UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹരീഷ് സാല്‍വേ അടുത്ത അറ്റോര്‍ണി ജനറല്‍ ആയേക്കും

സാല്‍വെ സര്‍ക്കാരിന്റെ ഭാഗമാകാന്‍ മോദിയ്ക്കും ആഗ്രഹം

രാജ്യത്തെ പ്രമുഖ അഭിഭാഷകനും കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ പാകിസ്തിനെതിരേ ഇന്ത്യക്ക് അനുകൂലമായ വിധി നേടിയെടുക്കുകയും ചെയ്ത ഹരീഷ് സാല്‍വെ അടുത്ത അറ്റോര്‍ണി ജനറല്‍ ആകാന്‍ സാധ്യത. മുകുള്‍ റോത്തഗി അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് വിരമിക്കുന്ന ഒഴിവിലേക്കാണു സാല്‍വെ വരാന്‍ സാധ്യത. സ്വതന്ത്രമായി പ്രാക്ടീസ് നടത്താന്‍ ആഗ്രഹിക്കുന്നതിനാല്‍ എജി സ്ഥാനത്ത് കാലാവധി നീട്ടിക്കിട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്നു നേരത്തെ റോത്തഗി വ്യക്തമാക്കിയിരുന്നു.

2014 നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ സമയത്ത് തന്നെ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് ഹരീഷ് സാല്‍വേയുടെ പേരാണ് ആദ്യ പരിഗണനയില്‍ വന്നത്. എന്നാല്‍ താന്‍ ഏറ്റെടുത്തിരിക്കുന്ന കേസുകളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാന്‍ കഴിയില്ലെന്ന കാരണത്താല്‍ സാല്‍വേ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്തും സാല്‍വേയെ അറ്റോര്‍ണി ജനറലാക്കാന്‍ ശ്രമം ഉണ്ടായിരുന്നുവെന്നും അന്നും സാല്‍വേ വിസ്സമതം പ്രകടിപ്പിക്കുകയായിരുന്നുവെന്നും വാര്‍ത്തകളുണ്ട്.

കുല്‍ഭൂഷണ്‍ ജാദവ് കേസിലെ വിജയത്തോടെ സാല്‍വേ ഇന്ത്യയില്‍ ഒരു ഹീറോ പരിവേഷത്തില്‍ നില്‍ക്കുകയാണ്. വെറും ഒരു രൂപ പ്രതിഫലത്തിലാണു സാല്‍വേ ജാദവ് കേസ് വാദിച്ചതെന്നും പറയുന്നു. സര്‍ക്കാരിന്റെ ഭാഗമായി സാല്‍വെ വേണമെന്നത് മോദിയുടെ താത്പര്യമാണെന്നാണു പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കുന്ന സൂചന.

പദവി ഏറ്റെടുക്കാന്‍ ഹരീഷ് സാല്‍വേ വിസമ്മതിക്കുകയാണെങ്കില്‍ നിലവിലെ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറിന്റെ പേരാണ് അടുത്ത അറ്റോര്‍ണി ജനറലിന്റെ സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍