UPDATES

വിദേശം

തോല്‍ക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തില്‍ പോരാടാന്‍ ഹമാസിനെ പ്രേരിപ്പിക്കുന്നതെന്ത്?

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഏകപക്ഷീയമായ വെടിനിറുത്തലിന്റെ ഹ്രസ്വായുസ് അവസാനിച്ചതിനെ തുടര്‍ന്ന് ഗാസയിലെ തീവ്രവാദ മേഖലകള്‍ എന്ന് വിശേഷിപ്പിക്കുന്ന കേന്ദ്രങ്ങളിലേക്കുള്ള ഇസ്രായേലിന്റെ വ്യോമാക്രമണങ്ങള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇസ്രായേല്‍ സേനയുടെ പ്രധാന ശത്രുക്കളായ ഇസ്ലാമിസ്റ്റ് സംഘടനയും ഗാസയുടെ നിയന്ത്രണവുമുള്ള ഹമാസുമായുള്ള വൈരത്തിന് പേരുകേട്ട ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് എല്‍-സിസിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ‘ഇടനില’ നിന്നു എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വെടിനിര്‍ത്തല്‍ പദ്ധതിക്ക് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പച്ചക്കൊടി കാട്ടുകയായിരുന്നു. വെടി നിറുത്തല്‍ ഉപാധികളെ കുറിച്ച് ഹമാസ് നേതാക്കളുമായി കൂടിയാലോചിച്ചിരുന്നോ എന്ന് പോലും വ്യക്തമല്ല. അതുകൊണ്ട് തന്നെ ‘വെടി നിറുത്തല്‍ കരാറിന് അതില്‍ എഴുതിയിരിക്കുന്ന കടലാസിന്റെ വില പോലുമില്ല,’ എന്ന് ഹമാസിന്റെ സായുധ വിഭാഗത്തിന്റെ വക്താവ് പ്രതികരിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ല. വെടി നിറുത്തല്‍ നിലവിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സമയത്ത് തന്നെ അവര്‍ ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തുകയും ചെയ്തു.

ഇസ്രായേല്‍ പട്ടാളം ഇട്ടിരിക്കുന്ന ഓപ്പറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന ഓമനപ്പേരില്‍ ഇപ്പോള്‍ നടക്കുന്ന ആക്രമണത്തില്‍ ഗാസയിലുള്ള 185ഓളം പലസ്തീന്‍കാരുടെ ജീവനാണ് പൊലിഞ്ഞത്. ഇസ്രായേല്‍ ഭാഗത്തു നിന്നും ഒരാള്‍ മരിച്ചതായും സൂചനയുണ്ട്. സംഘര്‍ഷത്തിന്റെ അസന്തുലിതാവസ്ഥ പല അന്താരാഷ്ട്ര സമൂഹങ്ങളിലും കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പക്ഷെ, ഗാസയില്‍ ഹമാസും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും സ്ഥാപിച്ചിരിക്കുന്ന നൂറ് കണക്കിന് റോക്കറ്റുകളില്‍ നിന്നും തങ്ങളുടെ പൗരന്മാരെ രക്ഷിക്കുന്നതിനാണ് ഇപ്പോഴത്തെ ആക്രമണമെന്നാണ് ഇസ്രായേലിന്റെ ഭാഷ്യം. അപ്പോള്‍ ജയിക്കില്ലെന്ന് ഉറപ്പുള്ള ഒരു സൈനിക യുദ്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഹമാസ് തീരുമാനിച്ചത് എന്തുകൊണ്ടായിരിക്കും? ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ ഉണ്ട്.

വെടി നിറുത്തലിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങിപ്പോകാന്‍ ഹമാസ് ആഗ്രഹിക്കുന്നില്ല
ഒരു വെടിനിറുത്തല്‍ കരാര്‍ വഴി ഗാസയില്‍ ഇപ്പോള്‍ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണം അവസാനിപ്പിക്കാന്‍ സാധിച്ചേക്കും. പക്ഷെ ഗാസ വാസികളെ സംബന്ധിച്ചിടത്തോളം അസഹനീയമായ പൂര്‍വാവസ്ഥയിലേക്ക് മടങ്ങിപ്പോകാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. 2006ല്‍ ഗാസയുടെ നിയന്ത്രണം ഹമാസ് കൈവിട്ടതിന് ശേഷം, ദരിദ്രരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസയുടെ പല മേഖലകളിലും വഴിതടയല്‍ ഉള്‍പ്പെടെയുള്ള നിരവധി സൈനിക നടപടികള്‍ അടിച്ചേല്‍പ്പിക്കാന്‍ ഇസ്രായേല്‍ തയ്യാറായിട്ടുണ്ട്. ‘പ്രശ്‌നം വെടിനിറുത്തലല്ല, ഗാസയിലെ ഇപ്പോഴത്തെ അവസ്ഥയാണ്.,’ പ്രമുഖ ഹമാസ് നേതാവ് ഇസ്‌മെയില്‍ ഹാനിയ ഒരു ടെലിവിഷന്‍ അഭിസംബോധനയില്‍ ചൂണ്ടിക്കാട്ടി.

അതിര്‍ത്തികള്‍ കടക്കുന്നതിനുള്ള നിയന്ത്രണം അവസാനിപ്പിക്കണമെന്നാണ് ഭൂരിപക്ഷം ഗാസ നിവാസികളെ പോലെ ഹമാസും ആഗ്രഹിക്കുന്നത്. പ്രത്യേകിച്ചും അവശ്യ സാധനങ്ങള്‍ക്കും മരുന്നിനും മറ്റും ഏറ്റവും ആശ്രയിക്കുന്ന ഈജ്പ്തിലേക്കുള്ള റാഫ അതിര്‍ത്തി. എന്നാല്‍ ഹമാസിന്റെ പ്രത്യശാസ്ത്ര പാഠശാലയായ മുസ്ലിം ബ്രദര്‍ഹുഡിനെയും അതിന്റെ സ്ഥാപകനായിരുന്ന പ്രസിഡന്റ് മൂഹമ്മദ് മോര്‍സിയെയും ഈജിപ്തില്‍ നിന്ന് സിസ്സി പുറത്താക്കിയത് മുതല്‍ റാഫ അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

വെസ്റ്റേണ്‍ വാള്‍: പ്രാര്‍ഥനയുടെ ഇസ്രയേല്‍ രാഷ്ട്രീയം
ഇറാഖ് : ഇന്നും പേടിപ്പിക്കുന്ന ഓര്‍മകള്‍
ഈജിപ്തില്‍ നിന്ന്‍ അമേരിക്ക പിന്‍മാറേണ്ടതിന്റെ കാരണങ്ങള്‍
സിറിയന്‍ യുദ്ധത്തിന്റെ തിരനാടകം ഇറാഖില്‍ എഴുതിക്കഴിഞ്ഞു
ഇസ്രായേല്‍ തടവറ അയാളെ ഹീബ്രു പഠിപ്പിച്ചു

കഴിഞ്ഞ മാസം വെസ്റ്റ് ബാങ്കില്‍ വച്ച് മൂന്ന് ഇസ്രായേലി യുവാക്കള്‍ കാണാതായതിന് ശേഷം (ഇവരെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി), അവിടെ താമസിക്കുന്ന ഹമാസ് അനുകൂലികള്‍ എന്ന് സംശയിക്കുന്ന നൂറുകണക്കിന് ആളുകളെ ഇസ്രായേല്‍ സേന അറസ്റ്റ് ചെയ്യുകയുണ്ടായി. സംഭവത്തില്‍ ഹമാസിന് യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതിന് ശേഷവും അറസ്റ്റുകള്‍ തുടര്‍ന്നു. പലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ ‘കൂട്ട ശിക്ഷ’ നടപ്പിലാക്കുകയാണെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. തടവിലാക്കപ്പെട്ട തങ്ങളുടെ 54ല്‍ പരം അനുയായികളെ മോചിപ്പിക്കണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു. 2012ലെ കരാര്‍ പ്രകാരം മത്സ്യബന്ധന പ്രദേശങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കണമെന്നാണ് മറ്റ് ആവശ്യങ്ങളില്‍ ഒന്ന്. എന്നാല്‍ ഇത് നടപ്പിലാക്കുന്നതില്‍ ഇസ്രായേല്‍ വീഴ്ച വരുത്തിയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മെലിയുന്ന ചാകരയില്‍ പകച്ചു നില്‍ക്കുന്ന ഗാസയിലെ മത്സ്യത്തൊഴിലാളികളെ ഇസ്രായേല്‍ സായുധബോട്ടുകള്‍ നിരന്തരം അപമാനിക്കുകയാണ്.

മറ്റ് ലക്ഷ്യങ്ങളിലൂടെയുള്ള രാഷ്ട്രീയമാണ് ഹമാസിന് റോക്കറ്റുകള്‍
ഗാസ മുനമ്പില്‍ നിന്നും വിക്ഷേപിക്കുന്ന റോക്കറ്റുകളൊക്കെ നിര്‍വീര്യമാക്കാന്‍ ഇസ്രായേലിന്റെ അത്യാധുനിക അയണ്‍ ഡോം സംവിധാനത്തിന് സാധിക്കുന്നുണ്ട്. വിക്ഷേപിക്കുന്ന റോക്കറ്റില്‍ മിക്കതിലും സ്‌ഫോടകവസ്തുക്കള്‍ ഉണ്ടാവാറില്ല അല്ലെങ്കില്‍ അവ മരുഭൂമിയിലോ കടലിലോ നിരുപദ്രവകരമായി പതിക്കുകയാണ് പതിവ്. എന്നിട്ടും, പുതിയ  പ്രതിസന്ധിക്കിടയിലും, ഗാസയിലെ തീവ്രവാദികള്‍ ഇപ്പോഴും റോക്കറ്റുകള്‍ വിക്ഷേപിക്കുന്നു.

തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള, കുറഞ്ഞ പക്ഷം അവ ഊന്നിപ്പറയുന്നതിനെങ്കിലുമുള്ള പ്രധാന ഉപാധിയാണ് ഹമാസിനെ സംബന്ധിച്ചിടത്തോളം റോക്കറ്റ് വിക്ഷേപം. ഇസ്രായേല്‍ അധിനിവേശത്തെ പ്രതിരോധിക്കുന്ന പ്രസ്ഥാനമായി ഹമാസ് സ്വയം രൂപനിര്‍ണയം ചെയ്തിരിക്കുന്നു. മാത്രമല്ല, പണ്ടെപ്പോഴോ നിന്നുപോയ ഇസ്രായേലുമായുള്ള സമാധാന ചര്‍ച്ചകളിലെ പ്രധാന സംഭാഷകനായിരുന്ന പാലസ്തീന്‍ അതോറിറ്റി സര്‍ക്കാര്‍ തലവന്‍ മെഹമൂദ് അബ്ബാസുമായി അവര്‍ ദീര്‍ഘകാലമായി അകലം പാലിക്കുകയും ചെയ്യുന്നു. ഗാസയില്‍ അബ്ബാസിന് വലിയ സ്വാധീനമൊന്നും ഇല്ലെന്നും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതായും വാഷിംഗ്ടണ്‍ പോസ്റ്റില്‍ ഗ്രിഫ് വൈറ്റും വില്യം ബൂത്തും എഴുതുന്നു:

‘പ്രസിഡന്റിന്റെ പ്രസക്തി അതിവേഗം നഷ്ടപ്പെടുകയാണെന്ന് കടുത്ത അബ്ബാസ് അനുയായികള്‍ പോലും കരുതുന്നു. എന്നാല്‍ ഇതായിരുന്നു ഇസ്രായേലിന്റെ ദീര്‍ഘകാല ലക്ഷ്യം എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു: യാതൊരു പ്രതീക്ഷയ്ക്കും വകയില്ലാത്ത കുറെ ചര്‍ച്ചകളും തുടര്‍ന്ന് പലസ്തീന്‍ തീവ്രവാദികളെ ഉത്തേജിപ്പിക്കാന്‍ പര്യാപ്തമായ ഒരു പോരാട്ടവും. ഇത് അവര്‍ താരതമ്യേന മിതവാദികളായവരുടെ ചിലവില്‍ നേടിയെടുക്കുന്നു. അബ്ബാസിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഹമാസ് ഉള്‍പ്പെടെ വിവിധ സംഘടനകളെ കോര്‍ത്തിണക്കിയുള്ള ഒരു ദുര്‍ബല പലസ്തീന്‍ തിരിച്ചടിയെ അട്ടിമറിയ്ക്കാന്‍ ഉദ്ദേശിച്ചാണ് ഇപ്പോള്‍ ഇസ്രായേല്‍ ആക്രമണം നടത്തുന്നത്.’ ‘അബ്ബാസിനെതിരായ രാഷ്ട്രീയ പകപോക്കലാണ് ഇപ്പോഴത്തെ ആക്രമണത്തിന്റെ ലക്ഷ്യം.’ അബ്ബാസിന്റെ ഫത്തേഹ് പാര്‍ട്ടിയിലെ ഉന്നത വിദേശകാര്യ ഉദ്യോഗസ്ഥനായ ഹുസാം സോലോട്ട് പറയുന്നു. ‘ഞങ്ങളെ എല്ലാം ഒരു സൈനിക വേദിയില്‍ തളച്ചിടാന്‍ അവര്‍ ആഗ്രഹിക്കുന്നു. കാരണം, അവിടെയാണ് അവര്‍ക്ക് മേല്‍ക്കൈയുള്ളത്.’

ഈ ധ്രൂവീകൃത സ്ഥിതിവിശേഷത്തിലാണ് ഹമാസ് ശക്തരാകുന്നത്. 2008ലും 2012ലും ഗാസയില്‍ ഹമാസിനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ മൂലം വലിയ തോതില്‍ ജീവനാശങ്ങള്‍ സംഭവിച്ചെങ്കിലും ഹമാസിന് ദീര്‍ഘകാല ആഘാതങ്ങള്‍ ഏല്‍പ്പിക്കാന്‍ ആ ആക്രമണങ്ങള്‍ക്ക് സാധിച്ചില്ല. ഗാസയില്‍ ഹമാസിനെതിരെ കര ആക്രമണങ്ങള്‍ സംഘടിപ്പിക്കണമെന്നാണ് ഇപ്പോള്‍ ഇസ്രായേലിലെ തീവ്രവാദ രാഷ്ട്രീയക്കാര്‍ ആവശ്യപ്പെടുന്നത്. യുദ്ധം ഭീകാരാവസ്ഥയിലേക്ക് വളര്‍ത്താന്‍ പര്യാപ്തമായ ഒരു നീക്കമാണിത്.

പലസ്തീന്‍ പൗരന്മാരുടെ മരണത്തില്‍ നിന്നും ചില ഖേദകരമായ നേട്ടങ്ങളും ഹമാസ് ഉണ്ടാക്കുന്നുണ്ട്. +972 ബ്ലോഗിലെ മിയ ഗുര്‍ണേരി എഴുതുന്നത് പോലെ, ‘ ഗാസയില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന പേടിപ്പെടുത്തുന്ന ചിത്രങ്ങളില്‍ നിന്നും ഫൂട്ടേജുകളില്‍ നിന്നും അതുപോലെ തന്നെ ‘ഓപ്പറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ്’ എന്ന് ഇസ്രായേല്‍ വിശേഷിപ്പിക്കുന്ന ആക്രമണത്തിനെതിരായ ആഗോള പ്രതിഷേധങ്ങളില്‍ നിന്നുമുള്ള മോചനമാണ് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം വെടിനിറുത്തല്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.’

മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ ശക്തിയും സാധ്യതകളുമെ ഹമാസിന്റെ മുന്നില്‍ ഇപ്പോഴുള്ളു
യുദ്ധത്തിനതീതമായി, വളര്‍ന്നുവരുന്ന സാമ്പത്തിക പ്രതിസന്ധികളും പ്രദേശത്തെ ജനങ്ങള്‍ക്കിടയിലുള്ള ഭരണവിരുദ്ധ വികാരങ്ങളും ഹമാസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഗാസയിലെ ഹമാസ് നിയന്ത്രിത സര്‍ക്കാരിലുള്ള 40,000ത്തോളം ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല. സര്‍ക്കാര്‍ കനിഞ്ഞു നല്‍കുന്ന ചെറിയ സ്റ്റൈപ്പന്റിലാണ് അവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. വെടിനിറുത്തലിനുള്ള ഒരു ഉപാധിയെന്ന നിലയില്‍ ഈ ശമ്പളം കൊടുത്ത് തീര്‍ക്കണമെന്നാണ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. 

അറബ് വസന്തത്തിന്റെ ഉയിര്‍പ്പുമായി ബന്ധപ്പെട്ട ചില പ്രത്യാഘാതങ്ങളാണ് ഫണ്ടുകളുടെ ശോഷണത്തിന് കാരണമായിട്ടുള്ളത്. ഇപ്പോള്‍ പ്രദേശത്തെ സുന്നി ജിഹാദികളുടെ പരമമായ ലക്ഷ്യം എന്ന് വിശേഷിപ്പിക്കാവുന്ന സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അസാദിന്റെ പിന്തുണ നഷ്ടമായത് ഹമാസിന് കനത്ത തിരിച്ചടിയായി. സുന്നി ജിഹാദികളാണല്ലോ ഹമാസിന്റെ വലിയ പ്രത്യശാസ്ത്ര ശത്രുക്കള്‍. മധ്യേഷ്യയിലെ പ്രധാന ഷിയ ശക്തിയായ ഇറാനും സമീപ വര്‍ഷങ്ങളില്‍ ഹമാസിനുള്ള സഹായം വെട്ടിക്കുറച്ചിരിക്കുകയാണ്.

ഈജിപ്തില്‍ നിന്നും ഗാസയിലേക്കുള്ള കള്ളക്കടത്ത് മാര്‍ഗങ്ങളില്‍ മിക്കതും അടഞ്ഞതും ഹമാസിന്റെ ധനവരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈജിപ്തിലെ മുന്‍കാല ഏകാധിപതി ഹോസ്‌നി മുബാറക്കിന്റെ വിദേശനയത്തിലേക്ക് രാജ്യത്തെ തിരിച്ചു കൊണ്ടുപോകാനാണ് സിസ്സി ശ്രമിക്കുന്നത്. ഇസ്രായേലുമായുള്ള അമേരിക്കന്‍ വിരചിത ധാരണ വഴി പ്രദേശത്ത് സമാധാനവും ഈജിപ്തിനുള്ള സൈനിക സഹായവും നിലനിറുത്താന്‍ സാധിക്കുമെന്ന് സിസ്സി മനസിലാക്കുന്നു. എന്നാല്‍ സാധാരണക്കാരായ പലസ്തീനികളെ സഹായിക്കാന്‍ ഇത്തരം ധാരണകള്‍ക്ക് സാധിക്കില്ല. ഈജിപ്തിന്റെ അധീനതയിലുള്ള സിനായ് ഉപദ്വീപിലേക്ക് കടന്നു കയറാന്‍ ഹമാസ് ശ്രമിക്കുന്നു എന്ന ഒരു ആരോപണവും സിസ്സി ഉയര്‍ത്തിയിട്ടുണ്ട്.

ഈജിപ്തിന്റെ പിന്‍ബലമില്ലാതെ കൂടുതല്‍ ശാക്തീകരണത്തിനായി ആഗോളതലത്തിലേക്ക് തിരിയാന്‍ ഹമാസിന് സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഖത്തര്‍, തുര്‍ക്കി സര്‍ക്കാരുകളുടെ വ്യത്യസ്ത അളവിലുള്ള പിന്തുണ അവര്‍ക്കിപ്പോഴും ഉണ്ടെങ്കിലും പ്രശ്‌നത്തിന് ഒരു നയതന്ത്ര പരിഹാരം എന്ന ലക്ഷ്യത്തിലെത്താന്‍ അത് മാത്രം മതിയാവില്ല. അതുകൊണ്ട് തന്നെ ചുറ്റുപാടും ശവങ്ങള്‍ കുന്നുകൂടുമ്പോഴും ആവര്‍ത്തന വിരസമായ റോക്കറ്റ് ആക്രമണത്തെ ആശ്രയിക്കാനേ ഹമാസിന് ഇപ്പോള്‍ സാധിക്കുകയുള്ളു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍