UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഹാംബര്‍ഗ് ബോംബാക്രമണം, വെയില്‍സ് രാജകുമാരന്റെ ബഹിഷ്ക്കരണം

Avatar

1943 ജൂലായ് 28
ഹാംബര്‍ഗ് ബോംബാക്രമണം

1943 ജൂലായ് 28, രണ്ടാം ലോക മഹായുദ്ധ കാലം. ജര്‍മ്മന്‍ പട്ടണമായ ഹാംബര്‍ഗിനുമേല്‍ സൂര്യന്‍ അസ്തമിച്ച് നിമിഷങ്ങള്‍ക്കകമാണ്, നഗരവാസികളെ ഒന്നാകെ തുടച്ചുനീക്കിക്കൊണ്ട് ബ്രിട്ടന്റെ ബോംബാക്രമണം തുടങ്ങിയത്. ജൂലൈ 24 ന് ആരംഭിച്ച ഓപ്പറേഷന്‍ ഗൊമോറാ എന്ന, ലോകം ഇന്നേവരെ കണ്ടതില്‍വച്ച് ഏറ്റവും ഭീകരമായ വ്യോമാക്രമണ പരമ്പരയുടെ അവസാനമായാണ് ജര്‍മ്മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗ് അന്ന് തവിടുപൊടിയായത്. എട്ട് ദിവസം പിന്നിട്ട ആ വ്യോമാക്രമണത്തിന്റെ ഏറ്റവും വലിയ ദുരന്തം ഏറ്റവാങ്ങിയ ആ രാത്രിയിലായിരുന്നു ഒരു പട്ടണത്തെയാകമാനം അഗ്നിവിഴുങ്ങിയത്.42,000 സാധാരണക്കാരാണ് അന്ന് കൊല്ലപ്പെട്ടത്. വെറും 43 മിനിട്ടുകള്‍ക്കുള്ളില്‍ ബ്രിട്ടീഷ് വിമാനങ്ങള്‍ ഇട്ട 2326 ടണ്‍ ബോബുകള്‍ ആ പട്ടണത്തെ തീക്കാറ്റിന് ഇരയാക്കുകയായിരുന്നു.

ഈ വ്യോമാക്രമണത്തിലൂടെ ഇംഗ്ലീഷ് ഭാഷയ്ക്ക് സംഭാവന കിട്ടിയ പദമാണ് ‘ഫയര്‍ സ്റ്റോം’. അന്ന് വ്യോമാക്രമണത്തില്‍ പങ്കെടുത്ത ഒരു ബ്രിട്ടീഷ് വൈമാനികന്‍ പിന്നീട് പറഞ്ഞത്- തന്റെ ജീവിതത്തില്‍ അതിനു മുമ്പോ, ശേഷമോ അതുപോലൊരു വ്യോമാക്രമണം കണ്ടിട്ടേയില്ലെന്നാണ്. എന്നാല്‍ ഈ ആക്രമണം കൊണ്ട് ഹിറ്റ്ലറെയോ അദ്ദേഹത്തിന്റെ സൈനിക സംവിധാനത്തെയൊ ഒന്നും ചെയ്യാന്‍ ബ്രിട്ടന് സാധിച്ചില്ല. നഷ്ടം സംഭവിച്ചത് അവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് മാത്രം. 

1921 ജൂലായ് 28
വെയില്‍സ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനം ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുന്നു

1919ല്‍ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ശേഷം ബ്രിട്ടീഷ് ഭരണത്തിനെതിരെ ആരംഭിച്ച പ്രതിഷേധം ശക്തമായ സമയം. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു. ജനങ്ങള്‍ ഒന്നടങ്കം ഗാന്ധിജിയുടെ ആഹ്വാനത്തിനു പിന്നില്‍ അണിചേര്‍ന്നു. അവര്‍ ബ്രിട്ടനെ പൂര്‍ണതോതില്‍ ബഹിഷ്‌കരിക്കാന്‍ ആരംഭിച്ചു. വിദേശ വസ്ത്രങ്ങള്‍ തൊട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ ബഹിഷ്‌കരിച്ചു. പലരും ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ ജോലികള്‍ വേണ്ടെന്നുവെച്ചു. 

1921 ജൂലായ് 28ന് ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസ് നിസ്സഹരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കള്‍ നവംബറില്‍ നടക്കാനിരിക്കുന്ന വെയ്ല്‍സ് രാജകുമാരന്റെ ഇന്ത്യാ സന്ദര്‍ശനം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം നല്‍കി. എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഈ ബഹിഷ്‌കരണത്തെ ശക്തമായി എതിരിടുകയാണ് ഉണ്ടായത്. എന്നാല്‍ 1922ല്‍ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിന് കാരണമായത് കുപ്രസിദ്ധമായ ചൗരിചൗര സംഭവമാണ്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നടന്ന ആ സംഭവത്തില്‍ അക്രമകാരികളായി മാറിയ കര്‍ഷകര്‍ 22 പോലീസുകാരെയാണ് ജീവനോടെ ചുട്ടുകൊന്നത്.

നവംബര്‍ 21ലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ നാലാം ഘട്ടം ബ്രിട്ടീഷ് സര്‍ക്കാരിനെ ഏറെക്കുറെ തകര്‍ത്തിരുന്നു. ഇതിനിടയില്‍ അലി സഹോദരന്മാര്‍  ബ്രിട്ടീഷ് സൈന്യത്തില്‍ നിന്ന് പിന്മാറാന്‍ മുസ്ലിങ്ങളെ ആഹ്വാനം ചെയ്യുകയും, പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനായി പോരാടാനും അംഹിസാ സിദ്ധാന്തങ്ങള്‍ ഉപേക്ഷിക്കാനും ഉദ്‌ഘോഷിച്ച് കറാച്ചി ഖിലാഫത്ത് കോണ്‍ഗ്രസില്‍ പ്രസംഗിക്കുകയും ചെയ്തു. ഈ പ്രസംഗത്തിന്റെ പേരില്‍  അലി സഹോദരന്മാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തെ ശക്തമായി അപലപിച്ച് ഖിലാഫത്ത് നേതാവ് ഹര്‍സത് മോഹാനി രംഗത്തു വന്നു. ഗാന്ധിജി ഈ സമയം ബര്‍ദോളിയില്‍ നികുതി നിഷേധ സമരം ആരംഭിച്ചിരുന്നു. എന്നാല്‍ ഈ പ്രസ്ഥാനങ്ങളെല്ലാം തന്നെ ചൗരിചൗരാ സംഭവത്തോടുകൂടി പിരിച്ചുവിടാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍