UPDATES

തുടക്കം മുതല്‍ ക്രമക്കേട്; ചെന്നിത്തലയുടെ ‘സ്വപ്‌നപദ്ധതി’ ഹരിപ്പാട് മെഡിക്കല്‍ കോളേജ് ഉപേക്ഷിക്കുന്നു

മെഡിക്കല്‍ കോളേജ് പ്രാരംഭ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്

ഹരിപ്പാട് മെഡിക്കല്‍ കോളേജ് വേണ്ടെന്ന് ആരോഗ്യ വകുപ്പ്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങുന്ന ഫയല്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിയ്ക്ക് കൈമാറി. ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ ആവശ്യകത തള്ളിക്കളഞ്ഞുകൊണ്ടുള്ള ആരോഗ്യ വകുപ്പ് ഫയലിന്റെ പകര്‍പ്പ് അഴിമുഖത്തിന് ലഭിച്ചു. ഹരിപ്പാട് മെഡിക്കല്‍ കോളേജ് ആരംഭിക്കേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് നയപരമായ തീരുമാനം കൈക്കൊണ്ടതായി ആരോഗ്യമന്ത്രിയും ആരോഗ്യകുടുംബക്ഷേമ അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഒപ്പിട്ട്  മുഖ്യമന്ത്രിയ്ക്ക് കൈമാറിയ ഫയലിലെ രേഖകളില്‍ പറയുന്നു. ഇതോടെ വിവാദമായ ഹരിപ്പാട് മെഡിക്കല്‍ കോളേജിനുള്ള നടപടികള്‍ അവസാനിച്ചുവെന്ന് വേണം കരുതാന്‍.

ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിക്കാനുള്ള നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് പറയുന്നതിങ്ങനെ-‘ മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രവര്‍ത്തനം ആരംഭിച്ച കോന്നി, ഇടുക്കി, തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളേജുകള്‍ ഇപ്പോള്‍ ഒരര്‍ഥത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. കാസറഗോഡ്, വയനാട് എന്നിവിടങ്ങളിലും പുതിയ മെഡിക്കല്‍ കോളേജുകളുടെ പ്രഖ്യാപനം ഉണ്ട്. ഈ അവസരത്തിലാണ് ആലപ്പുഴയിലെ ടി.ഡി.മെഡിക്കല്‍ കോളേജിന് അധികം ദൂരത്തല്ലാതെ, ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനുള്ള നീക്കം. സമഗ്രമായ ഒരു പഠനത്തിന്റേയും അടിസ്ഥാനത്തിലല്ലാതെ, സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ, മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനേ ഇത്തരം പ്രഖ്യാപനങ്ങള്‍ ഉതകൂ. എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജ് മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയും പുതിയ ഡിപ്പാര്‍ട്ടുമെന്റുകള്‍ ആരംഭിക്കാതെയും നിലനില്‍ക്കുമ്പോഴാണ് ഹരിപ്പാട്ടെ പുതിയ മെഡിക്കല്‍ കോളേജിന്റെ പ്രഖ്യാപനം. വീണ്ടുവിചാരമില്ലാതെയുള്ള പുതിയ മെഡിക്കല്‍ കോളേജുകളുടെ പ്രഖ്യാപനവും ആരംഭിക്കലും നല്ല രീതിയില്‍ നടന്നു പോരുന്ന ജില്ലാ ആശുപത്രികളുടെ പ്രവര്‍ത്തനത്തെപ്പോലും ബാധിച്ചിട്ടുണ്ട്.

മേല്‍ വിവരിച്ച സാഹചര്യങ്ങളാല്‍ ആലപ്പുഴ ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജ് ഇപ്പോള്‍ തുടങ്ങേണ്ടതില്ലെന്ന നയപരമായ തീരുമാനം കൈക്കൊണ്ടുകൊണ്ട് ഇതുമായി ബന്ധപ്പെട്ട് ഇതിനകം ആരംഭിച്ച ഭൂമി കൈമാറ്റം ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാവുന്നതാണ്’.

file-1

file-2file-3
ആദ്യം ഉദ്ദേശിച്ചതില്‍ നിന്നും വളരെയധികം മാറ്റങ്ങളോടുകൂടിയാണ് ഹരിപ്പാട് മെഡിക്കല്‍ കോളേജിനുള്ള പ്രൊപ്പോസല്‍ മുമ്പോട്ട് പോയിരിക്കുന്നത്. ഈ മാറ്റങ്ങള്‍ മൂലം ഹരിപ്പാട് മെഡിക്കല്‍ കോളേജ് വേണമോ എന്നും അതില്‍ സര്‍ക്കാര്‍ പങ്കാളിത്തം ആവശ്യമുണ്ടോയെന്നും നയപരമായ തീരുമാനം വേണ്ടിയിരിക്കുന്നു എന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ മുമ്പ് തന്നെ സൂചിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടിയായാണ് ഇപ്പോഴത്തെ തീരുമാനം.

വിവാദങ്ങളുടെ കുഞ്ഞായാണ് ഹരിപ്പാട് മെഡിക്കല്‍ കോളേജ് പിറന്നത്. മെഡിക്കല്‍ കോളേജിന്റെ പ്രഖ്യാപനം മുതല്‍ ഇതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചെത്തിയവരാണ് അധികവും. സര്‍ക്കാര്‍ ചെലവില്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതെന്തിനെന്ന ചോദ്യമാണ് സാമൂഹ്യപ്രവര്‍ത്തകര്‍ ഉന്നയിച്ചത്. 26 ശതമാനം മാത്രമായിരുന്നു ഈ സംരംഭത്തില്‍ സര്‍ക്കാര്‍ പങ്കാളിത്തം കണക്കാക്കിയിരുന്നത്. ആലപ്പുഴ ടി.ഡി. മെഡിക്കല്‍ കോളേജില്‍ നിന്ന് 18 കിലോമീറ്റര്‍ മാത്രം മാറി മറ്റൊരു മെഡിക്കല്‍ കോളേജ് തുടങ്ങേണ്ടതിന്റെ ആവശ്യകതയെ പലരും ചോദ്യം ചെയ്തു. എന്നാല്‍ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന ഹരിപ്പാട് എം.എല്‍.എ. രമേശ് ചെന്നിത്തലയുടെ താത്പര്യത്തിന് വഴങ്ങിയ യു.ഡി.എഫ്. സര്‍ക്കാര്‍ എതിര്‍പ്പുകള്‍ മുഖവിലക്കെടുത്തില്ല.

പൊതുപണം കൊണ്ട് സ്വകാര്യ മെഡിക്കല്‍ കോളേജ്; ഹരിപ്പാട്ടെ ചില ജാലവിദ്യകള്‍

നബാര്‍ഡില്‍ നിന്ന് 90 കോടിയിലധികം രൂപ കടമെടുത്താണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിനുള്ള കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചതിലും, ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചതിലുമെല്ലാം വന്‍ ക്രമക്കേടുണ്ടെന്ന് തുടക്കം മുതല്‍ തന്നെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജിനായി ഭൂമി വാങ്ങിയതിലെ അഴിമതിയാണ് ഇതിലെല്ലാമുപരി ഏറെ ചര്‍ച്ചയായതും വിവാദമായതും. എന്‍.ടി.പി.സി. ആറാട്ടുപുഴയില്‍ കായലിനോട് ചേര്‍ന്നുള്ള 25 ഏക്കര്‍ സ്ഥലം നികത്തി നല്‍കാമെന്ന് പറഞ്ഞിട്ടും അത് സ്വീകരിക്കാതെ സ്വകാര്യ ഭൂമി സര്‍ക്കാര്‍ മോഹവില നല്‍കി ഏറ്റെടുക്കുകയായിരുന്നു. എന്‍.ടി.പി.സി.യുടെ നങ്യാര്‍കുളങ്ങരയില്‍ ദേശീയപാതയോരത്തുള്ള സ്ഥലമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനായി ആവശ്യപ്പെട്ടത്. എന്നാല്‍ ആ സ്ഥലം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ളതിനാല്‍ വിട്ടുനല്‍കാനാവില്ലെന്നായിരുന്നു എന്‍.ടി.പി.സി.യുടെ നിലപാട്. തുടര്‍ന്ന് മറ്റൊരിടത്ത് 25 ഏക്കര്‍ സ്ഥലം നല്‍കാമെന്നും അതല്ലാത്ത പക്ഷം 100 കോടി രൂപ ഈ സംരംഭത്തിനായി എന്‍.ടി.പി.സി. സര്‍ക്കാരിന് നല്‍കാമെന്നും എന്‍.ടി.പി.സി. പ്രതിനിധികള്‍ സുപ്രീം കോടതിയെ വരെ രേഖാമൂലം അറിയിച്ചു. 100 കോടി രൂപ മുടക്കുമ്പോള്‍ കായംകുളം താപവൈദ്യുതി നിലയം ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാമെന്ന് സര്‍ക്കാര്‍ കരാര്‍ വയ്ക്കണമെന്ന വ്യവസ്ഥയാണ് എന്‍.ടി.പി.സി. മുന്നോട്ട് വച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന് സ്വീകാര്യമായിരുന്നില്ല. തുടര്‍ന്ന് സ്വകാര്യ വ്യക്തിയുടെ വയല്‍ ഭൂമി മെഡിക്കല്‍ കോളേജിനായി വാങ്ങി.

ഭൂമി വാങ്ങിയതില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായാണ് വിലയിരുത്തല്‍. ഹരിപ്പാട് മെഡിക്കല്‍ കോളജ് സംബന്ധിച്ച വിവാദങ്ങളെ ശരിവെക്കുന്നതായിരുന്നു ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍. അടിസ്ഥാന വിലയുടെ 400 ഇരട്ടിയിലധികം വിലയ്ക്കാണ് ഭൂമി രജിസ്റ്റര്‍ ചെയ്തത്. 47 ആധാരങ്ങള്‍ അത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തു. ആര്‍സിന് 10000 രൂപമാത്രം അടിസ്ഥാന വിലയുള്ള 3 ആര്‍സ് മുണ്ടകന്‍ പാടം 12,96,750 രുപയ്ക്കാണ് വാങ്ങിയത് (ഒരു ആര്‍- രണ്ടര സെന്റ്). അതായത് അടിസ്ഥാന വിലയുടെ 420 ഇരട്ടി രൂപയ്ക്ക്. ആര്‍സിന് 60000 രൂപ വിലയുള്ള 4.55 ആര്‍സ് പുരയിടം വാങ്ങിയിരിക്കുന്നതാകട്ടെ 449540 രൂപയ്ക്കും. ഇതില്‍നിന്ന് ഭൂമിയിടപാടില്‍ പൊതു മാനദണ്ഡം പാലിച്ചിട്ടില്ലന്ന് വ്യക്തം. എന്നാല്‍ ഭൂമി വാങ്ങിയത് ചീഫ് സെക്രട്ടറിയുടെ മേല്‍ നോട്ടത്തിലാണന്നും മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

chennithala-2

15 കോടിരൂപയാണ്  ഭൂമി വാങ്ങാനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. അതില്‍ 12 കോടിരൂപയാണ് ഇതുവരെ  വിനിയോഗിച്ചത്‌.  ഭൂമിവാങ്ങിയത് സര്‍ക്കാരിലേക്കുള്ള രജിസ്ട്രഷന്‍ ഫീസ് നല്‍കാതെയാണെന്നുള്ളതാണ് മറ്റൊരു യാഥാര്‍ഥ്യം. ഭൂമി ഇടപാടിന് രണ്ടാഴ്ച മുമ്പ് നികുതി വകുപ്പിറക്കിയ ഉത്തരവിന്റെ മറവിലാണ് 12 കോടിയിലധികം രൂപയുടെ ഭൂമി ഇടപാട് രജിസ്‌ട്രേഷന്‍ ഫീസ് നല്‍കാതെ നടത്തിയത്. സര്‍ക്കാര്‍ ആശുപത്രിക്കായ് ഭൂമി വാങ്ങുകയാണെങ്കില്‍ രജിസ്‌ട്രേഷന്‍ ഫീസ്  നല്‍കേണ്ടെന്ന ഉത്തരവിന്റെ മറവിലാണ് 76 ശതമാനം സ്വകാര്യ പങ്കാളിത്തത്തോടെ തുടങ്ങാനിരുന്ന മെഡിക്കല്‍ കോളേജിനായുള്ള ഭൂമി വാങ്ങിയതിന് രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കി നല്‍കിയത്. 2015 ഡിസംബര്‍ 1 നാണ്  ഹരിപ്പാട് മെഡിക്കല്‍ കോളേജിനായുള്ള ഭൂമിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ഇതുമുന്നില്‍ കണ്ടെന്ന സംശയം ജനിപ്പിക്കും വിധം  2015 നവംബര്‍ നവംബര്‍ 17 നാണ് സര്‍ക്കാര്‍ പദ്ധതികള്‍ക്കായി ഭൂമി വാങ്ങുമ്പോള്‍ രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കണമെന്ന് കാണിച്ച്  നികുതിവകുപ്പ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ആശുപത്രി , സ്‌ക്കൂള്‍, റയില്‍വേ ദേശീയ പാത എന്നിവയ്ക്കായുള്ള ഭൂമി ഇടപാടിനു മാത്രമാണ് നികുതി ഇളവ് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നത് രാഷ്ട്രപതിയുടെയോ കേരളാ ഗവര്‍ണറുടെയോ പേരിലാകണമെന്നും ഉത്തരവില്‍ പറയുന്നു.  എന്നാല്‍  76 ശതമാനം സ്വകാര്യ പങ്കാളിത്തത്തില്‍ തുടങ്ങാനിരുന്ന ഹരിപ്പാട് മെഡിക്കല്‍ കോളേജിനായുള്ള ഭൂമി രജിസ്‌ട്രേഷനും ചട്ടവിരുദ്ധമായി ഈ ആനുകൂല്യം നല്‍കുകയായിരുന്നു. 12 കോടി രൂപയുടെ ഭൂമി ഇടപാടാണ് ഇതുവരെ നടന്നത്. സാധാരണ വിലയാധാരം നടക്കുമ്പോള്‍ 6ശതമാനം തുക മുദ്രപത്രമായും 2 ശതമാനം തുക  രജിസ്‌ട്രേഷന്‍ ഫീസായും നല്‍കണമെന്നാണ് നിയമം.  ഈ ഇനത്തില്‍ മാത്രം സര്‍ക്കാരിന് 24 ലക്ഷം  രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ അഴിമതിയും ക്രമക്കേടും നടന്നതായി വ്യക്തമായ അറിവുണ്ടായിട്ടും സി.പി.എമ്മും ബി.ജെ.പി.യും മൗനം പാലിക്കുകയായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ മാത്രമാണ് ഇതിനെതിരെ ശബ്ദമുയര്‍ത്തിയതെന്നും ശ്രദ്ധേയം.

ഹരിപ്പാട് മെഡിക്കല്‍ കോളേജ് പ്രാരംഭ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്. കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചതിലും, ഭൂമിയിടപാടിലുമുള്‍പ്പെടെ വന്‍ ക്രമക്കേട് നടന്നതായാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍