UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് ‘പരാജിത’ന്റെ എഴുത്തുകളല്ല; ക്യാന്‍സര്‍ വാര്‍ഡില്‍ നിന്ന്‍ ഹരികൃഷ്ണന്റെ ചില എഫ് ബി കുറിപ്പുകള്‍

Avatar

അഴിമുഖം പ്രതിനിധി

മലയാളിക്ക് ബ്ലോഗെഴുത്ത് പരിചയപ്പെടുത്തിയ പ്രശസ്ത ബ്ലോഗറും പരസ്യ സംവിധായകനുമായിരുന്ന സി. ഹരികൃഷ്ണന്‍ തിങ്കളാഴ്ച രാത്രി അന്തരിച്ചു. രക്താര്‍ബുദത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു.

ബ്ലോഗെഴുത്തിന്റെ കാലത്ത് നിന്നും വളര്‍ന്ന് സോഷ്യല്‍ മീഡിയയുടെ കാലം എത്തിയതോടെ അവിടെയും സജീവമായിരുന്നു ഹരികൃഷ്ണന്‍. ക്രിയാത്മകമായ രാഷ്ട്രീയ, സാഹിത്യ സംബന്ധിയായ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കുകയും പങ്കാളിയാവുകയും ചെയ്തു. അപ്പോഴും ‘പരാജിതന്‍’ എന്ന ബ്ലോഗ് വളരെ സജീവമായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ബ്ലോഗുകളില്‍ ഒന്നായിരുന്നു പരാജിതന്‍.

ഹരികൃഷ്ണന്റെ മരണം സ്ഥിരീകരിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കളുടെ അനുശോചനവാക്കുകള്‍ പ്രവഹിക്കുകയാണ്. വളരെയേറെ സുഹൃദ്ബന്ധങ്ങള്‍ സൂക്ഷിച്ച വ്യക്തിയായിരുന്നു ഹരികൃഷ്ണന്‍. നേരിട്ട് പരിചയമില്ലാത്തവരോട് പോലും ഹരികൃഷ്ണന് അടുപ്പമുണ്ടായിരുന്നു.

 

2009 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഹരികൃഷ്ണന്‍ ചെയ്ത പോസ്റ്റര്‍ ബ്ലോഗിടങ്ങളില്‍ നിരവധി പേര്‍ പങ്കുവച്ചിരുന്നു. ഫേസ്ബുക്ക് ഇത്തരം പോസ്റ്ററുകള്‍ക്കുള്ള വേദിയാകുന്നതിനും മുന്‍പായിരുന്നു ബ്ലോഗുകളിലൂടെ ഈ പോസ്റ്റര്‍  നിരവധിപേര്‍ ഷെയര്‍ ചെയ്യുകയും ചര്‍ച്ച ചെയ്യുകയും ചെയ്തത്.

 

ഹരികൃഷ്ണന്‍ അവസാന നാളുകളില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകളാണ് ചുവടെ:

15 June 12:41

കഴിഞ്ഞ പോസ്റ്റില്‍ സുഖവിവരം അന്വേഷിച്ചവര്‍ക്കും ഫോണ്‍, മെസേജ് ഒക്കെ വഴി വിവരങ്ങള്‍ തിരക്കിയ എല്ലാ സുഹൃത്തുക്കളുടെയും സ്‌നേഹത്തിനു നന്ദി. 2016 വരെ സ്വന്തം ആവശ്യത്തിനു ആശുപത്രിയില്‍ കിടന്ന ഓര്‍മ്മയേയില്ല. ഈ വര്‍ഷം തുടക്കം മുതല്‍ കാര്യങ്ങള്‍ മാറി. ഇത്തവണത്തെ ആശുപത്രി വാസം കുറച്ചു നീളാന്‍ സാധ്യതയുണ്ടെന്നറിഞ്ഞതിന്റെ കൌതുകത്തിലാണ് ‘ആശൂത്രീല്‍ ജോലി കിട്ടി’യെന്നു പോസ്റ്റിട്ടത്. (സത്യായിട്ടും ഇവിടിരുന്നു ജോലിയും ചെയ്യുന്നുണ്ട് ? )

തലൈവര്‍ പാട്ടുകളില്‍ എനക്ക് രൊമ്പ പുടിച്ച ഒരൈറ്റമാണ് ‘കാതല്‍ അണുക്കള്‍ ഒടമ്പില്‍ എത്തനൈ? ന്യൂട്രോണ്‍ എലക്ള്‍ട്രോണ്‍ ഉന്‍ നീലക്കണ്ണില്‍ മൊത്തം എത്തനൈ?..’ നമ്മളിങ്ങനെ മുറിയില്‍ പാട്ടു കേട്ടോണ്ടിരിക്കുമ്പോള്‍ ‘കാന്‍സര്‍ അണുക്കള്‍ ഒടമ്പില്‍ എത്തനൈ?’എന്ന ലൈനില്‍ പണിയെടുക്കുകയാണ് ഡോക്ടര്‍മാരും മറ്റും. അവരുടെ പണി അവര്‍ വൃത്തിയ്ക്കു ചെയ്യുന്നുണ്ട്.

മറ്റൊന്നുള്ളത്, പത്തു കിലോ മുള്ളാത്ത, ലക്ഷ്മിതരു, ആറര ലിറ്റര്‍ പപ്പായ ഇലച്ചാര്‍ ഒക്കെ ബെഡ്ഡിനടിയില്‍ തന്നെ വച്ചിട്ടുണ്ട്. വയനാടന്‍ ഒറ്റമൂലി ഒരൊന്നരക്കിലോ ഷെല്ഫില്‍ വേറെയും. അതുകൊണ്ട്, ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ഉപാസകര്‍, പ്രകൃതിജീവന പുണ്യാത്മാക്കള്‍, തുടങ്ങിയ മഹാനുഭാവരാരും ഖിന്നരാകാനേ പാടില്ല.
അപ്പോ ചീയേഴ്‌സ്!!!

 

18 June 16:38

‘ക്രിക്കറ്റ് ബാളില്‍ സ്റ്റിച്ചില്ലേ? ഗ്ലൗസില്‍ സ്റ്റിച്ചില്ലേ? സ്റ്റിച്ചില്ലാതെന്തു ഫാഷന്‍? എന്തു ഫാഷന്‍ ടെക്‌നോളജി? അപ്പോള്‍ ചേതന്‍ ചൗഹാന്‍ നിഫ്റ്റ് ഭരിച്ചാലെന്താ കുഴപ്പം?’ എന്നൊക്കെ ബി ജെ പി വക്താക്കള്‍ പറയുമെന്ന് നിങ്ങ വിചാരിക്കും. പക്ഷേ സംഗതിയതൊന്നുമല്ല സുഹൃത്തുക്കളേ.

‘ഇന്ത്യയിലെ അക്കാദമിക് സ്ഥാപനങ്ങളെല്ലാം ചൗഹാന്‍ എന്നു പേരുള്ളവന്മാര്‍ ഭരിച്ചാല്‍ വരുന്ന 50 കൊല്ലം ബി ജെ പി തന്നെ ഇന്ത്യ ഭരിക്കു’മെന്ന് ഏതോ മുന്തിയ ജ്യോല്‍സ്യന്‍ അമിത് ഷാജിയെ വിശ്വസിപ്പിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍. അടുത്ത കാലം വരെ കട്ടസംഘിയായിരുന്ന എം ജി എസ് നാരായണനൊക്കെ പരിവാരവിമര്‍ശനം തുടങ്ങിയത് മേല്‍പ്പടി ജ്യോല്‍സ്യവചനം മണത്തറിഞ്ഞിട്ടാവാനും മതി. 😉

 

28 March

മറ്റേതു അവാര്‍ഡിനെ കുറ്റം പറഞ്ഞാലും ഗുജറാത്തിന് ഏറ്റവും നല്ല സിനിമാസൌഹൃദസംസ്ഥാനത്തിനുള്ള അവാര്‍ഡ് കൊടുത്തതിനെ നുമ്മ അനുകൂലിക്കും.

നാസികളുടെ ഭരണവും അധിനിവേശവുമാണ് ആന്ദ്രേ വൈദ, പൊളാന്‍സ്‌കി, സോള്‍റ്റാന്‍ ഫാബ്രി തുടങ്ങിയ, കിഴക്കന്‍ യൂറോപ്പിലെയും മറ്റും, ചലച്ചിത്രകാരന്മാരുടെ നിരവധി സിനിമകള്‍ക്ക് കാരണമായത്. പല നിലയിലും അതിനു സമാനമായൊരു കലുഷിതകാലം സമ്മാനിക്കുക വഴി കൊള്ളാവുന്ന ഫിലിം മേക്കേഴ്‌സിനെ കുറിക്കു കൊള്ളുന്ന സിനിമകളെടുക്കാന്‍ പ്രേരിപ്പിക്കുന്നതിനേക്കാള്‍ വലിയ സിനിമാ സൌഹൃദനിലപാട് വേറെന്താ!ണ്?

നിരവധി പരസ്യ ചിത്രങ്ങളും ഹരികൃഷണന്‍ സംവിധാനം ചെയ്തിരുന്നു. ബ്ലോഗെഴുത്ത് മലയാളികള്‍ക്കിടയില്‍ സജീവമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചവരില്‍ പ്രമുഖനാണ് അദ്ദേഹം. പരാജിതന്‍ എന്ന പേരിലായിരുന്നു ഹരികൃഷ്ണന്‍ തന്റെ ബ്ലോഗെഴുത്തുകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നത്. ബ്ലോഗ് അഡ്രസ്സ്:

http://parajithan.blogspot.in/?m=0 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍