UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി ടി ബല്‍റാം താങ്കള്‍ ആരാണ്? സതീശൻ കഞ്ഞിക്കുഴിയോ അതോ അയ്മനം സിദ്ധാർഥനോ?

ചാവക്കാട്ടെ ഹനീഫയുടെ കൊലപാതകം അറിഞ്ഞവർ എല്ലാരും ഞെട്ടി. അറിയാത്തവർ നിരവധി ഉണ്ട് എന്നതാണ് സത്യം. “അറിയിക്കാതെ ഇരിക്കുക” എന്നത് മാധ്യമങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗം ആയിരിക്കുമ്പോൾ, പൊതുജനം അറിയാതെ പോകുക സ്വാഭാവികം മാത്രം. അതിദാരുണമായി കൊല്ലപ്പെട്ട ഹനീഫ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗ്രൂപ്പുകാരൻ ആയിരുന്നുവത്രെ. കൊലപ്പെടുത്തിയ ആൾ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പുകാരനും. സ്വന്തം കുടുംബത്തിന്റെ മുന്നിൽ വച്ച് നടത്തപ്പെട്ട  ആ കൊലയിൽ കുടൽമാല വലിച്ചെടുത്തു എന്നാണ് ചില ഇടങ്ങളിൽ  പറഞ്ഞു കേട്ടത്. എന്തായാലും തൃശ്ശൂരിൽ ഉണ്ടായിട്ടു പോലും മരിച്ച വീട് സന്ദർശിക്കാതെ മുഖ്യമന്ത്രി സംഭവത്തിന്റെ ഗൌരവം വിളിച്ചറിയിച്ചില്ല.

പ്രതികളെ സംരക്ഷിക്കുന്നത് സഹകരണ മന്ത്രി സി എൻ ബാലകൃഷ്ണൻ ആണെന്ന് കൊല്ലപ്പെട്ട ഹനീഫയുടെ കുടുംബം പറയുക വരെ ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളിച്ച പോലീസ് ഒരു രീതിയിലും ഉന്നതങ്ങളിലേക്ക് അന്വേഷണം എത്താതെ ശ്രദ്ധിച്ചു. ഒരു പ്രതിയെ പിടികൂടിയതാകട്ടെ നാട്ടുകാരും. കേസ് ഒതുക്കി തീർക്കുന്നതിനു ശ്രമങ്ങൾ നടക്കുന്നു എന്നും ആക്ഷേപം ഉണ്ട്.  തൃശൂർ ജില്ലയിൽ അടുത്ത കാലത്ത് നടന്ന മൂന്നാമത്തെ കോണ്‍ഗ്രസ്  രാഷ്ട്രീയ കൊലപാതകം ആയിരുന്നു ഇത്. മൂന്നിലും പ്രതികളും കൊല്ലപ്പെട്ടവരും കോണ്‍ഗ്രസ് പ്രവർത്തകർ തന്നെ. മുൻപ് കൊല്ലപ്പെട്ട ലാൽജിയുടെ അമ്മയുടെ “സി ബി ഐ  അന്വേഷണം” എന്ന ആവശ്യം വനരോദനം ആയി മുഴങ്ങുന്നതും നാം കണ്ടിരുന്നു.

ഗോപപ്രതാപൻ  എന്ന ചാവക്കാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിനെ പുറത്താക്കുന്നതിലേക്ക് നയിച്ച സംഭവ വികാസങ്ങൾ വളരെ കൗതുകകരമായ ചർച്ചക്കാണ് തുടക്കം കുറിച്ചത്. ആരാണ് “ശരിക്കും കൊലപാതക രാഷ്ട്രീയം നടത്തുന്നത്”  എന്നതായിരുന്നു ആ ചർച്ച. കൊലപാതകത്തിൽ പ്രതിസ്ഥാനത്ത് ഇടതുപക്ഷം അല്ലാത്തതിനാൽ, സ്വാഭാവിക വിസ്മൃതി കൽപിച്ചിരുന്ന ഒരു വാർത്തയെ ഇത്രയും നാൾ ചര്‍ച്ചയാക്കിയതിന് വി ടി ബൽറാം അഭിനന്ദനം അർഹിക്കുന്നു.

സംഭവഗതി ഇങ്ങനെ
ഹനീഫ വധത്തോട് പ്രതികരിച്ചു കൊണ്ട് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം ആയ പിണറായി വിജയന്‍ ഇട്ട കുറിപ്പിന് മറുപടിയായി സമൂഹ മാധ്യമങ്ങളിൽ കോണ്‍ഗ്രസ്സിന്റെ തേര് നയിക്കുന്ന തൃത്താല എം എൽ എ  വി ടി ബൽറാം ഇട്ട കുറിപ്പോടുകൂടിയാണ് കാര്യങ്ങൾ പുറം ലോകം ചർച്ച ചെയ്തു തുടങ്ങിയത്. രണ്ടു ക്ലബ്ബുകൾ തമ്മിൽ ഉണ്ടായ തർക്കത്തിൽ ഉണ്ടായ സംഭവം എന്ന് നിസാരവൽക്കരിച്ച സംഭവത്തെ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്നതാവാം ബൽറാമിനെ പ്രകോപിപ്പിച്ചത്.

കണക്കിന് പിണറായി വിജയനെ പരിഹസിക്കുന്ന പോസ്റ്റ് ഇട്ട ബൽറാം, പ്രമുഖ സോഷ്യൽ മീഡിയ വ്യക്തിത്വം ആയ കിരണ്‍ തോമസ് തുടങ്ങി വച്ച “ഹിസ്റ്റോറിക്കൽ ഓഡിറ്റിംഗ്” ത്രെഡിൽ ആണ് പിടിച്ചു കയറിയത്. ചരിത്രപരമായി  സി പി ഐ എം കൊലയാളികളെ സംരക്ഷിക്കുകയും, അവരെ ഒളിപ്പിക്കുകയും പിന്നെ അവർക്ക് സ്ഥാനമാനങ്ങൾ കൊടുക്കുകയും ചെയ്യുന്ന പാർട്ടിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ മറുപടി മനോരമ അടക്കം ഓണ്‍ലൈൻ മാധ്യമങ്ങൾ കൊണ്ടാടി.

അതിനു നിരവധി മറുകുറിപ്പുകളും പ്രതികരണങ്ങളും ഇറങ്ങി. ഒരെണ്ണം താഴെ ചേർക്കുന്നു. http://beta.bodhicommons.org/article/which-congress-are-you-talking-about-balram 

പ്രതികരണങ്ങളിൽ ചിലത് സഭ്യതക്ക് നിരക്കാത്തതും ഉണ്ടായിരുന്നു.ആ വിധം പോസ്റ്റുകൾ ആരിട്ടു. ഫേക്ക് ആണോ, പാർട്ടിക്കാരാണോ  എന്നൊന്നും വ്യക്തമല്ലായിരുന്നു. സി പി ഐ എം സൈബർ സേന ആക്രമണം തുടങ്ങി എന്ന് പല വലതു നിരീക്ഷകരും വിലയിരുത്തി.

ആരാണ് കൊലപാതകികൾ എന്ന ചോദ്യത്തിന് വസ്തുതകൾ നിരത്തി ഇടതുപക്ഷം മറുപടി പറഞ്ഞതോടെ, തീർത്തും പരിഹാസ്യമായി സിഖ് കാലപം, അടിയന്തരാവസ്ഥ, വിമോചന സമരം, ചീമേനി കൂട്ടക്കൊല  എന്നിവയിലെ തന്റെ ഒളിച്ചുകളി തുടരുകയാണ് ബൽറാം ചെയ്തത്. കെ സുധാകരൻ, മമ്പറം ദിവാകരൻ തുടങ്ങി കേസിൽ പ്രതി ആയിട്ടും നേതാക്കൾ ആയി തുടരുന്നവരുടെ  കൂടി ഉദാഹരണങ്ങൾ നിരത്താൻ തുടങ്ങിയതോടെ മറുപടി പറയാൻ കഴിയാതെ ബൽറാം ഇടതു പ്രവർത്തകരുടെ ഭാഷയിലേക്ക് നോട്ടം വച്ചു.  

മോശം ഭാഷ ഉപയോഗിച്ച ചില പോസ്റ്റുകൾ,  സ്വന്തം നേട്ടത്തിനും, കൂടാതെ ഇടതുപക്ഷത്തെ തകർക്കാൻ വേണ്ടി ഉപയോഗിക്കാം എന്ന കണക്കു കൂട്ടലിൽ സ്ക്രീൻ ഷോട്ടുകളും ആയി ഇതാ സി പി ഐ എം പ്രവർത്തകർ എന്നെ തെറി വിളിക്കുന്നു എന്ന ആരോപണവും ആയി ബൽറാം വീണ്ടും  രംഗത്തെത്തി. ഈ പ്രാവശ്യം തോമസ് ഐസക് എം എൽ എ ആയിരുന്നു അഭിസംബോധന ചെയ്യപ്പെട്ടത്. മാന്യമായ രീതിയിൽ സൈബർ രംഗത്ത് ഇടപെടണം എന്ന് ഓർമിപ്പിച്ച തോമസ് ഐസകിന്റെ  മുൻ പോസ്റ്റ് ആയിരിക്കണം ഹേതു. 

സൈബർ ജനാധിപത്യ ഇടങ്ങളിൽ അസഹിഷ്ണുത കലർന്ന പ്രതികരണം നടത്തുന്നത് ഇടതുപക്ഷം ആണ് എന്നും, അങ്ങനെ ചെയ്യുമ്പോൾ സംവാദങ്ങൾ നശിക്കുകയാണ് എന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണങ്ങൾ. അധികം വൈകാതെ ബൽറാം എന്ന ജനപ്രതിനിധി ഇതുവരെ വാനോളം കെട്ടിപ്പൊക്കിയ സ്വന്തം പ്രതിച്ചായ തകർത്ത സ്ക്രീൻ ഷോട്ട് പ്രചരിക്കാൻ തുടങ്ങി.

ഹനീഫ കൊലപാതകത്തെ തുടർന്ന് പ്രതിരോധത്തിൽ ആയിപ്പോയ സ്വന്തം പാർട്ടിയെ രക്ഷിക്കാൻ എതിരാളികളുടെ കൊലപാതകങ്ങൾ കണ്ടുപിടിക്കണം, പ്രചരിപ്പിക്കണം എന്നും, സി പി ഐ എമ്മിനെ ഏറ്റവും വലിയ കൊലയാളി പാർട്ടി ആയി സ്ഥാപിക്കാൻ ഉതകുന്ന സ്റ്റാറ്റസുകൾ എല്ലാവരും ഇടണം എന്നുമായിരുന്നു ആ ആഹ്വാനം. ഒരു കോണ്‍ഗ്രസ്സ് സീക്രട്ട് ഗ്രൂപ്പിൽ ഇട്ട പോസ്റ്റാണ് പുറത്തായതോടെ ബൽറാമിന്റെ മൂടുപടം വലിച്ചു കീറിയത്. സ്വന്തം പാർട്ടിക്കാർ കൊല്ലപ്പെടുമ്പോൾ ഈ സമീപനം സ്വീകരിച്ചത് ശരിയായോ എന്നത് ഒരു ഗൌരവകരമായ പ്രശ്നം ആയി പലരും ഉയർത്തി. അത് എഴുതിയത് താൻ തന്നെ ആണെന്ന് അദ്ദേഹം തന്നെ സമ്മതിക്കുകയും ഉണ്ടായി.

സൈബർ രംഗത്ത് ബൽറാമിനു ഉണ്ടായിരുന്ന വ്യത്യസ്തൻ ആയ യുവ കോണ്‍ഗ്രസ് നേതാവ് എന്ന പ്രതിഛായ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒലിച്ചു പോയി എന്ന് വേണമെങ്കില്‍ പറയാം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഫാസിസ്റ്റ് വിരുദ്ധ പ്രതിഛായ ഉണ്ടായിരുന്ന ബൽറാം തീർത്തും നിരായുധൻ ആയ സമയങ്ങൾ ആയിരുന്നു അത്. സ്വയം ന്യായീകരിക്കാൻ പോസ്റ്റുകൾ ഇട്ടെങ്കിലും ഒന്നും ഏശാതെ “സതീശൻ കഞ്ഞിക്കുഴിയും, അയ്മനം സിദ്ധാർഥനും” എന്ന പ്രതിഛായ പൊങ്ങി വരുകയാണ് ഉണ്ടായത് .” സാധാരണ കോണ്‍ഗ്രസുകാരൻ മാത്രമാണ് ബൽറാം” എന്ന ഇടതു വാദഗതിക്ക് മേൽക്കൈ ലഭിക്കാനും ഈ സംഭവങ്ങൾ ഇടയാക്കി എന്നു കൂടി പറയാതെ വയ്യ. 

മാധ്യമ രാഷ്ട്രീയം ചർച്ചയാകുന്നു
എന്തൊക്കെ ആയാലും വളരെ ഗൌരവം ആയ ഒരു രാഷ്ട്രീയ ചർച്ചക്കാണ് ഈ സംഭവങ്ങൾ വഴി വച്ചത് എന്ന് നിസംശയം പറയാം, മറുനാടൻ മലയാളിയുടെ എഡിറ്റർ ആയ ഷാജൻ സ്കറിയ പിണറായി വിജയൻറെ മോശം പ്രതിഛായ മാധ്യമ സിണ്ടിക്കേറ്റ് ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞതോടുകൂടി മാധ്യമ രാഷ്ട്രീയത്തോടും അവ ഇടതുപക്ഷത്തോട് സ്വീകരിക്കുന്ന സമീപനത്തിന്റെ പുറകിൽ എന്തൊക്കെ എന്നും ചർച്ച തുടങ്ങി.

1) നവ സമൂഹ മാധ്യമങ്ങളിൽ സി പി ഐ എമ്മിനെ ഏറ്റവും വലിയ അക്രമ പാർട്ടി ആയി സ്ഥാപിക്കുന്ന പോസ്റ്റുകൾ ഇടണം എന്ന്, അണികളോട്  പറയുന്ന ബൽറാം പ്രതീകവൽക്കരിക്കുന്നത് എന്തിനെയാണ്?  2) ഇടതു നേതാക്കൾക്കും ഇടതുപക്ഷത്തിനും  എതിരെ അറപ്പും വെറുപ്പും  ഉണ്ടാക്കുന്ന വാർത്തകൾ പടച്ചു വിടുന്നതിനു മുഖ്യധാരാ മാധ്യമങ്ങൾക്ക്, അവരുടെ ലേഖകർക്ക് സമാനമായ രീതിയിൽ നിർദേശങ്ങൾ ലഭിക്കാറുണ്ടോ?  3) ഇടതു വിരുദ്ധത നിരന്തരം പ്രചരിപ്പിക്കാൻ എന്തെങ്കിലും സാമ്പത്തികമോ അല്ലാത്തതോ ആയ നേട്ടം ഉണ്ടോ?- എന്നീ ചോദ്യങ്ങൾ നമ്മുടെ മുൻപിൽ നിൽക്കുകയാണ്. 

അതുകൂടാതെ ആരാണ് കൊലപാതക രാഷ്ട്രീയം ചെയ്യുന്നത് എന്നതിന് വസ്തുനിഷ്ഠമായ ഉത്തരം കൂടി ചർച്ച ചെയ്യേണ്ടതുണ്ട്. ലഭ്യമായ കണക്കുകൾ അനുസരിച്ച് വിദ്യാർഥി പ്രസ്ഥാനം മുതൽ രാഷ്ട്രീയ പാർട്ടി വരെ ഏറ്റവും കൂടുതൽ ആളുകളെ നഷ്ടപ്പെട്ടത് ഇടതു പ്രസ്ഥാനങ്ങൾക്കാണ്. (സോഴ്സ്: http://www.cpimkerala.org) . മറിച്ചുള്ള കണക്കുകൾ ലഭ്യമല്ല.

അങ്ങനെ ഏറ്റവും കൂടുതൽ ആളുകളെ നഷ്ടപ്പെട്ട പാർട്ടി, എങ്ങനെ പൊതുബോധത്തിൽ ഏറ്റവും വലിയ അക്രമ പാർട്ടി ആകും ? അവിടെയാണ് “ഏറ്റവും വലിയ അക്രമ പാർട്ടി എന്ന് സ്ഥാപിക്കാൻ ഉതകുന്ന രീതിയിൽ പ്രവർത്തിക്കണം ” എന്ന യുവ നേതാവിന്റെ വാക്കുകൾ സംശയത്തോടെ കാണേണ്ടി വരുന്നത്. നിരന്തരം മാധ്യമ പ്രചാരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ഇടതു വിരുദ്ധ പൊതുബോധം, നിശിതമായ വിമർശനത്തിന് വിധേയം ആവുകയും , അത് തിരുത്തപ്പെടുകയും വേണം. അതിനുള്ള മുൻകൈ വലതു മുഖ്യധാര മാധ്യമങ്ങളിൽ നിന്ന് പ്രതീക്ഷിക്കുക ബുദ്ധിമുട്ടാണ്. അപ്പോൾ നവ മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളും “വസ്തുനിഷ്ഠ മായ പൊതുബോധം സൃഷ്ടിക്കുക എന്ന ദൗത്യം” ഏറ്റെടുക്കേണ്ടി വരും. ഒരു ചരിത്രപരമായ കടമയായി തന്നെ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അനൂപ് വര്‍ഗീസ് കുരിയപ്പുറം

അനൂപ് വര്‍ഗീസ് കുരിയപ്പുറം

സമകാലിക കേരളത്തിലെ വികസന പ്രശ്നങ്ങള്‍, ജനകീയ ഇടപെടലുകള്‍, ദൈനംദിന ജീവിതം തുടങ്ങിയ വിഷയങ്ങളെ പരാമര്‍ശിക്കുന്ന കോളം. ഐ.ടി മേഖലയില്‍ ഉദ്യോഗസ്ഥന്‍. വെബ്സൈറ്റുകള്‍, പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവിടങ്ങളില്‍ എഴുതാറുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍