UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതുപണം കൊണ്ട് സ്വകാര്യ മെഡിക്കല്‍ കോളേജ്; ഹരിപ്പാട്ടെ ചില ജാലവിദ്യകള്‍

Avatar

എം. ഗോപകുമാര്‍

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണമായും വണ്ടാനത്തേക്ക് മാറിയിട്ട് എട്ടു കൊല്ലമായിട്ടുണ്ടാകും. നേരത്തെ ആലപ്പുഴ നഗരത്തിലെ ഇടുങ്ങിയ സ്ഥലത്തായിരുന്നു ആശുപത്രി. വണ്ടാനത്ത് സ്ഥലം വാങ്ങി നിരവധി പതിറ്റാണ്ട് കഴിഞ്ഞിട്ടാണ് ആശുപത്രി അല്‍പ്പമെങ്കിലും സ്ഥലസൗകര്യമുള്ള ഇടത്തു പ്രവര്‍ത്തിക്കാന്‍ അവസരം ഒരുങ്ങിയത്. ഒരു വികസന സാധ്യതയുമില്ലാതെ നഗരത്തില്‍ ഒതുങ്ങിക്കൂടിയിരുന്ന ഈ ആശുപത്രിയായിരുന്നു ആലപ്പുഴക്കാരുടെ അത്താണി. അരൂര്‍ മുതല്‍ കരുനാഗപ്പള്ളി വരെയുള്ള പ്രദേശത്തെ താലൂക്ക് ആശുപത്രികളില്‍ നിന്നെല്ലാം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കായിരുന്നു രോഗികളെ റഫര്‍ ചെയ്യാറുണ്ടായിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെ. ആലപ്പുഴയിലെ ആശുപത്രിയിലെ സൗകര്യങ്ങള്‍ വികസിപ്പിക്കണമങ്കില്‍ വണ്ടാനത്ത് കണ്ടെത്തിയ സ്ഥലത്തേയ്ക്ക് മാറ്റിസ്ഥാപിക്കണമെന്ന് അറിയാമായിരുന്നിട്ടും അശ്രദ്ധയും അലസതയും കൊണ്ട് അത് നരകിച്ച് നഗരത്തില്‍ തന്നെ കിടന്നു. ഒടുവില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആശുപത്രി വണ്ടാനത്തേക്കു മാറ്റാന്‍ കര്‍ശനമായി തീരുമാനിക്കുകയായിരുന്നു. എന്തിനായിരുന്നു ഈ മാറ്റം. മെച്ചപ്പെട്ട പൊതു ആരോഗ്യ സംവിധാനമാക്കി വികസിപ്പിക്കാന്‍. മെഡിക്കല്‍ കോളേജ് നേരത്തെ തന്നെ വണ്ടാനത്താണ്. അപ്പോള്‍ അക്കാദമികമായും അതാണ് നല്ലത്. അതിനനുസരിച്ച് ഓരോന്ന് ഓരോന്നായി സ്‌പെഷ്യാലിറ്റികള്‍ കൊണ്ട് വരാം. ഹൃദയ ശസ്ത്രക്രിയാ വിഭാഗവും മറ്റും ആരംഭിക്കുകയും ചെയ്തു. ഇതായിരുന്നു സര്‍ക്കാരിന്റെ കാഴ്ച്ചപ്പാട്.

എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയതു മുതല്‍ ജില്ലയുടെ ഈ പൊതുജനാരോഗ്യ മുന്‍ഗണന അട്ടിമറിക്കപ്പെട്ടു. ഈ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയോളം തന്നെ പ്രബലനായ ആഭ്യന്തര മന്ത്രിയുടെ മണ്ഡലം ഹരിപ്പാടാണല്ലോ? അദ്ദേഹം എംഎല്‍എ ആയപ്പോള്‍ മുതല്‍ കൊണ്ട് നടക്കുന്ന സ്വപ്നം ഹരിപ്പാട് ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് ആരംഭിക്കുക എന്നതാണ്. ഹരിപ്പാടുള്ളത് താലുക്ക് ആശുപത്രിയാണ്. അവിടെ നിന്നും അടിയന്തിര ഘട്ടങ്ങളില്‍ രോഗികളെ അയയ്ക്കുന്നത് വണ്ടാനത്തേയ്ക്കാണ്. ആകെ 18 കിലോ മീറ്ററെ ദൂരമുള്ളൂ. സ്വാധീനം സിദ്ധിച്ച ഏതൊരു എംഎല്‍എയും വണ്ടാനത്തുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മേന്മ ആഗ്രഹിക്കും. പക്ഷെ രമേശ് ചെന്നിത്തലയില്‍ നിന്നും അതല്ല ഉണ്ടായത്. വണ്ടാനത്തുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ 18 കിലോമീറ്റര്‍ മാത്രം അകലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജും ആശുപത്രിയും കൊണ്ട് വരിക എന്നതിലായി അദ്ദേഹത്തിന്റെ മുഴുവന്‍ ശ്രദ്ധയും. പൊതുജനാരോഗ്യ രംഗത്ത് പരിചയമുള്ള എല്ലാവരെയും അമ്പരപ്പിച്ച നീക്കമായിരുന്നു അത്.

ഹരിപ്പാട് നഗരത്തിനു തെക്ക് നങ്ങ്യാര്‍ കുളങ്ങരയില്‍ NTPCയുടെ ഉപയോഗിക്കാത്ത സ്ഥലം ഏറ്റെടുത്തു സ്വകാര്യ മെഡിക്കല്‍ കോളേജിനു നല്‍കാനായിരുന്നു ആദ്യ ശ്രമം. NTPC വഴങ്ങാതെ വന്നപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദം നടത്തി നോക്കി. കേന്ദ്ര ഭരണം മാറിവന്നതോടെ NTPC നിലപാട് കടുപ്പിക്കുകയും ചെയ്തു. മാത്രമല്ല NTPC യ്ക്കു വേണ്ടി സ്ഥലം വിട്ടു നല്‍കിയ ചിലരും ഈ നീക്കം എതിര്‍ത്തു. കേസും പൊല്ലാപ്പുമായി കാര്യം കുഴപ്പത്തിലായി. സുപ്രീം കോടതി വരെ കേസ് നടത്തിയിട്ടും NTPC സ്ഥലം ലഭ്യമായില്ല. അതേ തുടര്‍ന്നു കരുവാറ്റയില്‍ നെല്‍വയല്‍ ഏറ്റെടുത്തു നല്‍കാന്‍ തീരുമാനമായി. സ്ഥലം ഏറ്റെടുക്കാന്‍ 25 കോടി രൂപ അനുവദിക്കാനും തീരുമാനമായി. 15 കോടി ഉടന്‍ കളക്ടര്‍ക്കു കൈമാറുകയും ചെയ്തു. നെല്ല് സംഭരിച്ച പണം നല്‍കാന്‍ നിവൃത്തിയില്ലാത്ത സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജിനു സ്ഥലം ഏറ്റെടുക്കാന്‍ കാണിക്കുന്ന ഔത്സുക്യം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

വണ്ടാനത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ 18 കിലോ മീറ്റര്‍ മാത്രം അകലെ മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളേജ് ഉണ്ടാക്കാനായി സര്‍ക്കാര്‍ ഇത്ര ഭ്രാന്തമായി മുന്‍കൈ എടുക്കുന്നത് എന്തിന് എന്ന ചോദ്യം ശാസ്ത്ര സാഹിത്യ പരിഷത്തും മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളും മറ്റും തുടക്കം മുതല്‍ ഉയര്‍ത്തിയിരുന്നു. ഏതെങ്കിലും സ്വകാര്യ സംരംഭകനോ സാമൂഹ്യ ഗ്രൂപ്പോ മുന്നിട്ടിറങ്ങി ഒരു സ്വകാര്യ മെഡിക്കല്‍ കോളേജ് തുടങ്ങാം എന്ന താത്പര്യം പ്രകടിപ്പിക്കുകയല്ല. മറിച്ചു പ്രബലനായ എംഎല്‍എ തന്നെയാണ് ഇവിടെ ആവേശം കൊള്ളുന്നത്. പൊതു വിദ്യാലങ്ങളുടെ മൂട്ടില്‍ മുന്തിയ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ ആരംഭിച്ചു പൊതു വിദ്യാലങ്ങളെ അനാകര്‍ഷകമാക്കുന്ന അനുഭവമാകും ഇവിടെയും ഉണ്ടാകുക എന്ന് അന്നേ ചൂണ്ടിക്കാണിക്കപ്പെട്ടു. വണ്ടാനത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ തകര്‍ച്ചയായിരിക്കും ഇതിന്റെ ഫലം എന്ന് ആക്ഷേപം ഉയര്‍ന്നു. സര്‍ക്കാര്‍ എന്തിനാണ് സ്വകാര്യ മെഡിക്കല്‍ കോളേജിനു സ്ഥലവും മറ്റും ഏറ്റെടുത്തു നല്‍കുന്നത് എന്നും ചോദ്യം ഉയര്‍ന്നു. പ്രബലനായ ഭരണകക്ഷി നേതാവിന് ആരെയും പാട്ടിലാക്കാന്‍ വലിയ വിഷമമില്ലല്ലോ. ചോദ്യങ്ങള്‍ ഉയര്‍ന്നു വന്ന ആ വൃത്തം വികസിച്ചില്ല.

സര്‍ക്കാരെന്തിന് ഈ പണി ചെയ്യുന്നു എന്ന ചോദ്യത്തിന് നല്‍കിയ ഉത്തരം ഇത് PPP ആണ് എന്നതായിരുന്നു. പൊതു സ്വകാര്യ പങ്കാളിത്തം. അതാണല്ലോ ഇപ്പോള്‍ കേരളത്തിന്റെ വികസന മന്ത്രം. അപ്പോള്‍ സര്‍ക്കാരിന് നിശ്ചിത ശതമാനം പങ്കാളിത്തം ഉണ്ടാകും, സ്വകാര്യ മേഖലയ്ക്കും പങ്കാളിത്തം ഉണ്ടാകും. ഇതാണല്ലോ PPP. ഒരു കമ്പനി, അതില്‍ സര്‍ക്കാരിന് 26 ശതമാനം ഓഹരി. ബാക്കി സ്വകാര്യ മൂലധനം. അവര്‍ മെഡിക്കല്‍ കോാളേജ് നടത്തുന്നു. അപ്പോള്‍ മറ്റൊരു ചോദ്യം വന്നു. ഹരിപ്പാട്ടെ താലുക്ക് ആശുപത്രിയില്‍ നിന്നും അടിയന്തിര ഘട്ടത്തില്‍ ഒരു രോഗിയെ വണ്ടാനത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കല്ലേ അയയ്ക്കൂ? ഈ സ്വകാര്യ ആശുപത്രിയിലേക്ക് അല്ലല്ലോ? സാധാരണക്കാരുടെ ആശുപത്രി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആയിരിക്കുമല്ലോ? ഹരിപ്പാടുകാര്‍ക്ക് പ്രത്യേക കണ്‍സഷന്‍ നല്‍കുമത്രേ.

2015 ഡിസംബര്‍ 17നു പുറത്തിറങ്ങിയ G.O.(MS)295 H&FWD നമ്പര്‍ ഉത്തരവോടെ ഹരിപ്പാട് , കരുവാറ്റയില്‍ ആരംഭിക്കുന്ന നിര്‍ദ്ദിഷ്ട PPP മെഡിക്കല്‍ കോളേജ് സംബന്ധിച്ച കൂടുതല്‍ ദുരൂഹതകള്‍ പുറത്ത് വരികയാണ്. ഏതെങ്കിലും തരത്തിലുള്ള പൊതു താത്പര്യമാണെങ്കില്‍ ആലപ്പുഴ ടി ഡി മെഡിക്കല്‍ കോളേജ് മെച്ചപ്പെടുത്താന്‍ മുന്‍കൈ എടുക്കുകയായിരുന്നു വേണ്ടത്. പൊതു ജനാരോഗ്യ താത്പര്യമാണെങ്കിലും മെഡിക്കല്‍ വിദ്യാഭ്യാസ താത്പര്യമാണെങ്കിലും അതായിരുന്നു ചെയ്യേണ്ടിയിരുന്നത്. വണ്ടാനം മെഡിക്കല്‍ കോളേജ് നിന്നിടത്തു നില്‍ക്കുകയാണ്. തിരിഞ്ഞു നോക്കിയിട്ടില്ല ഇദ്ദേഹം. ഈ ദുരൂഹ നീക്കത്തിന് പിന്നില്‍ സര്‍ക്കാര്‍ പണം സ്വകാര്യ മേഖലയ്ക്കു കൈമാറുന്നത്തിനുള്ള വ്യഗ്രതയാണ് എന്ന് വ്യക്തം. അതിനുള്ള ജാലവിദ്യയാണ് ഈ സംരംഭം എന്ന് സംശയലേശമന്യേ വ്യക്തമായിരിക്കുന്നു.

ഈ മെഡിക്കല്‍ കോളേജിന്റെ ഘടന പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മൂന്ന് ഏജന്‍സികള്‍ ആണ് ഈ മെഡിക്കല്‍ കോളേജ് നടത്തിപ്പുമായി ബന്ധപ്പെടുന്നത്. മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനുള്ള കമ്പനി Kerala Medical Infrastructure Development Company Ltd(INFRAMED) ആണ്. കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന ഇതിന്റെ ഓഹരി മൂലധനം ഇപ്പോള്‍ ഇറങ്ങിയ ഉത്തരവ് പ്രകാരം 40 കോടിയില്‍ നിന്നും 80 കോടി രൂപയായി ഉയര്‍ത്തി. 26% ആയിരിക്കും സര്‍ക്കാര്‍ ഓഹരി. സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുന്ന ഭൂമിയുടെ വിലയായിരിക്കും ഈ ഓഹരി. കമ്പനിയുടെ Authorised Capital ഉയര്‍ത്തിയതിന് ഒറ്റ ലക്ഷ്യമേയുള്ളൂ. ഭൂമി വില സര്‍ക്കാരിന്റെ ഓഹരിയായ 26 ശതമാനത്തില്‍ നില്‍ക്കണമെങ്കില്‍ Authorised Capital വര്‍ദ്ധിപ്പിക്കണം. ഇങ്ങനെ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു INFRAMED നു കൈമാറും. അതോടെ ഭൂമി കമ്പനിയുടേതാകും. സര്‍ക്കാരിന് 26% ഓഹരി ലഭിക്കും. INFRAMED സ്വകാര്യ ഓഹരികളും വായപ്പയും ഉപയോഗിച്ച് മെഡിക്കല്‍ കോളേജിനു വേണ്ട (മെഡിക്കല്‍ കോളേജ് ആശുപത്രിക്കുള്ളതല്ല) കെട്ടിടങ്ങളും മറ്റു പശ്ചാത്തല സൗകര്യങ്ങളും നിര്‍മ്മിക്കും. കൂടാതെ 100 കിടക്കകള്‍ ഉള്ള ഒരു പേ വാര്‍ഡും ലബോറട്ടറിയും ഇവര്‍ നിര്‍മിക്കും.

INFRAMED മെഡിക്കല്‍ കോളെജിനു വേണ്ട കെട്ടിടങ്ങളും മറ്റു പശ്ചാത്തല സൗകര്യങ്ങളും നിര്‍മ്മിച്ച് ഭൂമിയടക്കം 99 വര്‍ഷത്തെ പാട്ടത്തിനു KIMEDനു (Kerala Institute For Medical Education and Research) നല്‍കും. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത  KIMED എന്ന ഈ സൊസൈറ്റി ആയിരിക്കും മെഡിക്കല്‍ കോളേജ് നടത്തുന്നത്. KIMED സ്വതന്ത്രമായി മെഡിക്കല്‍ കോളേജ് നടത്തി, ഫീസ് പിരിച്ചു ചെലവു കഴിച്ചു ബാക്കി പണം വര്‍ഷാവര്‍ഷം INFRAMED കമ്പനിക്കു നല്‍കും.

അതേസമയം സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയ ഭൂമിയില്‍ INFRAMED തന്നെ നിര്‍മിക്കുന്ന 100 കിടക്കകള്‍ ഉള്ള ഒരു പേ വാര്‍ഡും ലബോറട്ടറിയും ഉണ്ടല്ലോ? അത് ഈ സൊസൈറ്റിക്ക് നല്‍കില്ല. അതിനെക്കുറിച്ച് ഉത്തരവില്‍ പറയുന്നത് ഇങ്ങനെയാണ്.. ‘ The company may administer a 100 bed pay ward and a laboratory attached to the medical college as a stand-alone profit center ‘ അത് കമ്പനി തന്നെ കൈവശം വച്ച് നല്ല ലാഭം കിട്ടുന്ന രീതിയില്‍ നടത്തും. അതിന് മെഡിക്കല്‍ കോളേജു നടത്തിപ്പുമായി ബന്ധമുണ്ടാകില്ല. അത് പ്രത്യേക സംവിധാനം ആയിരിക്കും.

അപ്പോള്‍ ഒരുപ്രശ്‌നമുണ്ട്. ഒരു വര്‍ഷം 100 കുട്ടികളെ പ്രവേശിപ്പിക്കുന്ന മെഡിക്കല്‍ കോളേജു നടത്തണമെങ്കില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ 500 കിടക്കകളുള്ള ആശുപത്രി വേണം. ഇത് ICMR നിബന്ധനയാണ്. മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ചെലവ് ആശുപത്രി ഉണ്ടാക്കുന്നതിനാണ്. മെഡിക്കല്‍ കോളെജിനു ആശുപത്രി വേണമല്ലോ? ഇത് ആരാണ് പണിയുക? അതിനെക്കുറിച്ച് ഉത്തരവില്‍ പറയുന്നത് ഇതാണ് ‘….establish the medical college hospital using assistance from NABARD with Government repaying the loan’ NABARD വായ്പ്പ എടുത്ത് ആശുപത്രി ഉണ്ടാക്കും. വായ്പ്പ സര്‍ക്കാര്‍ തിരിച്ചടയ്ക്കും. ഇതാണ് വ്യവസ്ഥ.. അത് പൂര്‍ണമായും സര്‍ക്കാര്‍ ചെയ്യും!!!

അപ്പോള്‍ ഇതിലെ സര്‍ക്കാര്‍ ചെലവ് എത്ര വരും? സ്വകാര്യ ചെലവ് എത്ര വരും? സ്ഥലവും ആശുപത്രിയും പൂര്‍ണമായും സര്‍ക്കാര്‍ ചെലവില്‍. കുട്ടികള്‍ക്ക് പഠിക്കാനുള്ള കോളേജും 100 കിടക്കകള്‍ ഉള്ള ഒരു പേ വാര്‍ഡും ലബോറട്ടറിയും സ്വകാര്യ പണമുപയോഗിച്ചും എന്നല്ലേ മനസ്സിലാകുക. അതില്‍ പേ വാര്‍ഡും ലബോറട്ടറിയും stand-alone profit center ആയിരിക്കും. പഠിക്കാന്‍ വരുന്ന പിള്ളേരുടെ കയ്യില്‍ നിന്നും KIMED നല്ല ഫീസ് വാങ്ങി കമ്പനിക്കു നല്‍കുകയും ചെയ്യും. ഈ stand-alone profit centerനു ചെലവായ കാശടക്കം കമ്പനിക്കു തിരിച്ചു കൊടുക്കും. ഇതാണ് കച്ചവടം .

ഏതാണ്ട് എല്ലാ PPP പദ്ധതികളിലേതും പോലെ പൊതുപണം നിക്ഷിപ്ത താത്പര്യത്തോടെ ഇഷ്ടക്കാര്‍ക്ക് കൊടുക്കുന്ന പണി തന്നെയാണ് ഇവിടെയും നടക്കുന്നത്. ഒരു പദ്ധതിയുടെ പല പ്രധാന ചെലവുകളും പദ്ധതിയില്‍ പെടുത്താതിരിക്കുക. അത് പൊതു പണം ഉപയോഗിച്ച് ചെയ്യുക. എന്നിട്ട് അതിന്റെ ഫലം സ്വകാര്യ പദ്ധതിക്ക് PPP എന്ന പേരില്‍ കൈമാറുക. ഇതാണ് ഇവയുടെ മുഖമുദ്ര. വിഴിഞ്ഞത്തു നടക്കുന്ന അതേ കൊള്ളയാണ് ഇവിടെയും നടക്കുന്നത്. വിഴിഞ്ഞം പദ്ധതിയുടെ പുനരധിവാസ ചെലവുകള്‍ സമ്പൂര്‍ണമായും പദ്ധതിയില്‍ നിന്നും വേര്‍പ്പെടുത്തുന്നു. അത് ഖജനാവില്‍ നിന്നും പ്രത്യേകമായി നല്‍കുന്നു. പദ്ധതിയുടെ ധനകാര്യ കണക്ക് കൂട്ടലുകളിലോ നേട്ട കോട്ട വിശകലനത്തിലോ ഇത് വരില്ല. ഗുണം PPP യ്ക്ക് കിട്ടും, ചെലവില്ലാതെ. വിഴിഞ്ഞത്ത് ഉണ്ടാക്കുന്ന break water structure പലതും ഇങ്ങനെ പദ്ധതിക്ക് പുറത്താണ്. പൊതു മുതല്‍ കൊള്ളയുടെ നവീന രൂപമായി ഇത് മാറുകയാണ്. ഇതിന്റെ കാര്‍ബണ്‍ കോപ്പിയാണ് ഇവിടെ നടക്കുന്നത്. സ്‌കെയിലില്‍ കുറവുണ്ട് എന്ന് മാത്രം.

കേരളത്തിലെ ഏതെങ്കിലും സ്വകാര്യ മെഡിക്കല്‍ കോളേജ് ഇത്തരത്തില്‍ വന്നിട്ടുണ്ടോ? ഇത് വഴിവിട്ട രീതിയില്‍ പൊതുപണം സ്വകാര്യ സംരംഭകര്‍ എന്ന് പറയുന്ന കുറച്ച് ഇഷ്ടക്കാര്‍ക്ക് കൈമാറിക്കൊടുക്കുന്നതിനു മാത്രമുള്ള ഏര്‍പ്പാടാണ്. 

2016-2017ലെ വാര്‍ഷിക പദ്ധതിയില്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് രണ്ടു ചെലവു ശീര്‍ഷകങ്ങളിലായി 13 കോടി രൂപ മാത്രമാണ് മാറ്റി വച്ചിരിക്കുന്നത്. എന്നാല്‍ ഈ സ്വകാര്യ മെഡിക്കല്‍ കോളേജിനു ഭൂമി ഏറ്റെടുക്കാന്‍ കൈമാറിയത് 25 കോടി രൂപയാണ്. കുറഞ്ഞത് 300കോടി രൂപയെങ്കിലും NABARD വായ്പ എടുത്ത് ആശുപത്രി പണിതു കൊടുക്കാനും പോകുന്നു. ഇതിന്റെ പാതി പണവും പാതി ശ്രദ്ധയും ഉണ്ടായിരുന്നെങ്കില്‍ വണ്ടാനം ഇന്ത്യയിലെ മികച്ച പൊതു ആരോഗ്യ കേന്ദ്രമായി മാറുമായിരുന്നു. വണ്ടാനം ആശുപത്രിയുടെ വളര്‍ച്ച മുരടിപ്പിച്ചു കൊണ്ട് പൊതുപണം സ്വകാര്യ മെഡിക്കല്‍ കോളെജിനു വഴി വിട്ടു കൈമാറുന്ന വിദ്യയാണ് ഹരിപ്പാട് നടക്കുന്നത്.

അധികാരം നഗ്‌നമായി ദുര്‍വിനിയോഗം ചെയ്തു നടത്തുന്ന അഴിമതിയാണിത്. ഒരു പൊതുജനാരോഗ്യ സ്ഥാപനത്തിന്റെ തകര്‍ച്ചയില്‍ നിന്നും ഊര്‍ജ്ജം പകര്‍ന്നു കൊടുത്ത് സ്വകാര്യ ലാഭ താത്പര്യങ്ങളെ നിക്ഷിപ്ത താത്പര്യത്തോടെ സംരക്ഷിക്കുന്ന നടപടി. ഇത് അഴിമതിയല്ലാതെ മറ്റെന്താണ്?

(സാമൂഹ്യപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍