UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘സന്തോഷകരമായ ദുഃഖവെള്ളി’ ആശംസിച്ച കേന്ദ്രമന്ത്രിമാര്‍

അഴിമുഖം പ്രതിനിധി

ദു:ഖവെള്ളിക്ക് ട്വിറ്റര്‍ ആശംസകള്‍ നേര്‍ന്ന കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും വെട്ടിലായി. സോഷ്യല്‍ മീഡിയയുടെ രൂക്ഷമായ പരിഹാസങ്ങളും വിമര്‍ശനങ്ങളും മൂലം ട്വീറ്റ് ചെയ്ത ചിലര്‍ അതു പിന്‍വലിച്ച് തടിതപ്പുകയും ചെയ്തു. 

ദു:ഖവെള്ളി ദിനമായ ഇന്നലെ ആദ്യത്തെ ട്വീറ്റ് വന്നത് രാവിലെ 7.19 ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന്റെ വകയായിരുന്നു. എല്ലാവര്‍ക്കും സന്തോഷകരമായൊരു ദുഖവെള്ളി ആശംസിക്കുന്നൂവെന്നായിരുന്നു തന്റെ ഫോളോവേഴ്‌സിന് സുരേഷ് പ്രഭു ട്വീറ്റ് ചെയ്തത്.

കുരിശു മരണത്തിന്റെ ഓര്‍മപുതുക്കലില്‍ ലോകം ദു:ഖമാചരിക്കുന്ന ദിവസം കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രിയാകട്ടെ എല്ലാവര്‍ക്കും നേര്‍ന്നത് സന്തോഷവും ഐശ്യര്യപൂര്‍ണവുമായൊരു ദുഖ:വെള്ളി. സംഗതി കൈവിട്ടെന്നു മനസിലായ ഉടനെ മന്ത്രി ആ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ കുറച്ചു മയം കാണിച്ചു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെയെന്നായിരുന്നു ദുഃഖവെള്ളി ആശംസയ്‌ക്കൊപ്പം മന്ത്രി എഴുതിച്ചേര്‍ത്തത്. ബിജെപി നേതാവ് ഷാനവാസ് ഹുസൈന്‍ ഊഷ്മളമായ അഭിവാദ്യങ്ങളായിരുന്നു നേര്‍ന്നത്.

എന്നാല്‍ ഈ ട്വിറ്റര്‍ അബദ്ധങ്ങളില്‍ മന്ത്രിമാരെ ആരെയും കുറ്റപ്പെടുത്താന്‍ ഇല്ലെന്നാണ് ഫാദര്‍ പോള്‍ തേലക്കാട്ട് ദി ഹിന്ദുവിനോട് പറഞ്ഞത്. സാധരണയായി ദുഃഖവെള്ളിക്ക് ആരും ആശംസകള്‍ പറയാറില്ലാത്തതാണ്. ഇന്ന് ക്രിസ്തു ക്രൂശിതനായ ദിവസമാണ്. ആ ദുരന്തത്തിന്റെ സ്മരണപുതുക്കലാണ് നാം ചെയ്യുന്നത്. എന്നാല്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടായ പ്രവര്‍ത്തിയില്‍ അവരെ കുറ്റപ്പെടുത്താനില്ല. പക്ഷേ അത്ഭുതം അവര്‍ക്ക് ഈ ദിവസത്തിന്റെ പ്രത്യേകത അറിയാതെ പോകുന്നുവോ എന്നതാണെന്നും പോള്‍ തേലക്കാട്ടില്‍ പറയുന്നു.

അതേസമയം പ്രധാനമന്ത്രിയുടെ ദുഖവെള്ളി ട്വീറ്റിനെ കത്തോലിക്ക സഭ സ്വാഗതവും ചെയ്തു. ‘ദു:ഖവെള്ളി പ്രാര്‍ത്ഥനയുടെ ദിവസമാണ്. അതോടൊപ്പം വിശുദ്ധിയുടെയും സഹനത്തിന്റെയും ദൈവഭക്തിയുടെയും ചിന്തകള്‍ നിരവധി ജീവിതങ്ങളില്‍ പകര്‍ന്നു നല്‍കിയ ക്രിസ്തുവിനെ സ്മരിക്കുന്നതിന്റെയും’ പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇപ്രകാരമായിരുന്നു. ഇത്തരമൊരു ആംശസ വന്നുവെന്നത് സാധാരണ കാര്യമല്ല. പ്രത്യേകിച്ച് അദ്ദേഹം മൗനം പാലിക്കുന്നൊരാള്‍ എന്നറിയപ്പെടുമ്പോള്‍. ഈ സമയം അദ്ദേഹം ചിലത് ഓര്‍ത്തിരിക്കുന്നു. അതൊരു നല്ല സൂചനയാണ്, തേലക്കാട്ടില്‍ പറഞ്ഞു.

അതേസമയം മോദിയുടെ ട്വീറ്റ് പ്രേരണയാകിട്ടാകാം, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു തന്റെ ട്വീറ്റ് ഒന്നുകൂടി പരിഷ്‌കരിച്ചു. ഏതാണ്ട് പ്രധാനമന്ത്രിയെ അനുകരിച്ചു തന്നെയായിരുന്നു ആ പരിഷ്‌കാരം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വളരെ മാന്യമായി തന്നെയാണ് തന്റെ ഓദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലൂടെ ദുഃഖവെള്ളി ആശംസകള്‍ നേര്‍ന്നത്. എന്നാല്‍ എല്ലാ കാര്യത്തിലുമെന്നപോലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇവിടെയും കുറച്ചു വ്യത്യസ്തനായി; ക്രിസ്തുവിന്റെ ദര്‍ശനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളേണ്ട ദിവസമാണ് ഈ ദുഃഖവെള്ളി എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്. ട്വീറ്റ് ചെയ്ത് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കിട്ടൊരു കൊട്ടുകൂടിയായിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ ട്വീറ്റ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍