UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തരഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമം

അഴിമുഖം പ്രതിനിധി

ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കി ഉത്തരഖണ്ഡില്‍ അധികാരം പിടിക്കാന്‍ ബിജെപി ഒരുങ്ങുന്നു. മുന്‍മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് ചാഞ്ഞത്. എന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിട്ടില്ലെന്നും വിമതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു.

ബിജെപി സംസ്ഥാന സെക്രട്ടറി എംപി അജയ് ഭട്ടിനൊപ്പം ഒമ്പത് എംഎല്‍എമാരും ഡെറാഡൂണില്‍ നിന്നും ഇന്നലെ രാത്രി ചാര്‍ട്ടേഡ് വിമാനത്തില്‍ ദല്‍ഹിയിലെത്തി. ഇവര്‍ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും പിന്നീട് അവരെ രാഷ്ട്രപതിയുടെ മുന്നില്‍ അണിനിരത്തുകയും ചെയ്യുമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.

നേരത്തെ കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം രാജ് ഭവനില്‍ ഗവര്‍ണര്‍ ഡോക്ടര്‍ കെ കെ പോളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് അവര്‍ ദല്‍ഹിക്ക് പടര്‍ന്നത്.

70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 36 എംഎല്‍എമാരാണുള്ളത്. ആറ് എംഎല്‍എമാരുള്ള പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫ്രണ്ടും രണ്ട് എംഎല്‍എമാരുള്ള ബിഎസ്പിയും മൂന്ന് സ്വതന്ത്രരും ഒരു യുകെഡി എംഎല്‍എയും കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായിച്ചിരുന്നു. 28 എംഎല്‍എമാരുള്ള ബിജെപിക്ക് ഒമ്പത് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷത്തിലെത്താന്‍ സാധിക്കും. സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി അവകാശം ഉന്നയിച്ചിട്ടുണ്ട്. എംഎല്‍എമാരെ ഡല്‍ഹിയിലെ ഹോട്ടലിലാണ് ബിജെപി നേതൃത്വം പാര്‍പ്പിച്ചിരിക്കുന്നത്.

തന്റെ സര്‍ക്കാരിന് ഭീഷണിയില്ലെന്നും ജനങ്ങളുടെ വിശ്വാസവും കേദാരനാഥന്റേയും ബദ്രിനാഥന്റെ അനുഗ്രഹങ്ങളുമുണ്ടെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. ഇന്നലെ നിയമസഭയില്‍ ധനകാര്യബില്ലിന്മേല്‍ വോട്ടെടുപ്പ് വേണമെന്ന് വിമതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്പീക്കര്‍ ഇത് അനുവദിച്ചില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍