UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈക്കോടതി ഉത്തരവ്; ഹാദിയയെ പൊലീസ് ബലം പ്രയോഗിച്ച് വീട്ടില്‍ കൊണ്ടുപോയി

ഹാദിയ സിറിയയിലേക്കു പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി പിതാവ്

ഹൈക്കോടതി വിവാഹം റദ്ദ് ചെയ്ത ഹാദിയയെ പൊലീസ് ബലം പ്രയോഗിച്ചു മാതാപിതാക്കളുടെ വീട്ടിലേക്കു കൊണ്ടുപോയി. വീട്ടില്‍ പോകാന്‍ ശക്തമായ എതിര്‍പ്പ് ഹാദിയ പ്രകടിപ്പിച്ചെങ്കിലും പൊലീസ് നിര്‍ബന്ധപൂര്‍വം അവരെ കൊണ്ടു പോവുകയായിരുന്നു. മതം മാറി നടത്തിയ വിവാഹം അസാധുവാക്കിയാണു ഹൈക്കോടതി ഹാദിയയെ(അഖില) മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ ഉത്തരവിട്ടത്.

കോടതി ഉത്തരവിനെ തുടര്‍ന്ന് എറണാകുളം എസ്എന്‍വി സദനത്തില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു ഹാദിയയെ. ഇന്ന് ഉച്ചയോടെയാണു വൈക്കത്തെ വീട്ടിലേക്കു ഹാദിയയെ കൊണ്ടു പോകാനായി പൊലീസ് എത്തിയത്. എന്നാല്‍ മാതാപിതാക്കളുടെയടുക്കലേക്ക് താന്‍ പോകുന്നില്ലെന്നാണു ഹാദിയ പൊലീസിനോടു പറഞ്ഞത്. കോടതിവിധി നടപ്പാക്കാനായി എതിര്‍പ്പ് മറികടന്നും പൊലീസ് ഹാദിയയെ ജീപ്പില്‍ കയറ്റുകയായിരുന്നു. താന്‍ മതം മാറിയെന്നും വീട്ടില്‍ പോകേണ്ടെന്നുമായിരുന്നു അപ്പോഴും ഹാദിയ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത്.

അതേസമയം ഹാദിയ സിറിയയിലേക്കു പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി പിതാവ് അശോകന്‍ പറഞ്ഞതായി മാധ്യമ വാര്‍ത്തകള്‍ വരുന്നുണ്ട്. നേരത്തെ കോടതിയിലും ഇതേ പരാതികള്‍ അശോകന്‍ ഹൈക്കോടതിയിലും നടത്തിയിരുന്നു. മകളെ ഐഎസിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു പരാതി. ഇതിന്മേല്‍ വിശദമായ അന്വേഷണം നടത്തണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു.

മാതാപിതാക്കള്‍  മകളെ കാണാനില്ലെന്നു കാണിച്ചു കോടതിയില്‍ ഹേബിയസ കോര്‍പ്പസ് ഫയല്‍ ചെയ്തിരിക്കുന്ന സമയത്ത് വിവാഹം നടത്തിയത് തെറ്റാണെന്നും വിവാഹത്തിനു യുവതിയുടെ രക്ഷകര്‍ത്താവായി നിന്ന സ്ത്രിക്കു വിവാഹം നടത്തിക്കൊടുക്കാന്‍ അധികാരമില്ലെന്നുമാണു ഹാദിയായുടെയും ഷഫീന്റെയും വിവാഹം റദ്ദാക്കാനുള്ള കാരണങ്ങളായി ഹൈക്കോടതി പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍