UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ത്രീകള്‍ക്ക് അശുദ്ധി കല്‍പ്പിക്കുന്ന ഈ മതങ്ങളാണോ നിങ്ങളെ നന്നാക്കാന്‍ പോകുന്നത്?

Avatar

ടീം അഴിമുഖം

ഇന്ത്യന്‍ ജുഡീഷ്യറി സ്ത്രീകള്‍ക്കുവേണ്ടി മറ്റൊരു വാതില്‍ കൂടി തുറന്നിരിക്കുന്നു. മുംബൈയിലെ ഹാജി അലി ദര്‍ഗയുടെ ഉള്‍ഭാഗത്ത് സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവു നല്‍കിക്കഴിഞ്ഞു. 2012-ല്‍ ദര്‍ഗയില്‍ സ്ത്രീകളുടെ പ്രവേശനം തടഞ്ഞ ഹാജി അലി ദര്‍ഗ ട്രസ്റ്റിനെതിരെയാണ് വിധി. സ്ത്രീകള്‍ ദര്‍ഗയില്‍ കടക്കുന്നത് ഇസ്ലാമിക് അല്ല എന്നായിരുന്നു ട്രസ്റ്റിന്റെ വാദം.

സുവ്യക്തമായ ഒരു വസ്തുത ഊന്നിപ്പറയാന്‍ കോടതി ഇടപെടല്‍ വേണ്ടിവന്നു. ഭരണഘടന എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്ന ലിംഗസമത്വവും ആരാധനാസ്വാതന്ത്ര്യവും തടയുകയാണ് ട്രസ്റ്റ് ചെയ്തത്. എന്നാല്‍ ഹാജി അലി ദര്‍ഗ ട്രസ്റ്റ് അംഗങ്ങള്‍ക്കു മാത്രമല്ല നിയമത്തെപ്പറ്റി അവബോധമില്ലാത്തത്. കേരളത്തിലെ ശബരിമല ക്ഷേത്രഭാരവാഹികള്‍ പ്രത്യുത്പാദന പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം അനുവദിക്കുന്നതിനെതിരെ കേസ് നടത്തുകയാണ്.

ഈ വര്‍ഷം ഏപ്രിലില്‍ ബോംബെ ഹൈക്കോടതിയുടെ മറ്റൊരു വിധിയെത്തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ ഷാനി ഷിഗ്നാപുര്‍ ക്ഷേത്രം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചത്. പരസ്പരം പരമാവധി വ്യസ്തരായിരിക്കാന്‍ മല്‍സരിക്കുന്ന ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളും മതങ്ങളും സ്ത്രീകളെ ആരാധനാലയങ്ങളില്‍ നിന്നു വിലക്കുന്നതില്‍ കാണിക്കുന്ന ഒരുമ അതിശയകരമാണ്.

ഹാജി അലി ദര്‍ഗയിലായാലും ശബരിമലയിലായാലും സ്ത്രീകളെ വിലക്കാന്‍ കണ്ടെത്തുന്ന കാരണം സ്ത്രീ ശരീരത്തില്‍ ആരോപിക്കപ്പെടുന്ന അശുദ്ധിയാണ്. കബറിടത്തില്‍ കുനിയുമ്പോള്‍ സ്ത്രീകളുടെ മാറിടം കാണപ്പെടാമെന്നതാണ് ഹാജി അലി ദര്‍ഗ ട്രസ്റ്റ് പറഞ്ഞ കാരണങ്ങളില്‍ ഒന്ന്. ആര്‍ത്തവകാലത്തെ ‘അശുദ്ധി’യായിരുന്നു മറ്റൊരു കാരണം.

ആര്‍ത്തവവുമായി ബന്ധപ്പെട്ട വിലക്കാണ് സ്ത്രീകളുടെ ശബരിമല പ്രവേശനത്തിനു തടസം. പുരാതനകാലത്തെ വിലക്ക് ഇപ്പോള്‍ പാരമ്പര്യമായി മാറിയതാണ് ഇവിടത്തെ പ്രശ്‌നം. ഹിന്ദു, ഇസ്ലാം ഗ്രന്ഥങ്ങളൊന്നും ആര്‍ത്തവകാലത്തോ അല്ലാത്തപ്പോഴോ സ്ത്രീകള്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതു വിലക്കുന്നില്ല എന്നതും ശ്രദ്ധേയം.

കാര്യകാരണങ്ങളെക്കാള്‍ പാരമ്പര്യത്തിന് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് ചോദ്യം ചെയ്യപ്പെടലുകള്‍ ഒഴിവാക്കാനാണ്; അവയില്‍നിന്നു രക്ഷപെടാനാണ്. ഹാജി അലി ദര്‍ഗയില്‍ പ്രവേശനം അനുവദിച്ച കോടതി ഉത്തരവ് ‘അശുദ്ധി’യില്‍ വിശ്വസിക്കുന്ന പല സ്ത്രീകള്‍ക്കും ഇഷ്ടപ്പെട്ടില്ല എന്നത് രസകരമാണ്. യുക്തിരഹിതമായ മൂല്യങ്ങളുടെ പിടി വിടുവിക്കാന്‍ കോടതിയുടെ യുക്തിഭദ്രമായ വാക്കുകള്‍ക്കു കഴിയും. എന്നാല്‍ സ്വന്തം മനസിലുള്ള ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ആളുകള്‍ തയാറാകുന്നില്ലെങ്കില്‍ ആ വാക്കുകള്‍ പാഴാകുകയെ ഈ ഉള്ളു. ചങ്ങലകള്‍ സ്വയം എടുത്ത് അണിയണോ എന്ന്‍ തീരുമാനിക്കേണ്ടത് ഓരോ സമൂഹവുമാണ്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍