UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിൽ വ്യവസായം കൊണ്ടുവരാന്‍ മോദിയുടെ വാചകമടി മാത്രം മതിയോ?

Avatar

ധീരജ് നയ്യാർ
(ബ്ലൂംബര്‍ഗ് ന്യൂസ്)

തന്റെ പ്രഥമ ജര്‍മ്മൻ സന്ദര്‍ശനത്തിൽ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി ജര്‍മ്മൻ ചാന്‍സലർ ആഞ്ചല മെര്‍ക്കലിനൊപ്പം ലോകത്തെ ഏറ്റവും വലിയ വ്യവസായ മേള, ഹാനോവർ മെസ്സെ, ഉദ്ഘാടനം ചെയ്യും. യൂറോപ്പിലെ നിര്‍മ്മാണ ഭീമനെ തന്റെ ‘Make in India’ പ്രചാരണം പൊലിപ്പിച്ചുകാണിക്കാൻ എന്തായാലും മോദി ഉത്സുകനായിരിക്കും. പക്ഷേ മേളയിൽ പങ്കെടുക്കുന്നവരെക്കൊണ്ട് ഇന്ത്യയിൽ വ്യവസായം തുടങ്ങിക്കാൻ ഈ വാചകമടി വിപണനം മതിയാകില്ല. ജര്‍മ്മനിയിൽ നിന്ന് വിഭിന്നമായി (അല്ലെങ്കിൽ ജപ്പാൻ, യു.എസ്, ചൈന എന്നിവയെപ്പോലെയും) ഒരിയ്ക്കലും ഒരു മുന്‍നിര നിര്‍മ്മാണ താവളമായിരുന്നില്ല ഇന്ത്യ. സോഷ്യലിസ്റ്റ് കാലത്തും, അല്ലെങ്കിൽ രണ്ടു ദശാബ്ദം മുമ്പ് വിപണി സമ്പദ് വ്യവസ്ഥയിലേക്ക് കൂടുമാറിയതിന് ശേഷവും.

ഇക്കാര്യത്തിൽ മോദിയുടെ പ്രചോദനവും ആശയങ്ങളും കിഴക്കൻ ഏഷ്യൻ അനുഭവങ്ങളിൽ നിന്നാണ് എടുത്തിട്ടുള്ളത്, പ്രത്യേകിച്ചും ലോകത്തിന്റെ പണിശാലയായി മാറിയ ചൈനയുടെ വളര്‍ച്ചയിൽ നിന്നും. താൻ സോഷ്യലിസ്റ്റ് അല്ലെന്ന് വ്യക്തമാക്കുമ്പോൾ തന്നെ ഒരു റൊണാൾഡ് റീഗനോ മാർഗരറ്റ് താച്ചറോ ആകാൻ മനസ്സില്ലെന്നു മോദി സ്ഥാപിക്കുന്നതും സ്വതന്ത്ര വിപണി സങ്കല്പത്തെ ഉപാസിക്കുന്ന സാമ്പത്തിക വിദഗ്ധരെ നിരാശപ്പെടുത്തുന്നുണ്ട്. വിപണിക്കു മേലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞ് കണ്ണും പൂട്ടിയുള്ള സ്വകാര്യവത്കരണവും കൊണ്ടു വരുന്ന ആംഗ്ലോ-സാക്സൺ മാതൃക അതേപടി പകര്‍ത്തിവെക്കാൻ അദ്ദേഹത്തിന് ഉദ്ദേശ്യമില്ല. രാഷ്ട്രത്തിന് ഇക്കാര്യത്തിൽ ഒരു പങ്കുണ്ടെന്ന് അദ്ദേഹം കരുതുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം  ഏഷ്യൻ നേതാക്കൾ സ്വീകരിച്ച രീതിയും ഇതുതന്നെയായിരുന്നു.

കിഴക്കൻ ഏഷ്യൻ മാതൃകയുടെ കുഴപ്പം, അതിന്റെ വിജയം  പ്രധാനമായും സമഗ്രാധിപത്യ ഭരണകൂടം നിര്‍മ്മാണ മേഖലയുടെ വികാസത്തിനായി അടിച്ചേല്‍പ്പിക്കുന്ന ബുദ്ധിമുട്ട്  നിറഞ്ഞ നയങ്ങളെ ആശ്രയിച്ചിരിക്കും എന്നതാണ്- കുറഞ്ഞ കൂലി, ഭൂമി ഏറ്റെടുക്കൽ, നിസ്സാര വിലക്ക് പ്രകൃതി വിഭവങ്ങൾ നല്‍കൽ. ഇന്ത്യയിലെ ബഹുസ്വരമായ ജനാധിപത്യം അത്തരം കടിഞ്ഞാണില്ലാത്ത അധികാരപ്രയോഗത്തിന് മോദിയെ ഒരിയ്ക്കലും അനുവദിക്കുകയില്ല, അക്കാര്യം അദ്ദേഹം എളുപ്പം തിരിച്ചറിയുകയും ചെയ്തു.

മറുവശത്ത്,യുദ്ധത്തിനു ശേഷം കെട്ടിപ്പടുത്ത ജര്‍മ്മൻ (വാസ്തവത്തിൽ പടിഞ്ഞാറൻ ജര്‍മ്മനി) മാതൃക, സ്വതന്ത്ര വിപണിയുടെ സാമ്പത്തികശാസ്ത്രത്തിന്റെ സുവര്‍ണ തത്വമായ മത്സരത്തിനു പ്രാമുഖ്യം നല്‍കിയിട്ടാണ് പ്രവർത്തിക്കുന്നത്. വ്യാപാരം നേരിട്ടു നടത്തിയല്ല ജര്‍മ്മൻ സര്‍ക്കാർ കച്ചവടത്തിൽ ഇടപെടാറുള്ളത് (ചൈനയിലോ ഇന്ത്യയിലോ പോലെ). മറിച്ച് മത്സരം ഉറപ്പുവരുത്തുന്ന തരത്തിൽ കുത്തകവ്യാപാരത്തിലേക്ക് പോകാത്തവണ്ണം നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയാണ്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴും മത്സരത്തിന് വിഘാതമാകുന്ന നിരവധി കടമ്പകളുണ്ട്. ചില മേഖലകളിൽ നിയന്ത്രണങ്ങൾ ഇല്ല, ഉണ്ടെങ്കിൽ തന്നെ നാമമാത്രമാണ്.

ജര്‍മ്മനിയിലെ നിര്‍മ്മാണ സംവിധാനം രണ്ടു തലത്തിലാണ് പുഷ്ടിപ്പെടുന്നത്. ജര്‍മ്മനിയുടെ മിറ്റേല്‍സ്റ്റാണ്ട് കമ്പനികളെപ്പോലെ ഇന്ത്യക്കും ചെറുകിട, ഇടത്തരം സംരഭങ്ങളുടെ വ്യാപകമായ ശൃംഖലയുണ്ട്. എന്നാൽ ഇവയൊക്കെ പരമാധി സാധ്യമായ നിലയെക്കാൾ വളരെ താഴ്ന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. വായ്പാക്ഷാമവും, ആഗോള മൂല്യ ശൃംഖലകളുമായി ബന്ധമില്ലാത്തതും ഇവരെ വലയ്ക്കുന്നു. ഇത്തരം സംരഭങ്ങളെ കാര്യക്ഷമമായി പ്രവർത്തിക്കാൻ അനുവദിക്കാത്ത നിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ മോദി തയ്യാറാകണം; ഉദാഹരണത്തിന് ഒരു നിശ്ചിത വലിപ്പത്തിൽ ഒതുങ്ങി നില്‍ക്കൻ കമ്പനികളെ പ്രേരിപ്പിക്കുന്ന നികുതിയിളവുകൾ. ജര്‍മ്മനിയിലെ വാഹനനിര്‍മ്മാതാക്കളുടെയും മറ്റ് വലിയ സ്ഥാപനങ്ങളുടെയും കൃത്യത നിറഞ്ഞ സാങ്കേതികവിദ്യകൾ പകര്‍ത്താൻ ഇന്ത്യക്ക് അത്ര എളുപ്പമാകില്ല. പക്ഷേ, പ്രതിരോധം പോലുള്ള മേഖലകൾ വിദേശ നിക്ഷേപത്തിനായി തുറക്കുന്നതോടെ വിവര സാങ്കേതികവിദ്യ മേഖലയിൽ പ്രകടമായ സാങ്കേതിക ജ്ഞാനം വ്യവസായത്തിലും പ്രതിഫലിക്കും. നേരിട്ടുള്ള വിദേശ മൂലധനം അനുവദിച്ചതുകൊണ്ടു ഇന്ത്യയിൽ മികച്ച രീതിയിൽ പ്രകടനം നടത്തിയ ഒരു നിര്‍മാണമേഖല വാഹനനിര്‍മാണ വ്യവസായമാണ്.

തീരുമാനങ്ങളെടുക്കുന്നതിൽ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു അന്തരീക്ഷം വേണ്ടതിന്റെ ആവശ്യകതയും ജര്‍മ്മനി എടുത്തുകാണിക്കുന്നു. ഉദാഹരണത്തിന് ജര്‍മ്മൻ കമ്പനികളുടെ ഉയര്‍ന്ന ചര്‍ച്ചാ വേദികളിൽ എല്ലായ്പ്പോഴും തൊഴിലാളി സംഘടനകള്‍ക്ക് ഒരു സ്ഥാനമുണ്ട്. ഈ അധികാരത്തിന് പകരമായി അവർ ഉത്തരവാദിത്തത്തോടെ പെരുമാറുന്നുമുണ്ട്. തൊഴിൽ നിയമങ്ങളിലും, ഭൂമി ഏറ്റെടുക്കൽ നിയമങ്ങളിലും മാറ്റങ്ങൾ വരുത്താൻ സര്‍ക്കാർ ആഗ്രഹിക്കുന്നെങ്കിൽ തൊഴിലാളികളുടേയും കര്‍ഷകരുടെയും സമ്മതം ആവശ്യമാണ്. ഈ വിഭാഗങ്ങളുടെ പ്രതിനിധികളുമായി ഇന്നത്തേതില്‍നിന്നും കൂടുതലായി ചര്‍ച്ചകൾ നടത്തുകയും വേണം.

നിര്‍മാണമേഖലയ്ക്ക് പ്രോത്സാഹനം നല്കി തൊഴിലവസരങ്ങൾ ഉണ്ടാക്കുന്ന ഒരു കൂട്ടം നയങ്ങള്‍ക്ക് ദേശീയസമവായം ഉണ്ടാക്കുന്നതാണ് നിര്‍ണായകം. ഒരു സാമൂഹ്യ വിപണി സമ്പദ് വ്യവസ്ഥ ഉണ്ടാക്കുന്ന കാര്യത്തിൽ രണ്ടാം ലോകമഹായുദ്ധാനന്തരം ജര്‍മ്മനിയിലെ വലതുപക്ഷ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ ഇത്തരമൊരു അഭിപ്രായ ഐക്യം ഉണ്ടാക്കുന്നതിൽ വിജയിച്ചിരുന്നു. സര്‍ക്കാരുകൾ മാറിമാറി വന്നു, എന്നാൽ അടിസ്ഥാന വിശ്വാസം മാറ്റമില്ലാതെ നിന്നു. ഇന്ത്യയിൽ സാമ്പത്തിക പരിഷ്കരണങ്ങളുടെ കാര്യത്തിൽ ഇതുവരെ ഒരു പൂര്‍ണ സമ്മതം നിലവിലില്ല-അഭിപ്രായൈക്യം ഇല്ലാത്തിടത്ത് കുറുക്കുവഴികളിലൂടെയാണ് പരിഷ്കരണവാദികൾ കാര്യങ്ങൾ നടത്താൻ നിര്‍ബന്ധിതരാകുന്നത്.

1940-കളിൽ ക്രിസ്ത്യൻ ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ച അവസരമാണ് മോദിക്ക് ഇപ്പോഴുള്ളത്. കഴിഞ്ഞ 5 വര്‍ഷം മോശം രീതിയിൽ നടപ്പാക്കിയ ഭരണകൂട ഇടപെടലുകളുടെ പ്രത്യാഘാതങ്ങൾ പ്രകടമായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിൽ ആദ്യമായി ഒറ്റകക്ഷിക്കുള്ള ഭൂരിപക്ഷവും പുതിയ നയങ്ങളിൽ സമവായവും ഉണ്ടാക്കാനുള്ള അനുമതിയാണ് ജനങ്ങൾ മോദിക്ക് നല്‍കിയിരിക്കുന്നത്. ഒരു താച്ചർ ശൈലിയിലുള്ള വിപ്ലവം അദ്ദേഹം നടപ്പാക്കുമെന്ന് കരുതാൻ ന്യായമില്ല. പക്ഷേ, മാന്യവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും,  ജര്‍മ്മനിക്കുള്ളതുപോലെ ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ള ഒരു പരിഷ്കരണപതിപ്പ്  മോദി നല്‍കേണ്ടതുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍