UPDATES

സിനിമ

അമ്മ അറിയാന് 30 വര്‍ഷം; ജോണ്‍ ഓര്‍മ്മകളില്‍ നടന്‍ ഹരിനാരായണന്‍

ആദ്യത്തെ പബ്ലിക് ഫണ്ടഡ് സിനിമ; ഒരു രൂപ തന്നവരും രണ്ടു രൂപ തന്നവരും നിര്‍മ്മാതാക്കള്‍

കോഴിക്കോട് ബേപ്പൂരില്‍ ഹരിനാരായണന്റെ വീട്ടിലെത്തിയപ്പോള്‍ ഒരു ജോണ്‍ കാലത്തില്‍ എത്തിയപോലെയായിരുന്നു. ശില്പി ജീവന്‍ തോമസിന്റെ കാറിലാണ് ബേപ്പൂരേക്ക് പോയത്. മലര്‍ക്കെ തുറന്നു കിടന്ന ഗെയ്റ്റ് തന്നെ ആ മനുഷ്യന്‍ എന്താണ് എന്നതിന്റെ സൂചനയായിരുന്നു. ആകെ ബഹളം വെച്ചാണ് ജീവന്‍ തോമസ് വീട്ടിലേക്ക് ചാടിക്കയറിയത്. ‘അരാജകത്വ’ത്തിന്റെ എല്ലാ സൌന്ദര്യവും നിറഞ്ഞു തുളുമ്പി കിടക്കുന്നുണ്ടായിരുന്നു വീടിനകം നിറയെ. പുസ്തകങ്ങള്‍, സംഗീത ഉപകരണങ്ങള്‍, ഭക്ഷണ പാത്രങ്ങള്‍… അതിന്റെയൊക്കെ നടുവില്‍ ഞങ്ങളെ പ്രതീക്ഷിച്ച് ഒരു കസേരയില്‍ ഒടിഞ്ഞു മടങ്ങി ഇരിക്കുകയായിരുന്നു ഹരിനാരായണന്‍.  ജോണിന്റെ സഹപ്രവര്‍ത്തകന്‍,അമ്മ അറിയാനിലെ ഹരി, ഇപ്പോള്‍ തെലുങ്കു സിനിമകളിലടക്കം അഭിനയിക്കുന്ന നടന്‍; തബല, മൃദംഗ വാദകന്‍, ഡോക്യുമെന്ററി സംവിധായകന്‍, കോഴിക്കോട്ടെ നല്ല ചങ്ങാതി അങ്ങനെ പലതുമാണ് ഹരിനാരായണന്‍.  ഹരിനാരായണന്‍ തന്റെ ജീവിതത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചും ജോണിനെക്കുറിച്ചും അമ്മ അറിയാന്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ സഫിയയോട് സംസാരിക്കുന്നു. 

ഞാന്‍ ഏഴാം ക്ലാസ്സ് മുതല്‍ മൃദംഗം പഠിക്കാന്‍ തുടങ്ങിയിരുന്നു. വീട്ടില്‍ അതിനു പറ്റിയ അന്തരീക്ഷമായിരുന്നു. രാഘവന്‍ മാഷും ഉദയഭാനു തുടങ്ങി ഒരുപാട് കലാകാരന്മാര്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. എന്റെ അച്ഛന്‍റെ പെങ്ങളുടെ ഭര്‍ത്താവ് ഗോപിനാഥ ഭാഗവതര്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ കര്‍ണ്ണാട്ടിക് സെക്ഷനിലായിരുന്നു. എനിക്കു ആഗ്രഹം തബല പഠിക്കാനായിരുന്നു. വീട്ടില്‍ പക്ഷേ തബല ഒരു ലൈറ്റായിട്ടുള്ള സാധനമാണെന്ന അഭിപ്രായമായിരുന്നു. കല്യാണത്തിനൊക്കെ വായിക്കുന്ന ഒന്നാണെന്ന് പറഞ്ഞിട്ടാണ് എന്നെ മൃദംഗത്തിന് ചേര്‍ത്തത്. അങ്ങനെ രണ്ടു മൂന്നു കൊല്ലം ഞാന്‍ മൃദംഗം പഠിച്ചു. പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുണ്ടായിരുന്നില്ല. അതിനു ശേഷം ഞാന്‍ തകില് പഠിക്കാന്‍ തമിഴ്നാട്ടിലൊക്കെ കുറെ സ്ഥാപനങ്ങളില്‍ അപേക്ഷ അയച്ചു. അതും വീട്ടില്‍ സമ്മതിച്ചില്ല. അങ്ങനെ അവര്‍ എന്നെ കലാമണ്ഡലത്തില്‍ ചേര്‍ത്തു. മൃദംഗം ഡിപ്ലോമ കോഴ്സ് അവിടെയെ ഉള്ളൂ. അന്ന് എട്ടാം ക്ലാസ് മതി കലാമണ്ഡലത്തില്‍ ചേരാന്‍. മൂന്നര വര്‍ഷം കലാമണ്ഡലത്തില്‍ ഉണ്ടായിരുന്നു. മോഹിനിയാട്ടത്തിന് മൃദംഗം വായിക്കുക എന്നുള്ളതായിരുന്നു പ്രധാന പരിപാടി. അവസാനം എനിക്കത് മടുത്തു. ഇതെന്‍റെ വഴിയല്ല എന്നു തോന്നി. ഞാന്‍ കോഴിക്കോട് മൃദംഗം പഠിച്ചുതുടങ്ങിയത് മണി അയ്യരുടെ ശിഷ്യന്‍റെ കീഴിലായിരുന്നു. AIR-ലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു അദ്ദേഹം. അതിനുശേഷം ഞാന്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിനായി ചെന്നൈയിലേക്ക് പോയി. കാരക്കുടിയുടെ അടുത്തും കെ വി പ്രസാദിന്റെ അടുത്തും പഠിച്ചു

എന്‍റെ ജീവിതത്തിലേക്ക് ജോണ്‍ വരുന്നു, പോകുന്നു
മൃദംഗ പഠനം ഇങ്ങനെ സ്ട്രോങ് ആയി നില്‍ക്കുമ്പോഴാണ് ജോണിന്‍റെ വരവ്. അപ്പോഴേക്കും ഞാന്‍ പ്രോഗ്രാമിനൊക്കെ വായിക്കാന്‍ തുടങ്ങിയിരുന്നു. പൈസയൊക്കെ കിട്ടിത്തുടങ്ങിയിരുന്നു. അതിനിടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എംപെറര്‍ ജോണ്‍സ് എന്നൊരു പ്ലേ ചെയ്യുന്ന സംഘത്തില്‍ ഞാനും കൂടി. ഡോക്ടര്‍ ടികെ രാമ ചന്ദ്രന്‍, മൊകേരി രാമചന്ദ്രന്‍, കൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയ അക്കാദമിക് ആള്‍ക്കാര് ചെയ്യുന്ന ഒരു പ്ലേ ആയിരുന്നു. അതിനു മ്യൂസിക് ചെയ്യാനും ഇംഗ്ലീഷ് സ്ക്രിപ്റ്റ് വായിക്കാനും എന്നെയാണ് ഏല്‍പ്പിച്ചത്. അതിന്‍റെ റിഹേഴ്സലിന് വന്നപ്പോഴാണ് ജോണ്‍ എന്നെ ആദ്യമായിട്ട് കാണുന്നത്. എനിക്കന്ന് ഇരുപത്തിയൊന്നോ ഇരുപത്തിരണ്ടോ വയസ്സാണ്. എന്നെ കണ്ടപ്പോള്‍ നമ്മള്‍ക്ക് കുറച്ചു പണിയുണ്ട് എപ്പോഴാണ് കാണാന്‍ പറ്റുകയെന്ന് ജോണ്‍ ചോദിച്ചു. നാടകം കഴിഞ്ഞിട്ട് കാണാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ജോണ്‍ വീട്ടില്‍ വന്നു. അപ്പോഴൊന്നും പുള്ളി സിനിമയുടെ കാര്യം എന്നോടു പറഞ്ഞില്ല. പുള്ളി എനിക്കു കുറെ മ്യൂസിക്കും കാര്യങ്ങളും ഒക്കെ തന്നു. നമുക്ക് പരിചയമില്ലാത്ത വലിയ ഒരു മേഖല തുറക്കുകയാണ്. ജോണിനെ കണ്ടശേഷം ഞാന്‍ ഒരു രണ്ടു വര്‍ഷത്തോളം ജോണിന്‍റെ കൂടെ തന്നെയായിരുന്നു. വേറെ പദ്ധതികളൊക്കെ നിന്നുപോയി. കുറെ കള്ളുകുടിയും പാട്ടുപാടലും ഒക്കെയായി അങ്ങനെ പോയി.

ആയിടക്കാണ് ഞങ്ങളുടെ ഒരു സുഹൃത്ത് ഇവിടെ ആത്മഹത്യ ചെയ്തത്. നല്ലൊരു ഡ്രമ്മറായിരുന്നു. പുള്ളി ആത്മഹത്യ ചെയ്തപ്പോള്‍ എന്റെ കിളി പോയി. I got depressed. അങ്ങനെ ഞാന്‍ ബാംഗ്ലൂരിലെ നിംഹാന്‍സില്‍ അഡ്മിറ്റായി. മൂന്നുമാസം അവിടെ കിടന്നു. അവിടുന്നിറങ്ങി ഞാന്‍ കോഴിക്കോട് വന്നപ്പോള്‍ ജോണ്‍ ഒരു സ്ക്രിപ്റ്റ് എഴുതിയിരുന്നു. അതെന്നെ കാണിച്ചു. അതില്‍ മൊത്തം ഹരി മരിച്ചു, ഹരി അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നൊക്കെയായിരുന്നു ഉള്ളത്. ഞാനാണ് ഇത് ചെയ്യേണ്ടത് എന്ന് അപ്പോഴാണ് ഞാന്‍ അറിയുന്നത്. ഞാനാണെങ്കില്‍ അഭിനയത്തിന്‍റെ മേഖലയില്‍ ഒരു പരിചയവും ഇല്ലാത്ത ഒരാളാണ്. അപ്പോള്‍ ജോണ്‍ പറഞ്ഞു നീ അഭിനയിക്കുകയൊന്നും വേണ്ട. അങ്ങനെയങ്ങു നിന്നാല്‍ മതിയെന്ന്. അങ്ങനെ ഒന്നൊന്നര കൊല്ലം അതിന്‍റെ വര്‍ക്കും കാര്യങ്ങളുമായിട്ടു അവിടെ നില്‍ക്കേണ്ടി വന്നു.

സിനിമയുടെ പ്രിവ്യൂനു മുന്‍പ് സബ്ടൈറ്റില്‍ ചെയ്യാന്‍ ഞാനും ജോണും കൂടെയാണ് പോയത്. ഒരു മൂന്നുമാസം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ കുറെ യാത്ര ചെയ്തിട്ടുണ്ട്. തിരിച്ചു വന്നാല്‍ മിക്കവാറും ജോണ്‍ എന്റെ വീട്ടിലാവും ഉണ്ടാവുക. അമ്മയുള്ള സമയമായിരുന്നു. അതുകൊണ്ട് നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കി തരുമായിരുന്നു. വീട്ടില്‍ മൂന്നാല് ദിവസം നിന്നു. ആരോ ടൌണില്‍ കാത്തു നില്‍ക്കുന്നുണ്ട് എന്നു പറഞ്ഞിട്ടാണ് വീട്ടില്‍ നിന്നു പോയത്.  കാഞ്ഞങ്ങാട് പ്രസംഗിക്കാന്‍ ഉണ്ടെന്ന് പറഞ്ഞു. അവിടുന്നാണ് മരണത്തിലേക്ക് പോകുന്നത്. പിറ്റേദിവസം രാവിലെ കേള്‍ക്കുന്നു.. he was fallen.. അതോടെ എനിക്കു വീണ്ടും പ്രശ്നമായി. ഞാന്‍ വീണ്ടും ചെന്നൈയ്ക്ക് പോയി. ആ സമയത്ത് പലരും എന്നോട് ആക്ടിങ്ങിനെ കുറിച്ച് പറഞ്ഞിരുന്നു. ഞാന്‍ പോയില്ല.

അമ്മ അറിയാന്‍ ഓര്‍മ്മ
80 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു. അതിന്‍റെ ഇടയില്‍ ഒരു പത്തു ദിവസത്തെ ഷൂട്ട് ആയിരുന്നു. ഒരു ടെമ്പോയില്‍ ഇത്രയും ആള്‍ക്കാര് യാത്ര ചെയ്യുകയാണ്. വല്യ ലോഡ്ജും കാര്യങ്ങളൊന്നുമില്ല. പോന്നിടത്ത് കിടക്കുക. ചിലപ്പോ സ്കൂളിലോ മറ്റോ ആയിരിക്കും. It was a wonderful experience… ചിലപ്പോള്‍ അഭിനയിക്കും. പണിയില്ലെങ്കില്‍ നമ്മള്‍ പിരിവിന് പോകും. അങ്ങനെയായിരുന്നു എല്ലാവരും. ആക്ടേഴ്സ് എന്നൊരു concept ഇല്ലായിരുന്നു. ഒരു മൂവ്മെന്‍റ്. പിന്നെ അതില്‍ സിദ്ധാന്തം പറയുന്ന ആളുകളെയൊക്കെ പുള്ളി കറക്ടായിട്ടു തിരിച്ചറിഞ്ഞു പ്ലേസ് ചെയ്തു. മരത്തിന്‍റെ ചോട്ടിലൊക്കെയിരുന്നു സംസാരിക്കുന്നതു വല്യ സിദ്ധാന്തമാണെന്നാണ് ആള്‍ക്കാര് വിചാരിക്കുക. സത്യത്തില്‍ ചായ എവിടെയാണ് ചോറെവിടെയാണ് എന്നൊക്കെയാണ് സംസാരിച്ചത്. അല്ലാതെ തിയറി ഒന്നും അല്ല. ഇന്ത്യയിലെ സിനിമാക്കാര്‍ക്കിടയില്‍ ആര്‍ക്കും ഇല്ലാത്ത ഒരനുഭവമായിരിക്കും അത്. അത്രയും ഡൌണ്‍ ടു എര്‍ത്ത് ആയിട്ടുള്ള ഒരു വര്‍ക്കായിരുന്നു അത്.

സിനിമയ്ക്കുള്ള സാമ്പത്തികം കണ്ടെത്തിയത് പിരിവിലൂടെയായിരുന്നു. മൂര്‍ത്തി എന്ന ഒരാളാണ് ആദ്യത്തെ 50,000 രൂപ തന്നത്. ബാക്കിയുള്ള പൈസയൊക്കെ പിരിച്ചെടുക്കുകയായിരുന്നു. രണ്ടുരൂപ തൊട്ട് ഒരു രൂപ തന്നാലും വാങ്ങും. പാട്ടപ്പിരിവായിരുന്നു. പിന്നെ മറ്റ് സുഹൃത്തുക്കള്‍ കൊടുക്കുന്ന പൈസ അങ്ങനെയൊക്കെയായിരുന്നു. 7 ലക്ഷം രൂപയോളം ചിലവ് വന്നിരുന്നു. അമ്മയറിയാന്‍ ആദ്യത്തെ പബ്ലിക് ഫണ്ടഡ് സിനിമയാണെന്നു പറയാം. ഒരു രൂപ തന്നവരും രണ്ടു രൂപ തന്നവരും ഒക്കെ പ്രൊഡ്യൂസറാണ്. ആ വര്‍ക്കിനെ കുറിച്ച് ചോദിച്ചാല്‍ പൊളിറ്റിക്കലി ഇറ്റ് വാസ് ഏ ഷോക്ക്. അതുകഴിഞ്ഞ് ഇപ്പോഴാണ്; ഈ എഴുത്തും കാര്യങ്ങളും ഒക്കെ വരാന്‍ തുടങ്ങിയപ്പോഴാണ്, ഇപ്പോഴത്തെ ഈ ന്യൂജനറേഷന്‍ സിനിമയില്‍ വെക്കുന്ന ഫ്രെയിമും മറ്റുള്ള കാര്യങ്ങളും ഒക്കെ കാണുമ്പോഴാണ് അതൊരു ടെക്സ്റ്റ് ആയിരുന്നു എന്നു മനസ്സിലാകുന്നത്. ആ സിനിമ ബ്രിട്ടീഷ് ഫിലിം അക്കാദമിയിലെ ടെക്സ്റ്റാണ് ഇപ്പോള്‍.

പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കൊക്കെ ചിത്രാഞ്ജലിയില്‍ ആയിരുന്നു. അവിടെ വീടെടുത്ത് താമസിക്കുകയായിരുന്നു. പിന്നെ അവരുടെ ഗസ്റ്റ് ഹൌസിലും സൌകര്യങ്ങള്‍ ചെയ്തു തന്നിരുന്നു. അന്ന് ഭാസ്കരന്‍ മാഷൊക്കെ ഉള്ള സമയമായിരുന്നു. അരവിന്ദന്‍, പത്മരാജന്‍ ഇവര്‍ക്കൊക്കെ അവിടെ വര്‍ക്ക് ഉള്ള സമയമായിരുന്നു. ഇവരൊക്കെ  നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തിരുന്നു.

അന്നത്തെ  ഡല്‍ഹി ഫെസ്റ്റിവലില്‍ നാല് മലയാള സിനിമയെ ഉണ്ടായിരുന്നുള്ളൂ. സ്വാതിതിരുനാള്‍, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, അമ്മയറിയാന്‍, ഉപ്പ്. അതില്‍ റീജിനല്‍ ബ്ലാക് ആന്‍റ് വൈറ്റ് ക്യാമറയ്ക്കു അവാര്‍ഡ് കിട്ടുന്നത് ജോണിന്റെ സിനിമയ്ക്കാണ്. ജോണിന് സ്പെഷല്‍ ജൂറി അവാര്‍ഡും കിട്ടി.

ജോണിന്‍റെ കുടുംബവുമായിട്ട് ഞാന്‍ ഭയങ്കര ക്ലോസായിരുന്നു. ഇപ്പോഴും ആ ബന്ധം നിലനിര്‍ത്തുന്നുണ്ട്. ജോണിന്‍റെ മരുമകന്‍ പ്രദീപ് ചെറിയാന്റെ കൂടെ ഞാന്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. ‘ചിദാകാശത്തിലെ പക്ഷികള്‍’ എന്ന എന്‍റെ ഡയറി ഷൂട്ട് ചെയ്യുന്നുണ്ട് ഞങ്ങള്‍. പ്രദീപ് ഇപ്പോള്‍ മാതൃഭൂമി ചാനലിന്‍റെ ഡിസൈനറാണ്.

ഗല്‍ഫിലേക്ക്
ജോണിന്റെ മരണ ശേഷം ഞാന്‍ ചെന്നൈയിലേക്ക് പോയി. ചെന്നൈയില്‍ നിന്നു 1991-ല്‍ ഗള്‍ഫിലേക്കും. നാല് നാലര കൊല്ലം മസ്ക്കറ്റിലെ ഒമാനിലായിരുന്നു. കെയ്റോ മുതല്‍ ദുബായി വരെയുള്ള ഒരു കള്‍ച്ചറല്‍ ഗ്രൂപ്പിന്‍റെ കോണ്ട്രാക്ട് ആയിരുന്നു. ഗസല്‍, ഖവാലി എന്നൊക്കെ പറഞ്ഞിട്ട് അങ്ങനെ നടന്നു. പിന്നെ കുറച്ചു ക്ലാസ്സും എടുത്തിരുന്നു. പകലൊക്കെ ട്യൂഷന്‍, രാത്രി ഈ പരിപാടി. പത്തു നാല്‍പ്പത്തിയഞ്ച് കുട്ടികള്‍ ഉണ്ടായിരുന്നു. അന്നത്തെ ഒരു സീനിയര്‍ എഞ്ചിനീയര്‍ക്ക് കിട്ടുന്ന ശമ്പളം എനിക്കു കിട്ടിയിരുന്നു. ക്ലാസ്സിന് മാത്രമായിട്ട്. അത് എന്തായാലും നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു. ഞാന്‍ തന്നെ ഒന്നു ഓറിയെന്‍റഡ് ആയി. ജോണിന്‍റെ മരണവും അത് നല്കിയ ഷോക്കുംഎല്ലാം എന്നെ വേറൊരു അവസ്ഥയില്‍ എത്തിച്ചിരുന്നു. ജോണിന്‍റെ മരണത്തിന് ശേഷം നമ്മുടെ പെര്‍സെപ്ഷന്‍ തന്നെ മാറി. കാര്യങ്ങളോടുള്ള സമീപനം മാറി. സാധാരണ പാട്ട് വായിക്കാന്‍ പറ്റാതെയായി. അക്കമ്പനിയായിട്ടു വായിക്കാനും പറ്റാതെയായി. പിന്നെയാണ് ഞാന്‍ സോളോ പെര്‍ഫോമന്‍സ് ആരംഭിക്കുന്നത്. സോളോ ആണ് എല്ലാവര്‍ക്കും ഇഷ്ടം. എന്തായാലും അത് നന്നായി എന്നു തന്നെയാണ് എന്‍റെ അഭിപ്രായം. അല്ലെങ്കില്‍ ഞാന്‍ വെറും കംപോസിംഗിനും മറ്റും വായിക്കുന്ന ഒരാളായിപ്പോയെനെ. ഇപ്പോ വേറെ എന്തൊക്കെയോ ചെയ്യാന്‍ പറ്റുന്നുണ്ട്. പിന്നെ എപ്പോഴും ഒരു അച്ചടക്കമില്ലായ്മ എനിക്കുണ്ട്. അത്  ജോണിനെ കാണുന്നതിനും മുന്‍പേയുണ്ട്. ജോണിനെ കാണുമ്പോഴേക്കും ഞാന്‍ സ്മോക്കിംഗിലും ഡ്രിഗിംഗിലും ഒക്കെ പെട്ടുകഴിഞ്ഞിട്ടുണ്ട്.

വീണ്ടും സിനിമയില്‍ 
മലയാളത്തില്‍ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന സിനിമയിലൂടെയാണ് വീണ്ടും തുടങ്ങിയത്. പിന്നെ മസാല റിപ്പബ്ലിക് എന്ന പടം. ചാര്‍ലി, കിസ്മത്. പിന്നെ ഞാനും നാസറും കൂടെ കുറച്ചു തെലുങ്കു പടത്തില്‍ അഭിനയിച്ചു. കന്നടയില്‍ ഉപേന്ദ്രയുടെ കൂടെ അഭിനയിച്ചു. ഇപ്പോള്‍ കുറച്ചു പടങ്ങളൊക്കെ വരുന്നുണ്ട്. അന്യഭാഷയിലാണ് നല്ല അവസരം കിട്ടിയത്. നല്ല പൈസയും തരും. മലയാളത്തില്‍ എന്തു കളിച്ചിട്ടും കാര്യമില്ല. ചെറിയ പൈസയെ തരൂ. ഇപ്പോ ഒരു ലാല്‍ജോസ് പടം വന്നു നില്‍ക്കുന്നുണ്ട്. ചെയ്യോ എന്നറിയില്ല. ഒരു ഭയങ്കര കാമുകന്‍. ഉണ്ണി ആറിന്റെ സ്ക്രിപ്റ്റ് ആണ്. ഉണ്ണി എന്‍റെ അടുത്ത സുഹൃത്താണ്. ചെറുപ്പത്തിലെ ഉണ്ണിയെ എനിക്ക് അറിയാം. ജോണ്‍ മുഖാന്തിരം കോട്ടയത്തു കുറെ ബന്ധങ്ങളുണ്ട്. തിരുനക്കര മൈതാനത്ത് ഞങ്ങള്‍ കുറെ കിടന്നിട്ടുണ്ട്.

കുടുംബം 
അച്ഛന്‍ വാസുദേവ പണിക്കര്‍ ടാറ്റാ വെഹിക്കിള്‍ ഡീലറായിരുന്നു. നമുക്ക് ഇവിടെ വല്യ വീടും മറ്റുമൊക്കെ ഉണ്ടായിരുന്നു. അവിടെയാണ് ജനിച്ചതും വളര്‍ന്നതുമൊക്കെ. നാല്പതു വര്‍ഷത്തോളം ആ വീട്ടില്‍ തന്നെയായിരുന്നു. ഇവിടെ വന്നിട്ടിപ്പോ പതിനേഴ് കൊല്ലമെ ആയിട്ടുള്ളൂ. അമ്മ പൊള്ളാച്ചിയില്‍ നിന്നാണ്. മലയാളിയാണ്. പാലക്കാട് നിന്നു മൈഗ്രേറ്റ് ചെയ്തതാണ്. ഒരു ചേട്ടനും അനുജനും സഹോദരിയും ഉണ്ട്. ഒരു അനാഥാലയത്തില്‍ നിന്നാണ് കല്യാണം കഴിച്ചത്. പത്തുവര്‍ഷം ഒന്നിച്ചു താമസിച്ചു. പിന്നെ വേര്‍പിരിഞ്ഞു.

ഇപ്പോഴത്തെ ജീവിതം
ഇങ്ങനെ പോകുന്നു. ദിവസവും ഇങ്ങനെ കുറെ ആള്‍ക്കാര്‍ വരുന്നു പോകുന്നു. ചില വര്‍ക്കുകള്‍ നടക്കുന്നുണ്ട്. ഇപ്പൊഴും ഹൈ ആര്‍ട്ട് ലോ ആര്‍ട്ട് എന്ന തരത്തിലുള്ള ചര്‍ച്ച ആര്‍ട്ടില്‍ ഇപ്പൊഴും നടക്കുന്നുണ്ടല്ലോ. ഹൈ ആര്‍ട്ട് ക്ലാസ്സിക്കല്‍ ഫോം ഓഫ് ആര്‍ട്ട്, ലോ ആര്‍ട്ട് മാര്‍ജിനലായിട്ടുള്ളത്. ഇതിനെ തമ്മില്‍ ബ്രിഡ്ജ് ചെയ്യണം. അതിനാണ് ഞാനിപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഒരു ബാന്‍ഡ് ഉണ്ടാക്കണം എന്നുണ്ട്. ഞാനിപ്പോ ഒരു സോളോ ചെയ്തോണ്ടിരിക്കുന്നുണ്ട്. അയ്യപ്പന്‍, കബീര്‍ അങ്ങനെയുള്ള കവികളുടെ ചില കവിതകള്‍ ഒക്കെ കണക്ട് ചെയ്തിട്ട് ചെയ്യും.  അത് കേള്‍ക്കാനും സുഖം ഉണ്ട്. സോളോ ചെയ്യുക എന്നുപറഞ്ഞാല്‍ അതും ഇതേ മാതിരി തന്നെയാണ്. ശരിക്കും പറഞ്ഞാല്‍ അത് ബോഡി ആര്‍ട്ടാണ്. അതുകൊണ്ട് ആള്‍ക്കാര്‍ക്ക് അത് കാണുമ്പോള്‍ ഒരു സുഖം ഉണ്ട്. അങ്ങനെ ഒരു പണി നടക്കുന്നുണ്ട്. സോളോ പെര്‍ഫോമന്‍സിന് ഫണ്ടിംഗ് ശരിയാകണം. മാത്രമല്ല ബോഡി ഒന്നു അറേഞ്ച്ഡ് ആകണം. ഏതെങ്കിലും വൈദ്യന്‍മാരുടെ അടുത്തു പോയി ശരിയാക്കണം. സോളോ ചെയ്യുമ്പോള്‍ ബോഡി നന്നായി വര്‍ക്ക് ചെയ്യണം. ഈ ജെന്‍റര്‍ ഇഷ്യൂ ഒക്കെ പറയുന്ന സംഭവമാണ്. മൂന്നു ഫേസ് ആണ്. ഒരു പുരുഷന്‍, സ്ത്രീ, ട്രാന്‍സ് വുമണ്‍. മ്യൂസിക് എല്ലാം ചേര്‍ത്തിട്ടാണ് ചെയ്യുന്നത്. ചെറിയോരു ഗേ സംഭവം ഒക്കെ ഉണ്ടായിരുന്ന ആളാണ് ഞാന്‍. കല്യാണം ഒക്കെ ഒഴിഞ്ഞുപോകാന്‍ കാരണം അതൊക്കെയാണ്. ഇതൊക്കെ ആള്‍ക്കാരെ പറഞ്ഞു മനസ്സിലാക്കാന്‍ പാടാണ്. ഒരു പ്ലേ ഒക്കെ ആകുമ്പോള്‍ ചെയ്യാന്‍ പറ്റും. പേപ്പര്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്നു. ഒരു അഞ്ചാറ് ലക്ഷം രൂപ ചിലവ് വരും. ഫെബ്രുവരിയൊക്കെ ആകുമ്പോഴേക്കും ചെയ്യണം എന്നുണ്ട്.  എന്‍റെ 40 വര്‍ഷത്തെ ഓര്‍മ്മകള്‍ റാസ്ബെറി ബുക്സ് പബ്ലിഷ് ചെയ്യുന്നുണ്ട്. അമ്മയ്ക്കുള്ള കത്തുകള്‍ എന്ന പേരില്‍.

കോഴിക്കോടന്‍ സാംസ്കാരിക അനുഭവം
ഞാന്‍ ചെറുപ്പം തൊട്ടേ ഈ സംഘങ്ങളുടെ ഇടയിലാണ്. കെ ടി, ബാബുരാജ്… അതുകൊണ്ട് ചെറുപ്പത്തിലെ ഈ കോഴിക്കോടിന്‍റെ ഒരു പ്രോസസ് അറിയാം. ‘മുഖദാവിലെ മണിവിളക്ക്’ എന്ന ഡോക്യുമെന്ററി ചെയ്തപ്പോള്‍ നല്ല അനുഭവമായിരുന്നു. അത് റസാഖ് എന്ന ഗായകനെ കുറിച്ചാണ്. ദര്‍ഭ മൊയിദീന്‍ എന്ന മാപ്പിളപ്പാട്ട് കലാകാരനെ കുറിച്ചാണ്; ഖയാല്‍ കെസ് ഖിസ എന്ന ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്.  മൊയിദീന്‍ ഇപ്പോള്‍ ഇല്ല. അതൊക്കെ ശരിക്കും എത്തിനിക് ആയിട്ടുള്ള കാര്യങ്ങളാണ്. എന്‍റെ 40 വര്‍ഷത്തെ ഓര്‍മ്മകള്‍ പ്രദീപ് ഡോക്യുമെന്‍റ് ചെയ്യുന്നുണ്ട്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് സഫിയ)

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍