UPDATES

ഒരു പെണ്‍കുട്ടി വലത് ദേശീയവാദി വിദ്യാര്‍ത്ഥി സംഘടനയെ വെല്ലുവിളിച്ചപ്പോള്‍

അവളുടെ കുറിപ്പുകള്‍ അതിവേഗം പടര്‍ന്നുപിടിച്ചു. കലാലയ വളപ്പുകളിലെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവര്‍-ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരടക്കം- അവള്‍ക്കൊപ്പം നിന്നു

രമ ലക്ഷ്മി

ഇന്ത്യന്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഒരു കോളേജില്‍ ഒരു ചര്‍ച്ചായോഗത്തെ ചൊല്ലി വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയപ്പോള്‍, ഒരു കോളേജ് വിദ്യാര്‍ത്ഥിനിയും അവളുടെ സാമൂഹ്യമാധ്യമ കുറിപ്പുകളും ദേശീയതയേയും അഭിപ്രായ സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഇന്ത്യയിലെ ബഹളം നിറഞ്ഞ സംവാദങ്ങളുടെ കേന്ദ്രമായി.

ദേശവിരുദ്ധനെന്ന് വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി മുദ്രകുത്തിയ ഒരാളെ ഡല്‍ഹിയിലെ ഒരു കോളേജിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ അവര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

സൈന്യത്തിനെതിരെ, സംഘര്‍ഷ പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ, അല്ലെങ്കില്‍ ശിക്ഷിക്കപ്പെട്ട ഭീകരവാദികളുടെ വധശിക്ഷയ്ക്കെതിരെ ആര് ചോദ്യങ്ങള്‍ ഉയര്‍ത്തിയാലും അവരെ എതിര്‍ക്കുന്ന ഒരു കൈക്കരുത്ത് സംഘമായി മാറിയിരിക്കുന്നു ഇന്ത്യയിലെ കലാലയങ്ങളില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷദ്. ഇത്തരം ചര്‍ച്ചകള്‍ രാജ്യത്തെ വിഭജിക്കുമെന്നും രാജ്യസ്നേഹ വികാരങ്ങളെ മുറിപ്പെടുത്തുമെന്നും അവര്‍ വാദിക്കുന്നു.

നരേന്ദ്ര മോദിയുടെ തീവ്രദേശീയവാദി സര്‍ക്കാര്‍ 2014- ല്‍ അധികാരത്തിലെത്തിയതോടെ ഈ സംഘം കൂടുതല്‍ ഹിംസാത്മകമായിരിക്കുന്നു. സര്‍ക്കാരിനെയും ഹിന്ദു ഭൂരിപക്ഷ വര്‍ഗീയതയെയും ചോദ്യം ചെയ്യുന്നവരുടെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്താനുള്ള വിശാലപ്രവണതയുടെ ഭാഗമാണിതെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍ 20-കാരിയായ ഗുര്‍മെഹര്‍ കൌര്‍ എന്ന വിദ്യാര്‍ത്ഥിനി ഫേസ്ബുക്ക് കുറിപ്പിലൂടെ എബിവിപിക്കെതിരെ സംസാരിക്കാന്‍ തീരുമാനിച്ചു.

ഒരു പ്ലക്കാര്‍ഡും കയ്യിലേന്തിയ ചിത്രം അവള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു: “ഞാന്‍ ഡല്‍ഹി സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിനിയാണ്. എനിക്കു എബിവിപിയെ പേടിയില്ല. ഞാന്‍ ഒറ്റയ്ക്കല്ല. ഇന്ത്യയിലെ ഓരോ വിദ്യാര്‍ത്ഥിയും എന്നോടൊപ്പമുണ്ട്.”

പ്ലക്കാര്‍ഡില്‍ വെച്ച ഹാഷ്ടാഗ് studentsagainstABVP എന്നായിരുന്നു. ട്വിറ്ററില്‍ അവള്‍ FightBackDU എന്നു നല്കി.

അവളുടെ കുറിപ്പുകള്‍ അതിവേഗം പടര്‍ന്നുപിടിച്ചു. കലാലയ വളപ്പുകളിലെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവര്‍-ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരടക്കം- അവള്‍ക്കൊപ്പം നിന്നു. അത് പെട്ടന്നൊരു തരംഗമാവുകയും വിദ്യാര്‍ത്ഥികള്‍ അതുപോലെ പ്ലക്കാര്‍ഡ് പിടിച്ചുള്ള ചിത്രങ്ങളിടുകയും ചെയ്തു.

ഇരു വിഭാഗങ്ങളും ഡല്‍ഹി സര്‍വ്വകലാശാലയില്‍ എതിര്‍ പ്രകടനങ്ങള്‍ നടത്തവേ കൌറിനെതിരെ അധിക്ഷേപങ്ങള്‍ പ്രവഹിച്ചു. ആക്കൂട്ടത്തില്‍ ഒരു ബോളിവുഡ് നടന്‍, ഒരു ക്രിക്കറ്റ് മുന്‍ താരം, രാജ്യത്തിന്റെ ആഭ്യന്ത്ര സഹമന്ത്രി എന്നിവരും ഉണ്ടായിരുന്നു.

“ആരാണ് ഈ ചെറുപ്പക്കാരിയുടെ മനസ് മലിനമാക്കുന്നത്,?” ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ട്വീറ്റ് ചെയ്തു.

കൌര്‍ ഓണ്‍ലൈന്‍ സാമൂഹ്യപ്രവര്‍ത്തനത്തില്‍ പുതിയ ആളല്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയും പാകിസ്ഥാനും ഇടയിലുള്ള സമാധാനത്തിനായി അവള്‍ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ഇട്ടിരുന്നു. അതില്‍ ProfileForPeace എന്ന ഹാഷ്ടാഗിനൊപ്പം തങ്ങളുടെ ചിത്രം ഇടാനാണ് ആവശ്യപ്പെട്ടത്.

ഒരു സൈനിക ക്യാപ്റ്റനായിരുന്ന തന്റെ അച്ഛന്‍ കൊല്ലപ്പെടുമ്പോള്‍ തനിക്ക് വെറും രണ്ടു വയസേ ഉണ്ടായിരുന്നുള്ളൂ എന്നതടക്കമുള്ള നിരവധി പ്ലക്കാര്‍ഡുകള്‍ കൌര്‍ നല്കി. താന്‍ കുട്ടിയായിരുന്നപ്പോള്‍ എല്ലാ മുസ്ലീങ്ങളെയും പാകിസ്ഥാന്‍കാരെയും വെറുത്തിരുന്നു എന്നു അതിലൊരു പ്ലക്കാര്‍ഡില്‍ പറയുന്നു. മറ്റൊന്നില്‍, “പാകിസ്ഥാനല്ല എന്റെ അച്ഛനെ കൊന്നത്. യുദ്ധമാണ് അദ്ദേഹത്തെ കൊന്നത്,” എന്നും പറയുന്നു.

ഞായറാഴ്ച്ച മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് അവളുടെ ഒരു വര്‍ഷം പഴക്കമുള്ള കുറിപ്പിനെ അപഹസിച്ച് ഒരു പ്ലക്കാര്‍ഡും പിടിച്ച് ട്വീറ്റ് ചെയ്തു. ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ സേവാഗിന്റെ കുറിപ്പിനെ പ്രകീര്‍ത്തിച്ചു, അവള്‍ ഒരു ‘രാഷ്ട്രീയ കരു’ ആണെന്ന് വിശേഷിപ്പിച്ചു.

ഗുര്‍മെഹറിനെ അന്യായമായി വേട്ടയാടുകയാണെന്ന് അവളുടെ മുത്തച്ഛന്‍ കന്‍വല്‍ജീത് സിംഗ് പറഞ്ഞു. “എനിക്കു വലിയ ഹൃദയവേദനയുണ്ട്,” അയാള്‍ പറഞ്ഞു. “ശത്രുക്കളെ കൊന്നാണ് എന്റെ മകന്‍ രക്തസാക്ഷിയായത്. ഇപ്പോള്‍ എന്റെ കൊച്ചുമകളെക്കുറിച്ച് അവര്‍ എന്താണ് പറയുന്നത് എന്നു നോക്കൂ. കലാലയവളപ്പില്‍ സംഘര്‍ഷം ഉണ്ടാകരുത് എന്നു മാത്രമാണ് അവള്‍ പറഞ്ഞത്. രാജ്യത്തിനെതിരെ ഒന്നും പറഞ്ഞില്ല.”

ഒടുവില്‍, ചൊവ്വാഴ്ച്ച, സാമൂഹ്യ മാധ്യമങ്ങളിലും പുറത്തുമുള്ള ആക്രമണങ്ങള്‍ക്കൊടുവില്‍ കൌര്‍ പ്രചാരണത്തില്‍ നിന്നും പിന്‍വാങ്ങി. എന്നാല്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ പ്രതിഷേധങ്ങള്‍ ഇപ്പൊഴും തുടരുക തന്നെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍