മുഖം കഴുകാന്‍ പോയപ്പോള്‍ പെണ്‍കുട്ടി കാല്‍വഴുതി വീണ് മരിച്ചെന്നാണ് ഇയാളുടെ മൊഴി
കോഴിക്കോട് നിന്നും കാണാതായി തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ ഹന്‍ഷ ഷെറിന്റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഹന്‍ഷയുടെ മരണത്തെ തുടര്‍ന്ന് ഒളിവില്‍ പോയിരുന്ന കാമുകന്‍ അഭിറാമിനെ ഉത്സവപ്പറമ്പില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുഖം കഴുകാന്‍ പോയപ്പോള്‍ പെണ്‍കുട്ടി കാല്‍വഴുതി വീണ് മരിച്ചെന്നാണ് ഇയാളുടെ മൊഴി. പക്ഷെ പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. പെണ്‍കുട്ടി വീണത് കണ്ട് താന്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച് പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി സ്ഥലംവിട്ടുവെന്നാണ് ഇയാള്‍ പറയുന്നത്.
താനും ഹന്‍ഷയും പ്രണയത്തിലായിരുന്നെന്നും തമിഴ്‌നാട്ടില്‍ പോയി ജീവിക്കാനായിരുന്നു പരിപാടിയെന്നും ഇയാളുടെ മൊഴിയില്‍ പറയുന്നു. ട്രെയിന്‍ യാത്രക്കിടെ ഉറക്കക്ഷീണത്തില്‍ മുഖം കഴുകാന്‍ പോയ ഹന്‍ഷ അബദ്ധത്തില്‍ കാല്‍വഴുതി ട്രെയിനില്‍ നിന്നും വീഴുകയായിരുന്നു. നിലവിളി കേട്ട് താന്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ച ശേഷം ചാടിയിറങ്ങി. പിന്നീട് പെണ്‍കുട്ടിയെ തോളില്‍ ചുമന്ന് തിരുപ്പൂര്‍ കല്ലമ്പലത്തെ ആശുപത്രിയില്‍ എത്തിച്ചു. ഭയം മൂലമാണ് താന്‍ അവിടെ നിന്നും മുങ്ങിയതെന്നും ഇയാള്‍ പറയുന്നു. ഫോണ്‍ ഓഫ് ചെയ്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലിരുന്നാല്‍ പോലീസ് പിടികൂടുമെന്ന് പേടിച്ചാണ് ഉത്സവപ്പറമ്പില്‍ തങ്ങിയതെന്നും ഇയാള്‍ പറയുന്നു.
അതേസമയം അഭിറാം പതിവായി കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് പലപ്പോഴും പിടികൂടിയിട്ടുണ്ട്. പെണ്‍കുട്ടിയെ ഒഴിവാക്കാന്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. അഭിറാമിനെ കോളിക്കോട് കസബ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസെടുത്തിട്ടുള്ളത് തിരുപ്പൂര്‍ പോലീസാണെങ്കിലും അന്വേഷണം സിആര്‍പിഎഫിനാണെന്ന് തിരുപ്പൂര്‍ പോലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇതിലൂടെ മുറിവിന്റെ സ്വഭാവം പരിശോധിച്ച് കേസന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കാമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അഭിറാമിനെ ഇന്ന് കസബ പോലീസ് തിരുപ്പൂര്‍ പോലീസിന് കൈമാറും. രണ്ട് ദിവസം മുമ്പാണ് ഹന്‍ഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.