UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളെ ദാവൂദ് ഇബ്രാഹിമിനോട് ഉപമിച്ച് ബിജെപി നേതാവ്

രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹ1993 ല്‍ താനല്ല ജനങ്ങളെ കൊന്നതെന്നും ബോംബാണെന്നും ദാവൂദ് പറയുന്ന ചിത്രം ഗുര്‍മെഹര്‍ കൗറിനെതിരെ ട്വീറ്റ് ചെയ്തു

രാംജാസ് കോളേജിലെ എബിവിപി ആക്രമണങ്ങളെ എതിര്‍ത്തതിന്റെ പേരില്‍ സംഘപരിവാറും വിരേന്ദ്ര സേവാഗ്, രണ്‍ദീപ് ഹൂഢ തുടങ്ങിയവരും അധിഷേങ്ങള്‍ ചൊരിഞ്ഞ കാര്‍ഗില്‍ രക്തസാക്ഷി മന്‍ദീപ് സിംഗിന്റെ മകള്‍ ഗുര്‍മെഹര്‍ കൗറിനെതിരെ കൂടുതല്‍ വിഷലിപ്തമായ പരാമര്‍ശവുമായി ബിജെപി എംപി രംഗത്തെത്തി. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പോലും തന്റെ ദേശവിരുദ്ധ നിലപാട് സ്ഥാപിക്കാന്‍ സ്വന്തം പിതാവിന്റെ പേര് ഉപയോഗിക്കില്ലെന്നായിരുന്നു രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ പ്രതാപ് സിംഹയുടെ ട്വീറ്റ്. 1993 ല്‍ താനല്ല ജനങ്ങളെ കൊന്നതെന്നും ബോംബാണെന്നും ദാവൂദ് പറയുന്ന ഒരു ചിത്രവും കൗറിന് മറുപടിയായി സിംഹ ഇട്ടിട്ടുണ്ട്.

ഇതിനിടയില്‍, സാമൂഹിക മാധ്യമങ്ങളിലൂടെ വധ, ബലാല്‍സംഗ ഭീഷണികള്‍ മുഴക്കിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കൗര്‍ ഡല്‍ഹി വനിതാ കമ്മീഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കുറ്റക്കാരെ അറസ്റ്റ് ചെയ്യാനും താന്‍ ഡല്‍ഹി കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡല്‍ഹി വനിത കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മലിവാല്‍ അറിയിച്ചു. ഗുര്‍മെഹര്‍ കൗറിനെതിരെ ബലാല്‍സംഗ ഭീഷണി മുഴക്കിയ പുരുഷന്മാരെ അറസ്റ്റ് ചെയ്ത് ഇത്തരക്കാര്‍ ശക്തമായ താക്കീത് നല്‍കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

ഒരു രക്തസാക്ഷിയുടെ മകള്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടുകയും അവര്‍ക്കെതിരെ വധ, ബലാല്‍സംഗ ഭീഷണികള്‍ മുഴക്കപ്പെടുകയും ചെയ്യുന്നത് ലജ്ജാകരമാണെന്ന് മലിവാല്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ഇപ്പോള്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജെഎന്‍യു ഗവേഷക വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദും ഷെഹ്ല റാഷീദും പങ്കെടുക്കേണ്ടിയിരുന്ന ഒരു സെമിനാര്‍ രാംജാസ് കോളേജിലെ എബിവിപി പ്രവര്‍ത്തകര്‍ അക്രമാസമക്തമായി അലങ്കോലപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഗുര്‍മെഹര്‍ കൗര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയും പോസ്റ്റിടുകയും ചെയ്തതാണ് സംഘപരിവാര്‍ സംഘടനകളെ പ്രകോപിച്ചിച്ചത്. ഇതിനെ തുടര്‍ന്ന് ക്രൂരവും നിന്ദ്യവുമായി രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ സംഘപരിവാര്‍ ഇവര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍