UPDATES

വിദേശം

ഹെയ്തിയില്‍ ജനാധിപത്യം എത്രത്തോളം?

Avatar

വാഷിംഗ്ടന്‍ പോസ്റ്റ്

മെക്സിക്കോ വഴി യുഎസ്സിലേയ്ക്ക് കടക്കാനെത്തിയ ഹെയ്തി കുടിയേറ്റക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം വര്‍ദ്ധിച്ചതോടെ ഈയിടെ ബറാക്ക് ഒബാമ ഭരണകൂടം കുടിയേറ്റ നയം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. അസ്ഥിരതയും പ്രശ്നങ്ങളും കൊണ്ട് പൊറുതി മുട്ടിയ ഈ ദരിദ്രരാജ്യത്തെ ജനങ്ങള്‍ക്കുള്ള താക്കീതായി അത്.

ഹെയ്തിയിലെ സ്ഥിതി മെച്ചപ്പെടണമെങ്കില്‍ രാഷ്ട്രീയ സ്ഥിരതയുണ്ടായേ തീരൂ എന്ന അവസ്ഥയാണ്. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്കുള്ള വോട്ടെടുപ്പില്‍ കൃത്രിമം നടന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ ‘redo’ (വീണ്ടും വോട്ടെടുപ്പ്) പരാജയപ്പെട്ടിരുന്നു. ഒക്ടോബര്‍ 9നാണ് അടുത്ത തെരഞ്ഞെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. വര്‍ഷങ്ങളായുള്ള കെടുകാര്യസ്ഥതയും ദുര്‍ഭരണവുമവസാനിപ്പിച്ച് പുരോഗതിയിലേയ്ക്ക് നീങ്ങാനുള്ള ഈ അവസരം ശരിയായി വിനിയോഗിക്കുകയാണ് അവര്‍ ചെയ്യേണ്ടത്.

2010ല്‍ നാശം വിതച്ച ഭൂകമ്പത്തെത്തുടര്‍ന്നു ഹെയ്തിയില്‍ നിന്നു വീസയില്ലാതെ എത്തുന്ന കുടിയേറ്റക്കാരോട് യു‌എസ് മൃദുസമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. അവിടത്തെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നത് പരിഗണിച്ച് ഇവര്‍ക്ക് പ്രവേശനം അനുവദിക്കുകയും താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് നല്‍കുകയും ചെയ്തിരുന്നു. തെക്കന്‍-മദ്ധ്യ അമേരിക്ക വഴി സാഹസികമായി യാത്ര ചെയ്ത് 5,000ത്തിലധികം ഹെയ്തിക്കാരാണ് കഴിഞ്ഞ ഒക്ടോബറില്‍ സാന്‍ഡിയാഗോയ്ക്ക് അടുത്തുള്ള സാനിസിഡ്രോ പോര്‍ട്ട് ഓഫ് എന്‍ട്രിയില്‍ എത്തിയത്. ഇതോടെ അമേരിക്കന്‍ ഭരണകൂടം പെട്ടന്നു നയം മാറ്റി. 2015 സാമ്പത്തിക വര്‍ഷത്തില്‍ വെറും 339 ഹെയ്തിക്കാരാണ് അതിര്‍ത്തി കടന്നത്.

ഹെയ്തിയില്‍ സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നു എന്നതാണ് യു‌എസ് ഉദ്യോഗസ്ഥര്‍ ഇതിനു കാരണമായി പറഞ്ഞത്. എന്നാല്‍ ഭൂകമ്പമുണ്ടായതോടെ ഒഴിഞ്ഞു പോകേണ്ടി വന്ന 15 ലക്ഷം പേരില്‍ മിക്കവരേയും പുനരധിവസിപ്പിച്ചു കഴിഞ്ഞെങ്കിലും സാമ്പത്തിക വളര്‍ച്ച തീരെയില്ല. നിക്ഷേപങ്ങള്‍ മന്ദഗതിയിലാണ് നടക്കുന്നത്. കൂടാതെ വരള്‍ച്ചയെ തുടര്‍ന്നു ഭക്ഷ്യക്ഷാമവും നേരിടുകയാണ് ജനങ്ങള്‍.

പക്ഷേ യു‌എസ് ഭരണകൂടത്തിന് മറ്റൊരു കുടിയേറ്റ പ്രതിസന്ധി കൂടി നേരിടാനാവില്ല എന്നതിനാലാണ് ഈ നയംമാറ്റം. ശാശ്വത പരിഹാരത്തിന് ആദ്യമായി വേണ്ടത് നീതിപൂര്‍വ്വവും സുതാര്യവുമായ തെരഞ്ഞെടുപ്പാണ്. ഹെയ്തിയുടെ രാഷ്ട്രീയ ചരിത്രത്തിന് അത്തരം ഉദാഹരണങ്ങള്‍ നല്‍കാനില്ല.

ഇക്കഴിഞ്ഞ ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ തട്ടിപ്പും കള്ളവോട്ടും ‘സോംബി വോട്ടു’കളും മറ്റ് ക്രമക്കേടുകളുമുണ്ടായിരുന്നു എന്ന് മിക്കവരും കരുതുന്നു. പക്ഷേ ഇലക്ഷന്‍ ഫണ്ടിങ് നടത്തിയ യു‌എസ് ഒഫീഷ്യലുകളും യൂറോപ്യന്‍ നിരീക്ഷകരുമൊക്കെ സംതൃപ്തരായിരുന്നു. വാഷിംഗ്ടന്‍ അന്നു ഭരണത്തിലിരുന്ന പാര്‍ട്ടിയുമായി ഒത്തുകളിച്ചു എന്ന് ഹെയ്തിയിലെങ്ങും പരന്നിരുന്ന അഭ്യൂഹങ്ങളെ ഈ നിലപാട് ബലപ്പെടുത്തി. അതുകൊണ്ടാണ് രാഷ്ട്രീയ പരിചയമില്ലാതിരുന്നിട്ടും ഭരണകക്ഷിയുടെ സ്ഥാനാര്‍ത്ഥി ഒന്നാമതെത്തിയതെന്ന് അവര്‍ കരുതുന്നു.

മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും ബഹളങ്ങള്‍ക്കുമൊടുവില്‍ ആ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി; ഇക്കൊല്ലം ജനുവരിയില്‍ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് നടന്നില്ല. ഇന്ന് മുതല്‍ ഒരാഴ്ചത്തേയ്ക്ക് ക്രമീകരിച്ചിരിക്കുന്ന, വിദേശസഹായമില്ലാതെ ഹെയ്തി തന്നെ ചെലവു വഹിക്കുന്ന ഇലക്ഷന്‍ ശരിയായി നടക്കുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.

തെരഞ്ഞെടുപ്പ് പ്രക്രിയ മെച്ചമാകുന്നതിന്‍റെ ലക്ഷണങ്ങള്‍ എന്തായാലുമുണ്ട്. ഇലക്ഷന്‍ കൌണ്‍സില്‍ പ്രവര്‍ത്തകര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും കൂടുതല്‍ പരിശീലനം നല്‍കുന്നുണ്ട്. വോട്ടര്‍മാരുടെ വിരലുകളില്‍ പതിപ്പിക്കാന്‍ മായാത്ത മഷി ഉണ്ടാകുമെന്നും കരുതുന്നു; കഴിഞ്ഞ വര്‍ഷത്തേത് കഴുകിയാല്‍ പോകുന്നതായിരുന്നു.

ശരിയായ രീതിയില്‍ നടത്തപ്പെടുന്ന ഇലക്ഷനും നീതിയുക്തമായ ഒരു ഗവണ്‍മെന്‍റും ഹെയ്തി അര്‍ഹിക്കുന്നുണ്ട്. ഇപ്പോഴത്തെ കെയര്‍ടേക്കര്‍ പ്രസിഡന്‍റ് ജോസിലേം പ്രിവെര്‍ട്ടിന്‍റെ ടേം ജൂണില്‍ കഴിഞ്ഞു. പിന്‍ഗാമിയെ പ്രഖ്യാപിക്കാതെ കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞപ്പോള്‍ നാലു മാസത്തേയ്ക്കാണ് പ്രിവെര്‍ട്ട് നിയമിക്കപ്പെട്ടത്. നീട്ടിവയ്ക്കുന്ന ഓരോ തെരഞ്ഞെടുപ്പും ജനാധിപത്യത്തെ ദോഷകരമായി ബാധിക്കും, അത് ശരിയായ രീതിയില്‍ നടത്താത്തത് വളരെ അപകടകരമായ അവസ്ഥയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍