UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവില്‍ ഹാരിസണിന്റെ അനധികൃത ഭൂമി ഏറ്റെടുക്കുന്നു; വന്‍ തട്ടിപ്പിന്റെ നീണ്ട വര്‍ഷങ്ങളിലൂടെ

Avatar

സന്ദീപ് വെള്ളാരംകുന്ന്‌

വികസന പ്രവര്‍ത്തനങ്ങള്‍ക്കോ കേറിക്കിടക്കാനുള്ള കൊച്ചു കൂരയ്ക്ക് പോലുമോ ഭൂമി ലഭിക്കാന്‍ ബുദ്ധിമുട്ടുന്ന കേരളത്തില്‍ വ്യാജരേഖകളുടെ പിന്‍ബലത്തില്‍ 62,000-ത്തിലധികം ഏക്കര്‍ ഭൂമി ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന പ്ലാന്റേഷന്‍ കമ്പനി കൈവശം വച്ചിരിക്കുകയാണെന്ന് സര്‍ക്കാരിന്റെ വിവിധ അന്വേഷണ കമ്മീഷനുകളും വിജിലന്‍സ് വിഭാഗവും കണ്ടെത്തുകയും കമ്പനിക്കെതിരേ നടപടികള്‍ തുടങ്ങുകയും ചെയ്തിട്ടും വിദ്യാസമ്പന്നരെന്നു സ്വയം അഭിമാനിക്കുന്ന കേരളീയ സമൂഹത്തിനു മുന്നില്‍ ഈ വിഷയം കാര്യമായ ചര്‍ച്ചാ വിഷയമായില്ല. ഈ 62,000 ഏക്കര്‍ ഭൂമിയുടെ വിപണി മൂല്യം ആയിരക്കണക്കിനു കോടി രൂപ വരുമെന്നു മനസിലാക്കുമ്പോഴാണ് ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂമി ഏറ്റെടുക്കല്‍ നടപടി സംസ്ഥാന സര്‍ക്കാര്‍ നിയമപരമായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നതിനു പിന്നിലെ യാഥാര്‍ഥ്യം മനസിലാകുക.

രണ്ടു നൂറ്റാണ്ടോളമായി കേരളത്തില്‍ വന്‍ തോതില്‍ ഭൂമി കൈവശം വച്ചു പ്ലാന്റേഷന്‍ നടത്തിക്കൊണ്ടിരുന്ന ഹാരിസണ്‍ മലയാളം കമ്പനി കൈവശം വയ്ക്കുന്നതും മറ്റുള്ളവര്‍ക്കു മറിച്ചു വിറ്റതുമായ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് വര്‍ഷങ്ങള്‍ നീണ്ട നടപടികള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കുമൊടുവില്‍ ഏറ്റെടുക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാജരേഖകള്‍ കൈവശം വച്ചാണ് കമ്പനി കേരളത്തില്‍ വന്‍തോതില്‍ ഭൂമി കൈവശം വച്ചിരിക്കുന്നതെന്ന് വിജിലന്‍സും വിവിധ അന്വേഷണ ഏജന്‍സികളും കണ്ടെത്തിയിരുന്നു. ഇതോടെ, ഈ ഭൂമിയെ സംബന്ധിച്ച് പത്തു വര്‍ഷത്തിലധികമായി കമ്പനിയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ തുടരുന്ന തര്‍ക്കങ്ങളും വ്യവഹാരങ്ങളും മറ്റൊരു തലത്തിലെത്തിയിരിക്കുന്നു.

തങ്ങള്‍ ഭൂമി കൈവശം വയ്ക്കുന്നത് എല്ലാ രേഖകളുടെയും പിന്‍ബലത്തിലാണെന്ന് ഹാരിസണ്‍ മലയാളം കമ്പനി വാദിക്കുമ്പോഴും സര്‍ക്കാരിന്റെ മൂന്ന് അന്വേഷണ കമ്മീഷനുകളുടെയും ഹൈക്കോടതി നിര്‍ദേശ പ്രകാരം നിയമിച്ച സ്‌പെഷ്യല്‍ ഓഫീസറുടെയും പരിശോധനാ റിപ്പോര്‍ട്ട് എതിരായിരുന്നു. അതോടെ രാജഭരണകാലത്തു തുടങ്ങി ഇപ്പോഴും കേരളത്തില്‍ 62,000-ത്തിലധികം ഏക്കര്‍ ഭൂമി കൈവശം വയ്ക്കുന്ന ഹാരിസണ്‍ മലയാളം കമ്പനിയുടെ ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങുകയായിരുന്നു. ഇതു പ്രകാരം 62,000 ഏക്കര്‍ ഭൂമിയില്‍ സ്‌പെഷ്യല്‍ ഓഫീസറുടെ നടപടികള്‍ പൂര്‍ത്തീകരിച്ചു പരിശോധന നടത്തിയ നാലു ജില്ലകളിലെ 29,185 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി കാണിച്ചു ഹാരിസണ്‍ കമ്പനി അധികൃതര്‍ക്കു കത്തു നല്‍കി. ബാക്കി ജില്ലകളിലെ ഭൂമിയുടെ പരിശോധന സ്‌പെഷ്യല്‍ ഓഫീസര്‍ തുടര്‍ന്നു വരികയുമാണ്.

ഇതോടൊപ്പം ഹാരിസണ്‍ മലയാളം വ്യാജ രേഖകളുടെ പിന്‍ബലത്തിലാണ് വില്‍പ്പന നടത്തിയതെന്നു കണ്ടെത്തിയ വിവിധ എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഭൂമിയായി ഏറ്റെടുത്തുകൊണ്ട് ഉടമസ്ഥര്‍ക്ക് ഒഴിഞ്ഞു പോകാനുള്ള നോട്ടീസും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. മുണ്ടക്കയത്തെ ബോയ്‌സ് എസ്റ്റേറ്റ്, കൊല്ലം ജില്ലയിലെ റിയ പ്ലാന്റേഷന്‍സ്, അമ്പനാട് എസ്റ്റേറ്റ്, കെ പി യോഹന്നാന്റെ ഉമസ്ഥതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റ് എന്നിവയാണ് ഏറ്റെടുത്തതായി കാട്ടി സ്‌പെഷ്യല്‍ ഓഫീസര്‍ ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് നല്‍കിയത്. ഇതിനെതിരേ ഹാരിസണ്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ഭൂമി ഏറ്റെടുക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമുണ്ടോയെന്നു സര്‍ക്കാര്‍ ആദ്യം തെളിയിക്കണമെന്നു കോടതി ഉത്തരവിട്ടു. ഈ ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഓഫീസറുടെ നിയമനാധികാരം സംബന്ധിച്ച വിശദ വിവരം ഹൈക്കോടതിയെ അറിയിച്ചു കഴിഞ്ഞു. ഈ വിഷയം ഇപ്പോള്‍ കോടതി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അതുവരെ തല്‍സ്ഥിതി തുടരണമെന്നും പറഞ്ഞിട്ടുണ്ട്. അതേ സമയം ഭൂമി ഏറ്റെടുത്തതായി പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ഓഫീസറുടെ നടപടിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിക്കുകയും ചെയ്തു. ഹാരിസണ്‍ കോടതി വ്യവഹാരങ്ങളിലൂടെ ഏറ്റെടുക്കല്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കി ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന മുഴുവന്‍ ഭൂമിയും തിരിച്ചു പിടിക്കണമെന്ന് റവന്യൂ വകുപ്പിനു വേണ്ടി സ്‌റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി നേരത്തേ സര്‍ക്കാരിനു കത്തു നല്‍കിയിരുന്നു.

രാജഭരണകാലത്ത് തിരുവിതാംകൂര്‍, കൊച്ചി മേഖലകളില്‍ നിലവിലുണ്ടായിരുന്ന വിദേശ കമ്പനികളായ മലയാളം പ്ലാന്റേഷന്‍സ് (യുകെ) ലിമിറ്റഡ്, മലയാളം റബര്‍ ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് (യുകെ) ലിമിറ്റഡ്, ഹാരിസണ്‍ ആന്‍ഡ് ക്രോസ് ഫീല്‍ഡ് ഈസ്റ്റ് ഇന്ത്യന്‍ ടീ കമ്പനി എന്നിവ കൈവശം വച്ചിരിക്കുന്ന ഭൂമിയെല്ലാം സ്വാതന്ത്ര്യാനന്തരം സര്‍ക്കാരില്‍ നിക്ഷിപ്തമാകേണ്ടതായിരുന്നുവെന്നും എന്നാലിപ്പോള്‍ ഈ ഭൂമിയില്‍ ഭൂരിഭാഗവും ഹാരിസണില്‍ നിന്നു മറ്റുള്ളവര്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്നും ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സര്‍ക്കാരിനു നല്‍കിയ കത്തില്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലും സംസ്ഥാനത്തും നിലവില്‍ വന്ന ഫെറ, സ്വാതന്ത്ര്യ നിയമം, കെഎല്‍ആര്‍ ആക്ട്, കമ്പനി ആക്ട് എന്നിവ പ്രകാരം ഹാരിസണിന്റെ ഭൂമി സര്‍ക്കാരിന്റേതായി മാറേണ്ടതായിരുന്നു. ഇത്തരം ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഭൂപരിഷ്‌കരണ നിയമത്തെ പരാജയപ്പെടുത്തി ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്നു നേടിയ അനധികൃത ക്രയ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചു കമ്പനി കൈവശം വച്ചിരിക്കുകയാണ്. ഈ ഭൂമി കെഎല്‍സി ആക്ട് പ്രകാരം സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയും തുടങ്ങിയ നിര്‍ദേശങ്ങളാണ് ലാന്‍ഡ് ബോര്‍ഡിന്റെ കത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം സ്‌പെഷ്യല്‍ ഓഫീസറെ നിയമിച്ച് ആ നടപടികളിലൂടെ ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

കേരളത്തിലെ ഏറ്റവും വലിയ പ്ലാന്റേഷന്‍ കമ്പനികളിലൊന്നാണ് ഹാരിസണ്‍ മലയാളം കമ്പനി. 14,000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന തങ്ങളാണ് സര്‍ക്കാര്‍ കഴിഞ്ഞാല്‍ കേളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളെന്ന് കമ്പനി അവകാശപ്പെടുന്നു. പൈനാപ്പിളിനൊപ്പം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രകൃതിദത്ത റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹാരിസണ്‍ 18,000 മെട്രിക് ടണ്‍ തേയിലയും പ്രതിവര്‍ഷം തങ്ങളുടെ വിശാലമായ തോട്ടങ്ങളില്‍ നിന്ന് ഉത്പ്പാദിപ്പിക്കുന്നു. ഹാരിസണ്‍ മലയാളം കൈവശം വയ്ക്കുന്ന ഭൂമി സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത് 2003 കാലഘട്ടത്തിലായിരുന്നു. തൊഴിലാളി സംഘടനയായ ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറിയും കൊല്ലം ഡിസിസി അംഗവുമായ സി ആര്‍ നജീബാണ് ഹാരിസണ്‍ അനധികൃതമായി ഭൂമി കൈവശം വയ്ക്കുന്നുണ്ടെന്നും ഹാരിസണ്‍ കമ്പനിയെ ഇപ്പോഴും നിയന്ത്രിക്കുന്നത് ലണ്ടന്‍ കമ്പനിയാണെന്നും ഹാരിസണ്‍ കമ്പനിയുടെ കൈവശമുള്ള ആധാരങ്ങള്‍ വ്യാജമാണെന്നും ആരോപിച്ച് മുഖ്യമന്ത്രിക്ക് ആദ്യം പരാതി നല്‍കിയത്.

പരിശോധനകളുടെ തുടക്കം
നജീബ് നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച ഉന്നതതല സമിതി ഹാരിസണ്‍ മലയാളം കമ്പനിയുടെ ഭൂമി വിഷയത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തി. ഹാരിസണ്‍ കമ്പനി 62,000 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നുണ്ടെന്നും നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഈ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും ഉന്നതതല സമതി സര്‍ക്കാരിനു വിശദമായ റിപ്പോര്‍ട്ടു നല്‍കി. നിവേദിത പി ഹരന്‍ റിപ്പോര്‍ട്ടിനു പിന്നാലെ പിന്നീടു വന്ന ഇടതു സര്‍ക്കാര്‍ അഞ്ചു മന്ത്രിമാര്‍ ഉള്‍പ്പെട്ട മന്ത്രിസഭാ ഉപസമിതി രൂപീകരിക്കുകയും ഹാരിസണ്‍ ഭൂമി സംബന്ധിച്ച ക്രമക്കേടുകളുടെ നിയമവശം പരിശോധിക്കാന്‍ ജസ്റ്റിസ് എല്‍ മനോഹരന്‍ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഹാരിസണ്‍ ഭൂമി വിഷയത്തില്‍ വ്യാപക ക്രമക്കേടുണ്ടെന്നും അതുകൊണ്ടു തന്നെ ഭൂമി ഏറ്റെടുക്കുന്നതിനു നിയമപരമായി യാതൊരു തടസവുമില്ലെന്നും ജസ്റ്റിസ് എല്‍ മനോഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടുകള്‍ക്കു പുറമേ വിശദമായ പഠനത്തിന് റവന്യൂ വകുപ്പ് കമ്മീഷണര്‍ പി സുജിത് ബാബുവിന്റെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റി ഭൂമിയുടെ ആധാരം സംബന്ധിച്ച നിരവധി ക്രമക്കേടുകള്‍ പുറത്തുകൊണ്ടു വന്നു. ഹാരിസണ്‍ അനധികൃതമായാണ് ഭൂമി കൈവശം വയ്ക്കുന്നതെന്നും അതുകൊണ്ടു തന്നെ എത്രയും വേഗം ഭൂമി ഏറ്റെടുക്കണമെന്നുമാണ് സുജിത് ബാബു കമ്മീഷനും റിപ്പോര്‍ട്ടു നല്‍കിയത്. ഹാരിസണ്‍ കമ്പനി നിയമവിരുദ്ധമായി എസ്‌റ്റേറ്റുകള്‍ മറിച്ചു വിറ്റ് കോടിക്കണക്കിനു രൂപ വിദേശത്തേക്കു കടത്തിയെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

ഒടുവില്‍ കോടതിക്കു മുന്നില്‍
2012 ഒക്‌ടോബറില്‍ 3508/2011 എന്ന നമ്പരില്‍ ഒരു ഹര്‍ജി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ഹാരിസണിന്റെ ഭൂമി മൊത്തം സര്‍ക്കാരിന് അവകാശപ്പെട്ടതായതിനാല്‍ കണ്ടുകെട്ടണമെന്നും താലൂക്ക് ലാന്‍ഡ് പ്രൊസീഡിംഗ്‌സ് ആക്ട് നിയമപരമായി നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഈ ഹര്‍ജി. തുടര്‍ന്ന് അഞ്ചോളം ബെഞ്ചുകള്‍ ഈ കേസ് വാദം കേള്‍ക്കാന്‍ തയാറാകാതെ പിന്‍വാങ്ങിയത് അക്കാലത്തു വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഒടുവില്‍ ജസ്റ്റിസ് എം ശശിധരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഭവദാസന്‍ എന്നിവരടങ്ങിയ ബെഞ്ച് കേസ് വാദം കേട്ടു തുടങ്ങുകയും വാദത്തിനിടെ ഹാരിസണ്‍ സ്വമേധയാ തങ്ങളുടെ കൈവശമുള്ള 834 ഏക്കര്‍ ഭൂമി സര്‍ക്കാരിനു വിട്ടുനല്‍കാന്‍ തയാറാണെന്ന് സത്യവാങ്ങ്മൂലം നല്‍കുകയും ചെയ്തു. ഇതിനിടെ ഹാരിസണ്‍ ഭൂമിയില്‍ നിന്നു മരങ്ങള്‍ മുറിക്കുന്നതു കോടതി സ്‌റ്റേ ചെയ്തു. പിന്നീട് മരം മറിക്കാന്‍ 18 കോടിയുടെ ബാങ്ക് ഗ്യാരന്റി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ഇതിനിടെ തങ്ങളുടെ മൊത്തം ഭൂമിയും അവരുടെ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത മൂന്നു കമ്പനികളിലേക്കു മാറാന്‍ അനുവദിക്കണമെന്ന ഹര്‍ജി ഹാരിസണ്‍ സിംഗിള്‍ ബെഞ്ചിനു മുമ്പാകെ ഫയല്‍ ചെയ്ത് അനുകൂല വിധി നേടിയെങ്കിലും ഡിവിഷന്‍ ബെഞ്ച് ഇതു സ്‌റ്റേ ചെയ്തു. 2012-ല്‍ ഹാരിസണിന്റെ രേഖകള്‍ മുഴുവന്‍ പരിശോധിക്കണമെന്ന സര്‍ക്കാര്‍ ഹര്‍ജി കേട്ടുകൊണ്ടിരുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടു സര്‍വേ മാപ്പ് ഹാജരാക്കാന്‍ പറയുകയും ഇതു പരിശോധിച്ച ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ആര്‍ ഭട്ട് മാപ്പിലെ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് സര്‍ക്കാരിന് വിജിലന്‍സ് അന്വേഷണത്തിനു നിയമോപദേശം നല്‍കുകയായിരുന്നു. തുടര്‍ന്നു നടത്തിയ വിജലിന്‍സ് അന്വേഷണത്തില്‍ ഭട്ടിന്റെ കണ്ടെത്തലുകളെ ശരിവയ്ക്കുന്ന തരത്തിലെ തെളിവുകളാണ് കണ്ടെത്തിയത്.

ഹാരിസണിന്റെ ആധാരം വ്യാജമാണെന്നും വ്യാജരേഖ ചമയ്ക്കാന്‍ കൂട്ടു നിന്ന ഹാരിസണ്‍ കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരേയും റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഫെറ നിയമം ലംഘിച്ചാണ് ലണ്ടന്‍ കമ്പനി ഇപ്പോഴും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹാരിസണ്‍ അളവിലുള്ളതിലും കൂടുതല്‍ ഭൂമി കൈവശം വയ്ക്കുന്നുണ്ടെന്നും വ്യാപകമായി വനഭൂമി കൈയേറിയിട്ടുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. 1955-ല്‍ സര്‍ക്കാര്‍ വിവിധ ഇടങ്ങളില്‍ നിന്ന് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത ഭൂമികള്‍ ഹാരിസണ്‍ കമ്പനി മറിച്ചുവിറ്റതായും വിജിലന്‍സ് കണ്ടെത്തി. തുടര്‍ന്ന് വിജിലന്‍സ് കോടതി ഹാരിസണ്‍ ഉദ്യേഗസ്ഥര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഹാരിസണ്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് വ്യവസ്ഥകള്‍ക്കു വിധേയമായി ജാമ്യം അനുവദിക്കുകയും തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്യുകയുമായിരുന്നു. ഇതിനിടെ കേസ് കേട്ടുകൊണ്ടിരുന്ന ബെഞ്ച് വാദം കേള്‍ക്കുന്നതില്‍ നിന്നു പിന്മാറുകയും ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള എന്നിവരടങ്ങിയ ബെഞ്ച് കേസ് കേള്‍ക്കുകയും 2013 ഫെബ്രുവരി 28ന് സര്‍ക്കാരിന് ഈ ഭൂമി റവന്യൂ ഭൂമിയാണെന്നു പൂര്‍ണ ബോധ്യം ഉണ്ടെങ്കില്‍ സര്‍ക്കാരിനോ സര്‍ക്കാര്‍ നിയമിക്കുന്ന അധികാരികള്‍ക്കോ കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം ഈ ഭൂമി ഏറ്റെടുക്കാവുന്നതാണെന്നും രണ്ടു മാസത്തിനകം ഇതിനു നടപടി തുടങ്ങണമെന്നും വിധി പുറപ്പെടുവിച്ചു.

കോടതി വിധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച സ്‌പെഷല്‍ ഓഫിസറും എറണാകുളം ജില്ലാ കളക്ടറുമായ എം ജി രാജമാണിക്യം ഹാരിസണിന്റെ ഭൂമിക്ക് കൈവശാവകാശ, പ്ലാന്റേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കരുതെന്നും മരം മുറിക്കരുതെന്നും ഭൂമി കൈമാറ്റം ചെയ്യരുതെന്നുമുള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തി. കേരളത്തിലെ നാലു ജില്ലകളിലായി ഹാരിസണിന്റെ 25,000 ഏക്കര്‍ ഭൂമിയെ സംബന്ധിച്ച് സ്‌പെഷല്‍ ഓഫീസര്‍ സ്ഥലപരിശോധന നടത്തുകയും ഹാരിസണിനെതിരേ ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരം സര്‍ക്കാര്‍ ഭൂമി എന്ന നിലയില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് നാലു ജില്ലകളിലായി പരിശോധന നടത്തിയ സ്‌പെഷ്യല്‍ ഓഫീസര്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലായി ഹാരിസണ്‍ കൈവശം വച്ചിരിക്കുന്ന 29,185 ഏക്കര്‍ ഭൂമി ഏറ്റെടുത്തതായി പ്രഖ്യാപിച്ചു ഹാരിസണ്‍ പ്രതിനിധികള്‍ക്ക് നോട്ടീസ് കൈമാറുകയായിരുന്നു. ഇതോടൊപ്പമായിരുന്നു വിറ്റ ഭൂമികള്‍ തിരിച്ചു പിടിക്കാനുള്ള നടപടികളും ആരംഭിച്ചത്.

ഹാരിസണിന്റെ ചരിത്രത്തിലേക്ക്
1909-ല്‍ ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത മലയാളം ടീ പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, 1911-ല്‍ രജിസ്റ്റര്‍ ചെയ്ത ഹാരിസണ്‍സ് ആന്‍ഡ് ക്രോസ് ഫീല്‍ഡ് (യുകെ) എന്നിവയാണ് ഇന്നത്തെ ഹാരിസണ്‍ മലയാളം കമ്പനിയുടെ തുടക്കത്തിലുണ്ടായിരുന്നത്. 1830 മുതലുള്ള കാലത്ത് കേരളത്തിലെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലായി പാട്ടത്തിനെടുത്ത് കൃഷി നടത്തി ഇംഗ്ലണ്ടിലേക്ക് വിഭവങ്ങള്‍ കയറ്റി അയക്കുകയായിരുന്നു ഈ കമ്പനികള്‍ ചെയ്തിരുന്നത്. സ്വാതന്ത്ര്യാനനന്തരം ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നു പോയെങ്കിലും ലണ്ടനിലിരുന്നു തന്നെ കമ്പനി അധികൃതര്‍ കാര്യങ്ങള്‍ നിയന്ത്രിച്ചു.

1964-ലെ ഭൂപരിഷ്‌കരണ നിയമവും (കെഎല്‍ആര്‍ ആക്ട്) 1973-ലെ വിദേശ വിനിമയ ചട്ടവും നിലവില്‍ വന്നതോടെ വിദേശികള്‍ക്ക് ഭൂമി കൈവശം വയ്ക്കാന്‍ കഴിയാതെ വന്നതിനെത്തുടര്‍ന്നാണ് 1977-ല്‍ മലയാളം പ്ലാന്റേഷന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തത്. പിന്നീട് 1984-ല്‍ ഹാരിസണ്‍ മലയാളം എന്ന പുതിയ കമ്പനിയും നിലവില്‍ വന്നു. തുടര്‍ന്ന് ഈ രണ്ടു കമ്പനികളും കൂടിച്ചേര്‍ന്ന് ഹാരിസണ്‍ മലയാളം ലിമിറ്റഡ് (എച്ച്എംഎല്‍) എന്ന പേരു സ്വീകരിക്കുകയായിരുന്നു. ”ലണ്ടന്‍ കമ്പനിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെങ്കിലും കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഗോയങ്ക ഗ്രൂപ്പിന്റെ പേരിലാണ് 1980 മുതല്‍ ഹാരിസണ്‍ കമ്പനി അറിയപ്പെടുന്നത്. ഇത് ഫെറ നിയമവും ഭൂപരിഷ്‌കരണ നിയമവും മറികടക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു തന്ത്രമായിരുന്നു,” നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 1978-ല്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും ലണ്ടന്‍ കമ്പനിയുടെ കൈവശമായിരുന്നതിനാല്‍ ഭൂപരിഷ്‌കരണ നിയമവും 1973-ലെ വിദേശ നാണ്യ വിനിമയ ചട്ടവും അനുസരിച്ച് ഈ ഭൂമി സ്വാഭാവികമായി സര്‍ക്കാരിന്റേതായി മാറേണ്ടതായിരുന്നുവെന്ന് റവന്യൂ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

”1973-ല്‍ ഫെറ നിയമം വന്നതോടെ വിദേശികള്‍ക്ക് ഇന്ത്യയില്‍ ഭൂമി കൈവശം വയ്ക്കാന്‍ പാടില്ലെന്നു നിയമത്തില്‍ കര്‍ശനമായി പറയുമ്പോഴും മലയാളം പ്ലാന്റേഷന്‍സ് ലിമിറ്റഡ് 1972-ല്‍ ഒരു കത്ത് മുഖേന ലാന്‍ഡ് ബോര്‍ഡ് മുമ്പാകെ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യുകയും ആ നടപടികളെ തുടര്‍ന്ന് 1982-ല്‍ വിദേശ കമ്പനിക്ക് അനുകൂലമായി 6000 ഏക്കര്‍ ഭൂമി സംബന്ധിച്ച് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചതും മൊത്തം ഭൂപരിഷ്‌കരണ നിയമത്തെ തന്നെ അട്ടിമറിക്കുന്ന തരത്തിലുള്ള അന്നത്തെ റവന്യൂ വകുപ്പിന്റെ ഈ നടപടി ഏറ്റവും വലിയ വിരോധാഭാസമായേ കാണാനാവൂ.” ഇതോടൊപ്പം സാധാരണ കൃഷിക്കാരെന്ന വ്യാജേന ഹാരിസണ്‍ കമ്പനി 1976-ല്‍ കോട്ടയം ജില്ലയിലെ രണ്ടു താലൂക്കുകളിലായി 763 ഏക്കര്‍ ഭൂമിക്ക് പട്ടയം സ്വന്തമാക്കുകയും ചെയ്തു. ഇതിന് റവന്യൂ ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുകയും ചെയ്‌തെന്നും ഒരു വിദേശ കമ്പനിയാണ് ഇത്തരത്തില്‍ അന്നു ഭൂമി സ്വന്തമാക്കിയെതന്നും ഫെറ നിയമവും ഭൂപരിഷ്‌കരണ നിയമവും ലംഘിച്ചാണ് ഹാരിസണ്‍ മലയാളം കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടും മൂന്നു കമ്മിഷന്‍ റിപ്പോര്‍ട്ടുകളും കണ്ടെത്തിയിരുന്നു. ഇതാണ് കമ്പനിക്കെതിരേ നടപടികളിലേക്കു പോകാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

ഹാരിസണില്‍ നിന്നു ഭൂമി വാങ്ങിയവര്‍
ഹാരിസണിന്റെ ഭൂമി വാങ്ങിയിരിക്കുന്നതില്‍ പ്രധാനപ്പെട്ടവര്‍ മുണ്ടക്കയത്തെ ബോയ്‌സ് എസ്‌റ്റേറ്റ് വാങ്ങിയിട്ടുള്ള കോഴിക്കോട് ആസ്ഥാനമായുള്ള പാരിസണ്‍ ഗ്രൂപ്പ്, പത്തനംതിട്ട ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയിട്ടുള്ള ബിഷപ് കെ പി യോഹന്നാന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ച്, കൊല്ലം ജില്ലയിലെ അമ്പനാട് എസ്‌റ്റേറ്റ് വാങ്ങിയിട്ടുള്ള ട്രാവന്‍കൂര്‍ കമ്പനി, കൊല്ലം ജില്ലയിലെ റിയ എസ്‌റ്റേറ്റ് വാങ്ങിയിട്ടുള്ള പെനിസുലാര്‍ ഗ്രൂപ്പ് എന്നിവരാണ്. ഇവരെല്ലാം ഇവിടെ റബര്‍ കൃഷി തന്നെയാണു തുടരുന്നത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇനിയെന്ത്
എല്ലാ രേഖകളുമുള്ള ഭൂമിയാണ് തങ്ങള്‍ കൈവശം വയ്ക്കുന്നതെന്നും സര്‍ക്കാര്‍ പ്രതികാരബുദ്ധിയോടെ കമ്പനിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് ഹാരിസണ്‍ കമ്പനി പ്രതിനിധികള്‍ ആരോപിക്കുന്നത്. തങ്ങളുടെ കൈവശമുള്ള ആധാരങ്ങളെല്ലാം യഥാര്‍ത്ഥമാണെന്നും ഹാരിസണ്‍ കമ്പനി അവകാശപ്പെടുന്നു. ലണ്ടന്‍ കമ്പനിക്ക് ഇപ്പോഴും ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് എന്ന കമ്പനിയില്‍ ഷെയര്‍ ഉണ്ടെന്നു സമ്മതിക്കുന്ന അധികൃതര്‍ തങ്ങള്‍ നിയമവിധേയമായി തന്നെയാണ് പ്ലാന്റേഷനുകള്‍ നടത്തുന്നതെന്നും അവകാശപ്പെടുന്നു. കോടതിയില്‍ വിശ്വാസമുണ്ടെന്നും നിയമപരമായി തന്നെ തങ്ങള്‍ നീങ്ങുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാരിസണിന്റെ പക്കല്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമി എന്തു ചെയ്യുമെന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രസക്തമായ ചോദ്യം. ആയിരക്കണക്കിന് തൊഴിലാളികളാണ് ഹാരിസണ്‍ മലയാളം നടത്തുന്ന തോട്ടങ്ങളില്‍ പണിയെടുത്തു ജീവിക്കുന്നതെന്നതു തന്നെ പ്രധാന കാരണം. ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തോട്ടമായി തന്നെ നടത്തുമെന്നു പറയുമ്പോഴും നെല്ലിയാമ്പതിയിലും മറ്റും സ്വകാര്യ വ്യക്തികളില്‍ നിന്നു പാട്ടക്കാലാവധി കഴിഞ്ഞതിന്റെ പേരില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്ത എസ്റ്റേറ്റുകളുടെ നടത്തിപ്പില്‍ താളപ്പിഴകള്‍ ഉള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. ഹാരിസണില്‍ നിന്നു തിരിച്ചെടുക്കുന്ന ഭൂമി തൊഴിലാളികളുടെ ജോലി ഉറപ്പു വരുത്തുന്ന രീതിയില്‍ തോട്ടമായി നടത്താന്‍ ഇപ്പോള്‍ ഭൂമി കൈവശം വയ്ക്കുന്നവര്‍ക്കോ പുറത്തു നിന്നുള്ളവര്‍ക്കോ പാട്ടവ്യവസ്ഥയില്‍ നല്‍കാനുള്ള ആലോചനകളും നടക്കുന്നുണ്ടെന്നാണ് വിവരം. 

 

ചിത്രങ്ങള്‍: ജേക്കബ് തപോവനം, എം ആർ നന്ദകുമാർ

 

(മാധ്യമ പ്രവര്‍ത്തകനാണ് സന്ദീപ് വെള്ളാരംകുന്ന്‌)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍