UPDATES

സിനിമ

ഇനിയും വരട്ടെ ഒരുപാട് ഗപ്പികള്‍

Avatar

സഫിയ ഒ സി

ലാറ്റിന്‍ അമേരിക്കന്‍ ആഫ്രിക്കന്‍ ഇറാനിയന്‍ ചിത്രങ്ങള്‍ ഒട്ടുമിക്കവയിലും കുട്ടികളാണ് മുഖ്യ കഥാപാത്രങ്ങള്‍. ഏത് കടുകട്ടി രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങള്‍ പറയാനും അവര്‍ക്ക് മികച്ച മാധ്യമങ്ങള്‍ കുട്ടികളാണ്. ചലച്ചിത്രോത്സവങ്ങളിലെ സ്ഥിരം കാഴ്ചക്കാര്‍ക്ക് ഇത് സുപരിചിതമായ ഒരു സംഗതിയാണ്. കൊളംബിയന്‍ ചിത്രം ദി കളേര്‍സ് ഓഫ് മൌണ്ടയിന്‍, എത്യോപ്യന്‍ സിനിമ ലാംബ്, ലാവോസില്‍ നിന്നുള്ള റോക്കറ്റ്, ഇറാനില്‍ നിന്നുള്ള ബുദ്ധ കൊളാപ്സ് ഔട്ട് ഓഫ് ഷെയിം തുടങ്ങിയ ചിത്രങ്ങളൊക്കെ ഇങ്ങനെ കുട്ടികളിലൂടെ കഥ പറഞ്ഞ് വലിയവരുടെ ഇഷ്ടം പിടിച്ചുപറ്റിയ ചിത്രങ്ങളാണ്. നവാഗത സിനിമ എന്ന നിലയില്‍ ചില ബാലാരിഷ്ടതകള്‍ ഉണ്ടെങ്കിലും ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പിയെയും ആ നിരയിലേക്ക് ചേര്‍ത്തു വെയ്ക്കാന്‍ നിരവധി കാരണങ്ങളുണ്ട്.   

നായികയില്ലാത്ത ഈ സിനിമയില്‍ വേണമെങ്കില്‍ നായിക എന്നു വിളിക്കാവുന്ന ആമിന എന്ന പാവടക്കാരി പെണ്‍കുട്ടി ഉപ്പൂപ്പാനോട് ചോദിക്കുന്നുണ്ട്, ആ സൈക്കിള്‍ പോയ ആളുടെ പേരെന്താ ഉപ്പൂപ്പാ..? 

ഉപ്പൂപ്പ പറഞ്ഞു കൊടുക്കുന്നു, അവനെ നാട്ടുകാര്‍ ഗപ്പി എന്നാണ് വിളിക്കുന്നത്. അപ്പോള്‍ ഉമ്മൂമ്മ വിശദീകരിച്ചു, കുഞ്ഞുപ്രായത്തില്‍ അവന്റെ അമ്മ മിഖായേല്‍ എന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട്. ഉപ്പൂപ്പ ആമിനയ്ക്ക് പറഞ്ഞുകൊടുത്തു മിഖായേല്‍ ഒരു മാലാഖയാണ്. അതുകേട്ട് സൈക്കിളോടിച്ച് പോകുന്ന ഗപ്പിയെ കണ്ണിമ ചിമ്മാതെ നോക്കി നില്‍ക്കുകയാണ് ആമിന. 

ഗപ്പിയിലെ ഏറ്റവും മനോഹരമായ രംഗങ്ങളിലൊന്ന്. യഥാര്‍ത്ഥത്തില്‍ ഇതുപോലെ ജീവിതം തുളുമ്പുന്ന നിരവധി മുഹൂര്‍ത്തങ്ങളുടെ ഒരു ദൃശ്യ വിന്യാസമാണ് ഗപ്പി എന്ന ചിത്രം. സുദൃഢമായ തിരക്കഥയോ അസാധാരണമായ സംവിധാനമോ കൌശലമോ പ്രമേയത്തിന്റെ ഉള്‍ക്കരുത്തോ അല്ല ഗപ്പിയെ ഹൃദയത്തോടടുപ്പിക്കുന്നത്.  മറിച്ച് ജീവിതത്തോടുള്ള പ്രത്യാശഭരിതമായ സമീപനവും സിനിമയോടുള്ള ഉള്ളൂ തുറന്ന ആത്മാര്‍ഥതയുമാണ്. 

ഒരു ലാറ്റിന്‍ അമേരിക്കന്‍ കാര്‍ണിവല്‍ തെരുവ് പോലെ വര്‍ണ്ണാഭമാണ് ആ കടലോര ഗ്രാമം. അവിടത്തെ മനുഷ്യരും അവരുടെ വേഷ ഭൂഷകളും ചിത്രങ്ങളാല്‍ അലംകൃതമായ ചുമരുകളും ബാന്‍റ് സംഘവും എല്ലാം ചേര്‍ന്ന് ഒരു കൊളാഷ്. തുടക്കത്തില്‍ മ്യൂസിക് വീഡിയോകളുടെ ആസ്കിതയുണ്ടോ സംവിധായകന് എന്നു തോന്നിപ്പിച്ചു. പതുക്കെ കഥയിലേക്കും ജീവിതത്തിലേക്കും കടന്നപ്പോള്‍ ആദ്യം കണ്ട ക്യാമറയുടെ ദ്രുത ചലനങ്ങള്‍ അപൂര്‍വ്വമായി. കടലോര ഗ്രാമത്തിലെ നിത്യ ജീവിതത്തിന്റെ അവര്‍ത്തനവും മന്ദതയുമൊക്കെയായി സിനിമ. അത് സിനിമയുടെ ഇഴച്ചിലായിരുന്നില്ല. അവരുടെ ജീവിതത്തിന്റെ താളമായിരുന്നു.  

ഗപ്പിയും അവന്റെ അരയ്ക്ക് താഴെ തളര്‍ന്ന അമ്മയും (രോഹിണി) തമ്മിലുള്ള തീവ്ര ബന്ധത്തിന്റെ ആവിഷ്ക്കരണമാണ് സിനിമ. അവന്റെ അച്ഛന്‍ കടലില്‍ മീന്‍ പിടിക്കാന്‍ പോയി മുങ്ങിമരിച്ചതാണ്. അമ്മയ്ക്ക് ഏറ്റവും പുതിയ ഒരു വീല്‍ ചെയര്‍ വാങ്ങുക എന്നതാണ് അവന്റെ സ്വപ്നം. അതിനായി സ്കൂള്‍ മതിലിനോട് ചേര്‍ന്ന് പഞ്ചായത്ത് നിര്‍മ്മിച്ച ഓവുചാല് തടഞ്ഞുവെച്ചു ഒരു ടാങ്കാക്കി മാറ്റി ഗപ്പി മീനുകളെ വളര്‍ത്തുകയാണ് അവന്‍. പഞ്ചായത്തിന്റെ കൊതുക് നശീകരണ പദ്ധതിയാണ് അവന്റെ വരുമാന സ്രോതസ്സ്. ആ കടലോര ഗ്രാമത്തിന് സമാന്തരമായി പോകുന്ന റെയില്‍വേ ലൈനിന് കുറുകെ ഒരു മേല്‍പ്പാലം പണിയാന്‍ വേണ്ടി എത്തുന്ന എഞ്ചിനീയറുമായി ഗപ്പിക്കുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. 

ഇതില്‍ എടുത്തു പറയേണ്ട പ്രകടനം ഗപ്പിയായി അഭിനയിച്ച ചേതന്റേത് തന്നെയാണ്. ഗപ്പി എന്ന കഥാപാത്രത്തിന്റെ തന്റേടവും സ്ഥൈര്യവും സംഘര്‍ഷങ്ങളും നിസ്സഹായതയും കൊച്ചു പ്രണയവുമൊക്കെ വളരെ മനോഹരമായി ചേതന്‍ അവതരിപ്പിച്ചിരിക്കുന്നു. പ്രത്യേകിച്ചും ഗപ്പിയും അമ്മയും ചേര്‍ന്നുള്ള രംഗങ്ങള്‍ ഹൃദ്യം എന്നു പറയാതെ വയ്യ. 

പാലം പണിയാനെത്തുന്ന തേജസ് വര്‍ക്കി എന്ന എഞ്ചിനീയര്‍ ടൊവിനോയുടെ കയ്യില്‍ ഭദ്രം. ഒരു യുവനായകന് വേണ്ട എല്ലാ സ്ക്രീന്‍ കരിസ്മയും ടൊവിനോയ്ക്കുണ്ട് എന്ന് ഗപ്പി തെളിയിച്ചിരിക്കുന്നു.  

ഗപ്പിയുടെ അമ്മയുടെ വേഷത്തില്‍ രോഹിണി, റെയില്‍വേ ലെവല്‍ ക്രോസ്സ് കാവല്‍ക്കാരനായ ശ്രീനിവാസന്റെ ഉപ്പൂപ്പ, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങി ഗപ്പിയുടെ നാലംഗ സംഘവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരന്‍ മികച്ച ദൃശ്യവിരുന്നാണ് ഒരുക്കിയിരിക്കുന്നത്. കടലിനെ ഒരു ജീവല്‍ സാന്നിധ്യമായി അനുഭവിപ്പിക്കാന്‍ ഗിരീഷിന്റെ ദൃശ്യങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. അതുപോലെ തന്നെ മികച്ച കലാസംവിധാനത്തിലൂടെ ആ മുക്കുവ ഗ്രാമത്തെ മികച്ച ദൃശ്യാനുഭവമാക്കി മാറ്റിയിട്ടുണ്ട്. 

മലയാള സിനിമ തങ്ങളുടെ നാട്ടിലെ കുട്ടികളെ അഭിസംബോധന ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു എന്നത് അരക്കിട്ടുറപ്പിക്കുകയാണ് ഗപ്പി. മഞ്ജു വാര്യരാണ് നായികയെങ്കിലും ഒരു ബാലന്റെയും അവന്റെ പ്രതിരൂപമായ കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെയും കഥ പറഞ്ഞ ജോ ആന്ഡ് ദി ബോയ്, റോഷന്‍ ആന്‍ഡ്രൂസിന്‍റെ സ്കൂള്‍ ബസ്, ഗപ്പിയുടെ ഒപ്പം പ്രദര്‍ശനത്തിനെത്തിയ ആന്‍ മേരി കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളൊക്കെ കുട്ടികളുടെ ലോകത്തെയാണ് ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യധാരയുടെ കൂടെ നിന്നുകൊണ്ട് ഇത്തരം ശ്രമങ്ങളുണ്ടാവുന്നത് ആശാവഹം തന്നെ. എന്തായാലും ഇനി കുട്ടികളുടെ ചിത്രം എന്നു പറഞ്ഞ് ദിലീപിന്റെ തട്ട് പൊളിപ്പന്‍ ചിത്രങ്ങള്‍ നമ്മുടെ കുട്ടികളെ കാണിക്കാതിരിക്കാം. 

മറ്റൊരു പോസിറ്റീവായ കാര്യം ചെറുചിത്രങ്ങളുടെ തുടര്‍ച്ചയായ റിലീസാണ്. നേരത്തെ മഹേഷിന്റെ പ്രതികാരം, മണ്‍സൂണ്‍ മാംഗോസ്, അടി കപ്യാരെ കൂട്ടമണി, ഇപ്പോള്‍ അനുരാഗ കരിക്കിന്‍ വെള്ളം, കിസ്മത്ത്, ആന്‍മേരി കലിപ്പിലാണ് ഒപ്പം ഗപ്പിയും.  ജോണ്‍ പോള്‍ വര്‍ഗ്ഗീസിനെ പോലുള്ളവരുടെ പാത പിന്‍തുടര്‍ന്ന് കൂടുതല്‍ ഗപ്പികള്‍ മലയാള സിനിമയിലേക്ക് കടന്നു വരുമെന്നു പ്രതീക്ഷിക്കാം.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)   

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍