UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാനി അബു അസദ്: പലസ്തീനിയന്‍ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍

Avatar

നീതു ദാസ്

സംഘര്‍ഷഭരിതമായ പലസ്തീനിയന്‍ ജീവിതത്തിന്റെ നേരാവിഷ്‌കാരങ്ങളാണെന്നതാണ് ഹാനി അബു അസദിന്റെ ചിത്രങ്ങളുടെ സവിശേഷത. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന റാണാസ് വെഡിങ്, പാരഡൈസ് നൗ, ദി കൊറിയര്‍, ഒമര്‍ എന്നീ ചിത്രങ്ങള്‍ ഇക്കാരണം കൊണ്ടുതന്നെ അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.

1961ല്‍ ഇസ്രായേലിലാണ് ജനനമെങ്കിലും, ഇരുപതാം വയസില്‍ ഹാനി അബു അസദ് നെതര്‍ലാന്റ്‌സിലെത്തി. അവിടെ എട്ടു വര്‍ഷത്തോളം എയറോപ്ലെയിന്‍ എഞ്ചിനിയറായി ജോലി ചെയ്ത ഹാനി, ടെലിവിഷന്‍ ചാനലുകള്‍ക്കു വേണ്ടി ഡോക്യുമെന്ററികള്‍ നിര്‍മിച്ചാണ് സിനിമാ ലോകത്തേക്ക് കടക്കുന്നത്. 1992ലാണ് ഹാനി അബു അസദ് ആദ്യമായി ഒരു ഷോട്ട് ഫിലിം സംവിധാനം ചെയുന്നത്. പേപ്പര്‍ ഹൗസ് എന്ന ആ ചിത്രം  പലസ്തീനിയന്‍ കുടുംബ പശ്ചാത്തലത്തില്‍ സംഘര്‍ഷങ്ങളുടെ കഥയാണ് പറയുന്നത്. നിലപാടുകളിലും ഇടപെടലുകളിലും പലസ്തീനിയന്‍ പക്ഷത്ത് നിന്ന ഹാനി, ഒരു വര്‍ഷത്തിന് ശേഷം നിര്‍മിച്ച കര്‍ഫ്യൂ എന്ന ചിത്രവും പലസ്തീനിയന്‍ അഭയാര്‍ഥി ക്യാമ്പിനെയാണ് ഇതിവൃത്തമാക്കുന്നത്. റാഷിദ് മഷാറാവിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ചിത്രം അന്താരാഷ്ട്രതലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. 1998ല്‍ പുറത്തിറങ്ങിയ ദി ഫോര്‍ട്ടീന്‍ത് ചിക്കനാണ്, സംവിധായകനും എഴുത്തുകാരനുമെന്ന നിലയില്‍ ഹാനി അബു ആസാദിന്റെ ആദ്യ മുഴുനീള ചിത്രം. ക്രിസ്തുമത വിശ്വാസികള്‍ക്കും ഇസ്ലാംമത വിശ്വാസികള്‍ക്കും ഒരു പോലെ പ്രധാനമായ നസറത്ത് നഗരത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി നസാറത്ത് 2000, ഡച്ച് ടെലിവിഷനിലൂടെയാണ് പുറത്തിറങ്ങിയത്. ആ വര്‍ഷം തന്നെ ബെറോ ബേയറോടൊപ്പം അഗസ്തസ് ഫിലിം പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചു. ഈ പ്രൊഡക്ഷന്‍ കമ്പനിയിലൂടെയാണ് 2002ല്‍ റാണാസ് വെഡിങ് ഹാനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്നത്.


ഹാനി അബു അസദ്

ജെറുസലേമില്‍ ജീവിക്കുന്ന ഒരു പലസ്തീനിയന്‍ യുവതിയിലൂടെ ആ പ്രദേശത്തിന്റെ ജീവിതാവസ്ഥയാകെ വിവരിക്കുന്ന ചിത്രമാണ് റാണാസ് വെഢിങ്ങ്. അച്ഛനോടൊപ്പം ഈജിപ്തിലേക്ക് പോവുക അല്ലെങ്കില്‍ അച്ഛന്‍ നിര്‍ദേശിച്ചവരില്‍ ആരെയെങ്കിലും വിവാഹം ചെയ്യുക എന്നീ രണ്ട് മാര്‍ഗമെ അവള്‍ക്ക് മുന്നിലുളളൂ. ഇപ്പോഴെവിടെയാണെന്നറിയാത്ത തന്റെ പ്രിയപ്പെട്ടവനെ തേടി അവള്‍ വീടുവിട്ടിറങ്ങുന്നതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.


റാണാസ് വെഡ്ഡിംഗ്

അന്താരാഷ്ട്ര തലത്തില്‍ നിരൂപകരുടെ പ്രശംസ നേടിക്കൊടുത്ത ചിത്രമാണ് 2005ല്‍ പുറത്തിറങ്ങിയ പാരഡൈസ് നൗ. പലസ്തീനികള്‍ അനുഭവിക്കുന്ന അനീതികളെ തുറന്നുകാട്ടിയതിനാല്‍ മനുഷ്യാവകാശ സംഘടനകളുടെ പ്രശംസകളും അക്രമങ്ങളെ സഹതാപപൂര്‍വം ചിത്രീകരിച്ചതിനാല്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ ചിത്രം. ടെല്‍ അവീവിനെതിരെ ചാവേറുകളായി പൊരുതാനുറച്ച രണ്ട് ചങ്ങാതിമാരുടെ അവസാന നാളുകളിലേക്കാണ് പാരഡൈസ് നൗ എന്ന ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. രണ്ടുപേരും ഒന്നിച്ച് നടത്താനിരുന്ന പദ്ധതി പാളിപ്പോകുന്നു. തുടര്‍ന്നുള്ള സംഘര്‍ഷങ്ങളെ ഇവര്‍ക്ക് ഒറ്റക്ക് നേരിടേണ്ടിയും വരുന്നു. അറബ് ഇസ്രായേലി സംഘര്‍ഷത്തെ പലസ്തീനിയന്‍ വശത്തുചേര്‍ന്ന് അവതരിപ്പിക്കുകയാണ് ചിത്രം. തീവ്രവാദികളെ രക്തസാക്ഷികളായും സ്വാതന്ത്ര്യസമര പ്രവര്‍ത്തകരുമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.


പാരഡൈസ് നൌ

2012ല്‍ പുറത്തിറങ്ങിയ ദി കൊറിയര്‍ എന്ന ചിത്രത്തില്‍, അധോലോകത്തെ ഏറ്റവും അപകടകാരിയായ ഒരാളെ കണ്ടുപിടക്കുന്ന ദൗത്യം ജെഫ്രി ഡീന്‍ മോര്‍ഗന്റെ കഥാപാത്രം ഏറ്റെടുക്കുകയാണ്. പരിതാപകരമായ ജീവിതം നയിക്കുന്ന കൊറിയര്‍ക്ക് ഒരു പെട്ടി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിന് കോടികളാണ് വാഗ്ദാനം ചെയ്യപ്പെടുന്നത്.

2013ല്‍ പുറത്തിറങ്ങിയ ഒമര്‍, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ജൂറി പുരസ്‌കാരം നേടി. മികച്ച വിദേശ ഭാഷാ ചിത്രത്തിനായുള്ള ഓസ്‌കറിന് പലസ്തീനില്‍ നിന്ന് മത്സരിച്ചത് ഈ ചിത്രമായിരുന്നു. ഭാഗികമായി പലസ്തീനില്‍ ചിത്രീകരിച്ച ചിത്രം ഒടുങ്ങാത്ത യുദ്ധത്തിനിടയില്‍പെട്ടുപോയ മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. ഇസ്രായേലിലെയും പലസ്തീനിലെയും ജനങ്ങള്‍ക്കിടയില്‍ തടസമായി നില്‍ക്കുന്ന മതില്‍ ചാടിക്കടന്ന് സൗഹൃദവും പ്രണയവും കണ്ടെത്തുന്ന ഒമറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍