UPDATES

സിനിമ

ബി ടെക് വായ്നോട്ടം, പിന്നെ ഹാപ്പി വെഡിംഗ്

നവാഗതനായ ഒമർ സംവിധാനം ചെയ്ത ഹാപ്പി വെഡിംഗ് വൻകിട പ്രചാരണങ്ങളൊന്നുമില്ലാതെ തീയേറ്ററിലെത്തിയ സിനിമയാണ്. വലിയ പ്രതീക്ഷകളും ആൾക്കൂട്ടങ്ങളും ഇല്ലാത്ത റിലീസായിരുന്നു ഹാപ്പി വെഡിംഗിന്‍റേത്. പക്ഷെ നിരവധി സാമൂഹ്യ രാഷ്ട്രീയ സംഭവ വികാസങ്ങൾക്കിടയിലും കമ്മട്ടിപ്പാടം പോലൊരു സിനിമയുടെ ‘റീച്ചിനും ‘ ഇടയിൽ അവിചാരിതമായി കിട്ടിയ മൗത്ത് പബ്ലിസിറ്റി ഈ സിനിമയ്ക്ക് ആളെ കൂട്ടുന്നു.

ഹരി (സിജു വിൽസൺ) എന്ന ചെറുപ്പക്കാരന്റെ പ്രണയ ജീവിതത്തിലെ ആശങ്കകളും അയാളെ സ്വന്തം ഇഷ്ടത്തിനു വിവാഹം കഴിപ്പിക്കാനുള്ള അമ്മയുടെ താത്പര്യങ്ങളും ഒക്കെ കാണിച്ചാണ് സിനിമയുടെ തുടക്കം. അടുത്ത സുഹൃത്തും ബന്ധുവുമായ മനു (ശറഫുദ്ദീൻ ) വുമൊത്ത് ബിയർ പാർലറിൽ ദു:ഖഭാരം ഇറക്കി വയ്ക്കുമ്പോൾ ഒരാൾ (സൗബിൻ) ഇവരുടെ കൂടെ കൂടുന്നു. അയാളോട് ഹരി തന്റെ പ്രണയങ്ങളുടെ കഥ പറയുന്നതും പിന്നീടുള്ള ജീവിത പ്രശ്നങ്ങൾ ഇവരൊന്നിച്ച് പരിഹരിക്കാൻ ശ്രമിക്കുന്നതും ഒക്കെയാണ് കഥ.

അതി സാങ്കേതികതയോ പുതുമകളോ ഒന്നുമില്ലാതെ ലഘുവായ അന്തരീക്ഷത്തിൽ കുറച്ച് തമാശകളും അതിലൂടെ ഒരു കഥയും കൊണ്ടുപോവുക എന്നതിൽ കവിഞ്ഞ് സംവിധായകനോ തിരക്കഥാകൃത്തുക്കൾക്കോ എന്തെങ്കിലും ലക്ഷ്യമുള്ളതായി തോന്നുന്നില്ല. കോമഡി സ്കിറ്റുകളിലൂടെ പരിചിതരായ താരങ്ങളും രംഗങ്ങളും ആണ് സിനിമയിൽ. ഹാസ്യ രംഗങ്ങൾ പതിവു പോലെ തന്നെ മനുഷ്യ വിരുദ്ധതയും ദ്വയാർത്ഥ പ്രയോഗങ്ങളും കൊണ്ട് സമ്പന്നമായിരുന്നു. സഹപാഠിയുടെ മാറിടത്തിലേക്ക് സൂം ചെയ്ത് അളവ് എത്രയാവും എന്ന് ആശങ്കപ്പെടുന്നവൻ, ഉടുമുണ്ടഴിച്ച് അഭിപ്രായം പറഞ്ഞ് രസിക്കുന്നവർ, വിദ്യാർത്ഥിനിയുടെ ചുരിദാറിനു ഓവർക്കോട്ട് കണ്ടുപിടിച്ചവനെ ശപിക്കുന്ന അധ്യാപകൻ, ദ്വയാർത്ഥ പ്രയോഗങ്ങൾ സ്ത്രീകളുടെ മുഖത്തു നോക്കി പറഞ്ഞ് രസിക്കുന്ന കഥാപാത്രങ്ങൾ, ഇതൊക്കെ കണ്ട് തീയേറ്ററിലിരുന്ന് കൈയ്യടിക്കുന്ന ആൾക്കൂട്ടം. ഇങ്ങനെ സർവസാധാരണമായ കുറെ കാഴ്ച്ചകളാണ് ഹാപ്പി വെഡിംഗിനും തരാനുള്ളത്.

ചരക്കു വത്കരണത്തിൽ നിന്ന് അമ്മ പെങ്ങൾമാർക്കു പുറമെ സഹപാഠിക്കും സുഹൃത്തുക്കൾക്കുമൊക്കെ ഇളവു തരുന്ന പതിവ് ചില മലയാള സിനിമകൾക്കെങ്കിലും ഉണ്ട്. ഹാപ്പി വെഡിംഗിൽ അത്തരം വ്യത്യാസങ്ങളൊന്നുമില്ല. കൂടെ പഠിക്കുന്നവൾ ആയാലും ടീച്ചർ ആയാലും ബസ് കണ്ടക്ടർ ആയാലും വഴിയിൽ കാണുന്നവരായാലും അളവുകളിൽ വ്യത്യാസമുള്ള ചരക്കുകളാണ്. ബസ് സീക്വൻസിലെ ചില രംഗങ്ങൾ ഒഴിച്ചു നിർത്തിയാൽ ഹാസ്യം എന്ന പേരിൽ ഇത്തരം വൈകൃതങ്ങളാണ് സിനിമയിൽ മുഴുവനും.

ഒരു ടെലിഫിലിം രീതിയിലാണ് മേക്കിങ്ങ്. വിവിധ കാലത്തെ പ്രണയ നിരാസങ്ങൾ പ്രേമം പോലൊരു സിനിമ വന്നതു കൊണ്ടു തന്നെ കൗതുകമുണ്ടാക്കുന്നില്ല. ‘അവളു വേണ്ട ഇവളു വേണ്ട’ ലൈനിലുള്ള ഉപദേശങ്ങളും കണ്ടു മടുത്തതാണ്. പ്രേമം എന്നാൽ വീട്ടുകാർ ഒരാളെ കല്യാണം കഴിച്ചു തരും വരെ ഉള്ള വിനോദോപാധിയാണ് എന്ന ഇന്ത്യൻ നിർവചനത്തിലാണ് സിനിമയിലെ കഥയുടെ മുഴുവൻ യുക്തിയും.കല്യാണം കഴിക്കും വരെ ഇയാൾ കാണുന്ന സ്ത്രീകൾ സ്വാഭാവികമായും ചതിക്കുന്നവളും പരിഷ്കാരിയും വീട്ടുകാർ കണ്ടെടുക്കുന്നവൾ അതി കുലീനയും ആണ്.

ബി.ടെക് വായ് നോട്ടം അവസാനം കല്യാണം, ഇങ്ങനെ തുടങ്ങി അവസാനിക്കുന്നതാണ് നമ്മുടെ മുഴുവൻ പ്രശ്നങ്ങളും എന്ന ബോധ്യമുള്ളവർക്കും എന്തു മനുഷ്യ വിരുദ്ധതയും കേവല ഹാസ്യമാണെന്ന് വിശ്വസിക്കുന്നവർക്കും കാണാവുന്ന സിനിമയാണ് ഹാപ്പി വെഡിംഗ്. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍