UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു നഗരത്തെ ഹരിതഗ്രാമമാക്കാനുള്ള വേറിട്ട വഴികള്‍

Avatar

വി ഉണ്ണികൃഷ്ണന്‍

2015 ഏപ്രില്‍ ഒന്ന്. നേരം പുലര്‍ന്നപ്പോള്‍ തിരുവനന്തപുരം പേരൂര്‍ക്കട നിവാസികള്‍ കണി കണ്ടത് പാല്ക്കാരനെയോ പത്രക്കാരനെയോ ആയിരുന്നില്ല, ഒരു എംഎല്‍എയെ ആയിരുന്നു. ഡോക്ടര്‍ തോമസ്‌ ഐസക് എംഎല്‍എയെ. നഗരത്തെയാകെ കുഴപ്പത്തിലാക്കിയ മാലിന്യസംസ്കരണം എന്ന പ്രശ്നത്തിനു പരിഹാരവുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്.

‘നിങ്ങള്‍ക്ക് പ്രത്യേകിച്ച് ചിലവുകള്‍ ഒന്നുമില്ല. ആവശ്യമായ സാമഗ്രികള്‍ ഇതിന്റെ പ്രവര്‍ത്തകര്‍ കൊണ്ടുവന്നു തരും. അതിലേക്ക് നിര്‍ദേശിക്കുന്ന രീതിയില്‍ മാലിന്യം നിക്ഷേപിച്ചാല്‍ മാത്രം മതി. മെയിന്റെനന്സ് ഫീസ്‌ ഉണ്ട്. അതും നിങ്ങള്‍ നല്‍കണ്ട. ഒരു മാസം ഈ സംവിധാനം നിങ്ങള്‍ ഉപയോഗിക്കൂ. ഈ ഒരു മാസം കൊണ്ട് നിങ്ങള്‍ സംതൃപ്തരാവുകയാണെങ്കില്‍ മാത്രം ഫീസ് നല്‍കിയാല്‍ മതി’ ഇതാണ് അന്നത്തെ ദിവസം പേരൂര്‍ക്കട വാര്‍ഡിലെ താമസക്കാരോട്‌ അദ്ദേഹം പറഞ്ഞ കാര്യം.

ആ വാക്ക് വെറുതേയായില്ല. സ്വച്ഛ ഭാരത് സര്‍വ്വേയില്‍ പിന്നോട്ട് പോയെങ്കിലും മാലിന്യ സംസ്കരണത്തില്‍ വികേന്ദ്രീകൃതമായ ഒരു മാതൃക അവതരിപ്പിക്കുകയായിരുന്നു തിരുവനന്തപുരം. ഉറവിട മാലിന്യ സംസ്കരണം എന്ന ഇന്നോവേറ്റിവ് ആയ ആ മാലിന്യ നിര്‍മ്മാര്‍ജ്ജന രീതി വിപ്ലവകരമായ ഒന്നായിരുന്നു. മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ മറ്റു പലരെയും എന്നപോലെ തുടക്കത്തില്‍ തിരുവനന്തപുരം നഗരവും വിമുഖത കാട്ടി. എന്നാല്‍ ഇന്ന് തിരുവനന്തപുരത്തെ 22 വാര്‍ഡുകളില്‍ ഡോക്ടര്‍ തോമസ്‌ ഐസക് പറഞ്ഞ അതേ സംവിധാനം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്, ഇപ്പോഴും തുടരുകയും ചെയ്യുന്നു. ആ പരിഹാരത്തിനു ചുക്കാന്‍ പിടിച്ചത് ഹരിതഗ്രാമം എന്ന പ്രസ്ഥാനമാണ്.

എന്താണ് ഹരിതഗ്രാമം?

പലപ്പോഴും  മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ചിന്തകളുടെ പിന്നിലുണ്ടാവുക ഒരു കൂട്ടുകെട്ടായിരിക്കും. പല മേഖലകളിലായി പ്രവര്‍ത്തിക്കുന്ന 12ഓളം കൂട്ടുകാര്‍ ആണ് ഹരിതഗ്രാമത്തിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഡോക്ടര്‍മാര്‍, ഐടി പ്രോഫഷണലുകള്‍ , ബിസിനസുകാര്‍ എന്നിങ്ങനെ ഒരു നിര തന്നെ ഹരിതഗ്രാമത്തിന്റെ അണിയറയിലുണ്ട്. സമൂഹത്തിനു വേണ്ടി തങ്ങള്‍ ചെയ്യേണ്ട ചിലതുണ്ട് എന്നത് ഉള്ളില്‍കൊണ്ടുനടക്കുന്നവരാണ് ഇവരെല്ലാം. ആരോഗ്യമേഖലയില്‍ കാര്യമായ പുരോഗതി കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ എന്തെന്ന് ചിന്തിക്കുന്ന സമയമാണ് മാലിന്യസംസ്കരണത്തിലെ പോരായ്മകള്‍ കാരണം തിരുവനന്തപുരം ഇവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വ്യക്തമായ പ്ലാനോടു കൂടി ഇവര്‍ ഈ വിഷയത്തെ സമീപിച്ചു. ഇവരുടെ ഉദ്ദേശശുദ്ധിയും കാഴ്ചപ്പാടും മനസ്സിലാക്കിയതിനു ശേഷമാണ് ഡോക്ടര്‍ തോമസ്‌ ഐസക്, മുന്‍ മേയര്‍ കെ ചന്ദ്രിക എന്നിവര്‍ ഇതിലേക്ക് വരുന്നത്. കെ ചന്ദ്രികയാണ് ഇന്നും ഹരിതഗ്രാമത്തിന്റെ ചെയര്‍പേഴ്സണ്‍, തോമസ്‌ ഐസക് ഇവരുടെ ചീഫ് മെന്‍റ്ററും. മുന്‍ ഐടി പ്രോഫഷണലായ സുഗതന്‍ ശിവദാസന്‍ ആണ് ഇപ്പൊള്‍ ഇവരെ കൂട്ടിയോജിപ്പിക്കുന്ന കണ്ണി. ഐടി കമ്പനികള്‍, ഇന്‍ഫോര്‍മേഷന്‍ കേരളാ മിഷന്‍ എന്നിവിടങ്ങളിലെ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ ഹരിതഗ്രാമം ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ് സുഗതന്‍. മറ്റുള്ളവര്‍ പിന്തുണയുമായി അണിയറയില്‍ ഏത് സമയവും ഉണ്ടാകും.

ഹരിതഗ്രാമത്തെ സന്നദ്ധ സംഘടന എന്നോ ബിസിനസ് സംരംഭമെന്നോ വിളിക്കാം. മുതലാളിമാര്‍ക്ക് ലാഭം ഉണ്ടാക്കികൊടുക്കുന്ന സ്ഥിരം ബിസിനസ് സ്ഥാപനമെന്ന കാറ്റഗറിയില്‍ ഇവര്‍ പെടില്ല. കാരണം, ഇതുവരെ ഒരു പൈസ പോലും ലാഭമോ അല്ലെങ്കില്‍ മാസശമ്പളമോ വാങ്ങിയല്ല ഹരിതഗ്രാമം മുന്നോട്ടു പോകുന്നത്. കൂടാതെ 40ല്‍ അധികം അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് മാന്യമായ വരുമാനം കൂടി ഒരുക്കിക്കൊടുത്താണ് ഇവര്‍ വ്യത്യസ്തരാവുന്നത്.

ഹരിതഗ്രാമത്തിന്റെ പ്രവര്‍ത്തനം തികച്ചും ലളിതമാണ്, വ്യത്യസ്തവും. മാലിന്യസംസ്കരണ സംവിധാനം ആവശ്യമുള്ളവര്‍ക്ക് സ്ഥാപിച്ചു കൊടുക്കുന്നതില്‍ തുടങ്ങുന്നു ഇവരുടെ പ്രവര്‍ത്തനം. കിച്ചന്‍ ബിന്‍, പ്രത്യേകം തയ്യാറാക്കിയ ഡീകോമ്പോസിഷന്‍ മിശ്രിതം, രണ്ട് യുവികോട്ടഡ് ബാഗുകള്‍ എന്നിവയടങ്ങുന്നതാണ് ഒരു യൂണിറ്റ്. ഇത്രയും സാധനങ്ങള്‍ ഓരോ വീടുകളിലും എത്തിക്കുന്നത് സൗജന്യമായാണ്. ഇതിന്റെ പരിപാലനത്തിനായി 200 രൂപ മാത്രമാണ് ഈടാക്കുക. അതും ആദ്യത്തെ മാസം കഴിഞ്ഞതിനു ശേഷം. കുടപ്പനക്കുന്ന്‍, പേരൂര്‍ക്കട, നന്തന്‍കോട്, തിരുമല, കാഞ്ഞിരംപാറ, ചെട്ടിവിളാകം, പേട്ട, ചാക്ക, മെഡിക്കല്‍ കോളേജ്, വഞ്ചിയൂര്‍, നാലാഞ്ചിറ, കിണവൂര്‍, കേശവദാസപുരം, കണ്ണമൂല, കുന്നുകുഴി, പട്ടം, അമ്പലത്തറ,ആറ്റുകാല്‍, കാച്ചാണി, വഴുതക്കാട്, കളിപ്പാങ്കുളം, വഞ്ചിയൂര്‍ എന്നിവിടങ്ങളിലെ വീടുകളില്‍ ഇവര്‍ കിച്ചന്‍ ബിന്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മാസത്തിലൊരിക്കല്‍ പ്ലാസ്റ്റിക് ശേഖരണം, മൂന്നു മാസത്തിലൊരിക്കല്‍ ലെതര്‍, പൊട്ടിയ കുപ്പികള്‍ എന്നിവയും ആറുമാസത്തിലൊരിക്കല്‍  ഇ-വേസ്റ്റ് ശേഖരണം എന്നിവയും ഇവര്‍ നടത്തുന്നുണ്ട്.

തുടക്കം പൈപ്പ് കമ്പോസ്റ്റില്‍ നിന്ന്

പൈപ്പ് കമ്പോസ്റ്റ് മോഡിഫൈ ചെയ്താണ് തങ്ങള്‍ മാലിന്യ സംസ്കരണത്തിലേക്കിറങ്ങുന്നത് എന്ന് സുഗതന്‍ പറയുന്നു. ‘എയ്റോബിക്ക് ഡിസൈനിലെ പോരായ്മകള്‍, പുഴു-എലി ശല്യം, ദുര്‍ഗന്ധം, പരിപാലിക്കാന്‍ സാധിക്കാതെ വരുന്നത് എന്നിങ്ങനെ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കലായിരുന്നു ആദ്യ ദൌത്യം. രണ്ടു യൂണിറ്റ് പൈപ്പ് കമ്പോസ്റ്റ് ആയിരുന്നു ഓരോ വീടുകളിലും ഉണ്ടായിരുന്നത്. അത്തരം യൂണിറ്റുകള്‍ എല്ലാം കൂടുതല്‍ ദ്വാരങ്ങള്‍ ഇട്ട് വായു സഞ്ചാരം കൂടുതലാക്കി. നെറ്റ് കൊണ്ട് കവര്‍ ചെയ്ത് പ്രാണികള്‍ കയറാത്തതും ഡീകൊമ്പോസിഷന്‍ വരുമ്പോള്‍ ഉണ്ടാവുന്ന പുഴുക്കള്‍ പുറത്തുകടക്കാന്‍ പറ്റാത്ത രീതിയില്‍ സജ്ജീകരിക്കുകയും ചെയ്തു. പ്രത്യേകമായി തയ്യാര്‍ ചെയ്ത സിമന്റ് കട്ടകള്‍ ഉപയോഗിച്ച് എലി കയറാനുള്ള സാധ്യത ഒഴിവാക്കി. പിന്നീട് ദുര്‍ഗന്ധം മാറ്റുവാനുള്ള ശ്രമമായിരുന്നു. വീടുകളില്‍ വച്ച യൂണിറ്റുകളില്‍ വെള്ളം ധാരാളമായി ഉപയോഗിക്കുന്നതാണ് ഇതിന് കാരണം, അവരെ ബോധവത്കരിക്കുക എന്നതായിരുന്നു അടുത്തപടി. അതിലും വിജയം കൈവരിക്കാന്‍ കഴിഞ്ഞു’ -സുഗതന്‍ ഹരിതഗ്രാമത്തിന്റെ ആരംഭത്തെക്കുറിച്ച് വിവരിച്ചു.

ഓരോ പൈപ്പ് കമ്പോസ്റ്റ് യൂണിറ്റും വേസ്റ്റ് പ്രോസസ് ചെയ്യാന്‍ 60 ദിവസമെടുക്കും. ശരിയായ ബോധവത്കരണം നല്‍കിയ ശേഷം ഉപഭോക്താക്കള്‍ ഇത് ഉപയോഗിക്കുന്നത് കൂടിയതോടെ 30 ദിവസം കൊണ്ട് യൂണിറ്റ് നിറയാന്‍ തുടങ്ങി. അപ്പോഴാണ്‌ ബദല്‍ സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ഇവര്‍ ചിന്തിക്കുന്നത്. തുടര്‍ന്ന് കിച്ചന്‍ ബിന്‍ എന്ന സിമ്പിള്‍ മെത്തേഡ് ആരംഭിക്കാന്‍ ഹരിതഗ്രാമം തീരുമാനിച്ചു. 60 ദിവസം കൊണ്ട് ഡീകോമ്പോസിഷന്‍ എന്നത് 6 ദിവസമായി മാറി. പ്രത്യേകം രൂപകല്‍പ്പന ചെയ്ത യുവി കോട്ടഡ് ബാഗുകളും ബിന്നും ബയോ ക്ലീന്‍ ഗ്രോ എന്ന ബാക്ടീരിയ അടങ്ങിയ മിശ്രിതവും അങ്ങനെ വീടുകളില്‍ എത്തി. നിലവില്‍ 442 വീടുകളില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു.

കേരളമാകെ നടപ്പിലാക്കാന്‍ പോകുന്ന ഒരു വലിയ വിപ്ലവത്തിന്റെ പരീക്ഷണശാല മാത്രമാണ് തിരുവനനന്തപുരത്തേത് എന്ന് സുഗതന്‍ പറയുന്നു

‘ഒരു വര്‍ഷത്തിനുള്ളില്‍ ഇത്ര മാറ്റം ഞങ്ങള്‍ക്കുണ്ടായത് ഫീല്‍ഡില്‍ നിന്നുള്ള ഫീഡ്ബാക്ക് കൊണ്ടുതന്നെയാണ്. ചിലപ്പോള്‍  നെഗറ്റീവ്, മറ്റു ചിലപ്പോള്‍ പോസിറ്റീവ്. രണ്ടിനെയും സഹിഷ്ണുതയോടെ കാണുവാനും തെറ്റുകള്‍ തിരുത്തുവാനും ഞങ്ങള്‍ തയ്യാറാണ്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. യൂണിറ്റുകള്‍ സ്ഥാപിച്ച വീടുകളില്‍ നിന്നും ചിലപ്പോള്‍ വളരെ രൂക്ഷമായ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതും ഞങ്ങള്‍ക്ക് സഹായകകരമായി. അക്കാരണത്താല്‍ പോരായ്മകള്‍ ഉടനടി തിരുത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഇനി മുന്നോട്ടുള്ള പാതയിലും കാര്യക്ഷമമായ പ്രവര്‍ത്തനം തന്നെ കാഴ്ചവയ്ക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. തിരുവനന്തപുരം ജില്ല പൂര്‍ണ്ണമായിക്കഴിഞ്ഞാല്‍ മറ്റു ജില്ലകളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് തീരുമാനം. പ്രത്യക്ഷമായും പരോക്ഷമായും അനേകം ഉദ്യോഗാര്‍ഥികള്‍ക്ക് വരുമാനം കൂടി നല്‍കാന്‍ അതിലൂടെ കഴിയും. അത്തരത്തിലൊരു മുന്നേറ്റത്തിനാണ് ഇപ്പോള്‍ ഞങ്ങള്‍ തയ്യാറെടുക്കുന്നത്’-സുഗതന്‍ ഹരിതഗ്രാമത്തിന്റെ ഭാവി പരിപാടികളെക്കുറിച്ച് വ്യക്തമാക്കി.

മാലിന്യ സംസ്കരണത്തിനുമപ്പുറം

മാലിന്യ സംസ്കരണത്തില്‍ മാത്രം ഒതുങ്ങുന്നില്ല ഇവരുടെ സേവനങ്ങള്‍. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിലും കയര്‍ വ്യവസായമേഖലയെ സഹായിക്കുന്നതിനും ഇവര്‍ തങ്ങളുടെ ശ്രദ്ധ പതിപ്പിക്കുന്നു. ഇപ്പോള്‍ 40 ഓളം യുവാക്കള്‍ക്ക് മാന്യമായ ശമ്പളത്തോടെ ഇവര്‍ തൊഴില്‍ നല്‍കിയിട്ടുണ്ട്. പ്ലസ് ടു മുതല്‍ പോസ്റ്റ്‌ ഗ്രാജുവേഷന്‍ വരെ യോഗ്യതയുള്ളവര്‍ ഹരിതഗ്രാമത്തോടൊപ്പം ഇന്നു പ്രവര്‍ത്തിക്കുന്നു.

ടിനു അങ്ങനെയൊരാളാണ്. വിദ്യാഭ്യാസത്തിനു ശേഷം ഹരിതഗ്രാമത്തോടൊപ്പം ചേര്‍ന്ന ഇയാള്‍ ഇന്ന് നല്ല ശമ്പളത്തോടെ പ്രോജക്റ്റില്‍ ടീം ലീഡര്‍ ആയി പ്രവര്‍ത്തിക്കുകയാണ്.

‘ആദ്യമൊക്കെ വീടുകളില്‍ നിന്നും കിട്ടിയ പ്രതികരണങ്ങള്‍ ആശാവഹമായിരുന്നില്ല. എന്നാല്‍ പോകെപ്പോകെ ഞങ്ങളോടുള്ള സമീപനത്തില്‍ തന്നെ മാറ്റമുണ്ടായി. കൂടുതല്‍ ആള്‍ക്കാര്‍ കിച്ചന്‍ ബിന്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ചെയ്യുന്ന ജോലിക്കും മാന്യതയുണ്ട്’– ടിനു അഭിപ്രായപ്പെട്ടു. 

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക കൂടിയാണ് ഇവരുടെ ലക്ഷ്യം. ഹരിതഗ്രാമത്തിന്റെ കിച്ചന്‍ ബിന്നുകള്‍ ഉപയോഗിക്കുന്ന വീടുകളില്‍ മിക്കതിലും ഇപ്പോള്‍ പച്ചക്കറികൃഷി നടക്കുന്നു എന്നുള്ളതാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ഒരു കിച്ചന്‍ ബിന്നില്‍ നിന്നും ലഭിക്കുന്ന കമ്പോസ്റ്റ് വളം ആറു ഗ്രോ ബാഗുകളില്‍ ഉപയോഗിക്കാന്‍ തികയും. ഇത് വഴി ഒരു വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികള്‍ അവര്‍ക്കു തന്നെ കൃഷി ചെയ്യാവുന്നതാണ്. 

തുടക്കത്തില്‍ വളം തങ്ങള്‍ക്കു തന്നെ തിരിച്ചെടുക്കേണ്ടി വന്നിട്ടുണ്ട് എന്ന് ഹരിതഗ്രാമം പ്രവര്‍ത്തകര്‍ പറയുന്നു.

‘വളം അവരില്‍ നിന്ന് തിരികെ എടുത്ത് വില്‍ക്കേണ്ട അവസ്ഥയായിരുന്നു ആദ്യം. അതിനെ നേരിട്ടത് മറൊരു രീതിയിലാണ്. 5 രൂപ നിരക്കില്‍ വളം ആവശ്യക്കാര്‍ക്ക് നല്‍കി. വാങ്ങാന്‍ വന്നവരില്‍ വളം ഞങ്ങള്‍ക്ക് തന്ന വീട്ടുകാരും ഉണ്ടായിരുന്നു എന്നതാണ് കൌതുകം. വളത്തിന്റെ ഗുണം അവരെ ബോധ്യപ്പെടുത്തിയതോടെ ഇപ്പോള്‍ ആരും വളം തരാന്‍ തയ്യാറാകുന്നില്ല’ -സുഗതന്‍ ചിരിയോടെ വിവരിച്ചു.

കോര്‍പ്പറേഷന്‍ വിവിധ തരം പച്ചക്കറി തൈകള്‍ സൗജന്യമായി ജനങ്ങള്‍ക്കു നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കു നല്ല പിന്തുണയാണ് നല്‍കാറുള്ളത് എന്നും ഹരിതഗ്രാമം പ്രവര്‍ത്തകര്‍ പറഞ്ഞു. 

വേറൊരു ശ്രദ്ധേയമായ വസ്തുത മാലിന്യ ശേഖരണം എന്നാല്‍ തരം താഴ്ന്ന എന്തോ ജോലി ആണെന്ന കാഴ്ചപ്പാടിനെ മാറ്റാന്‍ ഇവര്‍ക്കായി എന്നുള്ളതാണ്. മാലിന്യമെടുക്കാന്‍ വന്നിരുന്ന ജീവനക്കാരെ അവജ്ഞയോടെ കണ്ടിരുന്ന ഒരു സമൂഹം ഇന്ന് അവരുടെ പ്രാധാന്യം മനസ്സിലാക്കിയിരിക്കുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനം അതുണ്ടാക്കുന്നവന്റെ ഉത്തരവാദിത്വം തന്നെയാണ് എന്നും അതിലൊരു ശതമാനം ചിന്തിക്കാന്‍ ആരംഭിച്ചിരിക്കുന്നു എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.

കിച്ചന്‍ ബിന്നില്‍ ഉപയോഗിക്കുന്ന മിശ്രിതത്തില്‍ ചകിരിച്ചോര്‍ ആവശ്യമുള്ളതിനാല്‍ ഇവര്‍ കയര്‍ മേഖലയെയും തങ്ങളോടൊപ്പം ചേര്‍ക്കുന്നു. കയര്‍ ഉണ്ടാക്കുന്ന പ്രക്രിയയില്‍ 20 ശതമാനം മാത്രമേ ഫൈബര്‍ ആകുന്നുള്ളൂ ബാക്കി 80 ശതമാനം വരുന്ന ചകിരിച്ചോര്‍ ഉപേക്ഷിക്കപ്പെടുകയാണ്. എന്നാല്‍ അതിനെയും തൊഴിലാളികള്‍ക്ക് വരുമാനമാര്‍ഗ്ഗമാക്കാവുന്ന രീതിയില്‍ ഇവര്‍ കൊല്ലത്തെ ഒരു കൂട്ടം തൊഴിലാളികള്‍ക്ക് ചകിരിച്ചോറ് ബാക്ടീരിയ മിക്സ് ചെയ്ത് കിച്ചന്‍ ബിന്നില്‍ ചേര്‍ക്കുന്ന തരത്തില്‍ തയ്യാര്‍ ചെയ്യാനുള്ള പരിശീലനം നല്‍കിക്കഴിഞ്ഞു.

അടുത്തതായി മായം കലരാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എല്ലാവീടുകളിലും എത്തിക്കാനുള്ള പദ്ധതിയും അണിയറയിലാണ്.  ആദ്യ പടിയായി മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ വീടുകളില്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കൂടുതല്‍ ജില്ലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമ്പോള്‍ ഇത്തരത്തില്‍ മറ്റു മേഖലകളില്‍ കൂടി സഹായകരമായ പദ്ധതികള്‍ ആവിഷ്കരിക്കാം എന്നുള്ള തീരുമാനത്തിലാണ് ഹരിതഗ്രാമം.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍