പെട്ടപ്പോള്‍ എന്ത് തോന്നി?

ചേ: സാധാരണ പോലെ ഡയറക്ടര്‍ പറഞ്ഞതിനനുസരിച്ചങ്ങ് ചെയ്തു. സത്യത്തില്‍ അവിടെ എന്താ നടക്കുന്നൊന്നും എനിക്ക് മനസ്സിലാവുന്നില്ലായിരുന്നു.ഡയറക്ടര്‍ അമല്‍ നീരദ് സാറിന്‍റെ ഇന്‍സ്ട്രക്ഷന്സിനെ അങ്ങ് ഫോളോ ചെയ്തു. അങ്ങനെ സിനിമ അങ്ങ് തലയില്‍ കയറി. പിന്നെ ഇത് വരെ കളയാന്‍ തോന്നിയിട്ടില്ല.

അ: തീവ്രത്തിലെ അസിസ്ററന്‍റ്, ഗപ്പിയിലെ നായകന്‍, എ.ബി.സി.ഡി യിലെ വില്ലന്‍ എന്നിങ്ങനെ ഒപ്പമഭിനയിച്ച ടൊവിനൊയുമൊത്തുളള അനുഭവം…

ചേ: ടൊവിനോ ചേട്ടനുമൊത്ത് വളരെ നല്ല എക്സ്പീരിയന്‍സ് ആയിരുന്നു. ഭയങ്കര സപ്പോര്‍ട്ടീവ് ആയിരുന്നു. ടൊവിനോ ചേട്ടന്‍ ശരിക്കും എന്നെ ഒരു അനിയനെ പോലെയാണ് നോക്കിയത്. അതൊക്കെ കാരണം തന്നെയാണ് ഗപ്പിയിലെ കഥാപാത്രം പോലും എനിക്കു് അത്രയും പക്കയായി ചെയ്യാന്‍ സാധിച്ചത്. പിന്നെ രോഹിണി ചേച്ചിയൊക്കെ അഭിനയത്തില്‍ തെറ്റ് ഉണ്ടെങ്കില്‍ തിരുത്തി തരും, സംശയം ഉണ്ടെങ്കില്‍ ക്ലിയര്‍ ചെയ്ത് തരും.

അ: സംസ്ഥാന അവാര്‍ഡ് നേടിത്തന്ന ഗപ്പിയിലെങ്ങനെയെത്തി? അവാര്‍ഡ് അനുഭവങ്ങള്‍?

ചേ: ഞാന്‍ ശരിക്ക് കലൂര് വെച്ചാണ് എഡിറ്റര്‍ ദിലീപേട്ടനോടൊപ്പം ഗപ്പിയുടെ സംവിധായകന്‍ ജോണ് പോള്‍ ചേട്ടനെ ആദ്യം കാണുന്നത്. പിന്നീട് അഭിനയിക്കുന്ന സമയത്തൊക്കെ കാര്യങ്ങള്‍ എല്ലാം നന്നായി പറഞ്ഞു തരും. നല്ല കംഫര്‍ട്ടബിളായിരുന്നു. ഓരോ സീനിലും എങ്ങനെ അഭിനയിക്കണമെന്ന് വ്യക്തമായി പറഞ്ഞുതരും. പക്ഷേ സംസ്ഥാന അവാര്‍ഡ് ഒന്നും ഞാന്‍ പ്രതീക്ഷിച്ചിട്ടേ ഇല്ല.

അ: ഗപ്പി എന്ന സിനിമ പോലെ ഞങ്ങള്‍ പ്രേക്ഷകരെ ഒരുപാട് വിഷമിപ്പിച്ച കഥാപാത്രമായിരുന്നു അഞ്ച് സുന്ദരിയിലേത്. അതിനെ കുറിച്ച്…

ചേ: സത്യം പറഞ്ഞാ ആ പ്രായത്തില്‍ അനുഭവം എന്നൊക്കെ പറഞ്ഞാ എനിക്ക് ചിന്തിക്കാന്‍ പോലും അറിയില്ലായിരുന്നു. കൂടെ അഭിനയിച്ച അനിഘ എന്നെക്കാളും അഭിനയത്തില്‍ എക്സ്പീരിയന്സ് ഉളളത് കൊണ്ട് ഓരോന്ന് പറഞ്ഞു തരുമായിരുന്നു.

: ആരാണ് കഥകള്‍ കേള്‍ക്കുന്നതും തെരഞ്ഞെടുക്കുന്നതും?

ചേ: ഞാനും അച്ഛനും കൂടിയാണ് കഥകള്‍ കേള്‍ക്കുന്നതും തെരഞ്ഞെടുക്കുന്നതും. പിന്നെ കൂടുതല്‍ തയ്യാറെടുപ്പൊന്നുമുണ്ടാകില്ല. ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ സംവിധായകരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അഭിനയിക്കും. അതിപ്പൊ കഥാപാത്രത്തെപ്പറ്റി മുന്‍കൂട്ടി പറഞ്ഞാലും അങ്ങനെ തന്നെയാണ്.

അ: കുടുംബത്തെ പറ്റി?

ചേ: അച്ഛന്‍, അമ്മ, ചേച്ചി, മുത്തശ്ശന്‍ ഇവരെല്ലാമാണ് എന്റെ കുടുംബം. അച്ഛന്‍റെ പേര് ജയലാല്‍. ഒരു പ്രൈവറ്റ് കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു. അമ്മ മനുജ സിവില്‍ സപ്ലൈസില്‍ ജോലി ചെയ്യുന്നു. ചേച്ചി ചിരുത ഡിഗ്രി കഴിഞ്ഞു. തുടര്‍ പഠനത്തിന് പോകാന്‍ നില്‍ക്കുന്നു.

അ: എസ്എസ്എല്‍എസി ജയിച്ചു. ഇനി തുടര്‍ പഠനം?

ചേ: സുഖമാണോ ദാവീദേ എന്ന സിനിമയുടെ അഭിനയ തിരക്കിലാണ് ഞാന്‍. അതുകൊണ്ട് ആ ഭാഗത്തോട്ടൊന്നും ചിന്തിക്കാന്‍ സമയം കിട്ടിയിട്ടേയില്ല. ഈ വര്‍ക്ക് കംപ്ലീററ് ചെയ്ത് വീട്ടില്‍ പോയിട്ട് വേണം ബാക്കി ചിന്തിക്കാന്‍.

അ: ഇനിയുളള ലക്ഷ്യങ്ങള്‍…

ചേ: ഏതായാലും ഇനിയും പ്രൊജക്ട്സ് വന്നാല്‍ തീര്‍ച്ചയായും അതെല്ലാം ചെയ്യണം. സിനിമയില്‍ തുടരണം എന്ന് തന്നെയാണ് എന്‍റെ ആഗ്രഹം. പഠിച്ച് മറ്റൊരു ജോലി എന്നുളള ലക്ഷ്യമൊന്നും എനിക്കില്ല.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍