UPDATES

ട്രെന്‍ഡിങ്ങ്

സിപിഐയുടെ ഭൂമാഫിയ ബന്ധം കാന്‍സര്‍ പോലെ ജനാധിപത്യ കേരളത്തെ കാര്‍ന്നുതിന്നുന്നു; ഭൂഅധികാര സംരക്ഷണ സമിതി

രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കുന്നത് സമഗ്രഭൂപരിഷ്‌കരണം തടയാനെന്നാരോപിച്ച് എം എന്‍ സ്മാരകത്തിലേക്ക് ദളിത് മാര്‍ച്ച്

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി ഉള്‍പ്പെടെയുള്ള ഭൂമാഫിയകള്‍ വ്യാജരേഖകളിലൂടെ കൈവശം വെച്ചിരിക്കുന്ന അഞ്ചു ലക്ഷം ഏക്കറിലധികം വരുന്ന ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് അട്ടിമറിക്കുന്ന കേരള ഹൈക്കോടതി ഉത്തരവില്‍ എല്ലാ ജനാധിപത്യവിശ്വാസികളും ദേശസ്‌നേഹികളും പ്രതിഷേധിക്കണമെന്ന് ആദിവാസി – ദലിത് സംഘടനകളുടെയും വിവിധ ജനാധിപത്യ – രാഷ്ട്രീയ സംഘടനകളുടെയും പൊതുവേദിയായ ഭൂഅധികാര സംരക്ഷണ സമിതി. പത്രക്കുറിപ്പിലൂടെ ഈ ആവശ്യം സമിതി ഉയര്‍ത്തിയിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയും, നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എ.കെ. ബാലനും, ഹാരിസണുവേണ്ടി വിവിധ കാലങ്ങളില്‍ നിയമസഹായം ചെയ്ത ജഡ്ജിമാരും, സര്‍ക്കാര്‍ അഭിഭാഷകരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് രാജമാണിക്യം റിപ്പോര്‍ട്ട് ദുര്‍ബലപ്പെടുത്താന്‍ കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നതെന്നാണ് ഭൂ അധികാര സംരക്ഷണ സമിതി ആരോപിക്കുന്നത്. രാജമാണിക്യം റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്ന 5 ലക്ഷം ഏക്കറിലധികം വരുന്ന ഭൂമിയില്‍ ഒരു ലക്ഷം ഏക്കറോളം വരുന്ന ഭൂമി ബ്രിട്ടീഷ് രാജ്ഞിയില്‍ നിക്ഷിപ്തമായതായി വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത ഭൂമിയുള്‍പ്പെടെ എ.വി.റ്റി, ടി ആന്റ് ആര്‍.ടി. എസ്റ്റേറ്റ്, മലങ്കര എസ്റ്റേറ്റ് തുടങ്ങിയവരെല്ലാം വ്യാജമായി സൃഷ്ടിച്ച രേഖകളിലൂടെയാണ് പ്രവര്‍ത്തിച്ചുവന്നിരുന്നതെന്ന് നിരവധി അന്വേഷണ റിപ്പോര്‍ട്ടുകളിലൂടെ തെളിയിക്കപ്പെട്ടതാണ്. ഈ സാഹചര്യത്തിലാണ് എസ്റ്റേറ്റ് ഉടമകള്‍ക്കെതിരെ 49 പോലീസ് കേസുകള്‍, രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചുവരുന്നത്. ഇവയെല്ലാം മറച്ചുവെച്ചുകൊണ്ടാണ് രാജമാണിക്യം റിപ്പോര്‍ട്ടനുസരിച്ച് ഭൂമി തിരിച്ചെടുക്കുന്ന നടപടി നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്റെ പരമാധികാരത്തിനുള്‍പ്പെടെ വെല്ലുവിളി ഉയര്‍ത്തുന്നതരത്തില്‍ ബ്രിട്ടീഷ് രാജ്ഞി ഭൂമി കൈവശം വെക്കുന്നതായി വന്ന റിപ്പോര്‍ട്ടുകള്‍ റവന്യൂ വകുപ്പും, നിയമവകുപ്പും, സുശീല ആര്‍ ഭട്ടിനെ നീക്കം ചെയ്തതിന് ശേഷം സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകരും വ്യവഹാരത്തില്‍ നിന്നും മറച്ചുവെച്ചു. ഹാരിസണ്‍ എസ്റ്റേറ്റുകളുടെ കേസുകള്‍ കൈകാര്യം ചെയ്തവരും, വ്യാജരേഖകള്‍ വഴി പ്രവര്‍ത്തിച്ചുവരുന്ന എസ്റ്റേറ്റ് ഉടമകള്‍ക്ക് വേണ്ടി കേസുകള്‍ വാദിച്ചവരും ജഡ്ജിമാരായി കേരള ഹൈക്കോടതിയിലുണ്ട്. നിയമവാഴ്ചയെ അട്ടിമറിക്കും വിധം കോടതിവിധി ഉണ്ടാകുന്നത് ഈ സാഹചര്യത്തിലാണ്്. ദേശീയതാല്പര്യം ബലികഴിച്ച്, വിദേശതോട്ട ഉടമകള്‍ക്ക് വ്യാജരേഖകളിലൂടെ കേരളത്തില്‍ തുടരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നത് സി. അച്ചുതമേനോന്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം മുതലാണെന്നത് പരസ്യമായ രഹസ്യമാണ്; ഭൂ അധികാര സമിതി കുറിപ്പില്‍ ആരോപിക്കുന്നു.

സമഗ്രമായ ഭൂപരിഷ്‌കരണ സാധ്യതകള്‍ അട്ടിമറിച്ച് ദലിത് – ആദിവാസികളെയും തോട്ടം തൊഴിലാളികളെയും അരലക്ഷത്തോളം ജാതികോളനികളില്‍ തളച്ചിടുന്ന നടപടി സി.പിഐ. നേതൃത്വം റവന്യൂ വകുപ്പിലൂടെ തുടരുകയാണ്. സിപിഐയുടെ പുത്തന്‍ തലമുറ നേതൃത്വങ്ങളില്‍ സംശുദ്ധ ഭരണം നടത്തുന്നവരുണ്ടെങ്കിലും, സിപിഐയുടെ ഭൂമാഫിയ ബന്ധം കാന്‍സര്‍ പോലെ ജനാധിപത്യ കേരളത്തെ കാര്‍ന്നുതിന്നുകയാണ്. രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിലൂടെ ചെങ്ങറയിലും, അരിപ്പയിലും മുത്തങ്ങയിലും നടത്തിയ പ്രക്ഷോഭങ്ങളും ഭൂമിക്കും വിഭവാധികാരത്തിനും വേണ്ടി തുടരുന്ന പ്രക്ഷോഭങ്ങളും അട്ടിമറിക്കപ്പെടുകയാണ്. ആയതിനാല്‍ രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കികിട്ടാനും, അഞ്ചു ലക്ഷം ഏക്കറിലധികം വരുന്ന ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കാനുമുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നാണ് ഭൂഅധികാര സമിതി അറിയിക്കുന്നത്. ഭൂമിയില്‍ അവകാശം സ്ഥാപിക്കാനുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തും, ഭൂമിയില്‍ അവകാശം സ്ഥാപിക്കാനുള്ള പ്രക്ഷോഭത്തിന് വിവിധ സംഘടനകള്‍ തീരൂമാനിച്ചിട്ടുള്ളതായും സമതി അറിയിക്കുന്നു. ഭൂമാഫിയ ബന്ധമുള്ളവര്‍ ജഡ്ജിമാരും പ്ലീഡര്‍മാരുമായുള്ള കേരള ഹൈക്കോടതിയില്‍ നിന്നും ഹാരിസണ്‍ കേസ് മാറ്റണമെന്ന ആവശ്യവും തങ്ങള്‍ ഉന്നയിക്കുമെന്നും അതോടൊപ്പം രാജമാണിക്യം റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ഗൂഢാലോചനയെ തുറന്നുകാട്ടുന്നതിനായി റവന്യൂ വുകപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ. സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഏപ്രില്‍ 27-ന് ദലിതരുടേയും ഭൂരഹിതരുടെയും മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭൂ അധികാര സമിതി കണ്‍വീനര്‍ എം ഗീതാനന്ദന്‍, സമിതി ചെയര്‍മാന്‍ സണ്ണി എം കപിക്കാട്, ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍ എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കുന്നു. ഭൂമിക്കും വിഭവാധികാരത്തിനും വേണ്ടി പ്ലാച്ചിമട, വടയമ്പാടി തുടങ്ങിയ സമരമുഖങ്ങളില്‍ നിന്നും സി.പി.ഐ.യെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഭൂഅധികാരസംരക്ഷണസമിതി സമരസമിതിക്കാരോട് ആവശ്യപ്പെടുമെന്നും നേതാക്കള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍