UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാജി അലി ദര്‍ഗയില്‍ നിന്നും ഇനി ശബരിമലയിലേക്ക്; വേണ്ടത് വിശ്വാസികളായ സ്ത്രീകളുടെ ഒരു ചുവട്

Avatar

പ്രമീള ഗോവിന്ദ് എസ്.

മഹാരാഷ്ട്രയില്‍ ശനി ശിംഗനാപുര്‍ ക്ഷേത്രത്തിനും ത്രയംബകേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രത്തിനും പിന്നാലെ നിയമപരമായ പോരാട്ടത്തിലൂടെ സ്ത്രീകള്‍ പ്രവേശനാനുമതി നേടിയെടുക്കുന്ന മൂന്നാമത്തെ ആരാധനാലയമാണ് ഹാജി അലി ദര്‍ഗ. രണ്ട് ക്ഷേത്രങ്ങളിലും കാലങ്ങളായി തുടരുന്ന ആചാരത്തെയാണ് സ്ത്രീകള്‍ ചോദ്യം ചെയ്തതെങ്കില്‍ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് ഇടക്കാലത്തു മാത്രം ഏര്‍പ്പെടുത്തിയ വിലക്കാണ് കോടതി നീക്കിയത്. കേരളത്തിലെ ശബരിമലയായാലും മുംബെയിലെ ഹാജി അലി ദര്‍ഗയായാലും നീണ്ട പോരാട്ടത്തിലൂടെ നിയമപരമായി ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നേടിയെടുക്കുമ്പോഴും  പുരോഗമനവാദികളുടെ ഏറ്റവും വലിയ വെല്ലുവിളി സ്വയം പിന്മാറുന്ന സ്ത്രീകളെ അവകാശങ്ങളെ കുറിച്ച ബോധ്യപ്പെടുത്തുക എന്നതായിരിക്കും. ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയെ കുറിച്ചാണ് എന്നും പ്രകീര്‍ത്തിക്കപ്പെട്ടിട്ടുളളത്. അതുകൊണ്ട് തന്നെ കൂടുതല്‍ തുല്യത, നീതി എന്നിവയില്‍ ഊന്നിയ ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം അത്ര എളുപ്പമായിരിക്കില്ല.

ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന് ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ മതപരമായ ആധികാരികതയുടെ യുക്തികള്‍ വെച്ച് സ്ത്രീകളെ ചൂഷണം ചെയ്യാന്‍ മതത്തെ ഉപകരണമാക്കുകയാണ്. മത വ്യക്തി നിയമങ്ങള്‍ ലിംഗ സമത്വത്തെ പരിഗണിക്കുന്നതേയില്ല എന്ന വസ്തുത ലിംഗ സമത്വത്തെക്കുറിച്ച് ഇവിടെ കാര്യമായി സംവാദം സൃഷ്ടിക്കുന്നുണ്ട്. അന്തസ്സിനും പൗരന്റെ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന ഏത് സ്ത്രീയുടെയും സ്ഥാനം ഈ സമൂഹത്തിന് പുറത്താണെന്ന് പൊതുസമൂഹം കരുതുന്നു. തങ്ങളുടെ പരിധികള്‍ സ്വയം നിശ്ചയിക്കുന്ന സ്ത്രീകളാണ് ഇതില്‍ കാര്യമായ പങ്ക് വഹിക്കുന്നത് എന്നതും പ്രധാനമാണ്.

മതവിമര്‍ശനം ലോകത്തെ ഏറ്റവും സാഹസികമായ ദൗത്യമാണ്. വൈകാരികമായി ഉറച്ച ഒന്നിനെ വൈചാരികമായി നീക്കംചെയ്യാനാവില്ല. ആചാരങ്ങള്‍ പലപ്പോഴും സ്ത്രീവിരുദ്ധമാകുന്നതുകൊണ്ട് കൂടിയാണ് എല്ലാവിധ അവകാശങ്ങള്‍ക്കും വേണ്ടി സ്ത്രീകള്‍ ശബ്ദമുയര്‍ത്തുന്നത്. മാറു മറയ്ക്കരുതെന്നും സതി അനുഷ്ഠിക്കണമെന്നും മറ്റുമുളള മതാചാരങ്ങള്‍ എത്രയോ നൂറ്റാണ്ടുകാലം സ്ത്രീകളുടെമേല്‍ പൗരോഹിത്യം അടിച്ചേല്‍പ്പിച്ചിരുന്നു. അതിനെതിരെ സ്ത്രീകള്‍ സംഘടിത ചെറുത്തുനില്‍പ്പുകള്‍ നടത്തി നേടിയെടുത്തതാണ് ഇന്നത്തെ സ്വാതന്ത്ര്യങ്ങളില്‍ പലതും. അധികാരകേന്ദ്രങ്ങളില്‍ നിന്ന സ്ത്രീ മാറ്റി നിര്‍ത്തപ്പേടേണ്ടത് എന്നും പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ആവശ്യമായിരുന്നു. ഇന്നത്തെ ജാതി, മതവ്യവസ്ഥകളിലേറെയും പുരുഷകേന്ദ്രിതമാണ്. എല്ലാ മതങ്ങളിലും പുരോഹിതര്‍ പുരുഷന്മാരായത് വിശുദ്ധഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങള്‍ സ്ത്രീകള്‍ക്കെതിരാക്കി. സ്ത്രീകള്‍ക്ക് മേല്‍ സൂക്ഷ്മമായ നിയന്ത്രണം ഏര്‍പ്പെടുത്തുക വഴി പുരുഷന്‍ സമൂഹത്തില്‍ മേല്‍ക്കൈ ഉറപ്പിച്ചപ്പോള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലായത് സ്ത്രീകളുടെ ആത്മവിശ്വാസത്തെ ബാധിച്ചു. ഇത് അന്ധവിശ്വാസങ്ങളെ പിന്‍പറ്റുന്നതിലും ആള്‍ദൈവങ്ങളെ പിന്തുടരുന്നതിലും സ്ത്രീകള്‍ മുന്‍പന്തിയിലാകാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.


അഹമ്മദ് നഗറിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ ആരാധന നടത്തുന്ന സ്ത്രീകള്‍

മതം യുക്തിയുടെ വിപരീതമാണ് എന്ന് റിച്ചാഡ് ഡോകിന്‍സ് ദി ഗോഡ് ഡില്യുഷനില്‍ ചൂണ്ടിക്കാണിക്കുന്നു. ബൗദ്ധികമായ എല്ലാ പ്രബോധനങ്ങളെയും അത് നിരാകരിക്കും. കൊതിയും പേടിയുമാണ് മതവിശ്വാസത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. തന്നെ പ്രീണിപ്പിച്ചാല്‍ നേട്ടമുണ്ടാകുമെന്ന് ഓരോ ദൈവവും ഭക്തരെ കൊതിപ്പിക്കുന്നു. മതമൊഴികെ സൂര്യന് താഴെയുള്ള എന്തിനേയും വിമര്‍ശിക്കുന്നവര്‍ പ്രതികരിച്ചാല്‍ പരിക്കേല്‍ക്കുമെന്നതിനാല്‍ മതത്തിന്റെയും പൗരോഹത്യത്തിന്റേയും മുന്നില്‍ കവാത്ത് മറക്കുന്നു. നിയമത്തിലൂടെ നേടിയെടുക്കുന്ന തുല്യത ആസ്വദിക്കുന്നതില്‍ നിന്ന് വിശ്വാസികളായ സ്ത്രീകളെ പിന്തിരിപ്പിക്കുന്നതും ഇതൊക്കെ തന്നയൊണ്. സാമൂഹിക സ്ഥാപനങ്ങള്‍ക്ക് കീഴ്‌പ്പെട്ട് ജീവിക്കുന്ന സ്ത്രീ കാലം പോകും തോറും സ്വയം പരുവപ്പെടലിന് വിധേയമാകുന്നു. ആധുനിക കാലത്തും സീരിയലുകളും സിനിമകളും മുന്നോട്ടു വെക്കുന്ന ഉത്തമ കുടംബിനിയെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ തൂത്തെറിയാന്‍ പലപ്പോഴും ഇവര്‍ക്കാവുന്നില്ല. തറവാട്ടില്‍ പിറന്ന മാന്യയായ സ്ത്രീയുടെ ശരിയായ ഇടം കുടുംബമാണെന്നും ഭര്‍ത്താവിനും കുടുംബത്തിനും ദൈവത്തിനും കീഴ്‌പ്പെട്ട് കഴിയുന്നതാണ് ഉത്തമായ സ്ത്രീയുടെ ലക്ഷണമെന്നും മനസ്സിലാക്കി ചെറുപ്പത്തിലെ സ്വയം പരുവപ്പെടലിന് വിധേയമാകുന്നു.(ദൂര്‍ദര്‍ശനിലെ രാമായണം സീരിയലിന് ശേഷമാണ് മലയാളികള്‍ക്കിടയില്‍ നെറ്റിയില്‍ സിന്ദുരം ചാര്‍ത്തുന്നത് ട്രെന്‍ഡാകുന്നത് എന്നോര്‍മ്മിക്കാം.) ദൈവനിഷേധം വരുത്താനിടയുള്ള ദോഷങ്ങളെ കുറിച്ചും ഇവര്‍ ഭയപ്പെടുന്നു. ഉദാഹരണത്തിന് താലി കഴുത്തില്‍ നിന്ന് മാറിയാല്‍ വൈധവ്യം സംഭവിക്കുമെന്ന ഓര്‍മ്മപ്പെടുത്തല്‍ അല്ലെങ്കില്‍ ആര്‍ത്തവകാലത്ത് ഉപയോഗിച്ച തുണി കഴുകി വിരിക്കുമ്പോള്‍ ഇഴ ജന്തുക്കള്‍ അതിന് മുകളിലുടെ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം ഇല്ലെങ്കില്‍ സര്‍പ്പശാപം ഉണ്ടാകുമെന്നും ഭാവിയില്‍ കുട്ടികള്‍ ഉണ്ടാകില്ല എന്നുമാണ് ഹിന്ദുക്കള്‍ക്കിടിയിലുള്ള വിശ്വാസം. ഇതൊക്കെ മറികടക്കാതിരിക്കാനുള്ള ചിട്ടകള്‍ക്കാണ് സ്ത്രീകള്‍ ചെറുപ്പം മുതല്‍ ശീലിക്കുന്നത്. ഈ പരുവപ്പെടലില്‍ നിന്ന് പുറത്ത് കടക്കുന്നത് അത്ര എളുപ്പമല്ല. മതവും സമൂഹവും കാലാകാലങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന കടമകളില്‍ കുടുങ്ങിക്കിടക്കുകയാണ് ഇന്നും വലിയൊരു വിഭാഗം സ്ത്രീകള്‍.

സമൂഹം മുന്നോട്ട് വെക്കുന്ന മാന്യതയുടെ ചിട്ടവട്ടങ്ങള്‍ക്കനുസരിച്ചാണ് സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ അവള്‍ സ്വയം വരക്കുന്നത്. സമൂഹത്തിന്റെ ഈ അതിര്‍വരമ്പുകളോട് കലഹിച്ച് പുറത്ത് വരാന്‍ ആഹ്വാനം ചെയ്യുമ്പോള്‍ വലിയൊരളവില്‍ സാമൂഹിക സുരക്ഷയുടെ അരക്ഷിതത്വവും പിടികൂടിയേക്കാം. ദൈവഭയം മാത്രമല്ല ഇവിടെ മുഖ്യ ഘടകമാകുന്നത്. കലഹിച്ച് പുറത്ത് വന്നാല്‍ നഷ്ടപ്പെടാവുന്ന മാന്യത, സ്വത്തിലും വരുമാനത്തിലും അധിഷ്ഠിതമായ സുരക്ഷ, കുട്ടികളുടെ ഭാവി, തൊഴില്‍ജീവിതം, മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മാന്യത , ജിവന് പോലും നേരിടാവുന്ന ഭിഷണി ഇതൊക്കെയും പിന്‍തിരിപ്പിക്കും.

മഹാരാഷ്ട്രയില്‍ ഉയര്‍ന്ന് വരുന്ന ഈ ശബ്ദങ്ങള്‍ കേരളത്തിലെ ശബരിമലയില്‍ എത്താന്‍ വൈകുന്നത് കാണിക്കുന്നത് ഒരു അപകട സൂചനയാണ്. ഒന്നുകില്‍ മലയാളി പെണ്ണുങ്ങളെ ഇതൊന്നും ബാധിക്കില്ല എന്ന തിരിച്ചറിവ് അല്ലെങ്കില്‍ പോരാടി നേടിയെടുക്കുന്ന അവകാശങ്ങള്‍ വരുത്തിവെക്കാവുന്ന അപകടങ്ങളെ കുറിച്ചുള്ള ഭയം. ക്ഷേത്രപ്രവേശന വിളംബരവും വഴി നടക്കാനും മാറു മറക്കാനുമുള്ള സമരവും കണ്ട സമൂഹത്തില്‍ സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശന സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ശബരിമല ഉള്‍പ്പടെയുള്ള വിഷയത്തില്‍ വിശ്വാസത്തെക്കാളും സ്ത്രീ വിമോചനത്തെക്കാളും പ്രസക്തി വോട്ടുബാങ്ക് രാഷ്ട്രീയത്തിന് ആണെന്നുള്ള കാര്യം മറന്നുകൊണ്ടല്ല ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യഫോണ്‍ സംഭാഷണത്തില്‍ ദളിത് എഴുത്തുകാരി രേഖ രാജ് ചുണ്ടിക്കാണിച്ചത് പോലെ ഘര്‍വാപ്പസിയും താഴ്ന്ന ജാതിക്കാരന് പൂജ ചെയ്യാനുള്ള അവകാശവും സംരക്ഷിക്കാന്‍ രംഗത്തെത്തിയ ബിജെപിക്കെങ്കിലും കേരളത്തില്‍ ശബരിമല വിഷയത്തില്‍ ഇനി അധികകാലം മാറി നില്‍ക്കാനാവില്ല.

സ്ത്രീകള്‍ക്ക് പൗരോഹിത്യം നിഷേധിച്ചിരിക്കുന്ന ക്ഷേത്രങ്ങളും, സ്ത്രീകള്‍ക്ക് പ്രവേശനം തന്നെ നിഷേധിച്ചിരിക്കുന്ന മുസ്ലീം പള്ളികളും ഉള്ള നാട്ടില്‍ നടക്കേണ്ടത്, ആരാധനാക്രമത്തിലെ വിവേചനം അവസാനിപ്പിക്കുന്ന അടിസ്ഥാന മുന്നേറ്റം ആണ്. ഹിന്ദു സമുദായത്തെ സംബന്ധിച്ചിടത്തോളം ഏകീകൃതമായ ചിട്ടകളുടെയും ആചാരങ്ങളുടെയും അഭാവം ഒരുപരിധി വരെ പരിഷ്‌കരണങ്ങള്‍ക്കുള്ള സാധ്യതകള്‍ എന്നും തുറന്നിടുന്നുണ്ട്. ഇന്ന് കാണുന്ന ക്ഷേത്രങ്ങളും ആചാരങ്ങളും ഒക്കെ ഈ പരുവത്തിലാകാന്‍ നിരവധി പരിഷ്‌കരണങ്ങള്‍ക്ക് വിധേയമായതാണല്ലോ. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്താളം ഇതത്ര എളുപ്പമല്ല. മാന്യതക്ക് വേണ്ടി സ്ത്രീ കീഴ്‌പ്പെട്ട് വരുന്ന അസംഖ്യം നിയന്ത്രണങ്ങളില്‍ ഒന്നാണ് ആരാധനാലയങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയരുന്ന ഈ തര്‍ക്കവും. ആത്മാഭിമാനവും മാന്യതയും രണ്ടും രണ്ടാണെന്ന് സ്ത്രീ തിരിച്ചറിയണം.


തൃപ്തി ദേശായി

ഇനി പുറത്ത് വരേണ്ടത് വിശ്വാസികളായ സ്ത്രീകളാണ്. പണ്ട് താഴ്ന്ന ജാതിക്കാര്‍ അമ്പലത്തില്‍ കയറിയാല്‍ ക്ഷേത്രങ്ങളുടെ പരിശുദ്ധി നശിക്കും എന്ന വിശ്വാസത്തില്‍ നിന്ന് താഴ്ന്ന ജാതിക്കാരന്‍ പുജാരിയായാലും ദൈവികതക്കും ആത്മീയതക്കും യാതൊരു കോട്ടം സംഭവിക്കില്ല എന്നായിട്ടുണ്ട്. സ്ത്രീകള്‍ കയറിയാലും ഇത്രയൊക്കെയെ സംഭവിക്കൂ എന്നാണ് തിരിച്ചറിയേണ്ടത്. തൃപ്തി ദേശായി അടക്കമുള്ള ഒരു വലിയ സംഘം സ്ത്രീ വിമോചന പ്രവര്‍ത്തകര്‍ പോരാട്ടത്തിലൂടെ നേടിയെടുത്ത അവകാശം സംരക്ഷിക്കാന്‍ ഇനി അടുത്ത ചുവട് വിശ്വാസികളായ സ്ത്രീകളില്‍ നിന്നാണ് ഉണ്ടാകേണ്ടത്. ആചാരങ്ങള്‍ക്ക് കീഴ്‌പ്പെട്ട് ജീവിതം ഹോമിക്കപ്പെടേണ്ടതല്ല എന്ന തിരിച്ചറിവ് അനിവാര്യമാണ്. കാലം ആവശ്യപ്പെടുന്ന അഴിച്ചുപണികള്‍ക്ക് എല്ലാ മത പൗരോഹിത്യവും വിധേയമാകേണ്ടതുണ്ട്. 

യുക്തിയെ നിരാകരിക്കുന്ന യാഥാസ്ഥിതിക മത സമീപനങ്ങള്‍ മനുഷ്യകുലം കാലാകാലങ്ങളില്‍ തിരുത്തിക്കുന്നുണ്ട്. മതാചാരങ്ങളിലെ യുക്തിരാഹിത്യം ചൂണ്ടിക്കാണിക്കുന്നത് മതങ്ങളെ നിഷേധിക്കലല്ല.പരസ്പര അംഗീകാരത്തിന്റെയും ആദരവിന്റെയും പുതിയ വിശ്വാസ പരിസരങ്ങള്‍ ഉയര്‍ന്ന് വരാന്‍ സ്വയം നവീകരിക്കാന്‍ മത, ജാതി സംഘടനകള്‍ തയ്യാറാകണം. തുറന്ന വിമര്‍ശനത്തിന് സാംസ്‌കാരിക സംഘടനകള്‍ രംഗത്തു വരണം. ജാതിമത ശക്തികള്‍ക്കതീതമായി മനുഷ്യപുരോഗതിക്ക് ഗുണകരമായ നിലപാടെടുക്കാനുള്ള ഇച്ഛാശക്തി രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കുണ്ടാകണം.

ഹാജി അലിയില്‍ എത്തി നില്‍ക്കുന്ന പോരാട്ടം
മുംബൈയില്‍ വര്‍ളി തീരത്തുനിന്ന് 500 മീറ്റര്‍ കടലിലേക്കു മാറിയാണ് ഹാജി അലി ദര്‍ഗ. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച സൂഫി വര്യന്‍ സയ്യദ് പീര്‍ ഹാജി അലി ഷാ ബുഖാരിയുടെ കബറിടമാണ് ഹാജി അലി ദര്‍ഗയായി അറിയപ്പെടുന്നത്. 1431ലാണ് ഇത് സ്ഥാപിച്ചത്. ഹാജി അലി ദര്‍ഗ ട്രസ്റ്റിനാണ് ഭരണച്ചുമതല. നേരത്തേ, സ്ത്രീപുരുഷ ഭേദമന്യേ ദര്‍ഗയില്‍ പ്രവേശനം അനുവദിച്ചിരുന്നു. പുരുഷന്റെ കബറിടത്തിനരികെ സ്ത്രീകള്‍ പ്രവേശിക്കുന്നത് അനിസ്ലാമികമാണെന്ന് ചൂണ്ടികാട്ടി 2011ലാണ് ട്രസ്റ്റ് തീരുമാനം മാറ്റിയത്. അതനുസരിച്ച് സ്ത്രീകള്‍ക്ക് ദര്‍ഗയില്‍ കടക്കാമെങ്കിലും ശവകുടീരത്തിന്റെ സമീപത്തേക്ക് എത്താന്‍ കഴിയില്ല. എന്നാല്‍ പുരുഷന്മാര്‍ക്ക് കബറിടത്തില്‍ കടക്കാം.


ഹാജി അലി ദര്‍ഗ

മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഭാരതീയ മുസ്ലിം മഹിളാ ആന്ദോളന്‍ (ബി.എം.എം.എ.) എന്ന സംഘടനയാണ് ഈ വിലക്കിനതിരെ രംഗത്തുവന്നത്. ട്രസ്റ്റുമായുള്ള ചര്‍ച്ച വിഫലമായതിനെത്തുടര്‍ന്ന് അവര്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനെയും സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനെയും സമീപിച്ചു. മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞതോടെ 2014ല്‍ ബി.എം.എം.എ. ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കുകയാണുണ്ടായത്. പ്രശ്‌നത്തില്‍ നേരിട്ട് ഇടപെടാന്‍ തയ്യാറായില്ലെങ്കിലും ലിംഗവിവേചനം അനുവദിക്കാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയിലെടുത്തത്.

അഹമ്മദ് നഗറിലെ നെവാസയിലുള്ള ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചത് ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ്. പുരുഷന്മാര്‍ക്ക് പ്രവേശനാനുമതിയുള്ള ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ കടക്കുന്നതിനെതിരായി മഹാരാഷ്ട്രയില്‍ ഒരു നിയമവും നിലവിലില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് രണ്ട് വനിതാ അഭിഭാഷകരാണ് പൊതു താത്പര്യ ഹര്‍ജി നല്‍കിയത്. കാലങ്ങളായി ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് നിരോധനം നിലവിലുണ്ടായിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് 2011ല്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചെങ്കിലും ശ്രീകോവിലിലേക്ക് കടക്കുന്നതിനുള്ള വിലക്ക് തുടര്‍ന്നു. ഇതിനെതിരെയാണ് പ്രക്ഷോഭവും നിയമയുദ്ധവുമുണ്ടായത്. ജനുവരി 26ന് ശനി ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തിയ നാനൂറോളം സ്ത്രീകളടങ്ങുന്ന സംഘം നിരോധനാജ്ഞ ലംഘിച്ചു ശ്രീകോവിലില്‍ പ്രവേശിക്കുകയും ആരാധന നടത്തുകയും ചെയ്തിരുന്നു. ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധിയുണ്ടായത്.

നാസിക്കിലെ ത്രയംബകേശ്വര്‍ ജ്യോതിര്‍ലിംഗക്ഷേത്രത്തില്‍ ഈ വര്‍ഷം ഏപ്രിലിലാണ് സ്ത്രീകള്‍ പ്രവേശിച്ച് പൂജ നടത്തിയത്. പുനെയിലെ സ്വരാജ് മഹിളാ സംഘടനയുടെ പ്രവര്‍ത്തകരാണ് 500 വര്‍ഷം പഴക്കമുള്ള ആചാരം തിരുത്താന്‍ രംഗത്തെത്തിയത്്. ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പുരുഷന്മാര്‍ക്ക് പ്രവേശിക്കാന്‍ അടുത്തിടെയാണ് ക്ഷേത്രഭരണസമിതി അനുമതി നല്‍കിയത്. സ്ത്രീകള്‍ക്കുള്ള വിലക്ക് തുടര്‍ന്നു. ഇതില്‍ പ്രതിഷേധിച്ച് ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വനിതകളെ ഒരുസംഘമാളുകള്‍ കൈയ്യേറ്റം ചെയ്തതോടെ സംഭവം മാധ്യമശ്രദ്ധ നേടി. പിന്നീട് ക്ഷേത്രഭരണസമിതി തന്നെ സ്ത്രീകളെ പൂജ നടത്താന്‍ അനുവദിക്കുകയായിരുന്നു.

(പ്രമുഖ പ്രവാസി മാധ്യമപ്രവര്‍ത്തകയും നിലവില്‍ ദുബായ് വോയ്‌സ് ഓഫ് കേരള റേഡിയോയിലെ വാര്‍ത്താധിഷ്ഠത പരിപാടികളുടെ അവതാരകയുമാണ് ലേഖിക. ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോ, തിരുവനന്തപുരം ഏഷ്യാനെറ്റ്, വിവിധ അച്ചടി പ്രസീദ്ധികരണങ്ങളിലും, വിഷ്വല്‍ മിഡീയ, ഓണ്‍ലൈന്‍ മേഖലയിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍