UPDATES

സിനിമാ വാര്‍ത്തകള്‍

മനുഷ്യ നിര്‍മ്മിത ദുരന്തങ്ങളെ കുറിച്ചറിയാന്‍ ‘വൈസ്രോയിസ് ഹൗസ്’ കാണൂ; ട്രംപിനോട് ഗുരീന്ദര്‍ ഛദ്ദ

ലോകത്തിലെ ഏറ്റവും വലിയ പലായനത്തിന് കാരണമായ 1947ലെ ഇന്ത്യ-പാക് വിഭജനത്തെ അധികരിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്

മനുഷ്യ നിര്‍മ്മിത ദുരന്തങ്ങള്‍ ഇന്നത്തെ ലോകത്തുണ്ടാക്കുന്ന പ്രകമ്പനങ്ങള്‍ മനസിലാക്കുന്നതിന് തന്റെ പുതിയ ചിത്രം കാണാന്‍ പ്രമുഖ ബ്രിട്ടീഷ് സംവിധായിക ഗുരീന്ദര്‍ ഛദ്ദ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് അഭ്യര്‍ത്ഥിച്ചു. ലോകത്തിലെ ഏറ്റവും വലിയ പലായനത്തിന് കാരണമായ 1947ലെ ഇന്ത്യ-പാക് വിഭജനത്തെ അധികരിച്ചാണ് ഇന്ത്യന്‍ വംശജയായ ഛദ്ദ തന്റെ പുതിയ ചിത്രമായ ‘വൈസ്രോയിസ് ഹൗസ്’ ഒരുക്കിയിരിക്കുന്നത്. ഇന്നത്തെ ലോകം വളരെ വിഭാഗീയമായിരിക്കുന്നതായും മതിലുകള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചും വലിയ വിഭാഗം ജനങ്ങളെ മുദ്രകുത്തുന്നതിനെ കുറിച്ചുമാണ് നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ സംസാരിക്കുന്നതെന്നും അവര്‍ പറഞ്ഞു. വിഭജനങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ എന്തു സംഭവിക്കുന്നു എന്നതിനെ കുറിച്ചാണ് തന്റെ ചിത്രം ചര്‍ച്ച ചെയ്യുന്നതെന്ന് ഗുരീന്ദര്‍ പിടിഐയോട് പറഞ്ഞു. ബെന്‍ഡ് ഇറ്റ് ലൈക്ക് ബെക്കാം പോലുള്ള സിനിമകള്‍ സംവിധാനം ചെയ്ത ചലച്ചിത്രകാരിയാണ് ഗുരീന്ദര്‍ ഛദ്ദ.

ഇന്നലെ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്ന ചിത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അവര്‍. തന്റെ ചിത്രം ഡൊണാള്‍ഡ് ട്രംപ് കാണുകയും 1947ല്‍ നടന്ന ദാരുണ സംഭവങ്ങള്‍ ഇപ്പോഴും പൊതുജീവിതത്തില്‍ എങ്ങനെയാണ് പ്രകമ്പനം കൊള്ളുന്നതെന്ന് പഠിക്കുകയും ചെയ്തിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

ഏഴ് വര്‍ത്തെ അദ്ധ്വാനത്തിന്റെ ഫലമാണ് ‘വൈസ്രോയിസ് ഹൗസ്.’ വിഭജനകാലത്തുണ്ടായ കലാപങ്ങളെ അതിജീവിച്ച തന്റെ മാതാപിതാക്കള്‍ക്കാണ് ചിത്രം സമര്‍പ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ‘വിഭജനം ഞങ്ങളില്‍ ഒരുപാടു പേര്‍ക്ക് വലിയ മുറിവുകളാണ് ഏല്‍പ്പിച്ചത്. വിഭജനത്തിലേക്ക് നയിച്ച ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലേക്കുള്ള അന്വേഷണം എനിക്കൊരു ശുദ്ധീകരണ പ്രവര്‍ത്തനമായിരുന്നു. അതേല്‍പ്പിച്ച മുറിവുകളില്‍ നിന്നും നമ്മള്‍ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു ബ്രിട്ടീഷ് പഞ്ചാബിയുടെ കാഴ്ചപ്പാടിലാണ് ചിത്രത്തെ സമീപിച്ചിരിക്കുന്നതെന്നും അവര്‍ വിശദീകരിച്ചു. ഇന്ത്യക്കാര്‍ക്കും പാകിസ്ഥാന്‍കാര്‍ക്കും വ്യത്യസ്ത ആഖ്യാനങ്ങള്‍ ഉണ്ടാവാം. സാധാരണ ജനങ്ങളുടെയും വൈസ്രോയിയുടെ കൊട്ടാരത്തിലെ ജീവനക്കാരുടെയും വീക്ഷണത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. അടഞ്ഞ വാതിലുകള്‍ക്ക് പിന്നിലിരുന്ന് എടുക്കുന്ന രാഷ്ട്രീയ തീരമാനങ്ങള്‍ എങ്ങനെയാണ് സാധാരണ ജനങ്ങളെ ബാധിക്കുന്നത് എന്നുള്ള അന്വേഷണമാണ് ചിത്രം. ബ്രിട്ടീഷ് നടന്‍ ഹ്യൂഗ് ബോണിവില്ലെ ലോഡ് മൗണ്ട്ബാറ്റണായും ഗില്യന്‍ ആന്‍ഡേഴ്‌സണ്‍ ലേഡി എഡ്വിന മൗണ്ട്ബാറ്റണായും വേഷമിടുന്നു. ഇന്ത്യയില്‍ നിന്നുള്ള അഭിനേതാക്കളില്‍ മനീഷ് ദായല്‍, ഹുമ ഖുറേഷി, ഓം പുരി എന്നിവര്‍ ഉള്‍പ്പെടുന്നു. ചിത്രത്തെ കുറിച്ച് ഓം പുരി വളരെ ആവേശഭരിതനായിരുന്നു എന്ന് സംവിധായിക ഓര്‍ക്കുന്നു.

എഴുപതാം സ്വാതന്ത്ര്യദിന ആഘോഷങ്ങളോട് അനുബന്ധിച്ച് അടുത്ത ഓഗസ്റ്റില്‍ ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിനെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍