UPDATES

യാത്ര

കല്ലുകള്‍ കഥ പറയുന്ന ഹംപി

Avatar

യാസിര്‍ ഗഫൂര്‍

ഹംപി, ഇത് നമ്മള്‍ വായിച്ചും കേട്ടുമറിഞ്ഞ തെനാലി രാമന്‍ കഥകളിലെ കൃഷ്ണദേവരായരും തെന്നാലി രാമനും കൂടിയുള്ള പല തമാശകള്‍ക്കും വേദിയായിടം. സമ്പന്നമായൊരു ഗതകാലത്തിന്റെ തിരുശേഷിപ്പുകളില്‍ ചിലത് ലോകത്തിനു ബാക്കി വെച്ചുകൊണ്ടാണ് വിജയനഗര സാമ്രാജ്യം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. 1566 ല്‍ നടന്ന തളിക്കോട്ട യുദ്ധത്തിലെ പരാജയമാണ് വിജയനഗര സാമ്രാജ്യത്തിന്റെ പതനത്തിനു കാരണമായത്. യുദ്ധത്തില്‍ വിജയിച്ച ബാമിനി സൈന്യം തലസ്ഥാന നഗരിയെ തീര്‍ത്തും നശിപ്പിച്ചു. ഇന്ന് ഹംപിയെന്നത് ഒരു നാട്ടിന്‍ പുറം മാത്രം.

ഹംപിയെന്ന പേരിനു ഒരു തെലുങ്ക് ചുവ തോന്നിയെങ്കില്‍ തെറ്റ് പറയാനാവില്ല. ഉത്തര കര്‍ണ്ണാടകയിലെ ഹംപിയുള്‍ക്കൊള്ളുന്ന ബെല്ലാരി ജില്ല തെലുങ്കാന സംസ്ഥാനത്തോട് അതിര്‍ത്തി പങ്കിടുന്നുണ്ട്. വിജയനഗര സാമ്രാജ്യത്തിന്റെ പ്രതാപകാലം 14 മുതല്‍ 16 നൂറ്റാണ്ടുകളിലായിരുന്നു. അതില്‍ ഏറ്റവും പ്രബലനായ രാജാവായിരുന്നു എ ഡി 1509 മുതല്‍ 1529 വരെ ഭരിച്ചിരുന്ന കൃഷ്ണ ദേവരായരും. ഇദ്ദേഹത്തിന്റെ രാജസദസ്സിലായിരുന്നു തെന്നാലി രാമന്‍ വിദൂഷകനായിരുന്നത്.

ഹോസ്‌പേറ്റ് ആണ് ഹംപിയോടെ തൊട്ടടുത്തുള്ള പട്ടണം. 13 കിമീ ദൂരമാണ് ഹോസ്‌പേറ്റില്‍ നിന്ന് ഹംപിയിലേക്കുള്ളത്. ബാംഗ്ലൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമോ ബസിലോ ഹോസ്‌പേറ്റില്‍ എത്തിച്ചേരാവുന്നതാണ്. ഹോസ്‌പേറ്റ് റയില്‍വേ സ്റ്റേഷനില്‍ ട്രയിനിറങ്ങുന്ന നിങ്ങള്‍ക്കു ചുറ്റും ഓട്ടോ ഡ്രൈവര്‍മാര്‍ വട്ടമിടും. ആദ്യമായി ഹോസ്‌പേറ്റിലെത്തിച്ചേരുന്നവരുടെ ശരീരചലനങ്ങള്‍ നീരീക്ഷിച്ചാല്‍ തന്നെ ലക്ഷ്യം ഹംപിയാണെന്ന് നിത്യേനയുള്ള കാത്തിരിപ്പുകള്‍ അവരെ പഠിപ്പിച്ചിട്ടുണ്ട്. അവരില്‍ നിന്നു പുറത്തു കടന്നാലും നിങ്ങള്‍ക്കൊരു റിക്ഷയോ ടാക്‌സിയോ ആശ്രയിച്ചേ പറ്റൂ. കാരണം തൊട്ടടുത്തുള്ള ഹോസ്‌പേറ്റ് ബസ് സ്റ്റാന്റിലേക്കു ഏകദേശം ഒന്നര കിലോമീറ്ററിലധികം ദൂരം ഉണ്ട്.

ഹംപി വരെയുള്ള യാത്രക്കു ഞങ്ങള്‍ നാലു പേര്‍ ഒരു ഓട്ടോക്കാരനോട് നൂറു രൂപ കൂലി പറഞ്ഞുറപ്പിച്ചു. 13 കിലോമീറ്ററോളം ദൂരം മാത്രമേ ഹംപിയിലേക്കുള്ളൂ. ഹംപിയിലെത്തിച്ചേര്‍ന്ന ഞങ്ങള്‍ ഉച്ച ഭക്ഷണം കഴിക്കാന്‍ വേണ്ടി മാംഗോ റസ്റ്റോറന്റിലേക്കാണു ചെന്നത്. ടൂറിസ്റ്റുകളേ ആകര്‍ഷിക്കാന്‍ തക്കവിധം ഒരുക്കിയെടുത്തിട്ടുള്ള ആ റസ്റ്റോറന്റില്‍ ധാരാളം വിദേശ ടൂറിസ്റ്റുകളും ഭക്ഷണം കഴിക്കാന്‍ ഉണ്ടായിരുന്നു. നിലത്തു ചമ്രം പടിഞ്ഞിരുന്നു മുന്നിലുള്ള പലകമേല്‍ വെച്ച് ഭക്ഷണം കഴിക്കുന്ന പഴയ നമ്മുടെ നാടന്‍ രീതി തന്നെയാണ് അവിടെ അനുവര്‍ത്തിച്ചിട്ടുള്ളത്.


തുംഗഭദ്ര നദി

ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം ഞങ്ങള്‍ തുംഗഭദ്ര നദി ഒരു ബോട്ടില്‍ മുറിച്ചു കടന്നു അപ്പുറത്തെത്തി. അവിടെയാണു നാടു കാണാന്‍ വേണ്ടി വരുന്നവര്‍ക്ക് അന്തിയുറങ്ങാനുള്ള ചെറിയ കോട്ടേജുകള്‍ ലഭ്യമാവുക. ഇല്ലെങ്കില്‍ തിരിച്ചു ഹോസ്‌പേറ്റിലേക്കു പോവണം . അതിലൂടെ ചുറ്റിക്കറങ്ങി ഒരു കോട്ടേജിന്റെ മുന്നിലെത്തി വില പേശിത്തുടങ്ങി. സീസണ്‍ എത്തുന്നതിനു മുമ്പേ കാണാന്‍ വരുന്നതു കൊണ്ടുള്ള ഒരു പ്രയോജനം ഇതാണ്. വല്ലാതെ പിഴിയാന്‍ നിന്നു കൊടുക്കേണ്ടതില്ല.

ഞങ്ങളുടെ സംസാരം കേട്ടിട്ടാകണം അവിടെ വിശ്രമിച്ചിരുന്ന ഒരാള്‍ സഹായത്തിനെത്തി. ഇദ്ദേഹം മലയാളം സംസാരിച്ചപ്പോള്‍ ഞങ്ങള്‍ കരുതി ആള് മലയാളിയാവുമെന്ന് എന്നാല്‍ ഗുജറാത്തിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പരിചയപ്പെട്ട ഒരു കുമളിക്കാരിയെ പ്രണയിച്ച് കല്ല്യാണം കഴിച്ചതിലൂടെയാണ് കക്ഷിയുടെ കേരളാ ബന്ധത്തിന്റെ അടിസ്ഥാനം . ഈ ചേട്ടനും ചേച്ചിയും ടൂറിസ്റ്റുകള്‍ക്കു വേണ്ട വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ ഷോപ്പ് നടത്തുകയാണ് വര്‍ഷങ്ങളായിട്ടിവിടെ.

450 രൂപക്ക് ഒരു ഹട്ട് ഞങ്ങള്‍ നാലു പേര്‍ക്കും കൂടി കിട്ടി. പിന്നീട് തൊട്ടടുത്തുള്ള ഹനുമാന്‍ കോവില്‍ കാണാന്‍ ഇറങ്ങി. കുറച്ചൊന്നുമല്ല ദൂരം എന്നു മനസ്സിലാക്കിയതോടെ ഓട്ടോറിക്ഷയെ ശരണം പ്രാപിച്ചു. ഹനുമാന്‍ കോവിലിന്റെ താഴെവരെയാണ് ഓട്ടോവരിക. ഒരു മലമുകളിലാന് ഈ കോവില്‍. ഒട്ടേറെ പടികള്‍ ചുറ്റിക്കയറി വേണം മുകളില്‍ കോവിലിലെത്താന്‍. ധാരാളം വാനരന്മാര്‍ അവിടെയുണ്ട്. ഹനുമാന്‍ കോവിലായതു കൊണ്ടാവണം അവയോടു പോലും സന്ദര്‍ശകര്‍ ഭക്ത്യാദരവുകളോടെ പെരുമാറുന്നു. അവ നമ്മെ ഉപദ്രവിക്കുകയില്ലത്രെ… ഏതായാലും പരിശോധിക്കാന്‍ മെനക്കെട്ടില്ല. ആവശ്യമില്ലാത്ത കാര്യങ്ങള്‍ക്കു റിസ്‌ക് ഏടുക്കാനുള്ളതല്ലല്ലോ ജീവിതം .

നല്ല സുഖകരമായ കാറ്റ് കയറ്റത്തിന്റെ ക്ഷീണം ഞങ്ങളില്‍ നിന്നു ചോര്‍ത്തിക്കളഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ താഴെ മറ്റൊരോട്ടോ ഞങ്ങളെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ കയറി തിരിച്ചു മടങ്ങി. കൊള്ളാവുന്ന ഭക്ഷണം കിട്ടുന്ന ഒരിടത്ത് ഞങ്ങളുടെ ആവശ്യപ്രകാരം ആ ഓട്ടോക്കാരന്‍ എത്തിച്ചു തന്നു. ഭക്ഷണം കഴിച്ച ശേഷം അവിടെ ഒരു സ്റ്റേഷനറിക്കടയില്‍ കയറിയപ്പോള്‍ അവിടെയുള്ളത് ഒരു വളാഞ്ചേരിക്കാരന്‍ ഇബ്രാഹിംക്ക. 28 വര്‍ഷത്തോളമായി ഇവിടെ കട നടത്തുന്നു. കുടംബവുമായി ഇവിടെ സെറ്റില്‍ഡ് ആണ്.


 വിരൂപാക്ഷ ക്ഷേത്രം

തിരിച്ചു റൂമിലെത്തി അന്നു രാത്രി സുഖമായി ഉറങ്ങി. പിറ്റേന്നു രാവിലെ തിരിച്ചു നദി മുറിച്ചു കടന്നു. ഇറങ്ങിയ ഉടനെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ ഹംപി കാണിക്കാന്‍ വേണ്ട ഓട്ടം കിട്ടുന്നതിനായി ഞങ്ങളുടെ പിന്നാലെ കൂടി. ഒരു ഓട്ടോക്കാരനോട് 500 രൂപക്കു ഡീല്‍ ഉറപ്പിച്ചു.

ആദ്യം കണ്ടു തീര്‍ത്തത് നദിക്കടുത്ത് തന്നെയുള്ള വിരൂപാക്ഷ ക്ഷേത്രമാണ്. വിരൂപാക്ഷ ക്ഷേത്രത്തിനുളള്ളില്‍ പ്രവേശിക്കുമ്പോള്‍ ഒരു ചുമരില്‍ ഗോപുരവാതിലിന്റെ നിഴല്‍ ചെറിയൊരു ദ്വാരത്തിലോടെ കടന്ന് വന്ന് തല കീഴായി പതിക്കുന്നത് കാണാം. നമ്മുടെ നിഴല്‍ ആ ചുവരില്‍ നേരെ തന്നെയാണ് കാണുക. നൂറ്റാണ്ടുകള്‍ക്കു മുന്നെ പണികഴിപ്പിച്ചപ്പോള്‍ ശില്‍പ്പികള്‍ പിന്‍ഹോള്‍ കാമറകളില്‍ ഉപയോഗിച്ചിരുന്ന തത്വമാണ് പ്രായോഗികമാക്കിയത്.


എലിഫന്റ് സ്റ്റാബിള്‍

എലിഫന്റ് സ്റ്റാബിള്‍ എന്ന വലിയ ആനപ്പന്തി. രാജാവിന്റെ ആനകള്‍ക്കു വിശ്രമിക്കാന്‍ ഒരുക്കിയതായിരുന്നു ഈ ആനപ്പന്തികള്‍. നീളത്തില്‍ 11 താഴികക്കുടങ്ങളോട് കൂടിയതാണ് ഇവ. കിംഗ്‌സ് ബാലന്‍സ്. അഞ്ച് മീറ്ററോളം പൊക്കമുള്ള ഒരു ത്രാസ് ആണിത്. രാജാവിന്റെ തൂക്കം അളന്നെടുക്കുകയും അത്ര തന്നെ തൂക്കം പൊന്നും രത്‌നങ്ങളും രാജാവ് പുരോഹിതര്‍ക്ക് വിതരണം ചെയ്യുമായിരുന്നു. മൂന്ന് മണിയോടെയാണു തിരിച്ചിറങ്ങിയത്.

വിത്താല ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം സംഗീതം പൊഴിക്കുന്ന 56 തൂണുകളുള്ള രംഗമണ്ഡപമാണ്. ഓരോ തൂണുകളിലും മുട്ടുമ്പോള്‍ അവ വിവിധ സംഗീത ഉപകരണങ്ങളുടെ സ്വരങ്ങള്‍ പൊഴിക്കും . ക്ഷേത്രമുറ്റത്തുള്ള കൂറ്റന്‍ കരിങ്കല്‍ രഥമാണ് നമ്മുടെ മനസ്സ് കീഴടക്കുന്ന മറ്റൊരു ദൃശ്യം. ഹംപിയുടെ മുഖമുദ്രയായി ടൂറിസം പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് ഈ കല്‍രഥമാണ്.


മഹാനവമി പീഠം

ഹംപിയിലെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍; ഹംപി ബസാര്‍ , ലക്ഷ്മി നരസിംഹം, മഹാനവമി പീഠം, പുഷ്‌കരണി, പടിക്കെട്ടുകള്‍ നിറഞ്ഞ കുളം, കല്‍ വാതില്‍, റോയല്‍ എന്‍ക്ലോഷര്‍, നിരീക്ഷണ ഗോപുരങ്ങള്‍, രാജ്ഞി കുളിച്ചിരുന്ന ക്വീന്‍സ് ബാത്, ലോട്ടസ് മഹല്‍ എന്നിവയാണ്.


കല്ലില്‍ തീര്‍ത്ത രഥം

പിന്നീട് തുംഗഭദ്ര ഡാം ലക്ഷ്യമാക്കി നീങ്ങി. മൈസൂരിലെ കൃഷ്ണ രാജ സാഗര്‍ ഡാം പോലെ തന്നെ ഇതിനടുത്തും നല്ല മനോഹരമായ ഗാര്‍ഡനും മ്യൂസിക് ഫൗണ്ടെയ്‌നും ഉണ്ടാക്കിയിട്ടുണ്ട് . മ്യൂസിക് ഫൗണ്ടെയ്‌നിലെ പ്രദര്‍ശനം കാണാനുള്ള സമയം ആവുന്നതിനു മുമ്പ് ഞങ്ങള്‍ തിരിച്ചു മടങ്ങി. അതു കാണാന്‍ നിന്നാല്‍ ബാംഗ്ലൂരിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ഹംപി എക്‌സ്പ്രസ് ഒരു പക്ഷേ മിസ് ആയിപ്പോവും.

രാത്രി ഭക്ഷണത്തിനായി ഓട്ടോ ഡ്രൈവര്‍ ഞങ്ങള്‍ക്കു കാണിച്ചു തന്നത് ‘ബെല്ലാരി ബിരിയാണി’ എന്ന റസ്റ്റോറന്റ് ആയിരുന്നു. നല്ല മട്ടണ്‍ ബിരിയാണിയും ചിക്കന്‍ ബിരിയാണിയുമെല്ലാ അവിടെ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. കടക്കാരും മലയാളികള്‍ തന്നെ. കാസര്‍കോട്ടുകാരന്‍ ഹബീബ് ഭായ് ബെല്ലാരിയിലെ ഖനിയിലെ ജീവനക്കാരനായിരുന്നു. സുപ്രീംകോടതി ഖനിയിലെ പ്രവര്‍ത്തനാനുമതി നിഷേധിച്ചപ്പോഴാണ് റസ്റ്റോറന്റ് ആരംഭിച്ചത്.

ബെല്ലാരി മാംസ വ്യാപാരത്തിനു കൂടി പ്രശസ്തി കേട്ടതാണ്. നമ്മുടെ നാട്ടിലേക്കുള്ള ഉരുക്കള്‍ ഇവിടെ നിന്നും കൊണ്ട് വരുന്നുണ്ട്. (മമ്മൂട്ടിയുടെ ബെല്ലാരി രാജ വെറുതെയൊന്നുമല്ല എന്നര്‍ഥം ) അവിടെ നിന്നു നല്ല മട്ടണ്‍ ബിരിയാണിയും കഴിച്ച് തിരിച്ചു റയില്‍ വേ സ്റ്റേഷനിലേക്കു ഞങ്ങള്‍ മടങ്ങി.

യാത്ര മാര്‍ഗ്ഗം : ബാംഗ്ലൂരില്‍ നിന്നു ഹോസ്‌പേറ്റിലേക്ക് എല്ലാ ദിവസവും രാത്രി 10 മണിക്കു ഹംപി എക്‌സ്പ്രസ്(ട്രെ. നം. 16592) ഉണ്ട്. ഈ ട്രെയിന്‍ രാവിലെ 7.10 നു ഹോസ്‌പേറ്റില്‍ എത്തിച്ചേരും. തിരിച്ച് ഈ ട്രെയിന്‍ രാത്രി 9 മണിക്കു മടങ്ങും.

മഡ്ഗാവില്‍ വഴിയാണെങ്കില്‍ ചൊവ്വ , വ്യാഴം, വെളള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 7.50 നു പുറപ്പെടുന്ന ഹൗറ എക്‌സ്പ്രസ് ഉച്ചക്കു മൂന്ന് മണിയോടെ ഹോസ്‌പേറ്റില്‍ എത്തിച്ചേരും.

ഭക്ഷണം: ഹോസപേറ്റില്‍ താമസവും ഭക്ഷണവും ലഭിക്കുന്ന ഹോട്ടലുകള്‍ അനവധിയാണ്. ബെല്ലാരി ബിരിയാണി ഫോണ്‍ നം:08394227373. (ഹക്കാ ബുക്കാ റോഡ്, മിര്‍ ആലം ടാകീസിനു എതിര്‍ വശം) ഹംപിയില്‍ മാംഗോ റസ്റ്റോറന്റ്.

(തിരൂരങ്ങാടി സ്വദേശിയാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍