UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാഷ്ട്രീയ ലാഭമില്ലെങ്കില്‍ കേസിന് വിലയില്ലേ? അന്വേഷണമെങ്ങുമെത്താതെ ഹക്കീം വധം

Avatar

നീതു ദാസ്

പയ്യന്നൂര്‍ ഹക്കീം കൊലപാതകകേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ അല്ലെങ്കില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതു വരെ ജനകീയ ആക്ഷന്‍ കൗണ്‍സില്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം തുടരുന്നു. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ സമാധാനപരമായി സത്യാഗ്രഹം നടത്തിക്കൊണ്ടിരുന്ന ജനകീയ ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും സമരപ്പന്തല്‍ പൊളിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് സമരവേദി പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാറ്റി സമരം തുടരാന്‍ സമിതി തീരുമാനിച്ചത്. ഫെബ്രുവരി 25ന് തുടങ്ങിയ സത്യാഗ്രഹം ഇപ്പോള്‍ ഒരു മാസം പിന്നിട്ടിരിക്കുന്നു.  

ഹക്കീം കൊലപാതകക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് മടിക്കുകയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇതിനെതിരെ സംഘടിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. 2014 ഫെബ്രുവരി 10നാണ് കൊറ്റി ജുമാമസ്ജിദ് ജീവനക്കാരനായ ഹക്കീമിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ പള്ളിപ്പറമ്പില്‍ കണ്ടെത്തിയത്. വിവരം പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് 3 കിലോമീറ്റര്‍ മാത്രം ദൂരെ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതെന്ന് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ അംഗമായ എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. ലോക്കല്‍ പൊലീസ് അന്വേഷിച്ച് കേസ് എങ്ങുമെത്താത്തതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ആറേഴ് മാസത്തോളം നീണ്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിലും ഒരു ഫലവും കാണാതെ വന്നപ്പോഴാണ്, കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2014 ഒക്ടോബര്‍ 2 മുതല്‍ 42 ദിവസം ജനകീയ ആക്ഷന്‍ കൗണ്‍സില്‍ സമരം നടത്തിയത്. കേസ് സിബിഐക്ക് വിടാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം അന്ന് പിരിഞ്ഞത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍, ബന്ധപ്പെട്ട കേന്ദ്ര വകുപ്പിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കിലും പിന്നീട് അത് ഓര്‍മ്മപ്പെടുത്തി കത്തുകള്‍ അയക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിട്ടില്ല.

രാഷ്ട്രീയ ലാഭമുള്ള കേസല്ലാത്തതിനാലാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ആത്മാര്‍ഥ ശ്രമം ഇല്ലാത്തതെന്ന ആക്ഷേപം ജനകീയ ആക്ഷന്‍ കൗണ്‍സിലിനുണ്ട്. അനാസ്ഥ ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍ന്നതിനാലാണ് 2015 ഫെബ്രുവരി 25ന് പയ്യന്നൂര്‍ പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ഗാന്ധിപാര്‍ക്ക് വേദിയാക്കി അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങുകയും ചെയ്തത്. സത്യാഗ്രഹം 32 ദിവസം പിന്നിട്ട സന്ദര്‍ഭത്തിലാണ് സമരം ചെയ്യുന്നവരുടെ സുരക്ഷാകാരണം ചൂണ്ടിക്കാട്ടി പൊലീസ് അവരെ അവിടെ നിന്ന് അറസ്റ്റ് ചെയ്ത് നീക്കിയത്. ആ തക്കം നോക്കി മുനിസിപ്പാലിറ്റി അധികൃതര്‍ സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഗാന്ധി പാര്‍ക്കില്‍ വെച്ച് പാര്‍ട്ടി നല്‍കുന്ന സ്വീകരണ പരിപാടിയാണ് സത്യാഗ്രഹം ഇരിക്കുന്നവര്‍ക്ക് സുരക്ഷാഭീഷണിയാകുമെന്ന് പൊലീസ് പറഞ്ഞത്. എന്നാല്‍ അത്തരത്തിലൊരു സുരക്ഷാ ഭീഷണി അവിടെ ഉണ്ടായിരുന്നില്ലെന്നും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ഐക്യത്തെ തകര്‍ക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും എന്‍ സുബ്രഹ്മണ്യന്‍ പറയുന്നു. സിപിഎം എംഎല്‍എ സി കൃഷ്ണനുമായി നടന്ന ചര്‍ച്ചക്ക് ശേഷം യോജിച്ചുള്ള സമരപരിപാടികള്‍ ആസുത്രണം ചെയ്തു വരികയായിരുന്നു ജനകീയ ആക്ഷന്‍ കൗണ്‍സില്‍.

അഞ്ച് പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും അവര്‍ സിപിഎം അനുഭാവികളോ അംഗങ്ങളോ ആണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലെ സിഐ സി എ അബ്ദുള്‍ റഹീം നേരത്തെ പറഞ്ഞിരുന്നു. പ്രദേശത്തെ സിപിഎം നേതൃത്വം അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും പണമിടപാടുമായി ബന്ധപ്പെട്ടാണ് കൊലപാതകം നടന്നതെന്നും സി ഐ ഇന്ത്യന്‍ എക്‌സപ്രസ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു തരത്തിലുമുള്ള തെളിവിന്റെയും ആവശ്യമില്ലാതെ യുഎപിഎ പോലുള്ള നിയമങ്ങള്‍ ചുമത്തി ആരെയും അറസ്റ്റ് ചെയ്യുന്ന നമ്മുടെ പൊലീസ് എല്ലാ തെളിവുകളും കിട്ടിയതിന് ശേഷം മാത്രമെ ഈ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യൂ എന്ന് പറയുന്നത് കേസിന് മുകളില്‍ നിന്നുള്ള ഇടപെടല്‍ നടക്കുന്നതിന്റെ തെളിവായിട്ടാണ് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ കാണുന്നത്. സിഐ അബ്ദുറഹ്മാനെ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് സ്ഥലം മാറ്റിയ നടപടി നാട്ടുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. സ്ഥലമാറ്റ ശ്രമങ്ങള്‍ പിന്നീടും നടന്നിട്ടുണ്ട്.

സമരത്തിന്റെ അടുത്തഘട്ട പരിപാടികള്‍ തീരുമാനിക്കാന്‍ മാര്‍ച്ച് 27ന് ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജനകീയ പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്തിരുന്നു. പയ്യന്നൂര്‍ നഗരസഭാപരിധിയില്‍ 48 മണിക്കൂര്‍ ഹര്‍ത്താല്‍ ആചരിച്ച് പ്രതിഷേധിക്കാന്‍ അന്ന് തീരുമാനമായി. ഹര്‍ത്താല്‍ ഒരു അടിച്ചേല്‍പ്പിക്കല്‍ ആകാതിരിക്കാനായി നടത്തിയ ജനഹിതപരിശോധനയില്‍ 3000 പേരില്‍ 2000 പേരാണ് ഹര്‍ത്താലിനെ അനുകൂലിച്ചത്. അന്വേഷണത്തെ ചിലര്‍ മനപ്പൂര്‍വം ഇരുട്ടിലാക്കുന്നതില്‍ പ്രതിഷേധിച്ച് രാത്രി ഒരു മണിക്കൂര്‍ നഗരസഭയിലെ മുഴുവന്‍ വീടുകളും കടകളും വിളക്കണച്ച് പ്രതിഷേധിക്കാനും ജനകീയ പാര്‍ലമെന്റില്‍ തീരുമാനമായി. കൂട്ടായ തീരുമാനങ്ങളിലൂടെയും പുതിയ സമരമുറകള്‍ സ്വീകരിച്ചും അന്തരിച്ച ഹക്കീമിന്റെ കുടുംബവും ഒരു നാടും നീതിക്കായി നിലയുറപ്പിച്ചിരിക്കുകയാണ്; തോല്‍ക്കാന്‍ തയ്യാറാകാതെ.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍