UPDATES

സംഗീത് സെബാസ്റ്റ്യന്‍

കാഴ്ചപ്പാട്

The Republic of Libido

സംഗീത് സെബാസ്റ്റ്യന്‍

കാഴ്ചപ്പാട്

ഇവിടെ ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്‍ക്കപ്പെടും (ഹലാല്‍ ചെയ്തത്)

സമൂഹത്തിലെ മറ്റുള്ളവരുമായി ഇഴുകിച്ചേരാത്ത ഒരു സമുദായമായി മുസ്ലീങ്ങളെ നിഗൂഢവത്കരിക്കാനുള്ള മറ്റൊരു പടിഞ്ഞാറന്‍ ശ്രമമാണോ ഇതും?

മുസ്ലീം സ്ത്രീകളെ ഉദ്ദേശിച്ച് ബ്രിട്ടനില്‍ ശരിയാ ചട്ടങ്ങള്‍ക്കനുസൃതമായി  ഒരു ഹലാല്‍ ലൈംഗിക കളിപ്പാട്ടക്കട തുടങ്ങിയിരിക്കുന്നു.

ലൈംഗിക കടകളുടെ ‘രതിയുടെ അതിപ്രസരത്തില്‍ കേന്ദ്രീകരിക്കുന്ന’ പ്രതിച്ഛായ മൂലം അകന്നുനില്‍ക്കുന്ന വനിത ഉപഭോക്താക്കളെ ഉദ്ദേശിച്ചാണ് തങ്ങളീ വിപണിയില്‍ എത്തിയിരിക്കുന്നതെന്ന് കടയുടമ അവകാശപ്പെടുന്നതായി വാര്‍ത്ത വെബ്സൈറ്റായ ബ്രോഡ്ലി പറയുന്നു.

ലിംഗവിവേചനത്തിന്റെയും, സ്ത്രീവിരുദ്ധതയുടെയും, അണികളുടെ ആക്രമാണോത്സുകതയുടെയും പേരില്‍ യൂറോപ്പിലാകെ ഈ മതം വിമര്‍ശനങ്ങള്‍ നേരിടുമ്പോഴാണ്, എഴുത്തുകാരി സല്മ ഹൈദ്രാണി ചിത്രീകരിച്ചപോലെ ഒരു ലൈംഗിക കളിപ്പാട്ടം അന്വേഷിച്ചുനടക്കുന്ന രതിസാഹസികയായ ശിരോവസ്ത്രം ധരിച്ച ഒരു മുസ്ലീം സ്ത്രീ കൌതുകകരമായ ഒരു ചേര്‍ത്തുവെക്കലാണ്.

എന്താണിതര്‍ത്ഥമാക്കുന്നത്? ബ്രിട്ടനിലെ ഇസ്ലാം, ഇന്ത്യയിലെയും ഇപ്പോള്‍ ഏറെ അവമതിക്കപ്പെട്ട അറബ്, വടക്കന്‍ ആഫ്രിക്ക വംശജരുടേതടക്കമുള്ള ലോകത്തെ മറ്റുഭാഗങ്ങളിലെ ഇസ്ലാമില്‍ നിന്നും വ്യത്യസ്തമാണെന്നോ?

അതോ, സമൂഹത്തിലെ മറ്റുള്ളവരുമായി ഇഴുകിച്ചേരാത്ത ഒരു സമുദായമായി മുസ്ലീങ്ങളെ നിഗൂഢവത്കരിക്കാനുള്ള മറ്റൊരു പടിഞ്ഞാറന്‍ ശ്രമമാണോ ഇതും?

കഴിഞ്ഞ വര്ഷം മെക്കയില്‍ ഇതുപോലൊരു ഹലാല്‍ ലൈംഗിക കളിപ്പാട്ടക്കട തുറക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അത് സംഭവിച്ചില്ലെങ്കിലും ഒരു മുസ്ലീം ലൈംഗിക കളിപ്പാട്ടക്കട, അതും മെക്കയില്‍, എന്നത് ലോകശ്രദ്ധ ആകര്‍ഷിച്ചു. ഇസ്ലാമിനെക്കുറിച്ചുള്ള സാമാന്യധാരണയ്ക്ക് എതിരായിരുന്നു അത്: കടുംപിടിത്തവും അടിച്ചമര്‍ത്തലും എന്നതായിരുന്നു പൊതുധാരണ എന്നതിനാല്‍ ആ വാര്‍ത്ത തലക്കെട്ടായി.

പക്ഷേ ഇസ്ലാം ക്രിസ്ത്യന്‍ മതത്തെപോലെ ലൈംഗികതാ വിരുദ്ധ മതമല്ല. (ലൈംഗിക കളിപ്പാട്ട കടകള്‍ ഇസ്ളാമിക രാജ്യങ്ങളില്‍ അസാധാരണമല്ല) മുസ്ലീങ്ങളുടെ ലൈംഗികതയുടെ കാര്യത്തില്‍ അനിസ്ലാമികമായ ഒന്നുമില്ല താനും. എന്നാല്‍ പ്രവര്‍ത്തിയിലെത്തുമ്പോള്‍ അതെത്രമാത്രം ഉദാരമാണെന്ന കാര്യത്തില്‍ പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായഭേദമുണ്ട്.

പ്രവാചകന്‍ മുഹമ്മദ് രതിയുടെ ആനന്ദങ്ങളെ പുകഴ്ത്തിയിരുന്നുവെന്ന് ഒരുകൂട്ടം പണ്ഡിതര്‍ പറയുമ്പോള്‍, ഈ വിഷയത്തില്‍ ഖുറാന്‍ നിഷ്പക്ഷമായ നിലപാടാണെന്ന് പറഞ്ഞ് ഇതിനെ പാടെ നിഷേധിക്കുന്നവരുമുണ്ട്.

പൊതുവായ മത, സാംസ്കാരിക ചരിത്രം മാത്രമല്ല പരാതികളും  പങ്കുവെക്കുന്ന ക്രിസ്തുമതത്തേക്കാള്‍ സങ്കീര്‍ണമാണ് ഇസ്ലാമിനെ മനസിലാക്കുക എന്നതാണ് ഈ അവ്യക്തതയ്ക്ക് കാരണം. (പാരീസ് ആക്രമണത്തിന് ശേഷം ജിഹാദികള്‍ കുരിശുയുദ്ധത്തെ പരാമര്‍ശിച്ചത് ഓര്‍ക്കുക)

ഇസ്ലാമിനെ മൂന്നു വ്യത്യസ്തമായ, എന്നാല്‍ പരസ്പര ബന്ധിതമായ തലങ്ങളില്‍ നിന്നാണ് കാണേണ്ടതെന്ന് പലസ്തീന്‍ എഴുത്തുകാരന്‍ എഡ്വാര്‍ഡ് സെയിദ് Covering Islam-ല്‍ പറയുന്നു.

ഒന്നാമതായി ഖുറാന്‍ തന്നെയാണ്.

രണ്ടാമത് ഖുറാന്‍ വ്യാഖ്യാനങ്ങള്‍ (തഫ്സീര്‍, പ്രവാചകന്റെ വിവിധ ജീവചരിത്രങ്ങള്‍ (സിറ), പ്രവാചകന്‍ മുഹമ്മദിന്റെ വാക്കുകള്‍ അതേപടി പകര്‍ത്തിയെന്ന് അവകാശപ്പെടുന്നവ (ഹദീത്) എന്നിവയുടെയെല്ലാം വലിയ ശേഖരം.

മൂന്നാമതായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മതം പ്രയോഗിക്കുകയും ജീവിച്ചുപോരുകയും ചെയ്യുന്ന രീതികള്‍.

വിവിധ സാംസ്കാരിക പശ്ചാത്തലങ്ങള്‍ക്കനുസരിച്ച് അത് വ്യത്യസ്തമായ രീതികളിലാണ് പ്രയോഗിക്കുകയും പുലരുകയും ചെയ്തതെന്നുള്ളതുകൊണ്ടു ഇസ്ലാമിനെക്കുറിച്ചുള്ള  ന്യൂനീകരണത്തിലെത്തുന്ന സാമാന്യവത്കരണങ്ങള്‍ അസംഗതമാണ്. ഈ പ്രതിഭാസം ഇന്ത്യന്‍ സാഹചര്യത്തില്‍ കുറഞ്ഞ അളവില്‍  ‘ആധുനിക’ ക്രിസ്ത്യന്‍ മതത്തിനും ബാധകമാണ്.

ലൈംഗിക വിഷയത്തില്‍ പ്രവാചകന്‍ മുഹമ്മദിനെ ഉദ്ധരിക്കുന്ന ഹദീത്തുകള്‍ ഇസ്ളാമിക പണ്ഡിതനായ ഫൈസുര്‍ റഹ്മാനെ പോലുള്ളവര്‍ തള്ളിക്കളയുന്നു. ഖുറാന്‍ ലൈംഗികതയെ പ്രകീര്‍ത്തിക്കുകയോ അപലപിക്കുകയോ ചെയ്യുന്നില്ലെന്നും ലൈംഗികകളിപ്പാട്ടങ്ങളെക്കുറിച്ചൊന്നും പരാമര്‍ശിക്കുന്ന പോലുമില്ലെന്നും, Islamic Forum for Promotion of Moderate Thought, സെക്രട്ടറി ജനറല്‍ കൂടിയായ അദ്ദേഹം പറഞ്ഞു. “വിവാഹബന്ധത്തിന് പുറത്തുള്ള ലൈംഗികതയെ കര്‍ശനമായി വിലക്കുന്നതൊഴിച്ചാല്‍ ഇത്തരം രതിയെ ഉദ്ദീപിപ്പിക്കുന്ന കളിപ്പാട്ടങ്ങളെക്കുറിച്ചൊന്നും ഖുറാന്‍ പറയുന്നില്ല,”റഹ്മാന്‍ പറഞ്ഞു.

ക്രിസ്ത്യന്‍ മതം ചെയ്തതിനെക്കാള്‍ അധികമായി സ്ത്രീവിരുദ്ധതയും, ലിംഗവിവേചനവും, അക്രമവും പടര്‍ത്തുന്നതിന് ഇസ്ലാമിനെ കുറ്റപ്പെടുത്തുന്നതില്‍ ഒരര്‍ത്ഥവുമില്ല. സ്വന്തം വിശ്വാസത്തിന്റെ ഇരുണ്ട, ഭീകരമായ ഭൂതകാലത്തെക്കുറിച്ച് ഇന്നത്തെ പല ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കും വലിയ ധാരണയുണ്ടാകില്ല.

18-ആം നൂറ്റാണ്ടു വരെ സാത്താന്‍ ആരാധനയുടെ പേരില്‍ യാഥാസ്ഥിതിക ക്രിസ്ത്യാനികള്‍ യൂറോപ്പിലാകെ ഏതാണ്ട്  300 കൊല്ലക്കാലം നടത്തിയ ദുര്‍മന്ത്രവാദിനി വേട്ട ലിംഗച്ഛേദവും പീഡനവും അതുംപോരാതെ നൂറുകണക്കിന് സ്ത്രീകളെ കൊല്ലുന്നതിലേക്കുമാണ് നയിച്ചത്. പടിഞ്ഞാറന്‍ നാഗരികതയുടെ ‘അതീവ ലജ്ജാകരമായ’ എന്നാണ് ചരിത്രകാരന്‍മാര്‍ ഈ കാലഘട്ടത്തെ വിശേഷിപ്പിക്കുന്നത്.

സ്ത്രീ ലൈംഗികതയെക്കുറിച്ചുള്ള ഈ ഭയംമൂലം ക്രിസ്ത്യന്‍ മതപ്രചാരകര്‍ അക്കാലത്ത് സ്ത്രീകളെ ആവരുടെ ‘ലൈംഗിക ഉത്തേജനം ഉണ്ടാക്കുന്ന, പ്രകോപനപരമായ വസ്ത്രങ്ങളുടെ പേരില്‍’ കുറ്റപ്പെടുത്തിയിരുന്നു.

ഇന്നിപ്പോള്‍ ക്രിസ്ത്യന്‍ മതം അല്പം മയത്തിലുള്ളതും യുക്തിസഹവുമായി തോന്നുന്നെങ്കില്‍ അതിനു കാരണം മതവിശ്വാസം പെട്ടെന്ന് സഹിഷ്ണുതയിലേക്ക് ചാടിവീണതല്ല. ബ്രിട്ടീഷ് തത്വചിന്തകന്‍ ബര്ട്രാണ്ട് റസല്‍ പറഞ്ഞപോലെ നവോത്ഥാനകാലം മുതല്‍ക്കിങ്ങോട്ട് തലമുറകളായുള്ള സ്വതന്ത്ര ചിന്തകര്‍ ക്രിസ്ത്യാനികളെ അവരുടെ പാരമ്പര്യ വിശ്വാസങ്ങളെ കുറിച്ച് നാണക്കേടുള്ളവരാക്കി എന്നതുകൊണ്ടാണ്.

ഏതാണ്ട് യൂറോപ്പിലെ കൃസ്ത്യാനികളോളം പഴക്കവും ചരിത്രവും അവകാശപ്പെടുന്ന കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ സ്ത്രീകള്‍ ബന്ധുക്കളല്ലാത്ത അന്യപുരുഷരുടെ കൂടെ പോകുന്നതിലും സദാചാര നിബന്ധനകളിലും മറ്റും കാണിക്കുന്ന യാഥാസ്ഥിതിക മനോഭാവം ക്രിസ്ത്യന്‍ സ്ത്രീവിരുദ്ധതയുടെ ശേഷിപ്പുകളാണ്.

യാഥാസ്ഥിതിക ക്രിസ്തുമതത്തെ എതിര്‍ത്ത ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നതുപോലെ ഇസ്ലാമിക് സ്റ്റേറ്റ് മാതൃകയിലുള്ള ഇസ്ലാമിനെ തള്ളിക്കളയുന്ന വലിയൊരു വിഭാഗം മുസ്ലീങ്ങളുമുണ്ട്.

ലൈംഗിക ആക്രമണങ്ങളെ, ഭീകരവാദത്തെപ്പോലെ, മതരഹിതമായൊരു കുറ്റമായി കാണുകയും കടുത്ത ശിക്ഷ നല്‍കുകയുമാണ് ഒരു മതേതര സമൂഹം ചെയ്യേണ്ടത്.

ഹലാല്‍ ലൈംഗിക കളിപ്പാട്ട കടയിലേക്ക് മടങ്ങിവരാം. ഇതുവരെ അത്ര ഉപയോഗപ്പെടുത്താത്ത ഒരു വിപണിവിഭാഗത്തെ ആകര്‍ഷിക്കാനുള്ള ഒരു വിപണനതന്ത്രമാണിതെന്ന് റഹ്മാന് ബോധ്യമുണ്ട്.

“ശരിയാ നിയമം അനുസരിച്ചുള്ള ലൈംഗിക കളിപ്പാട്ടങ്ങള്‍ എന്നോ അവയെ ഹലാല്‍ ആണ് എന്നു പറയുന്നതിലോ ഒന്നും ഒരുതരത്തിലുള്ള ആധികാരികതയുമില്ല,” റഹ്മാന്‍ പറഞ്ഞു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സംഗീത് സെബാസ്റ്റ്യന്‍

സംഗീത് സെബാസ്റ്റ്യന്‍

ഡല്‍ഹിയില്‍ ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ മെയില്‍ ടുഡേ ദിനപത്രത്തില്‍ അസി. എഡിറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍